പല വിശ്വാസികളും തങ്ങളുടെ ജീവിതകാലത്ത് വിശുദ്ധനഗരിയിലേക്ക് ഹജ്ജും ഉംറയുമായി തീര്‍ഥാടനം നടത്തുന്നവരാണ്. ഉംറക്കായി പുറപ്പെടുന്നവര്‍ക്ക് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കാനാണീ കുറിപ്പ്.
ഉംറ കര്‍മങ്ങളെക്കുറിച്ചും ചരിത്രപ്രാധാന്യത്തെക്കുറിച്ചും പഠിക്കുക
മക്കയെക്കുറിച്ചും മദീനയെക്കുറിച്ചും അതിന്റെ കര്‍മശാസ്ത്രപരവും ചരിത്രപരവുമായ പ്രാധാന്യത്തെക്കുറിച്ചും അറിയുകയും പഠിക്കുകയുംചെയ്യുക. അതിനായി പലരുടെയും രചനകളും കൃതികളും അവലംബിക്കാം. നമ്മുടെ മുമ്പില്‍ കൂടുതലായി പ്രത്യക്ഷപ്പെടുക ഹജ്ജിനെക്കുറിച്ച കൃതികളായിരിക്കും. എന്നിരുന്നാലും ഉംറ കര്‍മങ്ങളും അതില്‍പെട്ടവയായതുകൊണ്ട് അടിസ്ഥാനസംഗതികള്‍ മനസ്സിലാക്കാന്‍ അവ മതിയാകും. കൂട്ടത്തില്‍ സൂചിപ്പിക്കാനുള്ളത്, നിങ്ങളുടെ പാസ്‌പോര്‍ട്ടടക്കമുള്ള രേഖകളുടെ കോപ്പികള്‍ അടുത്തബന്ധുവിനും സുഹൃത്തുക്കള്‍ക്കും ഇ-മെയില്‍ ചെയ്യുന്നത് യാത്രയില്‍ അത്തരം രേഖകള്‍ നഷ്ടപ്പെട്ടാലുണ്ടാകുന്ന പ്രതിസന്ധിക്ക് അയവുണ്ടാക്കും.
നല്ല സഹയാത്രികന്‍
ഒന്നിലേറെ പേരുള്ള ഒരു സംഘത്തോടൊപ്പമാണ് യാത്രയെങ്കില്‍ അവര്‍ മനസ്സിണക്കമുള്ള ആളുകളാണെന്നുറപ്പുവരുത്തുക. വിശുദ്ധനഗരിയിലേക്കുള്ള യാത്രയില്‍ ഉത്തമസ്വഭാവഗുണങ്ങളുള്ള , സഹകരണമനോഭാവമുള്ള ആളുകളാണ് കൂടെയുള്ളതെങ്കില്‍ അത് സുവര്‍ണനിമിഷങ്ങളെ സമ്മാനിക്കും. തഹജ്ജുദ് നമസ്‌കരിക്കാന്‍ പ്രേരിപ്പിക്കുന്ന, ഹറാമുകളെ സദാ കരുതിയിരിക്കുന്ന ആളിനുപകരം അടുത്തുള്ള ഹോട്ടലുകളില്‍നിന്ന് വയറുനിറച്ച് ഭക്ഷണംകഴിക്കുന്നതില്‍ ഹരംകണ്ടെത്തുന്നവനും തുടര്‍ന്ന് ക്ഷീണത്താല്‍ കിടന്നുറങ്ങി ജമാഅത്ത് നഷ്ടപ്പെടുത്തുന്നവനും ആണ് കൂടെയെങ്കില്‍ അത് മോശം അനുഭവം ആയിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ.
ഇഹ്‌റാമിന്റെ നിയമങ്ങള്‍ അറിയുക
യാതൊരു ആലോചനയുമില്ലാതെ ഇഹ്‌റാമിന്റെ നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ ധാരാളമുണ്ട്. ഉദാഹരണത്തിന് സുഗന്ധങ്ങള്‍ ഉപയോഗിക്കരുതെന്നത് ഇഹ്‌റാമിന്റെ ചട്ടത്തില്‍പെട്ടതാണ്. പക്ഷേ, കൈകഴുകാനും മറ്റും വാസനാസോപ്പുകള്‍ ഉപയോഗിക്കുന്നവര്‍ ഈ നിയമം തെറ്റിക്കുകയാണ്. മറ്റൊന്ന് പുരുഷന്‍മാര്‍ തലമറക്കാന്‍ പാടില്ലെന്ന നിയമം. കടുത്ത ഉഷ്ണമുള്ള നട്ടുച്ച സമയത്ത് പോലും തലയില്‍ തൂവാലയിടുന്നതോ തോര്‍ത്തുകൊണ്ട് മൂടുന്നതോ അതിനാല്‍തന്നെ അനുവദനീയമല്ല. അതുപോലെ ഇഹ്‌റാമില്‍ നമ്മുടെ ഔറത്തുകളെക്കുറിച്ച് നാം അശ്രദ്ധരാകാതിരിക്കുക.
മുടി മുറിക്കുന്നതിലെ സൂക്ഷ്മത
ഉംറയുടെ പര്യവസാനത്തില്‍സ്ത്രീ-പുരുഷന്‍മാര്‍ മുടിയില്‍നിന്നല്‍പം മുറിച്ചുനീക്കണമെന്നാണ് ചട്ടം. എന്നുകരുതി പുരുഷന്‍മാര്‍ മുടിയില്‍നിന്ന് അല്‍പം മാത്രം മുറിച്ചുനീക്കി മതിയാക്കരുത്. തലയുടെ എല്ലാഭാഗത്തുനിന്നും മുടിവെട്ടുന്നതാണ് ഉത്തമം; അവര്‍ മുണ്ഡനം ചെയ്യുന്നില്ലെങ്കില്‍. മുണ്ഡനംചെയ്യുന്നതാണ് അത്യുത്തമം. അങ്ങനെയുള്ള ഘട്ടത്തില്‍ മുണ്ഡനത്തിനുപയോഗിക്കുന്ന കത്തിയിലെ ബ്ലേഡ് പുതിയതാണെന്ന് ഉറപ്പുവരുത്തുന്നത് പകര്‍ച്ചവ്യാധികളില്‍നിന്ന് നമ്മെ സംരക്ഷിക്കും. കഅ്ബയുടെ പരിസരത്തുവെച്ച് സ്ത്രീകള്‍ മുടിമുറിക്കരുത്. താമസസ്ഥലത്തേക്ക് തിരിച്ചുവന്ന് ഹിജാബ് അഴിച്ചുമാറ്റി അവര്‍ക്ക് തലമുടിയില്‍നിന്ന് അല്‍പം നീക്കാം. ഉംറയില്‍നിന്ന് വിരമിക്കാന്‍ തിടുക്കം കാട്ടി മറ്റുള്ളവരുടെ മുമ്പില്‍വെച്ച് മുടി മുറിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
മദീനാ മുനവ്വറ
മദീനാ മുനവ്വറയിലെ റൗദാ ശരീഫ് സന്ദര്‍ശിക്കാന്‍ ഏറ്റവും ഉചിതമായ സമയം രാത്രിയാണ്. മദീനാപള്ളിയിലെ റൗദ ഭൂമിയിലെ സ്വര്‍ഗത്തിന്റെ ഒരു ഭാഗമാണെന്ന് വിശേഷണമുണ്ട്. അവിടം പച്ചപ്പരവതാനി വിരിച്ചിരിക്കുകയാല്‍ തിരിച്ചറിയാന്‍ എളുപ്പമാണ്. പക്ഷേ, അവിടെയെത്തിപ്പെടുകയെന്നത് ദുഷ്‌കരവുമാണ്. കാരണം, റൗദയില്‍ നിന്ന് നമസ്‌കരിക്കാന്‍ ആളുകള്‍ തിക്കുംതിരക്കുംകൂട്ടുന്നുവെന്നതുതന്നെ. തദ്ദേശീയരായ ആളുകളോട് സംസാരിച്ചപ്പോള്‍ മനസ്സിലായത് അവിടെ നമസ്‌കരിക്കാന്‍ പുരുഷന്‍മാര്‍ക്ക് ഏറ്റവും ഉത്തമമായത് സുബ്ഹിന് മുമ്പുള്ള അവസാനമണിക്കൂറുകളാണ് എന്നാണ്.
മദീനയിലെ സന്ദര്‍ശനയിടങ്ങള്‍
പ്രഭാതത്തിനും ളുഹ്‌റിനുമിടയിലുള്ള സമയമാണ് മദീനയിലെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. ഉഹ്ദ്, മദീനയില്‍ നബി(സ) ആദ്യംപണികഴിപ്പിച്ച മസ്ജിദ് ഖുബാ തുടങ്ങിയവ അക്കൂട്ടത്തില്‍ പെടുന്നു. മസ്ജിദുല്‍ ഖുബായില്‍ രണ്ട് റക്അത്ത് നമസ്‌കരിക്കാന്‍ ഒട്ടും മറക്കരുത്.
വീട്ടുകാരുമായി ബന്ധപ്പെടുക
നിങ്ങളുടെ കയ്യില്‍ സ്മാര്‍ട്ട് ഫോണുണ്ടെങ്കില്‍ വൈബര്‍, മാജിക് ജാക് തുടങ്ങി ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക. നാം താമസിക്കുന്ന ഹോട്ടലുകളില്‍ ഫ്രീ വൈ-ഫൈ ഉള്ളതുകൊണ്ട് പൈസച്ചിലവില്ലാതെതന്നെ വീട്ടുകാരുമായി സംസാരിക്കാനാകും. ഫോണ്‍ എയര്‍പ്ലേന്‍ മോഡില്‍ ഇടുക.എങ്കില്‍ റോമിങ് ചാര്‍ജ് വരാതെ സൂക്ഷിക്കാം. നിങ്ങളുടെ കൈവശം ഐഫോണ്‍ ഉണ്ടെങ്കില്‍ ഐ-മെസ്സേജിങ് ഉപയോഗിച്ച് എയര്‍പ്ലേന്‍ മോഡില്‍ സുഹൃത്തുക്കള്‍ക്ക് സൗജന്യമായി സന്ദേശം അയക്കാം.
ആളുകളുമായി സംസാരിക്കുക
കണ്ടുമുട്ടുന്ന ആളുകളോട് സംസാരിക്കുക. ഏതുനാട്ടില്‍നിന്നാണ്, സംസാരഭാഷ തുടങ്ങി അവിടത്തെ ഇസ്‌ലാമികസമൂഹത്തെക്കുറിച്ച വിശേഷങ്ങള്‍ തിരക്കുക. മക്കയിലും മദീനയിലും ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള ആളുകള്‍ എത്തിച്ചേരുന്നു. വ്യത്യസ്തഭൂഖണ്ഡങ്ങളില്‍നിന്നുള്ള സഹോദരങ്ങളെ കാണുമ്പോള്‍ നമ്മുടെ ഇസ്‌ലാമികസാഹോദര്യത്തിന്റെ മാസ്മരികത നിങ്ങള്‍ക്ക് അനുഭവിച്ചറിയാനാകും.
പ്രാര്‍ഥിക്കുക
നന്നേ നിസ്സാരമാണെന്ന് തോന്നാമെങ്കിലും പ്രാര്‍ഥനയാണ് ഈ യാത്രയിലെ ഏറ്റവും മുഖ്യമായ സംഗതി. നിങ്ങള്‍ക്കും കുടുംബ-ബന്ധുമിത്രാദികള്‍ക്കും ലോക മുസ്‌ലിംകള്‍ക്കും വേണ്ടി പ്രാര്‍ഥിക്കുക. ആ ആത്മീയനഗരിയില്‍ നിങ്ങള്‍ അനുഗൃഹീതനാണെന്ന കാര്യം ഓര്‍ത്തിരിക്കുക. അതുകൊണ്ടുതന്നെ അല്ലാഹുവിനോട് വളരെ താഴ്മയായി പ്രാര്‍ഥിച്ചുകൊണ്ടേയിരിക്കുക. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഏറ്റവും സുഗമമായ, ആത്മീയോല്‍ക്കര്‍ഷയുള്ള യാത്ര ആശംസിക്കുന്നു.
Add Comment