പലിശ

പലിശ നിരോധത്തിന്റെ പ്രസക്തി

ധനികന്‍ തന്റെ മൂലധനത്തിന് മറ്റൊരാളില്‍ നിന്ന് വര്‍ദ്ധനയാണ് പലിശ. പലിശ എല്ലാ ദൈവീക മതങ്ങളിലും നിഷിദ്ധമാകുന്നു. ഖുര്‍ആന്‍ പലിശയെ ഖണ്ഡിതമായി വിലക്കിയിരിക്കുന്നു. ''ഓ വിശ്വസിച്ചവരേ, കുമിഞ്ഞുകൂടുന്ന പലിശ ഭുജിക്കുന്നത് ഉപേക്ഷിക്കുവിന്‍.'' (ആലുഇംറാന്‍: 130) പലിശയിടപാട് ഏഴു വന്‍പാപങ്ങളില്‍ ഒന്നായി എണ്ണിയ ഇസ്‌ലാം അതില്‍ പങ്കുവഹിക്കുന്ന എല്ലാവരെയും അല്ലാഹു ശപിച്ചതായി താക്കീത് നല്‍കുകയും ചെയ്തിരിക്കുന്നു. നബി(സ) പറഞ്ഞു: ''പലിശ തിന്നുന്നവനെയും തീറ്റുന്നവനെയും സാക്ഷിനില്‍ക്കുന്നവനെയും അത് എഴുതിവെക്കുന്നവനെയും അല്ലാഹു ശപിച്ചിരിക്കുന്നു.'' (ഹദീഥ്). 1. അവധി പലിശ(രിബന്നസീഅഃ) കടം വാങ്ങുന്നവന് അനുവദിക്കപ്പെടുന്ന അവധിയുടെ തോതനുസരിച്ച് അയാളില്‍നിന്ന് ഈടാക്കുന്ന അധിക ധനമാണ് അവധിപ്പലിശ. 2. മിച്ചപ്പലിശ (രിബല്‍ഫദ്ല്‍) നാണയം ഭക്ഷ്യവസ്തുക്കള്‍ എന്നിവ പകരത്തിനുപകരമായി ഏറ്റക്കുറവോടെ വില്‍പന നടത്തുകയാണ് മിച്ചപ്പലിശ. ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ് എന്നീ പ്രമാണങ്ങള്‍ പ്രകാരം ഈ രണ്ടിനം പലിശയും നിഷിദ്ധമാണ്. പലിശയടിസ്ഥാനത്തിലുള്ള സമ്പദ്‌വ്യവസ്ഥയില്‍ ഉല്‍പാദന മാന്ദ്യമുണ്ടാവുമെന്ന് കെയിന്‍സ് അടക്കമുള്ള ആധുനിക സമ്പദ്ശാസ്ത്ര വിദഗ്ദര്‍ സമ്മതിക്കുന്നു, ഉല്പാദനമാന്ദ്യം തൊഴിലില്ലായ്മ വര്‍ദ്ധിപ്പിക്കുകയും സാമ്പത്തിക വളര്‍ച്ച മുരടിപ്പിക്കുയും ചെയ്യുന്നു. പലിശയില്‍ അടങ്ങിയിരിക്കുന്ന നാല് പ്രധാന തിന്‍മകളാണ് പലിശ നിരോധിക്കാനുള്ള യുക്തിയായി കണക്കാക്കപ്പെടുന്നത്. 

  1. പലിശ വ്യക്തികള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കാനും സഹകരണമനോഭാവം നശിക്കാനും കാരണമായിത്തീരുന്നു. അന്യരുടെ അധ്വാനത്തെ ചൂഷണം ചെയ്യുന്ന സ്വാര്‍ത്ഥതയാണ് പലിശ. സ്വാര്‍ഥതയെ ഇസ്‌ലാം വെറുക്കുന്നു.
  2. പലിശ സമ്പ്രദായം പണിയെടുക്കാത്ത സുഖലോലുപരായ ഒരു ധനികവര്‍ഗത്തെ സൃഷ്ടിക്കും.
  3. പലിശ കോളനി വാഴ്ചക്ക് വഴിയൊരുക്കും. വിവിധ രാജ്യങ്ങളില്‍ പടിഞ്ഞാറിന്റെ കോളനികളായി തീര്‍ന്നതിന് പിന്നില്‍ പലിശ പ്രധാനകാരണമായി വര്‍ത്തിച്ചിട്ടുണ്ട്.
  4. ആവശ്യക്കാരനെ കൂടുതല്‍ കഷ്ടപ്പെടുത്തുന്ന ചൂഷണോപാധിയാണ് പലിശ. സാമ്പത്തികമായ ആവശ്യം നേരിടുമ്പോള്‍ തന്റെ സഹോദരനെ ഗുണകാംക്ഷയോടെ കടം നല്‍കി സഹായിക്കണമെന്നതാണ് ഇസ്‌ലാമിക വിധി.

ബാങ്കുകള്‍ നല്‍കാമെന്ന് പറയുന്ന സാങ്കല്‍പിക ലാഭരീതിയില്‍ പ്രലോഭിതരായി മൂലധനം ബാങ്കുകളില്‍ സ്വരൂപിക്കപ്പെടുകയും മുന്‍കൂട്ടിയുറപ്പിച്ച ലാഭത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം മൂലധന വായ്പകള്‍ നല്‍കുകയും ചെയ്യുന്നത് ഉല്പാദന മാന്ദ്യത്തിനും ഉല്പാദനപ്രവര്‍ത്തനങ്ങളില്‍ നിന്നും സംരംഭകര്‍ പിന്‍വാങ്ങുന്നതിനും കാരണമാകുന്നു. പലിശയെന്ന സാങ്കല്‍പിക ലാഭത്തിനുപകരം യഥാര്‍ഥ ലാഭത്തിന്റെ വിഹിതം അടിസ്ഥാനമാക്കി മൂലധനം നിക്ഷേപിക്കുമ്പോള്‍ ഉല്പാദന വര്‍ദ്ധനവിനനുസൃതമായിട്ടായിരിക്കും പണവര്‍ദ്ധനയുണ്ടാവുക. ഈയവസ്ഥയില്‍ മൂല്യശോഷണവും നാണയപ്പെരുപ്പവും ഫലപ്രദമായി നിയന്ത്രിക്കാനാവും. സകാത്ത് വ്യവസ്ഥ നടപ്പിലാവുന്നതോടെ സമൂഹത്തിന്റെ താഴെതട്ടിലുള്ളവരുടെയും ഉപഭോഗശേഷി വര്‍ധിക്കുകയും കമ്പോളം സജീവമാവുകയും ചെയ്യുന്നു. പരസ്പര മത്സരത്തെക്കാള്‍ സഹകരമാണ് ഇസ്‌ലാമിക കമ്പോളത്തില്‍ പ്രകടമാവുക. വ്യക്തികള്‍ക്ക് ഭക്ഷണം വീട് വസ്ത്രം ജോലി എന്നിവ ഉറപ്പ് വെരുത്തുക എന്നത് ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ബാധ്യതയാണ്. ഇതിനായി സകാത്തിന്റെ വ്യവസ്ഥാപിതമായ ശേഖരണവും വിതരണവും ഉറപ്പുവരുത്തേണ്ടതുണ്ടത് ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ചുമതലായാണ്.

ദാരിദ്ര്യനിര്‍മാര്‍ജ്ജനത്തിനും ജനക്ഷേമത്തിനും ഏറ്റവും സഹായകവും ഫലപ്രദവുമായ നടപടിക്രമങ്ങള്‍ സാമ്പത്തിക ശാസ്ത്രത്തില്‍ എങ്ങനെ ഉള്‍പ്പെടുത്താമെന്ന് സാമ്പത്തിക ശാസ്ത്ര വിദഗ്ധര്‍ ചിന്തിച്ചു തുടങ്ങിയത് സമീപകാലത്താണ്. ഇസ്‌ലാമിക ധനശാസ്ത്ര തത്വങ്ങളിലേക്ക് ചുവടുവെക്കാന്‍ ആധുനിക ലോകവും നിര്‍ബന്ധിതരായിരിക്കുന്നുവെന്നാണ് ഇത് നല്‍കുന്ന സൂചന. ദാരിദ്ര്യനിര്‍മാര്‍ജ്ജനത്തിന് സ്വീകരിക്കുന്ന തന്ത്രങ്ങളോ നടപടികളോ ആണ് പാരമ്പര്യ ധനശാസ്ത്ര വിദഗ്ധര്‍ ക്ഷേമ ധനശാസ്ത്രം എന്ന് വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഇസ്‌ലാമിക ധനശാസ്ത്രം പൂര്‍ണമായും ക്ഷേമ ധന ശാസ്ത്രമാണ്. അതേ സമയം ഇസ്‌ലാമികക്ഷേമ ധനശാസ്ത്രം വികസനത്തെയും സാമ്പത്തിക വളര്‍ച്ചയെയും ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.

About the author

padasalaadmin

Add Comment

Click here to post a comment

Topics