നൈജീരിയയിലെ ഫുലാനീ ജിഹാദിന്റെ നായകനായ ഉസ്മാന്‍ ദാന്‍ഫോദിയോയും 18, 19 നൂറ്റാണ്ടുകളിലെ ഇസ്‌ലാമിക നവോത്ഥാന ചരിത്രത്തില്‍ എടുത്തുപറയേണ്ട നാമദേയമാണ്. നൈജീരിയ്യന്‍ മുസ്‌ലിംകളുടെ വിശ്വാസവും കര്‍മവും പരിഷ്‌കരിക്കുന്നതിലാണ് അദ്ദേഹം ശ്രദ്ധയൂന്നിയത്. ഒപ്പം അമുസ്‌ലിംകളെ ഇസ്‌ലാമിലേക്കു ക്ഷണിക്കുകയും ചെയ്തു. ഇബ്‌നു ഫൂദി എന്ന പേരില്‍ അറിയപ്പെട്ടു. 1754 ഡിസംബറില്‍ മറാത്ത എന്ന സ്ഥലത്ത് ഫൂലാനീ ഗോത്രത്തില്‍ ജനിച്ചു.
വിശുദ്ധ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിക്കൊണ്ടായിരുന്നു ഉസ്മാന്റെ വിദ്യാഭ്യസം. പിതാവ് തന്നെയായിരുന്നു ആദ്യഗുരു. പിന്നീട് പല പണ്ഡിതന്‍മാരില്‍നിന്നായി വിവിധ വിജ്ഞാനശാഖകളില്‍ വ്യുല്‍പ്പത്തിനേടി. അസാമാന്യ ബുദ്ധിസാമര്‍ഥ്യവും ധാര്‍മികബോധവും ചെറുപ്പത്തിലേ ഉസ്മാനെ അധ്യാപാകരുടെ ശ്രദ്ധാപാത്രമാക്കിയിരുന്നു. ഉസ്മാന്‍ ദാന്‍ഫോദിയോവിന്റെ വ്യക്തിത്വരൂപീകരണത്തില്‍ രണ്ട് മഹാന്‍മാരായ ഗുരുനാഥന്‍മാരുടെ പങ്ക് നിസ്തുലമത്രെ. സ്വന്തം അമ്മാവനായ ഉസ്മാനാണ് അവരിലൊരാള്‍. ‘ബിദൂരി’ എന്ന പേരിലറിയപ്പെട്ടിരുന്ന ഇദ്ദേഹം ഉസ്മാന്റെ സ്വഭാവരൂപീകരണത്തില്‍ കാര്യമായ പങ്കുവഹിച്ചു. ജബ്‌രീലുബ്‌നു ഉമര്‍ ആണ് രണ്ടാമത്തെയാള്‍. ഉസ്മാന്റെ ജീവിത വീക്ഷണങ്ങള്‍ രൂപപ്പെടുത്തിയത് ഇദ്ദേഹമാണ്. മാലിക്കീ മദ്ഹബിലെ ആധികാരിക ഗ്രന്ഥമായ അല്‍ മുഖ്തസ്വര്‍ ജിബ്‌രീല്‍ ഉസ്മാനെ പഠിപ്പിച്ചു. ജിബ്‌രീലുമായി ഹ്രസ്വകാലത്തെ സഹവാസമേ ലഭിച്ചുള്ളൂവെങ്കിലും ഇസ്‌ലാമിക പ്രബോധനത്തിന്റെ പ്രാധാന്യവും അനിവാര്യതയും നന്‍മ കല്‍പ്പിക്കുകയും തിന്‍മ വിരോധിക്കുകയും ചെയ്യുന്ന ജിഹാദും വിദ്യാര്‍ഥിയായ ഉസ്മാന്റെ മനസ്സില്‍ ആഴത്തില്‍ പതിയാനിടയാക്കി. തന്റെ പ്രിയപ്പെട്ട ഗുരുനാഥന്‍ തന്നില്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് ഉസ്മാന്‍ പറഞ്ഞത് ഇങ്ങനെയാണ്: ”എന്നെപ്പറ്റി വല്ല നന്‍മയും പറയാമെങ്കില്‍ അത് ഞാന്‍ മഹാനായ ജിബ്‌രീലിന്റെ അലകളില്‍ ഒരു അലയാണ് എന്നതു മാത്രമാകുന്നു.”
1780 കളില്‍ രണ്ടു തവണ ഹജ്ജ് തീര്‍ഥാടനത്തിനെത്തിയ ജിബ്‌രീല്‍ ശിര്‍ക്ക് ബിദ്അത്തുകളെ സംഹരിക്കുന്നതില്‍ മുഹമ്മദുബ്‌നു അബ്ദില്‍ വഹ്ഹാബും വഹ്ഹാബീ പ്രസ്ഥാനവും നേടിയ വിജയത്തില്‍ അത്യന്തം ആകൃഷ്ടനായിരുന്നു. ഹജ്ജ് കഴിഞ്ഞ് തിരിച്ചെത്തിയ ഗുരുനാഥനെ സന്ദര്‍ശിക്കാന്‍ ചെന്ന ഉസ്മാനില്‍ ലോക ഇസ്‌ലാമിക വ്പ്ലവാവേശം വളര്‍ത്തുന്നതില്‍ തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ ഉപദേശങ്ങളുതകുകയുണ്ടായി. ഉസ്മാന്‍ ദാന്‍ഫോദിയോവിന്റെ ഇസ്‌ലാമിക പ്രബോധനവും ജീവിതമാതൃകയും ഹൗസാനാട്ടിലും പിഞ്ഞാറന്‍ സുഡാനിലും വന്‍ സ്വീകാര്യത നേടി. നൈജീരിയന്‍ മുസ്‌ലിംകളെ ശിര്‍ക്ക് വിമുക്തരാക്കുന്നതിലും പരിഷ്‌കരിക്കുന്നതിലും അദ്ദേഹത്തിന്റെ പങ്ക് അതുല്യമായിരുന്നു.
ഇരുപതാം വയസ്സില്‍ പ്രബോധനപ്രവര്‍ത്തനത്തിനിറങ്ങിയ ഉസ്മാന് ധാരാളം അനുയായികളെ ലഭിച്ചു. ദേഗല്‍ കേന്ദ്രമാക്കിയ അദ്ദേഹം വിവിധ പട്ടണങ്ങളിലേക്ക് പ്രബോധനയാത്രകള്‍ നടത്തി. അനുയായികള്‍ വര്‍ദ്ധിച്ചപ്പോള്‍ സുല്‍ത്വാനെയും അദ്ദേഹം പ്രബോധനം ചെയ്തു. ഗോബീറിലെ സുലല്‍ത്വാന്‍ ബാവയുടെ ആസ്ഥാനത്ത് ചെന്ന് ഇസ്‌ലാമിക ശരീഅത്ത് പ്രബോധനം ചെയ്ത നടപടി പൊതുജനങ്ങളില്‍ അദ്ദേഹത്തിനു മതിപ്പ് വര്‍ദ്ധിക്കാന്‍ കാരണമായി. തനിക്കും പ്രസ്ഥാനത്തിനും നേരെതിരിഞ്ഞ അന്ധവിശ്വാസികളായ അതികാരികള്‍ക്കും ചൂഷകരായ പണ്ഡിതന്‍മാര്‍ക്കും ഉരുളക്കുപ്പേരികണക്കെ മറുപടിനല്‍കാനുള്ള കഴിവ് ജന്‍മസിദ്ധമായിത്തന്നെ അദ്ദേഹത്തിനുലഭിച്ചിരുന്നു. അദ്ദേഹവും സഹോദരന്‍ അബ്ദുല്ലയും സംഫാറില്‍ പോയി അഞ്ചുവര്‍ഷക്കാലം കഠിനാധ്വാനം ചെയ്ത്, ദീനീവിഷയത്തില്‍ തദ്ദേശവാസികള്‍ വെച്ചു പുലര്‍ത്തിയിരുന്ന തെറ്റിദ്ധാരണകളകറ്റുകയും അവരെ അപ്പാടെ പരിവര്‍ത്തിപ്പിക്കുകയും ചെയ്തു. ഒരു ബലിപെരുന്നാള്‍ ദിവസം സുല്‍ത്വാന്‍ രാജ്യത്തെ മുഴുവന്‍ പണ്ഡിതന്‍മാര്‍ക്കും പാരിതോഷികങ്ങള്‍ നല്‍കിയപ്പോള്‍ ഉസ്മാന്‍ അത് സ്വീകരിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. തന്റെ പ്രബോധനം തടസ്സപ്പെടുത്താതിരിക്കുക, മോക്ഷമാര്‍ഗം പിന്‍പറ്റുന്ന ജനങ്ങളെ പീഡിപ്പിക്കാതിരിക്കുക, അവരെ ജയില്‍മുക്തരാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ സുല്‍ത്വാന് നിര്‍ദേശിക്കുകയാണദ്ദേഹം ചെയ്തത്. ഈ ആവശ്യങ്ങള്‍ സുല്‍ത്വാന്‍ അംഗീകരിച്ചതോടെ ഉസ്മാന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കംകൂടി. അദ്ദേഹത്തിന്റെ പ്രബോധനയാത്ര ദേഗല്‍, സംഫാറ, കെബ്ബി മുതല്‍ മധ്യനൈജര്‍ പ്രദേശങ്ങളുടെ പടിഞ്ഞാറന്‍ തീരപ്രദേശത്തുള്ള ഈലോ വരെയെത്തി. 1792, 93 കാലത്ത് ദേഗലില്‍ തിരിച്ചെത്തിയപ്പോഴേക്കും സമൂഹത്തിന്റെ സമൂഹത്തിന്റെ വ്യത്യസ്ത മണ്ഡലങ്ങളില്‍നിന്നുള്ള വമ്പിച്ച അനുയായി വൃന്ദം അദ്ദേഹത്തിനുണ്ടായിരുന്നു. നീണ്ട 30 വര്‍ഷക്കാലം ഉസ്മാനും സഹോദരനും പ്രബോധന ദൗത്യം തുടര്‍ന്നു.
ശൈഖ് മുഹമ്മദുബ്‌നു അബ്ദില്‍ വഹ്ഹാബിന്റെ പ്രസ്ഥാനത്താല്‍ പ്രചോദിതനായ ഉസ്മാന്‍ ഖാദിരിയ്യഃ ത്വരീഖത്തിന്റെ അനുയായി അനുയായി കൂടിയായിരുന്നു എന്നത് കൗതുകകരമാണ്. ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനിയുടെ ത്വരീഖത്ത് ആത്മസംസ്‌കരണത്തിന്റെയും ഇസ്‌ലാമിക പ്രബോധനത്തിന്റെയും മാര്‍ഗമായാണ് അദ്ദേഹം മനസ്സിലാക്കിയത്. ത്വരീഖത്തിനെ തള്ളിപ്പറയാതെ അതിലൂടെ ജനങ്ങളെ സംസ്‌കരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ശൈലി. എന്നാല്‍ ഹൗസായില്‍ ഖാദിരിയ്യാ ത്വരീഖത്തിനെതിരെ തിജാനിയ്യാ ത്വരീഖത്തുകാര്‍ പരചാരണം തുടങ്ങുകയും തിജാനിയ്യാ ത്വരീഖത്ത് പ്രചരിക്കുകയും ചെയ്തത് ജനങ്ങള്‍ക്കിടയില്‍ കലാപം സൃഷ്ടിച്ചു. ഈ ഘട്ടത്തില്‍ ഉസ്മാന്‍ ത്വരീഖത്തുകള്‍ക്കെതിരില്‍ രംഗത്തിറങ്ങി. ‘ഇസ്‌ലാമിന്റെ യാഥാര്‍ഥ്യത്തിനുമേല്‍ ത്വരീഖത്തുകള്‍ മറയിടും’ എന്ന് അദ്ദേഹം വെട്ടിത്തുറന്ന് പറഞ്ഞതായി ചില ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
1810 മുതല്‍ 1900 വരെ പൂര്‍ണമായ ഇസ്‌ലാമിക സാമ്പത്തിക-സാമൂഹിക-രാഷ്ട്രീയ നിയമങ്ങള്‍ നടപ്പിലാക്കിയ സൊകോട്ടോ ഇസ്‌ലാമിക ഖിലാഫത്തിന്റെ സംസ്ഥാപനം അക്ഷരാര്‍ഥത്തില്‍ ഒരു മഹാ സംഭവമായിരുന്നു. ഈ ജനകീയ വിപ്ലവത്തിന്റെ വൈജ്ഞാനികാടിത്തറയായി വര്‍ത്തിച്ചത് വിപ്ലാവാചര്യനായ ഉസ്മാന്റെ രചനകള്‍ തന്നെയായിരുന്നു. ഇബാദാന്‍ സര്‍വകലാശാല ലൈബ്രറിയില്‍ സൂക്ഷിക്കപ്പെടുന്ന ഏതാനും ഗ്രന്ഥങ്ങളുള്‍പ്പെടെ 115 ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റേതായി നിലവിലുണ്ട്. ഇതില്‍ ഭൂരിഭാഗവും കയ്യെഴുത്തു പ്രതികളാണ്. ഗ്രന്ഥങ്ങള്‍ മിക്കവയും അറബിഭാഷയിലും ശേഷിക്കുന്നവ പ്രാദേശിക ഭാഷകളിലുമാണ്.
ഉസ്മാന്റെ ഇസ്‌ലാമിക ഇസ്‌ലാമിക വിപ്ലവവും രാഷ്ട്രീയ സംസ്ഥാപനവും ആഫ്രിക്കയിലുടനീളം വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു. പലനാടുകളിലും ധാരാളം വിപ്ലവകാരികളുടെ പിറവിക്കത് പ്രചോദനമേകി. ആധുനിക സുഡാനിലേ മുഹമ്മദ് അഹ്മദുല്‍ മഹ്ദിയുടെ മഹ്ദിപ്രസ്ഥാനത്തിന്റെ പ്രചോദനം ഉസ്മാന്റെ വിപ്ലവമാണെന്ന് പറയപ്പെടുന്നു. എന്നാല്‍ അദ്ദേഹം സ്ഥാപിച്ച ഇസ്‌ലാമിക ഖിലാഫത്ത് 100 വര്‍ഷം പിന്നിടുന്നതിനുമുമ്പുതന്നെ ക്ഷയിച്ചു. പിന്‍ഗാമികളായി അധികാരത്തിലേറിയ പല അമീറുമാരുടെയും സുഖാഡംബര പ്രമത്തതയും കൊള്ളരുതായ്മയുമാണ് ഇതിനെ തകര്‍ച്ചയിലേക്കു നയിച്ചത്.
Add Comment