സ്ത്രീജാലകം

സൗന്ദര്യം എല്ലാവരിലുമുണ്ട്

ലോകത്ത് എല്ലായിടത്തും സൗന്ദര്യമുണ്ട്. എല്ലാ മനുഷ്യനും സൗന്ദര്യത്തില്‍നിന്ന് ഒരു ഓഹരി നല്‍കപ്പെട്ടിട്ടുമുണ്ട്. അതോടൊപ്പം മനുഷ്യന് രൂപപ്പെടുത്താന്‍ കഴിയുന്ന, വികസിപ്പിച്ചെടുക്കാവുന്ന ശാസ്ത്രം കൂടിയാണ് സൗന്ദര്യം. നാം ബുദ്ധി ഉടമപ്പെടുത്തിയത് പോലെ സൗന്ദര്യവും ഉടമപ്പെടുത്തിയിരിക്കുന്നു. എങ്ങനെയെന്ന് അറിയാത്ത പക്ഷം ഗണിതശാസ്ത്ര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബുദ്ധിക്ക് കഴിയാതെ പോവുന്നത് പോലെ തന്നെ, എങ്ങനെയെന്ന് അറിയില്ലെങ്കില്‍ സൗന്ദര്യത്തെ പ്രതിപാദിക്കാന്‍ മനുഷ്യന് സാധിക്കുകയില്ല. സൗന്ദര്യനിര്‍മാണത്തിന്റെ വിശദാംശങ്ങളും, രഹസ്യങ്ങളുമാണ് നാം വിവരിക്കുന്നത്.

മനുഷ്യന്‍ ഒട്ടേറെ ഭാഷകള്‍ സംസാരിക്കുന്നുണ്ട്. തന്റെ മനസ്സിലുള്ള കാര്യങ്ങള്‍ പല മാര്‍ഗേണ പ്രതിപാദിക്കുന്നുമുണ്ട്. മറ്റുള്ളവരുമായുള്ള ബന്ധത്തിന് സഹായിക്കുന്ന ഏറ്റവും ലളിതമായ ഭാഷയാണ് സൗന്ദര്യം. നമ്മുടെ യഥാര്‍ത്ഥ വികാരങ്ങളെക്കുറിച്ച ശരിയായ വിധത്തിലുള്ള പ്രതിപാദനമാണ് യഥാര്‍ത്ഥത്തില്‍ നമ്മുടെ സൗന്ദര്യം. നമ്മുടെ ശൈലി, ബാഹ്യരൂപം, വാക്കുകള്‍, വാചകങ്ങള്‍ തുടങ്ങിയവയെല്ലാം അവയില്‍ ഉള്‍പെടുന്നു. സുന്ദരിയായ സ്ത്രീ എന്നാല്‍ സന്തോഷമുള്ള, ശുഭപ്രതീക്ഷയുള്ള, ആത്മവിശ്വാസമുള്ള സ്ത്രീ എന്നാണ് അര്‍ത്ഥം. സന്തോഷത്തിന് വലിയ ആകര്‍ഷണീയശേഷിയുണ്ടെങ്കില്‍ അതിനേക്കാള്‍ വലിയ ശക്തി സൗന്ദര്യത്തിന് ഉണ്ട്.

ഏത് ത്രീക്കും സുന്ദരിയാവാന്‍ സാധിക്കുന്നതാണ്. താനര്‍ഹിക്കുന്ന ആകര്‍ഷണീയശേഷി അവള്‍ രൂപപ്പെടുത്തണമെന്ന് മാത്രം. നാം നമ്മുടെ സൗന്ദര്യത്തെ തേടുകയാണ് വേണ്ടത്. സ്വയം സങ്കല്‍പിക്കുന്നതിനേക്കാള്‍ എത്രയോ മനോഹരിയാണ് നീ. ഒളിഞ്ഞ് കിടക്കുന്ന ആ സൗന്ദര്യം പേടകം നമ്മുടെ അന്വേഷണയാത്ര പ്രതീക്ഷിച്ചിരിക്കുകയാണ്. നാം പരിശിലീനത്തിലൂടെയും, കഠിനാധ്വാനത്തിലൂടെയും ആ നിധി കണ്ടെത്തുകയാണ് വേണ്ടത്.

നമ്മുടെ മുഖം എത്ര പ്രസന്നമാണ്! നമ്മുടെ പെരുമാറ്റം എത്ര നിര്‍മലമാണ്! തിളങ്ങി നില്‍ക്കുന്ന നക്ഷത്രങ്ങളെപ്പോലെ, പതിനാലാം രാവിലെ പൂര്‍ണചന്ദ്രനെപ്പോലെ, അഴകാര്‍ന്ന വൈഢൂര്യങ്ങളെപ്പോലെ എല്ലാ ദിവസവും മുഖപ്രസന്നതയോടെ, ആകര്‍ഷണീയതയോടെ രംഗത്തിറങ്ങാന്‍ നാം പരിശീലിക്കേണ്ടിയിരിക്കുന്നു.

ചെറിയ ചെറിയ ശ്രമങ്ങളിലൂടെ, വളരെ ലളിതമായ രീതികളിലൂടെ ദൈവം നല്‍കിയ ഏറ്റവും മധുരമായ, മനോഹരമായ കഴിവുകള്‍ നാം പുറത്തെടുത്ത് കൊണ്ടേയിരിക്കുക. ബുദ്ധിപൂര്‍വം, മറ്റുള്ളവരില്‍ വിസ്മയം ജനിപ്പിച്ച്, നാം സ്വയം മാറുകയും മുഖത്ത് പ്രകാശം നട്ട് വളര്‍ത്തുകയും ചെയ്യുക.

നീ സുന്ദരിയാണ്, പക്ഷേ നീ ജീവിക്കുന്നത് പുതുമകളുള്ള ലോകത്താണ്. ഓരോ ദിവസവും ഇവിടെ മോഡലുകള്‍ മാറിക്കൊണ്ടേയിരിക്കുന്നു. എല്ലായിടത്തും സുന്ദരികളായ സ്ത്രീകള്‍ കാണപ്പെടുന്നു. നിന്നില്‍ നിരാശയുളവാക്കുന്ന, നിന്റെ പ്രതീക്ഷകളെ തകര്‍ക്കുന്ന കാര്യങ്ങളാണ് അവയൊക്കെയും. ഈ മത്സര ലോകത്ത് തന്റെ ആകര്‍ഷണീയത ഊതിക്കെടുത്തി, നിരാശയായി ജീവിക്കുകയെന്നത് വളരെ എളുപ്പമാണ്. പ്രയാസത്തോടും, അസ്വസ്ഥതയോടും, നിരാശയോടും കൂടി ജീവിക്കുകയെന്നതായിരിക്കും അതിന്റെ ഫലം. നാമത് ഒരിക്കലും ചെയ്യരുത്. തല കുനിച്ച് പരാജയം സമ്മതിച്ച് പിന്‍വാങ്ങേണ്ടവരല്ല നാം. നാം പുതുതായി തുടങ്ങുകയും മറ്റുള്ളവരെ കീഴ്‌പെടുത്തുകയുമാണ് വേണ്ടത്.

ഒരു സൗന്ദര്യമല്ല, അനേകം സൗന്ദര്യങ്ങളാണ് നിന്നില്‍നിന്ന് പ്രസരിക്കേണ്ടത്. അതിന് ാരോ ദിവസവും ഓരോ വിധത്തില്‍ പുതുമയോടെ രംഗത്തിറങ്ങുകയാണ് വേണ്ടത്. നിന്റെ ആലസ്യത്തെ മറികടക്കാനും, പരിചിതമായ എല്ലാ അളവുകോലുകളും മുറിച്ച് കളയാനും നിനക്കതിലൂടെ സാധിക്കും.

സൗന്ദര്യത്തിന് അതിന്റേതായ ഭാഷയുണ്ട്. കണ്ണുകള്‍ കൊണ്ട് അത് വായിച്ചെടുക്കുകയാണ് വേണ്ടത്. അതിന്റെ അനുരണനങ്ങള്‍ ഹൃദയത്തിലാണ് ചെന്ന് നില്‍ക്കുക. അവയെല്ലാം നമ്മുടെ കരങ്ങളില്‍ തന്നെയുണ്ട് താനും. നാം നമ്മുടെ സൗന്ദര്യത്തിന്റെ കവാടങ്ങള്‍ തുറന്നിടുകയാണ് പ്രഥമമായി വേണ്ടത്. അതില്‍ നിന്ന് മനോഹരമായ ഏടുകള്‍ നാം പുറത്തെടുക്കേണ്ടിയിരിക്കുന്നു. നാം നമ്മുടെ ജീവിതം പുതുക്കുകയും, മനോഹരമായ വ്യക്തിത്വവുമായി രംഗത്തിറങ്ങുകയും ചെയ്യുക.
പരാതികളില്‍ നിന്നും പോരായ്മകളില്‍ നിന്നും നമുക്ക് തല്‍ക്കാലത്തേക്ക് വിടവാങ്ങാം. ന്യായീകരണങ്ങളും ഒഴികഴിവുകളും നമ്മെ മുന്നോട്ടല്ല, പിന്നോട്ടാണ് വഴിനടത്തുക. നമ്മുടെ കഴിവുകളും, യോഗ്യതകളും, അനുകൂല ഘടകങ്ങളും ഉപയോഗപ്പെടുത്തി സൗന്ദര്യത്തിന്റെ നിധി മറ്റുള്ളവര്‍ക്ക് മുന്നില്‍ തുറന്നിടാനുള്ള ശ്രമമാണ് നാം ഓരോരുത്തരും നടത്തേണ്ടത്.

ഡോ. നാഇമ ഹാശിമി

Topics