ഖുര്‍ആന്‍ ചിന്തകള്‍(ദൃശ്യകലാവിരുന്ന്) ഭാഗം-5
വിശുദ്ധ ഖുര്‍ആന്‍ പങ്കുവെക്കുന്ന പ്രിയങ്കരമായ ദൃശ്യങ്ങളും ചിത്രങ്ങളുമാണ് ഇതുവരെയുള്ള കുറിപ്പുകളില്‍ നാം കണ്ടത്. മനോഹരമായ നാടകങ്ങള്‍ ജീവിതത്തില്‍ ദര്‍ശിച്ചവരാണ് നാം എല്ലാവരും. വിശുദ്ധ ഖുര്‍ആന്‍ കാഴ്ചവെക്കുന്ന മനോജ്ഞമായ ഒരു നാടകീകരണം ഉണ്ട്. ഖണ്ഡാക്ഷരങ്ങള്‍ കൊണ്ട് തുടങ്ങുന്ന സൂറത്തു: മര്‍യമിലെ ആവിഷ്‌കാരങ്ങളാണവ. മനുഷ്യര്‍ക്ക് സുപരിചിതമായ അക്ഷരങ്ങളും വാക്കുകളുമാണ് ഖുര്‍ആനിലുള്ളതെങ്കിലും അവയ്ക്ക് അസാധ്യമായ വിധത്തിലുള്ള നവ്യവും അത്യപൂര്‍വവുമായ ഘടനാവിശേഷത്തോടെയാണ് അത് രൂപകല്‍പന ചെയ്യപ്പെട്ടിട്ടുള്ളത്. പാരായണത്തിന്റെ തുടക്കത്തില്‍ തന്നെ പ്രത്യേകമായ സൗന്ദര്യവും വശ്യതയും അനുഭവപ്പെടുന്നു. ആശയത്തിനും പശ്ചാത്തലത്തിനുമൊപ്പിച്ച് സൂറത്തിലുടനീളം താളാത്മകത മാറി മാറി സഞ്ചരിക്കുന്നു. നിഷേധികളുടെ ശിക്ഷയെക്കുറിച്ചും പ്രതികാരത്തെക്കുറിച്ചും അനുസ്മരിപ്പിക്കുമ്പോള്‍ പ്രാസസ്വരവും താളാത്മകതയും വ്യത്യാസപ്പെടുന്നു. മനുഷ്യഭാവനയെ സ്വാധീനിക്കുന്ന വൈവിധ്യമാര്‍ന്ന രംഗങ്ങള്‍ അങ്ങനെ വന്നുകൊണ്ടിരിക്കുന്നു..! രംഗം ഒന്നില്‍ മനസ്സിനെ വല്ലാതെ സ്പര്‍ശിക്കുന്ന സകരിയ(അ) യുടെ പ്രാര്‍ത്ഥനയാണ്. ഒരു മനുഷ്യന്‍ തന്റെ അസ്ഥിക്ഷയം അറിയിച്ചു കൊണ്ട് കരുത്തനോട് നടത്തുന്ന, അല്ലെങ്കില്‍ അശക്തനായ വൃദ്ധന്‍ ശക്തനോട് നടത്തുന്ന ഒരു തേട്ടമായി പ്രാര്‍ത്ഥനയെ വിശുദ്ധ ഖുര്‍ആന്‍ മനോഹരമായി ആവിഷ്‌കരിച്ചിരിക്കുന്നു. മോഹത്തിന്റെ തിരയിലും പ്രത്യാശയുടെ ചൂടിലും ഒരു പടുവൃദ്ധന്‍ നടത്തുന്ന യാചന തന്റെ വേദന, ഒറ്റപ്പെടല്‍, വാര്‍ദ്ധക്യത്തിന്റെ മൗന നൊമ്പരങ്ങളും, അതിന്റെ ഏകാന്തതയും വശ്യമനോഹരമായി ഖുര്‍ആന്‍ ഇവിടെ ചിത്രീകരിക്കുന്നു..! രംഗം ഒന്നിന് തിരശ്ശീല വീഴും മുമ്പേ ചാരിത്രവതിയും കന്യകയുമായ ഒരു യുവതി നമ്മളിലേക്ക് കടന്ന് വരുന്നു..അവളതാ തന്റെ സ്വകാര്യ ലോകത്ത് ഏകാന്തയായി ഇരിക്കുകയാണ്..പെട്ടന്നതാ യാദൃഛികമായി അതു സംഭവിക്കുന്നു.. പൂര്‍ണകായനായൊരു പുരുഷന്‍ അവിടെ പ്രത്യക്ഷപ്പെടുന്നു.. അവിടെ, ഭക്തിവിചാരത്തിന്റെ നിറവില്‍ മര്‍യമതാ അല്ലാഹുവില്‍ ശരണം തേടുന്ന കാഴ്ചയാണ് നാം കാണുന്നത്..! രോമാഞ്ച ജനകവും വികാരഭരിതവുമായ ദ്യശ്യങ്ങളിലൂടെയാണ് വചന ശ്യംഖല മര്‍യമിന്റെ കഥപറയുന്നത്. പെട്ടന്നതാ രണ്ടാം രംഗത്തിന് അവിടെ തിരശ്ശീല വീഴുന്നു…!
തുടര്‍ ദൃശ്യത്തിന് കര്‍ട്ടണുയരുമ്പോള്‍ നാം കാണുന്നത് മര്‍യംബീവി നിസ്സങ്കോചം ആ ദൂതനുമായി പങ്കുവെക്കുന്ന ആശങ്കകളാണ്. ആ സംശയങ്ങള്‍ക്കു പ്രപഞ്ച നാഥന്‍ ഉത്തരം നല്‍കുന്നു..! യവനിക വീണ്ടും ഉയരുമ്പോള്‍ ഉപരിലോകത്ത് നിന്ന് യഹ് യയെ റബ്ബ് വിളിക്കുന്ന ദൃശ്യമാണ് നാം കാണുന്നത്. വാങ്മയ ചിത്രങ്ങും ദൃശ്യങ്ങളും ഒരു അനുവാചകന്റെ മനസ്സില്‍ സൃഷ്ടിക്കുന്ന ആന്ദോളനങ്ങളുമാണ് നാം ഇവിടെ കാണുന്നത്. വിഷയ പശ്ചാത്തലത്തിന്റെ വൈവിധ്യമനുസരിച്ച് താളാത്മകതക്കും വിരാമങ്ങള്‍ക്കും പ്രാസങ്ങള്‍ക്കും വൈവിധ്യം കാണാം. സകരിയ്യായുടെയും യഹ് യായുടെയും കഥ തുടങ്ങിയപ്പോള്‍ വിരാമവും പ്രാസവും സകരിയ്യാ എന്ന വാക്കിന്റെ അന്ത്യാക്ഷരത്തിന് യോജിച്ചവിധമായത് അത്ഭുതപ്പെടുത്തുന്നു..! പ്രസ്തുത സൂറയുടെ തന്നെ അന്ത്യത്തില്‍ സൂക്തങ്ങള്‍ അവസാനിക്കുന്ന ചില സവിശേഷമായ രീതി കൊണ്ടാണ്.
حدا، عدا ،إدا، هدا، لدا، ودا، عزا، أزا، ضدا، مدا،…! …!
ഇങ്ങനെ തുടങ്ങി പ്രത്യേകമായ താളവും സൗന്ദര്യവും അഗാധവും അത്യപൂര്‍വവുമായ സ്വരലയവും ഇവിടെ പ്രതിഫലിക്കുന്നു. പ്രപഞ്ചം മുഴുവന്‍ ഒരു വിറയല്‍ അനുഭവപ്പെടുന്നു.. വായനക്കാരന്റെ മസ്തിഷ്‌കത്തില്‍ ആഞ്ഞടിക്കുന്നത് പോലെ..! ഇത്ര കനത്ത സ്വരത്തില്‍ ഖുര്‍ആന്‍ പറയുമ്പോള്‍ ഏത് മസ്തിഷ്‌കമാണ് പൊട്ടിപ്പിളരാതിരിക്കുക..!? ഏത് ഹൃദയമാണ് തകരാതിരിക്കുക..? മനുഷ്യ ഭാവനയിലേക്ക് സംക്രമിച്ചു കയറാന്‍ പ്രഹരശേഷിയുള്ള സൂക്തങ്ങള്‍..! തുടര്‍ രംഗങ്ങളില്‍ കഥകള്‍ പരസ്പരം സമന്വയിച്ച് പോകുന്നു.. അതോടൊപ്പം വാക്കുകളും ആശയങ്ങളും തണലുകളും താളങ്ങളും സമഞ്ജസം അതിനു ചുറ്റും സമ്മേളിക്കുന്നു..!ഒടുവില്‍ ആദ്യാന്ത്യം കോര്‍ത്തിണക്കി പ്രപഞ്ച നാഥന്‍ മികച്ച ക്ലൈമാ്ക്‌സോടെ സൂറത്ത് അവസാനിപ്പിക്കുന്നു..!
( തുടരും)
ഹാഫിള് സല്‍മാനുല്‍ ഫാരിസി
Add Comment