ദിക്‌റുകള്‍

ദൈവസ്മരണയാല്‍ ഹൃദയത്തെ ജീവിപ്പിച്ചവര്‍

ഹൃദയത്തിന് അന്നവും, കണ്ണുകള്‍ക്ക് കുളിര്‍മയുമാണ് ദൈവസ്മരണ. അത് മനസ്സിനെ ആനന്ദിപ്പിക്കുകയും അനുഗ്രഹങ്ങള്‍ സമ്പാദിക്കുകയും പ്രതികാരത്തെ പ്രതിരോധിക്കുകയും ചെയ്യുന്നു. അല്ലാഹു നല്‍കിയ മഹത്തായ അനുഗ്രഹമാണ് അത്. അതിന്റെ മാധുര്യം ആസ്വദിച്ചവര്‍ക്ക് മാത്രമെ അത് മനസ്സിലാവുകയുള്ളൂ. അതേക്കുറിച്ച് ഒരാള്‍ പറഞ്ഞത് ഇപ്രകാരമാണ് :’ഞങ്ങളിപ്പോള്‍ രുചിച്ച് കൊണ്ടിരിക്കുന്ന ഈ ആസ്വാദനത്തെക്കുറിച്ച് രാജാക്കന്‍മാര്‍ അറിഞ്ഞാല്‍ അവര്‍ ഞങ്ങളോട് വാളെടുത്ത് കലഹിക്കുമായിരുന്നു’.
നാവ് ഉച്ചരിച്ചതിലും, മനസ്സ് സ്മരിച്ചതിലും വെച്ച് ഏറ്റവും മഹത്തരമായത് ദൈവസ്മരണ തന്നെയാണ്. നാവും മനസ്സും ഒന്നിച്ചുചേരുമ്പോഴാണ് ദൈവസ്മരണ അതിന്റെ ഫലങ്ങള്‍ നല്‍കുന്നത്. അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ ബുദ്ധിമാന്‍മാരെ വര്‍ണിക്കുന്നത് ഇപ്രകാരമാണ്. ‘നിന്നും ഇരുന്നും കിടന്നും അല്ലാഹുവെ സ്മരിക്കുന്നവരാണ് അവര്‍; ആകാശഭൂമികളുടെ സൃഷ്ടിയെക്കുറിച്ച് ചിന്തിക്കുന്നവരും. അവര്‍ സ്വയം പറയും :’ഞങ്ങളുടെ നാഥാ! നീ ഇതൊന്നും വെറുതെ സൃഷ്ടിച്ചതല്ല. നീയെത്ര പരിശുദ്ധന്‍! അതിനാല്‍ നീ ഞങ്ങളെ നരകത്തീയില്‍ നിന്ന് കാത്തുരക്ഷിക്കേണമേ’. തങ്ങളുടെ ജീവിതത്തിന്റെ ഓരോ നിമിഷത്തിലും അല്ലാഹുവിനെ സ്മരിക്കുന്നവരാണ് അവര്‍.
പൂര്‍വസൂരികളില്‍പെട്ട ഒരു മഹാന്‍ പറഞ്ഞത് ഇപ്രകാരമാണ് :’ഹൃദയസ്മരണ ഇല്ലാത്തിടത്തോളം നാവുകൊണ്ടുള്ള ദിക്‌റുകള്‍ പരിഗണനീയമല്ല എന്നാണ് എന്റെ അഭിപ്രായം. അല്ലാഹുവിന്റെ മഹത്ത്വത്തെ അംഗീകരിക്കുന്നതാവണം നമ്മുടെ ദൈവസ്മരണ. അപ്പോള്‍ നമുക്ക് അവനോട് ആദരവും ബഹുമാനവുമുണ്ടാകുന്നു. മറ്റ് ചിലപ്പോള്‍ അല്ലാഹുവിന്റെ കഴിവുകളാല്‍ നാമവനെ സ്മരിക്കുന്നു. അപ്പോഴത് നമ്മുടെ ഹൃദയത്തില്‍ ഭയവും ഭക്തിയുമുണ്ടാക്കുന്നു. അല്ലാഹു നമുക്ക് ചെയ്ത അനുഗ്രഹങ്ങളുടെ പേരിലും നാവനെ സ്മരിക്കേണ്ടതുണ്ട്. അത് അവനോടുള്ള സ്‌നേഹവും നന്ദിയുമാണ് നമ്മുടെ ഹൃദയത്തില്‍ ഉണ്ടാക്കുന്നത്.
അല്ലാഹുവിന്റെയും അവന്റെ പ്രവാചകന്റെയും ക്ഷണത്തിന് ഉത്തരം നല്‍കുമ്പോഴാണ് നമുക്ക് ഇവിടെ യഥാര്‍ത്ഥ ജീവിതം ഉണ്ടാകുന്നത്. പ്രവാചകന്‍(സ) അരുള്‍ ചെയ്തത് ഇപ്രകാരമാണ് (എന്റെ നാഥനെ സ്മരിക്കുന്നവന്റെയും സ്മരിക്കാത്തവന്റെയും ഉപമ ജീവിക്കുന്നവന്റെയും മരണപ്പെട്ടവന്റെയും പോലെയാണ്).
യഥാര്‍ത്ഥ ജീവിതത്തിന്റെ പ്രകടമായ ലക്ഷണം ഹൃദയത്തിന്റെ ശാന്തതയാണ്. അതായത് ഹൃദയത്തിനും ജീവിതത്തിനും ഇടയില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന് സാരം. മനുഷ്യനും അവന്റെ ഹൃദയത്തിനും ഇടയില്‍ മറവീണ് കഴിഞ്ഞാല്‍ ആ വ്യക്തി നശിച്ചുവെന്ന് അര്‍ത്ഥം.
ഹൃദയത്തെ സജീവമാക്കുന്നതിനുള്ള സുപ്രധാനമാര്‍ഗം ദൈവസ്മരണ തന്നെയാണ്. അല്ലാഹു പറയുന്നു (വിശ്വസിക്കുകയും ദൈവസ്മരണയാല്‍ ഹൃദയം ശാന്തമാവുകയും ചെയ്തവരാണ് അവര്‍. അറിയുക, ദൈവസ്മരണ കൊണ്ടേ ഹൃദയം ശാന്തമാവുകയുള്ളൂ). മാത്രമല്ല, ഉല്‍ബോധനം ഏല്‍ക്കാത്ത നിര്‍ജീവമായ ഹൃദയത്തെ അല്ലാഹു ശപിക്കുകയും ചെയ്തിരിക്കുന്നു (ദൈവസ്മരണയില്‍ നിന്ന് ഹൃദയത്തിന് കാഠിന്യം ബാധിച്ചവര്‍ക്ക് നാശം. അവര്‍ വ്യക്തമായ വഴികേടിലാകുന്നു).
അന്നം നല്‍കുന്നവന്‍, പ്രാര്‍ത്ഥന കേള്‍ക്കുന്നവന്‍, സഹായിക്കുന്നവന്‍ തുടങ്ങി അല്ലാഹുവിന്റെ വിവിധ വിശേഷണങ്ങള്‍ സ്മരിക്കുന്നവന്‍ ജീവിതത്തില്‍ തന്റെ അന്നത്തിന്റെയോ, പ്രയാസത്തിന്റെയോ കാര്യത്തില്‍ ആശങ്കപ്പെടുകയോ, അസ്വസ്ഥനാവുകയോ ഇല്ല. ഇപ്രകാരം അല്ലാഹുവിന്റെ നാമങ്ങളോടും വിശേഷണങ്ങളോടും കൂടി ജീവിക്കുന്നവന്റെ ഹൃദയത്തിന് ശാന്തത കൈവരുന്നു. അവന്റെ മനസ്സ് കുളിരണിയുന്നു. ഹൃദയത്തില്‍ വിശ്വാസം ദൃഢമാവുന്നു. അതിനാലാണ് പിശാചിനെ നേരിടാനുള്ള ഏറ്റവും വലിയ ആയുധം ദൈവസ്മരണയാണെന്ന് തിരുമേനി(സ) പഠിപ്പിച്ചത്. ഇവയെല്ലാമാണ് ഹൃദയത്തിന്റെ ദൈവബോധത്തെ കുറിക്കുന്നത്.
ഇതിനോട് ചേര്‍ന്ന് വരുന്ന ദൈവസ്മരണയുടെ മറ്റൊരു മാര്‍ഗമാണ് നാവ് കൊണ്ടുള്ള ദിക്‌റുകള്‍ എന്നത്. ‘നിന്റെ നാവുകള്‍ ദൈവസ്മരണ കൊണ്ട് പൂത്തുലയട്ടെ’ എന്നാണ് തിരുമേനി(സ) തന്റെ ഒരു അനുയായിയെ ഉപദേശിച്ചത്. അപ്രകാരം മരണപ്പെടുന്നതാണ് അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായ കര്‍മമെന്നും തിരുമേനി(സ) അരുള്‍ ചെയ്തിരിക്കുന്നു. നാവ് പൂത്തുലയുക എന്ന പ്രയോഗം ജീവിതത്തിന്റെ പ്രസരിപ്പിനെയാണ് കുറിക്കുന്നത്. ഉണങ്ങുക, നിശ്ചലമാവുക എന്നൊക്കെയാണ് അതിന്റെ വിപരീത പദങ്ങള്‍.
ദൈവസ്മരണയെക്കുറിക്കുന്ന മറ്റൊരു അടയാളമാണ് കണ്ണുനീര്‍ പൊഴിയുകയെന്നത്. അന്ത്യദിനത്തില്‍ അല്ലാഹുവിന്റെ തണല്‍ ലഭിക്കുന്ന ഏഴ് വിഭാഗങ്ങളില്‍ ഒന്ന് അല്ലാഹുവിനെ സ്മരിച്ച് കണ്ണുനീര്‍ പൊഴിച്ചവനാണ് എന്ന് തിരുമേനി(സ) വ്യക്തമാക്കിയിരിക്കുന്നു.
യാഥാര്‍ത്ഥ്യം ഇങ്ങനെയൊക്കെ ആണെങ്കിലും മറവി, നന്ദി കേട് എന്നത് മനുഷ്യന്‍ പതിവാക്കിയിരിക്കുന്നു. അവന്‍ തന്റെ നാഥനെയും അവന്റെ മഹത്തായ അനുഗ്രഹങ്ങളെയും വിസ്മരിച്ച് കളയുന്നു. അതോട് കൂടി അവന്റെ ജീവിതം ദുരിതപൂര്‍ണമാവുകയും നഷ്ടകാരികളില്‍പെട്ട് പോവുകയും ചെയ്യുന്നു. (എന്റെ ഉല്‍ബോധനത്തെ അവഗണിക്കുന്നവന് ഈ ലോകത്ത് ഇടുങ്ങിയ ജീവിതമാണ് ഉണ്ടാവുക. പുനരുത്ഥാന നാളില്‍ നാമവനെ കണ്ണ്‌പൊട്ടനായാണ് ഉയിര്‍ത്തെഴുന്നേല്‍പിക്കുക. അപ്പോള്‍ അവന്‍ പറയും ‘എന്റെ നാഥാ! നീയെന്തിനാണെന്നെ കണ്ണുപൊട്ടനാക്കി ഉയിര്‍ത്തെഴുന്നേല്‍പിച്ചത്? ഞാന്‍ കാഴ്ചയുള്ളവനായിരുന്നുവല്ലോ? അല്ലാഹു പറയും ‘ശരിയാണ്, നമ്മുടെ പ്രമാണങ്ങള്‍ നിനക്ക് വന്നെത്തിയിരുന്നു. അപ്പോള്‍ നീ അവയെ വിസ്മരിച്ചു. അവ്വിധം നീയും ഇന്ന് വിസ്മരിക്കപ്പെടുകയാണ്’).

About the author

padasalaadmin

Add Comment

Click here to post a comment

Topics