ജറുസലേം: ഇസ്രയേല്‍ സൈന്യത്തിന്റെ കടുത്ത നിയന്ത്രണത്തില്‍ മസ്ജിദുല്‍ അഖ്‌സ വിശ്വാസികള്‍ക്കായി തുറന്നു കൊടുത്തു. അതിര്‍ത്തിയിലേതിന് സമാനമായ സുരക്ഷാ നടപടി ക്രമങ്ങളാണ് അഖ്‌സാ പള്ളിയുടെ കവാടത്തിലൊരുക്കിയത്. മുഴുവന്‍ വിശ്വാസികളെയും തീവ്രവാദികളായി മുദ്രകുത്താനുള്ള ഇസ്രയേല്‍ അധികൃതരുടെ ശ്രമത്തില്‍ പ്രതിഷേധിച്ച് പള്ളിക്കകത്ത് കടക്കാതെ വിശ്വാസികള്‍ പുറത്ത് നിന്ന് ളുഹര്‍ നിസ്‌കരിച്ച് പ്രതിഷേധിച്ചു. അഖ്‌സ പള്ളിക്ക് സമീപമുണ്ടായ വെടിവെപ്പിനെ തുടര്‍ന്ന് രണ്ട് ദിവസമായി പൂട്ടിയ പള്ളി ഇന്നലെയാണ് തുറന്നത്.
രണ്ട് ദിവസത്തിനിടെ അനാവശ്യ പരിശോധനകള്‍ നടത്തി ഇസ്‌റാഈല്‍ അധികൃതര്‍ പള്ളിയുടെ ഉള്‍ഭാഗം അലങ്കോലപ്പെടുത്തിയതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. അനാവശ്യമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കാനായി പള്ളിക്ക് പുറത്ത് വന്‍ സൈനിക സന്നാഹത്തെയാണ് ഇസ്രയേല്‍ വിന്യസിച്ചിട്ടുള്ളത്.
രാജ്യത്തിനകത്തും പുറത്തു നിന്നുമുള്ള കടുത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് പള്ളി തുറക്കാന്‍ ഇസ്രയേല്‍ അധികൃതര്‍ തയ്യാറായത്. അറബ് ലീഗ് അടക്കമുള്ള അന്താരാഷ്ട്ര സംഘടനകളും ഫലസ്തീനിലെ നിരവധി പ്രമുഖ പണ്ഡിതന്മാരും ഇസ്‌റാഈല്‍ നടപടിയെ ശക്തമായി വിമര്‍ശിച്ചു. ആയിരക്കണക്കിന് വിശ്വാസികളെയും വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്ന തീര്‍ഥാടകരെയും ഇസ്രയേല്‍ സൈന്യം തടഞ്ഞുവെച്ചിരുന്നു.
മസ്ജിദിന്റെ കവാടത്തില്‍ സജ്ജീകരിച്ച മെറ്റല്‍ ഡിറ്റാക്ടറും ക്യാമറകളും വഴി പള്ളിക്കുള്ളില്‍ കടക്കാനാകില്ലെന്ന ഉറച്ച തീരുമാനത്തിലാണ് വിശ്വാസികള്‍. പള്ളിക്കുള്ളില്‍ ഇസ്രയേല്‍ അധികൃതര്‍ ഒരുക്കിയ പുതിയ സംവിധാനം അംഗീകരിക്കില്ലെന്ന് അല്‍ അഖ്‌സ മസ്ജിദ് ഡയറക്ടര്‍ ശൈഖ് ഉമര്‍ കിസ്‌വാനി വ്യക്തമാക്കി. മെറ്റല്‍ഡിറ്റാക്ടറുകള്‍ വഴി പള്ളിയില്‍ പ്രവേശിക്കാനാകില്ലെന്ന ഉറച്ച തീരുമാനത്തിലാണ് വിശ്വാസികളുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആക്രമണത്തിന്റെയും ഏറ്റുമുട്ടലിന്റെയും പേരില്‍ പള്ളിയടച്ചിടുന്നത് പതിവില്ലാത്ത കാര്യമാണെന്നും ഇത്തരത്തിലൊരു സുരക്ഷാക്രമീകരണം നടത്തുന്നതിന്റെ പിന്നില്‍ ഗൂഢലക്ഷ്യങ്ങളാണെന്നും തദ്ദേശിയര്‍ ആരോപിക്കുന്നു.
വിശ്വാസികളെ ജുമുഅ നിസ്‌കാരത്തിന് അനുവദിക്കാതെ തിരക്കിട്ട് മസ്ജിദ് അടച്ചുപൂട്ടിയ ഇസ്രയേല്‍ നടപടിയെ പുണ്യഭൂമിയുടെ സംരക്ഷകരായ ജോര്‍ദാന്‍ സര്‍ക്കാര്‍ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്.
Add Comment