മുഹമ്മദ് നബിയുടെ വിയോഗശേഷം ഇസ് ലാമികലോകത്തെ പ്രഥമഖലീഫയായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി. പിതാവ് അബൂഖുഹാഫ. മാതാവ് ഉമ്മുല്‍ ഖൈര്‍ സല്‍മാ ബിന്‍ത് ശഖര്‍. അബൂബക് ര്‍ നബിയുടെ മൂന്ന് വയസ്സിന് ഇളയതും ബാല്യകാലസുഹൃത്തുമായിരുന്നു. മക്കയിലെ സമ്പന്നവ്യാപാരിയായി ജീവിച്ചു. സിറിയയില്‍ കച്ചവടത്തിനുപോയി തിരിച്ചുവരുമ്പോഴാണ് മുഹമ്മദ് നബിയുടെ പ്രവാചകത്വവാദത്തെക്കുറിച്ച് കേട്ടത്. നബിയെ സന്ദര്‍ശിച്ച് ഇസ് ലാം സ്വീകരിച്ചു. നബിയില്‍ വിശ്വസിച്ച ആദ്യത്തെ പുരുഷന്‍ അദ്ദേഹമാണെന്ന് ചില ചരിത്രകാരന്‍മാര്‍ക്ക ്അഭിപ്രായമുണ്ട്. ഉസ്മാന്‍ ഇബ്‌നു അഫ്ഫാന്‍, സുബൈര്‍ ഇബ്‌നു അവാം, അബ്ദുര്‍റഹ്മാനുബ്‌നു ഔഫ്, സഅ്ദ്ബ്‌നു അബീവഖാസ്, ത്വല്‍ഹത് ബ്‌നു ഉബൈദില്ല എന്നീ അഞ്ചുപ്രമുഖവ്യക്തികള്‍ അബൂബക് റിന്റെ പ്രബോധനഫലമായി ഇസ് ലാംസ്വീകരിച്ചു. നബിയിലുള്ള ദൃഢവിശ്വാസമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. ഇസ് റാഅ് സംഭവത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ചോദ്യംചെയ്യാതെ അത് വിശ്വസിച്ചതിനാല്‍ അദ്ദേഹത്തിന് ‘സിദ്ദീഖ്’ എന്ന അപരനാമം സിദ്ധിച്ചു. ഹുദൈബിയാ സന്ധിവേളയിലും അദ്ദേഹത്തിന് തെല്ലും കുലുക്കമുണ്ടായില്ല.
ഖുര്‍ആന്‍ പാരായണംചെയ്യുമ്പോള്‍ അബൂബക് ര്‍ തരളചിത്തനായിരുന്നു. ചില ഭാഗങ്ങള്‍ വായിക്കുമ്പോള്‍ അദ്ദേഹം കണ്ണീര്‍ വാര്‍ത്തു. ഹിജ്‌റയില്‍ നബിയെ അനുഗമിക്കണമെന്ന സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടപ്പോള്‍ ആഹ്ലാദഭരിതനായി. ‘സാനിയ ഇസ്‌നൈനി’ (ഇരുവരില്‍ രണ്ടാമന്‍) എന്ന് ഖുര്‍ആന്‍(അത്തൗബ :40) സൂചിപ്പിച്ചത് അബൂബക് റിനെയാണ്. ഉദാരനും സ്‌നേഹസമ്പന്നനുമായിരുന്ന അബൂബക്ര്‍ തന്റെ പണം ചെലവഴിച്ച് വിശ്വാസികളായ അടിമകളെ മോചിപ്പിച്ചു. ശത്രുക്കളുടെ പീഡനങ്ങളില്‍നിന്ന് കരകയറ്റി. സമ്പത്ത് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വ്യയംചെയ്യുന്ന കാര്യത്തില്‍ മുന്‍പന്തിയിലായിരുന്നു അദ്ദേഹം. ‘അബൂബക് റിന്റെ സ്വത്ത് ഉപകരിച്ചതുപോലെ ആരുടെയും സ്വത്ത് എനിക്ക് ഉപകരിച്ചിട്ടില്ല. തന്റെ സമ്പാദ്യമായ നാല്‍പതിനായിരം ദിര്‍ഹമില്‍നിന്ന് അയ്യായിരം മാത്രമെ ഹിജ്‌റ പോകുമ്പോള്‍ അദ്ദേഹം കയ്യിലെടുത്തുള്ളൂ. നബിയോടൊപ്പം ഏതാണ്ട് എല്ലാ യുദ്ധങ്ങളിലും അദ്ദേഹം പങ്കെടുത്തു. എന്നാല്‍ വളരെ അപൂര്‍വമായേ അദ്ദേഹത്തിന് നായകത്വചുമതല ഏല്‍പിക്കപ്പെട്ടിരുന്നുള്ളൂ. അദ്ദേഹത്തിന്റെ പുത്രി ആഇശയെ നബി വിവാഹംചെയ്തിട്ടുണ്ട്.
ശയ്യാവലംബിയായപ്പോള്‍ നബി ജമാഅത്ത് നമസ്‌കാരത്തിന് നേതൃത്വം കൊടുക്കാന്‍ അബൂബക്‌റിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. നബിയുടെ മരണവാര്‍ത്തയറിഞ്ഞ് പല പ്രമുഖസ്വഹാബികളും അങ്കലാപ്പിലായപ്പോള്‍ അവസരത്തിനൊത്തുയര്‍ന്നു കാര്യങ്ങള്‍ നേരെയാക്കാന്‍ അബൂബക്‌റിന് സാധിച്ചു. ജനങ്ങളോട് അദ്ദേഹം പറഞ്ഞു:’ ആരെങ്കിലും മുഹമ്മദിനെ ആരാധിച്ചിരുന്നുവെങ്കില്‍ അദ്ദേഹം മരിച്ചുകഴിഞ്ഞു. ആരെങ്കിലും അല്ലാഹുവെ ആരാധിക്കുന്നുവെങ്കില്‍ അവന് മരണമില്ല എന്നെന്നും ജീവിച്ചിരിക്കുന്നവനാണവന്‍. ‘ തുടര്‍ന്ന് അദ്ദേഹം ഖുര്‍ആനില്‍ നിന്ന് ഈ വാക്യം ഓതി; ‘മുഹമ്മദ് ഒരു പ്രവാചകന്‍ മാത്രമാണ് അദ്ദേഹത്തിന് മുമ്പ് പ്രവാചകന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹം മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്താല്‍ നിങ്ങള്‍ പിന്‍വാങ്ങുകയോ? ആരെങ്കിലും പിന്‍വാങ്ങിയാല്‍ അല്ലോഹുവിന് അതുകൊണ്ട് ഒരു ബുദ്ധിമുട്ടുമില്ല. നന്ദിയുള്ളവര്‍ക്ക് അല്ലാഹു പ്രതിഫലം നല്‍കും. ‘(ആലുഇംറാന്‍ 144)
നബിയുടെ വിയോഗാനന്തരം അബൂബക് ര്‍ ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ടു. ഇതിനുശേഷമാണ് നബി(സ)യെ മറവുചെയ്തത്.
‘അല്ലാഹുവിനെയും റസൂലിനെയും ഞാന്‍ അനുസരിക്കുന്നകാലത്തോളം നിങ്ങള്‍ എന്നെ അനുസരിക്കുക. ഞാന്‍ ധിക്കാരം പ്രവര്‍ത്തിച്ചാല്‍ എന്നെ അനുസരിക്കാന്‍ നിങ്ങള്‍ ബാധ്യസ്ഥരല്ല’ എന്ന് ഖിലാഫത്തേറ്റെടുത്ത ഉടനെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് അബൂബക്ര്‍ പ്രഖ്യാപിച്ചു. നബിയുടെ നിര്യാണത്തോടെ മുസ് ലിംസമൂഹത്തില്‍ ഉടലെടുത്ത പ്രശ്‌നങ്ങളാണ് ഖലീഫയെന്ന നിലയില്‍ അദ്ദേഹത്തിന് നേരിടാനുണ്ടായിരുന്നത്. ഒരു കൂട്ടം ആളുകള്‍ സകാത്ത ്‌നിഷേധികളായി രംഗത്ത് വന്നു. ‘തിരുമേനിക്ക് നല്‍കിയിരുന്ന ഒരൊട്ടകക്കയര്‍ പോലും തരാന്‍ വിസമ്മതിച്ചാല്‍ അവരോട് ഞാന്‍ വാളെടുത്ത് യുദ്ധംചെയ്യും’ എന്ന് അബൂബക് ര്‍ പ്രസ്താവിച്ചു. ഉസാമയുടെ നേതൃത്വത്തില്‍ സിറിയയിലേക്ക് യാത്രപുറപ്പെട്ടിരുന്ന സൈന്യത്തിന്റെ കാര്യത്തില്‍ ഉയര്‍ന്നുവന്ന എതിരഭിപ്രായങ്ങളെയും അബൂബക് ര്‍ വിജയകരമായി നേരിട്ടു.
ഖലീഫയായതിനുശേഷവും ഉപജീവനാര്‍ഥം വ്യാപാരവൃത്തിയില്‍ ഏര്‍പ്പെട്ടപ്പോള്‍ സ്വഹാബിമാര്‍ അദ്ദേഹത്തെ വിലക്കി. ബൈത്തുല്‍മാലില്‍നിന്ന് നിത്യവൃത്തിക്കുള്ള ഒരു നിശ്ചിതവേതനം അനുവദിച്ചു.
അബൂബക് റിന്റെ ഭരണകാലത്ത് ജനങ്ങള്‍ അഭിവൃദ്ധി നേടി. ഇസ് ലാമികസാമ്രാജ്യത്തിന് തുടക്കം കുറിച്ചു. നിരവധി ഗോത്രങ്ങള്‍ ഇസ് ലാമിലേക്ക് വന്നു. ഒമാനും ബഹ്‌റൈനും യമനും ഹദ്‌റ മൗതും ഇസ് ലാമിന്നധീനമായി. പേര്‍ഷ്യന്‍ ബൈസാന്റൈന്‍ സാമ്രാജ്യങ്ങള്‍ക്കെതിരെ ഖാലിദ് ബ്‌നുവലീദിന്റെ നേതൃത്വത്തില്‍ സൈനികനീക്കം ആരംഭിച്ചു. തന്റെ ഹ്രസ്വമായ കാലയളവിനുള്ളില്‍ തന്നെ ചില പ്രാഥമിക വിജയങ്ങള്‍ ദര്‍ശിക്കാന്‍ ഖലീഫക്കു സാധിച്ചു. പേര്‍ഷ്യയിലെ അര്‍ഹിറമും ഫലസ്തീനിലെ അജ്‌നാദിനും ഇസ് ലാമിന്നധീനമായതിന് ശേഷമാണ് അബൂബക് ര്‍ മൃതിയടഞ്ഞത്. (ക്രി.വര്‍ഷം 634 ആഗസ്റ്റ് 23).
സിദ്ദീഖിന്റെ ജീവിതലാളിത്യത്തെയും ഉദാരസ്വഭാവത്തെയും വ്യക്തമാക്കുന്ന ധാരാളം സംഭവങ്ങള്‍ ഹദീസുകളില്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
Add Comment