ചോദ്യം: സ്ത്രീകളുടെ ആര്‍ത്തവ പ്രകിയ അല്ലാഹുവിന്റെ ശിക്ഷയാണെന്ന് എന്റെ ഒരു സുഹൃത്ത് പറഞ്ഞു. വാസ്തവമെന്താണ് ?
—————————-
ഉത്തരം: താങ്കളുടെ സുഹൃത്ത് പറഞ്ഞത് തികച്ചും വാസ്തവ വിരുദ്ധമാണെന്ന് ആദ്യമേ പറയട്ടെ. ജീവിതത്തിന്റെ സകല മേഖലകളിലും സ്ത്രീക്ക് സുരക്ഷിതത്വവും ആദരവുമാണ് സ്രഷ്ടാവില്‍ നിന്ന് ലഭിക്കുന്നത്. ഇസ് ലാമിന്റെ അധ്യാപനങ്ങളും പ്രവാചകന്റെ സുന്നത്തും സ്ത്രീയെ അത്യധികം ബഹുമാനിക്കുന്നു. അതിന്റെ വിശദാംശങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല. പറയാനുള്ളത്, ആര്‍ത്തവ പ്രകിയ ഒരിക്കലും ഒരു ശിക്ഷയല്ല. മറിച്ച്, ഒരു വിശ്വാസിക്ക് അല്ലെങ്കില്‍ വിശ്വാസിനിക്ക് അവരേല്‍ക്കുന്ന ഒരോ വേദനക്കും രണ്ട് നിലയില്‍ അല്ലാഹു പ്രതിഫലം നല്‍കുമെന്നാണ് പഠിക്കാന്‍ കഴിയുന്നത്. ഒന്ന്, അവര്‍ക്ക് സഹിക്കുന്ന വേദനയിലൂടെ പാപങ്ങള്‍ പൊറുക്കപ്പെടും. രണ്ട്, അവരുടെ സഹനം, ക്ഷമ, അല്ലാഹുവിനെക്കുറിച്ചുള്ള സദ്ചിന്ത എന്നിവ കാരണത്താല്‍ പദവി ഉയര്‍ത്തപ്പെടും.
ഹദീസ് വായിക്കുക: വിശ്വാസിക്ക് ഒരു വിഷമമോ, പ്രയാസമോ, ഉത്കണ്ഠയോ ആശങ്കയോ ബാധിക്കുന്നില്ല; എന്തിന് ഒരു മുള്ള് തറയ്ക്കുന്നുപോലുമില്ല, അവ വഴി അല്ലാഹു അവരുടെ പാപങ്ങള്‍ പൊറുത്തുകൊടുത്തിട്ടല്ലാതെ. (ബുഖാരി – മുസ് ലിം).
മാത്രമല്ല, ആര്‍ത്തവ സമയത്ത് സ്ത്രീക്ക്, നിര്‍ബന്ധ കര്‍മങ്ങളായ നമസ്‌കാരം, നോമ്പ് മുതലായ കര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതില്ല. ശരീരഘടന സാധാരണഗതിയിലാവുമ്പോള്‍ ബാക്കിയുള്ള ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിച്ചാല്‍ മതിയാവും.
അപ്പോള്‍ ശരിക്കും ഒരു വിശ്വാസി ഇക്കാര്യത്തില്‍ അല്ലാഹുവിന് നന്ദി പ്രകാശിപ്പിക്കുകയാണ് വേണ്ടത്. ആ സമയത്ത് അവര്‍ക്ക് ബാധ്യകള്‍ ഒന്നും പൂര്‍ത്തീകരിക്കേണ്ട ആവശ്യമില്ല; എന്തിനേറെ തന്റെ ഇണയോടുള്ള ബാധ്യതകള്‍ പോലും ആ സമയത്ത് നിയന്ത്രിക്കപ്പെടും.
ഭൂമിയില്‍ ജീവന്റെ തുടിപ്പ് നല്‍കാന്‍ തെരഞ്ഞെടുക്കപ്പെട്ടത് സ്ത്രീകളാണെന്ന് നാമറിയുമ്പോള്‍ അവര്‍ക്ക് അല്ലാഹു നല്‍കിയ ആദരവിന്റെ ഉയര്‍ച്ച ഒന്നു ചിന്തിച്ചുനോക്കുക. അവരുടെ ഗര്‍ഭ പാത്രത്തിന് അറബിഭാഷയില്‍ ‘റഹീം’ എന്നാണ് പറയുക. അതാവട്ടെ, അല്ലാഹുവിന്റെ സുന്ദരനാമങ്ങളില്‍ പെട്ട അര്‍റഹ്മാന്‍ (പരമകാരുണികന്‍) എന്നതില്‍ നിന്ന് ഉരുത്തിരിഞ്ഞ് വന്നതാണ്.
സ്ത്രീവിഭാഗം അവരുടെ സ്രഷ്ടാവുമായി ഏറ്റം ചേര്‍ന്ന് നില്‍ക്കുന്നതിന്റെയും അവര്‍ക്ക് ലഭിച്ച ആദരവിന്റെയും വലിയ ഉദാഹരണങ്ങളാണിവ. തീര്‍ച്ചയായും വലിയ ഉത്തരവാദിത്തങ്ങള്‍ ഉണ്ടാവുന്നത് മുമ്പ് ചെറിയ ഒരു വേദനയുണ്ടാവും. എങ്കിലും അത് സഹിക്കാവുന്നതും പ്രതിഫലാര്‍ഹവുമാണ്.
Add Comment