Global

അഖ്‌സ വെടിവയ്പ്: ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം ഫലസ്തീന്‍ മരവിപ്പിച്ചു

ജറുസലം: മുസ്‌ലിംകളുടെ പുണ്യ കേന്ദ്രമായ മസ്ജിദുല്‍ അഖ്‌സ വളപ്പില്‍ കഴിഞ്ഞ ദിവസം പോലിസ് നടത്തിയ വെടിവയ്പില്‍ പ്രതിഷേധിച്ച ഇസ്രയേലുമായുള്ള എല്ലാ ബന്ധങ്ങളും മരവിപ്പിക്കുകയാണെന്ന് ഫലസ്തീന്‍ പ്രസ്ഡന്റ് മഹമൂദ് അബ്ബാസ് പ്രഖ്യാപിച്ചു. കഴിഞ്ഞയാഴ്ച മസ്ജിദുല്‍ അഖ്‌സ കവാടത്തില്‍ സ്ഥാപിച്ച മെറ്റല്‍ ഡിറ്റക്ടറുകള്‍ എടുത്തു മാറ്റുന്നത് വരെ ഇസ്രയേലുമായി യാതൊരു ഔദ്യോഗിക ബന്ധവും ഉണ്ടാവില്ലെന്ന് വെള്ളിയാഴ്ച ടെലിവിഷനില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം വ്യക്തമാക്കി.

ഇന്നലെയാണ് ജുമുഅ നിസ്‌കാര ശേഷം പ്രതിഷേധത്തിനിറങ്ങിയ ഫലസ്തീനികള്‍ക്കു നേരെ ഇസ്രയേല്‍ സൈന്യം വെടിവെപ്പു നടത്തിയത്. വെടിവയ്പ്പില്‍ 18 വയസ്സുകാരനടക്കം മൂന്നു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച മസ്ജിദുല്‍ അഖ്‌സ ഉള്‍പെടുന്ന ഹറമുശ്ശരീഫില്‍ നടന്ന വെടിവെപ്പില്‍ രണ്ട് ഇസ്രയേല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് മെറ്റല്‍ ഡിറ്റക്ടര്‍ സ്ഥാപിച്ചത്.
50 വയസ്സുില്‍ താഴെയുള്ള മുസ്‌ലിം പുരുഷന്മാര്‍ക്ക് അഖ്‌സയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് കഴിഞ്ഞ ദിവസം ഫലസ്തീനികള്‍ പ്രതിഷേധിച്ചത്.

ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കണമെന്നത് ഫലസ്തീന്‍ ജനതയുടെ ദീര്‍ഘനാളായുള്ള ആവശ്യമായിരുന്നു. സുരക്ഷാ സഹകരണത്തില്‍ നിന്നടക്കം പിന്‍മാറുന്നത് ഇസ്രയേലിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് അല്‍ജസീറ ലേഖകന്‍ വിലയിരുത്തുന്നു.

Topics