Global

അസര്‍ബൈജാന്‍ സമ്മാനിച്ചത് വന്‍ദുരന്തം: പ്രസിഡന്റ് അര്‍മേന്‍

മോസ്‌കോ: 27 വര്‍ഷങ്ങള്‍ക്ക് മുമ്പ് അസര്‍ബൈജാനില്‍ നിന്ന് പിടിച്ചെടുത്ത നഗാര്‍ണോ-കാരാബാക് പ്രദേശങ്ങളില്‍ ആക്രമണം നടത്തിയ അര്‍മേനിയന്‍ സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ ആ രാജ്യത്തിന് വന്‍ദുരന്തമാണ് സമ്മാനിച്ചതെന്ന് അര്‍മേനിയന്‍ പ്രസിഡന്റ് അര്‍മേന്‍ സാര്‍കിസിയന്‍. റഷ്യയിലെ അര്‍മേനിയന്‍വംശജര്‍ സംഘടിപ്പിച്ച കൂട്ടായ്മയില്‍ സംസാരിക്കവേയാണ് പ്രസിഡന്റ് പ്രധാനമന്ത്രി നികോള്‍ പാഷിന്‍യാനെതിരെ ആഞ്ഞടിച്ചത്. ഇതിന് പരിഹാരം ഇപ്പോഴത്തെ ഗവണ്‍മെന്റ് രാജിവെക്കുക മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
‘പ്രസിഡന്റിനോ പ്രധാനമന്ത്രിക്കോ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കാനുള്ള അധികാരം നല്‍കിയിട്ടുള്ളത് ശരിയായ ഒന്നല്ല. അതിനാല്‍ ഭരണഘടനയില്‍ ചില ഭേദഗതികള്‍ ആവശ്യമാണ്. ഇപ്പോഴത്തെ രീതിയില്‍നിന്ന് വ്യത്യസ്തമായി പ്രസിഡന്റിനെ ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന രീതി കൊണ്ടുവരേണ്ടതുണ്ട്. യുദ്ധത്തില്‍ അര്‍മേനിയയ്ക്ക് നേരിട്ട ഈ ദുരന്തത്തിന് ഇപ്പോഴത്തെ സര്‍ക്കാര്‍ രാജിവെക്കുകയല്ലാതെ മറ്റൊരു വഴിയില്ല’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സെപ്റ്റംബറില്‍ അസര്‍ബൈജാനിലെ നഗാര്‍ണോ -കരാബാകിനുനേരെ നടത്തിയ അര്‍മേനിയന്‍ ആക്രമണത്തെ അസര്‍ബൈജാന്‍ പ്രതിരോധിച്ച് തോല്‍പിച്ചതിനെത്തുടര്‍ന്ന് സമാധാനകരാറിന്് അര്‍മേനിയന്‍ പ്രധാനമന്ത്രി നിര്‍ബന്ധിതനായതിനെ പരാമര്‍ശിച്ചാണ് പ്രസിഡന്റിന്റെ അഭിപ്രായപ്രകടനം.

Topics