പ്രവാചക സഖാക്കള്‍ വിജ്ഞാനം നുകര്‍ന്ന ഇസ്ലാമിന്റെ പ്രഥമ പാഠശാലയായിരുന്നു വിശുദ്ധ ഖുര്‍ആന്‍. ലോകചരിത്രത്തില്‍ തല ഉയര്‍ത്തി നില്ക്കുന്ന ഇസ്ലാമിക നാഗരികത കെട്ടിപ്പടുക്കാനും, ലോകചരിത്രത്തിലെ തന്നെ ഏറ്റവും ഉത്തമരായ തലമുറയെ വാര്‍ത്തെടുക്കാനും അടിസ്ഥാനമായി വര്‍ത്തിച്ചത് വിശുദ്ധ ഖുര്‍ആന്റെ സന്ദേശങ്ങളായിരുന്നു. ശാശ്വതമായ മാനവിക ക്ഷേമവും സൗഖ്യവും പ്രദാനം ചെയ്യാന്‍ സാധിച്ച ഒരേയൊരു ഭരണഘടനയായിരുന്നു അത്. ഇസ്ലാമിക നാഗരികതയുടെ നട്ടെല്ല് എന്ന് നമുക്ക് വിശുദ്ധ ഖുര്‍ആനെ വിശേഷിപ്പിക്കാവുന്നതാണ്.
ശാശ്വതമായ നാഗരിക നിര്‍മാണത്തില്‍ വിശുദ്ധ ഖുര്‍ആന്‍ വഹിച്ച പങ്കിനെക്കുറിച്ച് നമുക്കിവിടെ പരിശോധിക്കാം.
- അന്ത്യനാള്‍ വരെ അല്ലാഹു തന്നെ സംരക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്യപ്പെട്ട വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. സൂറ അല്ഹിജ്റില് പതിനൊന്നാം വചനത്തിലൂടെ അല്ലാഹു ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നു. ‘തീര്‍ച്ചയായും നാമാണ് ഈ ഉല്‍ബോധനം ഇറക്കിയിട്ടുള്ളത്. നാം തന്നെ അതിനെ സംരക്ഷിക്കുകയും ചെയ്യുന്നതാണ്’. ഇസ്ലാമിക നാഗരികതയുടെ ശാശ്വതികത്വം വിശുദ്ധ ഖുര്‍ആന്റെ ശാശ്വതികത്വമാണ്.
- ആദ്യമായും അവസാനമായും വിശുദ്ധ ഖുര്‍ആന്‍ സന്മാര്ഗരേഖയാകുന്നു. അല്ലാഹു പറയുന്നു ‘ഏറ്റവും ചൊവ്വായതിലേക്കാണ് ഈ വിശുദ്ധ ഖുര്‍ആന്‍ വഴികാണിക്കുന്നത്. സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന വിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ടെന്ന് അത് സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു’. (അല്‍ഇസ്റാഅ് 9).
- വിശുദ്ധ ഖുര്‍ആന്റെ സന്മാര്ഗത്തെ വിശദീകരിക്കുകയാണ് പ്രവാചക സുന്നത്ത് ചെയ്യുന്നത് ‘നാം താങ്കളിലേക്ക് ഉല്‍ബോധനം ഇറക്കിയത് ജനങ്ങളിലേക്ക് അവതരിപ്പിക്കപ്പെട്ടത് താങ്കള്‍ അവര്‍ക്ക് വ്യക്തമാക്കിക്കൊടുക്കുന്നതിനാണ്. അവര്‍ ഒരുപക്ഷേ ചിന്തിച്ചേക്കും’.
- വിശുദ്ധ ഖുര്‍ആന്റെ പാഠശാലയില്‍ നിന്ന് വിദ്യ അഭ്യസിക്കുന്ന നമുക്ക് മഹത്തായ മാതൃകയായി പ്രവാചകന്(സ) ഉണ്ട്. ‘നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതരില്‍ മഹത്തായ മാതൃകയുണ്ട്. അല്ലാഹുവിനെയും അന്ത്യനാളിനെയും പ്രതീക്ഷിക്കുകയും, അല്ലാഹുവിനെ ധാരാളമായി സ്മരിക്കുകയും ചെയ്യുന്നവര്‍ക്ക് അദ്ദേഹം മാതൃകയാണ്’.
പ്രവാചകന് (സ)യില്‍ നിന്നും വിശുദ്ധ ഖുര്‍ആന്റെ ശിഷ്യന്മാര് സ്വാംശീകരിക്കേണ്ട പ്രഥമപാഠം അദ്ദേഹത്തിന്റെ സ്വഭാവ മഹിമ തന്നെയാണ്. പ്രവാചകപത്നി അതേക്കുറിച്ച് പറഞ്ഞത് ‘തിരുമേനി(സ)യുടെ സ്വഭാവം വിശുദ്ധ ഖുര്‍ആന്‍ ആയിരുന്നു എന്നാണ്. അത് അംഗീകരിച്ച വിശുദ്ധ ഖുര്‍ആന്‍ തിരുമേനി(സ)യുടെ സ്വഭാവമഹിമയെ വാഴ്ത്തുകയുണ്ടായി ‘തീര്‍ച്ചയായും താങ്കള്‍ ഉന്നതസ്വഭാവ മൂല്യമുള്ളവനാകുന്നു’.
പ്രവാചകന്(സ)യുടെ ജീവിതത്തിന്റെ ഈ വശത്തെക്കുറിച്ച് ചിന്തിച്ചാല്‍ അവക്ക് ക്രമാനുഗതമായ മൂന്ന് പടികളുള്ളതായി കാണാനാകും.
a) വിശുദ്ധ ഖുര്‍ആന്‍ പഠിക്കുകയും അതിന്റെ നിയമങ്ങള്‍ പരിഗണിച്ച് പാരായണം നടത്തുകയും ചെയ്യുക. പ്രവാചകന്(സ)യെയും അതേതുടര്ന്ന് അദ്ദേഹത്തിന്റെ സമുദായത്തിനെയും അഭിസംബോധന ചെയ്ത് കൊണ്ട് അല്ലാഹു പറയുന്നു ‘താങ്കള്‍ അവധാനതയോടെ വിശുദ്ധ ഖുര്‍ആന്‍ പാരായണം നടത്തുക’.
b)വിശുദ്ധ ഖുര്‍ആന്റെ ആശയങ്ങള്‍ ഗ്രഹിക്കുക. വിശദീകരണ ശാസ്ത്രം അഥവാ ഇല്‍മുത്തഫ്സീര്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. വിശുദ്ധ ഖുര്‍ആന്റെ അര്‍ത്ഥവും വിശദീകരണവും അല്ലാഹു പ്രവാചകന്(സ)ക്ക് പഠിപ്പിച്ച് നല്കിയിരിക്കുന്നു. സൂറ അല്‍ഖിയാമയില്‍ അല്ലാഹു പറയുന്നു ‘ശേഷം അത് വിശദീകരിക്കുകയെന്നത് എന്റെ ബാധ്യതയാണ്’. ഇവിടെ ‘ശേഷം’ എന്നത് ക്രമത്തെയാണ് കുറിക്കുന്നത്. ആദ്യം ഖുര്‍ആന്‍ പ്രവാചകന് ചൊല്ലിക്കൊടുക്കുക, പിന്നീട് വിശദീകരിക്കുകയെന്ന് സാരം.
c) ഖുര്‍ആന്റെ ചര്യയനുസരിച്ച് പ്രവര്‍ത്തിക്കുകയെന്നതാണ് അവസാനഘട്ടം. വിശുദ്ധ ഖുര്‍ആന്‍ പ്രദാനം ചെയ്യുന്ന ഏറ്റവും സുപ്രധാനമായ ഫലമാണ് സന്മാര്ഗം എന്നത്.
പരസ്പര ബന്ധിതമായ മൂന്ന് ഘട്ടങ്ങളാണ് ഇവ. പ്രവാചകന്(സ)യുടെ ശിഷ്യന്മാരില് നമുക്ക് ഇവ്വിഷകയമകായി മാതൃക കണ്ടെത്താവുന്നതാണ്. പന്ത്രണ്ട് വര്‍ഷം കൊണ്ടാണ് ഉമര്‍(റ) സൂറ അല്‍ബഖറ അതിന്റെ അര്‍ത്ഥവും, ആശയവും പഠിക്കുകയും പ്രയോഗവല്‍ക്കരിക്കുകയും ചെയ്തത്.
ഈ മൂന്ന് ഘട്ടങ്ങളും സുപ്രധാനമാണ്. പ്രവാചക സഖാക്കള്‍ ഇവയെ ജീവിതത്തില്‍ പകര്‍ത്തിയപ്പോഴാണ് അറേബ്യന്‍ ഉപദ്വീപ് ഏകദേശം എട്ട് വര്‍ഷത്തോളം പ്രവാചകന്റെ നേതൃത്വത്തിന് കീഴില്‍ തലകുനിച്ചത്. പ്രവാചക വിയോഗ ശേഷം ഒരു നൂറ്റാണ്ട് കാലം ഇസ്ലാമിക സന്ദേശം ലോകത്തിന്റെ എല്ലാ പ്രദേശങ്ങളിലും കടന്നെത്തുകയും കീഴടക്കുകയും ചെയ്തത് ഈ പദ്ധതിയുടെ തുടര്‍ച്ചയായിരുന്നു. ഖുര്‍ആനില്‍ ചാലിച്ചെടുത്ത വ്യക്തികളാലായിരുന്നു ഖുര്‍ആന്റെ രാഷ്ട്രങ്ങള്‍ രൂപപ്പെട്ടത്. നമുക്ക് പൂര്‍വസൂരികളില്‍ മാതൃകയുണ്ട്. നമുക്ക് വിശുദ്ധ ഖുര്‍ആനില്‍ സന്ദേശവുമുണ്ട്. പൂര്‍വസൂരികളുടെ പാത പിന്തുടര്ന്ന് വിശുദ്ധ ഖുര്‍ആനെ നമുക്ക് ജീവിതത്തിലേക്ക് ആവാഹിക്കാന്‍ സാധിക്കണമെന്ന് മാത്രം.
ഫാത്വിമ അബ്ദിര്റഹ്മാന്
Add Comment