ഇന്ത്യലെ മുസ്‌ലിംഭരണം ജീര്‍ണതയുടെ പാരമ്യതയിലെത്തിയ ഒരു ചരിത്രസന്ധിയില്‍ നവോത്ഥാന ദൗത്യവുമായി രംഗപ്രവേശം ചെയ്ത പരിഷ്‌കര്‍ത്താവാണ് മുജദ്ദിദ് അല്‍ഫസാനി (രണ്ടാം സഹസ്രാബ്ദത്തിലെ പരിഷ്‌കര്‍ത്താവ്) എന്ന അപരാഭിധാനത്താല്‍ അിറയപ്പെട്ട ശൈഖ് അഹമ്മദ് സര്‍ഹിന്ദി.
രണ്ടാം ഖലീഫ ഉമറുല്‍ ഫാരൂഖിന്റെ വംശപരമ്പരയില്‍ പഞ്ചാബിലെ സര്‍ഹിന്ദില്‍ 971 ശവ്വാല്‍ 14/1564 മെയ് 26ന് (ജൂണ്‍ 5 ന് എന്നും അഭിപ്രായമുണ്ട്) വെള്ളിയാഴ്ച ജനിച്ചു. പിതാവ് ശൈഖ് അബ്ദുല്‍ അഹദിബ്‌നു സൈനുല്‍ആബിദീന്‍ പണ്ഡിതനും സ്വൂഫിയും കുനൂസുല്‍ ഹഖാഇഖ്, രിസാലഃ തശഹ്ഹുദ് എന്നീ കൃതികളുടെ കര്‍ത്താവുമാണ്.
ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിക്കൊണ്ടാണ് ശൈഖ് സര്‍ഹിന്ദി വിദ്യാഭ്യാസമാരംഭിച്ചത്. തസവ്വുഫ് അടക്കം അറിവിന്റെ വിവിധമേഖലകളില്‍ പിതാവില്‍നിന്ന് പാണ്ഡിത്യം കരസ്ഥമാക്കി. പിന്നീട് കമാലുദ്ദീന്‍ കശ്മീരി, ഖാദി ബഹ്‌ലൂല്‍ ബദഖ്ശാനി, യഅ്ഖൂബുബ്‌നുല്‍ ഹസനിസ്സ്വര്‍ഫി തുടങ്ങിയ ഒട്ടേറെ പ്രമുഖരുടെ ശിഷ്യത്വം സ്വീകരിച്ചു. 17- ാം വയസ്സില്‍ തന്നെ വിവിധങ്ങളായ മതഭൗതിക വിജ്ഞാനശാഖകളില്‍ പ്രാവീണ്യം നേടി.തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തി അധ്യാപനമാരംഭിച്ചു. രിസാലഃ തഹ്‌ലീലിയ്യഃ, രിസാലഃ റദ്ദ് മദ്ഹബ് ശീഅഃ എന്നിങ്ങനെ അറബിയിലും പേര്‍ഷ്യനിലുമായി അക്കാലത്തുതന്നെ ചില ലഘുകൃതികള്‍ അദ്ദേഹം രചിക്കുകയുണ്ടായി.
വിശ്വാസ ബലഹീനതയും സാംസ്‌കാരിക പരാധീനതയും ഗ്രസിച്ചുകഴിഞ്ഞ മുസ്‌ലിം സമൂഹത്തെ ഇസ്‌ലാമിക വ്യക്തിത്വത്തിലേക്ക് തിരച്ചുകൊണ്ടുവരിക എന്നതായിരുന്നു. സര്‍ഹിന്ദിയുടെ പ്രവര്‍ത്തനങ്ങളുടെ കാതലായ വശം. ജനങ്ങളുടെ ധാര്‍മിക നിലവാരം ഉയര്‍ത്തുക എന്ന ഉദ്ദേശത്തോടെ നിരവധി നഗരങ്ങളിലേക്ക് അദ്ദേഹം പ്രതിനിധികളെ നിയോഗിച്ചു. 70 പേരടങ്ങുന്ന ഒരു സംഘത്തിന്റെ തലവനായി മൗലാനാ മുഹമ്മദ് ഖാസിമിനെ തുര്‍ക്കിസ്ഥാനിലേക്കും 40 അംഗ സംഘത്തോടൊപ്പം മൗലാന ഫര്‍റൂഖ് ഹുസൈനെ അറേബ്യ, യമന്‍, സിറിയ, തുര്‍ക്കി എന്നിവിടങ്ങളിലേക്കും 10 അംഗ സംഘത്തിന്റെ നേതാവായി മൗലാനാ മുഹമ്മദ് സ്വാദിഖ് കാബൂളിയെ കശ്ഗറിലേക്കും 36 പേരുടെ നായകനായി മൗലാന ശൈഖ് അഹ്മദ് ബര്‍കിയെ തൂറാന്‍, ബദഖ്ശാന്‍, ഖുറാസാന്‍ എന്നിവിടങ്ങളിലേക്കും അദ്ദേഹം നിയോഗിച്ചു.
ധീരവും ആദര്‍ശനിഷ്ഠവുമായ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ സര്‍ഹിന്ദിയ്ക്ക് ഒരു വര്‍ഷം ജയില്‍വാസമനുഭവിക്കേണ്ടിവന്നു. അദ്ദേഹത്തിന്റെ വിപുലമായ പ്രശസ്തിയും വ്യാപകമായ ജനസ്സ്വാധീനവുമാണ് ജയിലിലടക്കാന്‍ ചക്രവര്‍ത്തിയെ പ്രേരിപ്പിച്ചത്. അക്ബറിന്റെ ദീനെ ഇലാഹി എന്ന പുതുമതത്തെ എതിര്‍ക്കുകയും രാജാവിനെ ആദരിക്കാന്‍ സാഷ്ടാംഗ പ്രണാമം (സജദായെ തഅ്‌ളീം) നടത്തുന്നതുപോലുള്ള അതിരുകടന്ന പുത്തനാചാരങ്ങളെ വെറുക്കുകയും ചെയ്തിരുന്ന സര്‍ഹിന്ദിയെ ജഹാംഗീറിനെപ്പോലൊരു രാജാവ് സംശയദൃഷ്ട്യാ നോക്കിക്കണ്ടത് സ്വാഭാവികം മാത്രം. സര്‍ഹിന്ദിയുടെ ഒരു ശിഷ്യനായ ബദീഉദ്ദീന്‍ പട്ടാളക്കാര്‍ക്കിടയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി ധാരാളം സൈനികര്‍ സര്‍ഹിന്ദിയുടെ അനുയായികളായി മാറിയിരുന്നു. മുഗള്‍ക്കൊട്ടാരത്തില്‍ വലിയ സ്വാധീനമുണ്ടായിരുന്ന ശിയാക്കള്‍ക്ക് സര്‍ഹിന്ദിയുടെ ശീഈ വിമര്‍ശനങ്ങളുടെ പേരില്‍ അദ്ദേഹത്തോട് വിരോധമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍ കൊട്ടാരവുമായി ബന്ധപ്പെട്ട ചിലര്‍ തന്നെയാവണം സര്‍ഹിന്ദിയെക്കുറിച്ച് ജഹാംഗീറിനെ തെറ്റിദ്ധരിപ്പിച്ചത്.
സര്‍ഹിന്ദിയെ ആഗ്രയിലേക്ക് വിളിപ്പിച്ച ജഹാംഗീര്‍ അദ്ദേഹത്തിന്റെ യാത്രയ്ക്കുവേണ്ട ഏര്‍പ്പാടുകള്‍ ചെയ്യാന്‍ സര്‍ഹിന്ദിലെ ഗവര്‍ണറോടാവശ്യപ്പെട്ടു. അഞ്ചു ശിഷ്യന്‍മാരോടൊപ്പം ആഗ്രയിലെത്തിയ അദ്ദേഹത്തെ പ്രോട്ടോക്കോള്‍ ഉദ്യോഗസ്ഥര്‍ സ്വീകരിച്ച് ജഹാംഗീറിന്റെ മുമ്പില്‍ ഹാജറാക്കി. ചക്രവര്‍ത്തിയുടെ മുമ്പില്‍ സുജൂദ് ചെയ്യാന്‍ വിസമ്മതിച്ചപ്പോള്‍ ജഹാംഗീര്‍ അതിന്റെ കാരണമാരാഞ്ഞു. അല്ലാഹുവും അവന്റെ നബിയും അനുശാസിക്കാത്ത ഒരു പെരുമാറ്റ മര്യാദയും തനിക്കറിഞ്ഞുകൂടെന്നായിരുന്നു സര്‍ഹിന്ദിയുടെ മറുപടി. അന്തരം ജഹാംഗീര്‍ തന്നെ പ്രണമിക്കാന്‍ കല്‍പ്പിച്ചു. ദൈവത്തിന്റെ മുന്നിലല്ലാതെ മറ്റാരുടെ മുന്നിലും ഞാന്‍ സുജൂദ് ചെയ്യില്ലെന്ന് സര്‍ഹിന്ദി പറഞ്ഞു. ക്ഷുഭിതനായ ജഹാംഗീര്‍ അദ്ദേഹത്തെ ഗ്വാളിയോര്‍ കോട്ടയിലടയ്ക്കാന്‍ ഉത്തരവിട്ടു. 1619 മാര്‍ച്ചിലായിരുന്നു ഈ സംഭവം. ജഹാംഗീറിന്റെ ഓര്‍മക്കുറിപ്പുകളിലും ഇതു പരാമര്‍ശിക്കപ്പെട്ടിണ്ട്.
കാരാഗൃഹവാസം സര്‍ഹിന്ദിക്ക് അനുഗ്രഹമായി. ഒട്ടേറെ ജയില്‍പുള്ളികള്‍ക്ക് ഇസ്‌ലാം പ്രബോധനം ചെയ്യാനും അവരെ കുറ്റകൃത്യങ്ങളില്‍നിന്ന് പിന്തിരിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു.എന്‍സൈക്ലോപീഡിയ ഓഫ് റിലീജിയന്‍ ആന്റ് എത്തിക്‌സിലും ഡോ. ആര്‍നോള്‍ഡിന്റെ ‘ദ പ്രീച്ചിങ് ഓഫ് ഇസ്‌ലാം’ എന്ന കൃതിയിലും സര്‍ഹിന്ദി മുഖേന ഇസ്‌ലാം സ്വീകരിച്ച തടവുകാരെക്കുറിച്ച് പരാമര്‍ശമുണ്ട്.
അബദ്ധം ബോധ്യപ്പെട്ട ജഹാംഗീര്‍ ഒരു വര്‍ഷം കഴിഞ്ഞ് 1620 മെയ് മാസത്തില്‍ സര്‍ഹിന്ദിയെ മോചിപ്പിച്ചു. ചക്രവര്‍ത്തിയുടെ ആഗ്രഹപ്രകാരം ആഗ്രയിലെ കൊട്ടാരത്തിലെത്തിയ സര്‍ഹിന്ദിയോട് കുറച്ചുകാലം കൊട്ടാരത്തില്‍ ചെലവഴിക്കാനാവശ്യപ്പെട്ടതായും പ്രത്യേക വസ്ത്രവും ചെലവിലേക്ക് 1000 രൂപയും നല്‍കിയതായും ജഹാംഗീര്‍ തന്റെ ഓര്‍മക്കുറിപ്പില്‍ പറയുന്നുണ്ട്. കൊട്ടാരവാസക്കാലത്ത് ജഹാംഗീറുമായി സ്വകാര്യസംഭാഷണം നടത്തിയതായും ഉദ്ധ്യോഗസ്ഥന്‍മാരെ മതകാര്യങ്ങളില്‍ ഉദ്ബുദ്ധരാക്കിയതായും മക്തൂബാത്തില്‍ സര്‍ഹിന്ദിയും വിവരിച്ചിരിക്കുന്നു.
സര്‍ഹിന്ദിയുടെ നവോത്ഥാനയത്‌നം സമഗ്രമായിരുന്നു. ആത്മീയ സംസ്‌കരണത്തില്‍ മാത്രം ശ്രദ്ധിക്കുന്ന പരമ്പരാഗത സൂഫീ ത്വരീഖത്തുകളില്‍നിന്ന് ഭിന്നമായി സാമൂഹിക-രാഷ്ട്രീയ മേഖലകളെക്കൂടി അത് സ്വാധീനിച്ചു. വ്യക്തിയുടെ സംസ്‌കരണം അതിന്റെ കേന്ദ്രബിന്ദുവായിരുന്നു. മുകള്‍ ചക്രവര്‍ത്തി അക്ബര്‍ ആവിഷ്‌കരിച്ച ദീനെ ഇലാഹി എന്ന സങ്കരമതം വഴി സംജാതമായ വിശ്വസപരവും സാംസ്‌കാരികവുമായ അപജയത്തെ ധീരമായി ചെറുത്തുതോല്‍പ്പിച്ചത് സര്‍ഹിന്ദിയുടെ മഹത്തായ വിജയമായി ഗണിക്കപ്പെടുന്നു. അക്ബര്‍ അടിച്ചേല്‍പ്പിച്ച ഭരണപരിഷ്‌കാരങ്ങളിലും മതശാസനകളിലും ഇസ്‌ലാമിന്റെ ഏകദൈവത്വത്തിനും മുഹമ്മദ് നബിയുടെ അന്ത്യപ്രവാചകത്വത്തിനും നിരക്കാത്ത പലതുമുണ്ടായിരുന്നു. ഇതു മൂലം ഇസ്‌ലാമിന്റെ മൗലികതയാണ് വെല്ലുവിളിക്കപ്പെട്ടത്. സര്‍ഹിന്ദിയുടെ ശക്തവും ധീരവുമായ പ്രതികരണം അതിന് തടയിട്ടു. ഒരു ചരിത്രകാരന്റെ വീക്ഷണത്തില്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ഇസ്‌ലാമിനോടുള്ള കൂറ് ചോദ്യം ചെയ്യപ്പെട്ട സന്ദര്‍ഭത്തില്‍ അത് ഉറപ്പിച്ചുനിര്‍ത്താന്‍ അദ്ദേഹത്തിനു സാധിച്ചു.
സമൂഹസംസ്‌കരണമായിരുന്നു സര്‍ഹിന്ദിയുടെ നവോത്ഥാന സംരംഭത്തിന്റെ മറ്റൊരു മുഖം. നേരിട്ടും പ്രതിനിധികള്‍ മുഖേനയും വ്യാപകമായ സംസ്‌കരണപ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നിര്‍വഹിച്ചു. അദ്ദേഹത്തിന്റെ മക്തൂബാത് (കത്തുകള്‍) സംസ്‌കരണപ്രക്രിയയില്‍ ഒരു പ്രസ്ഥാനത്തിന്റെ ദൗത്യമാണ് നിര്‍വഹിച്ചത്. എല്ലാ ബിദ്അത്തുകളെയും (മതത്തിലെ അനാചാരം) വര്‍ജിക്കാന്‍ ഈ കൃതിയിലൂടെ സര്‍ഹിന്ദി ആഹ്വാനം ചെയ്തു. ബിദ്അത്തിന്റെ ഹസനഃ (നല്ലത്), സയ്യിഅഃ (ചീത്ത) എന്ന വിഭജനത്തെ അദ്ദേഹം നിശിതമായി ചോദ്യം ചെയ്തു. ശീഈ വിശ്വാസങ്ങളോട് സര്‍ഹിന്ദി സ്വീകരിച്ച സമീപനവും വിശാലമായ സാമൂഹിക സംസ്‌കരണ പദ്ധതികളുടെ ഭാഗം തന്നെയായിരുന്നു. വികല വിശ്വാസങ്ങള്‍ തിരുത്തി അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ വീക്ഷണഗതിയോട് സമരസപ്പെട്ടുപോകാന്‍ ശീഇകളെ സജ്ജരാക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. അതിനായി, അഖീദാപരമായ വിഷയങ്ങളെ സംബന്ധിച്ചും സ്വഹാബികളുടെ മഹോന്നത സ്ഥാനത്തെക്കുറിച്ചും അദ്ദേഹം മക്തൂബാത്തില്‍ വിശദമായി ഉപന്യസിച്ചിരിക്കുന്നു.
ശരീഅത്തിന്റെ അതിരുകള്‍ക്കകത്ത് ത്വരീഖത്തിനെ സ്ഥാപിച്ചതാണ് സര്‍ഹിന്ദിയുടെ മറ്റൊരു പ്രധാന നേട്ടം. ഇഹ-പരവിജയങ്ങള്‍ക്ക് നിദാനമായ ശരീഅത്തിനെ ഹൃദയത്തില്‍ സഥാപിക്കാനുള്ള പരിശീലനം മാത്രമാണ് ത്വരീഖത്തെന്നും ഒരു സ്വൂഫിക്കും ശരീഅത്തിന്റെ പരിധികള്‍ മിറകടക്കാന്‍ അധികാരമില്ലെന്നും അദ്ദേഹം സമര്‍ഥിച്ചു. നിയമദാതാവ് പ്രവാചകന്‍ തിരുമേനിയാണ്, ഒരു വലിയ്യിന് നബിയേക്കാള്‍ മഹത്വമില്ല, വിലായത്തിനേക്കാള്‍ എത്രയോ ഉന്നതമാകുന്നു നുബുവ്വത്ത് എന്നുതുടങ്ങിയ അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ സ്വൂഫീ ത്വരീഖത്തുകളുടെ വ്യതിചലനങ്ങളെ വലിയൊരളവോളം തടയിട്ടു.
ശരീഅത്തിന്റെ പ്രത്യക്ഷ നിയമശാസനകളില്‍ ഒതുങ്ങിനിന്ന് ത്വരീഖത്തിന്റെ ആന്തരികസൗന്ദര്യം നുകരുക എന്ന നിലപാടുതന്നെയാണ് വഹ്ദത്തുല്‍ വുജൂദിനെതിരെ, വഹ്ദത്തുശ്ശുഹൂദ് അവതരിപ്പിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഇബ്‌നു അറബിയെപ്പോലുള്ളവര്‍ ആവിഷ്‌കരിച്ച വഹ്ദത്തുല്‍ വുജൂദ് ചിലപ്പോഴെങ്കിലും തൗഹീദിന്റെയും ശരീഅത്തിന്റെയും നിയമശാസ്ത്രങ്ങളെ പരിഗണിക്കുന്നില്ലെന്ന് അദ്ദേഹം കണ്ടു. അതിനാല്‍, സ്വൂഫി അനുഭവത്തിന്റെ പാരമ്യം വുജൂദ് അല്ല. ശുഹൂദ് അണെന്ന സിദ്ധാന്തം അദ്ദേഹം അവതരിപ്പിച്ചു. ദൈവത്തിലേക്കുള്ള മനുഷ്യന്റെ ആത്മീയപുരോഗതിയുടെ പരിസമാപ്തി ദൈവികസത്തയില്‍ ലയം പ്രാപിക്കുന്ന വഹ്ദത്തുല്‍ വുജൂദല്ല. അബ്ദുഹു(ദൈവത്തിന്റെ ദാസന്‍) എന്നതുതന്നെയാണ് മനുഷ്യന് പ്രാപിക്കാവുന്ന ഏറ്റവും വലിയ പദവി. വഹ്ദത്തുല്‍ വുജൂദില്‍ എല്ലാം അവന്‍ തന്നെയാണ്. വഹ്ദത്തുശ്ശുഹൂദിലാവട്ടെ എല്ലാം അവനില്‍നിന്ന് എന്ന അനുഭവമാണുണ്ടാവുക. സ്വാഭാവികമായും തൗഹീദിനോട് ഏറ്റവുമടുത്തുനില്‍ക്കുന്നത് സര്‍ഹിന്ദിയുടെ സിദ്ധാന്തമാണ്. അതനുസരിച്ച് ദൈവികസത്തയുടെ മുന്നില്‍ മനുഷ്യവ്യക്തിത്വം വേറിട്ടുതന്നെ നില്‍ക്കുന്നു. അലാഉദ്ദീന്‍ സംനാനിയുടെ സ്വൂഫീ ചിന്തയിലും വഹ്ദത്തുശ്ശുഹൂദ് കാണപ്പെടുന്നുണ്ടെങ്കിലും ഈ സിദ്ധാന്തത്തിന് ജ്ഞാനത്തിലൂടെയും സ്വാനുഭവത്തിലൂടെയും അതിന്റെ സത്ത ഉള്‍ക്കൊണ്ടുകൊണ്ട് സര്‍ഹിന്ദിയാണ് പ്രചുരപ്രചാരം നേടിക്കൊടുത്തത്.
മുഹമ്മദ് നബിയുടെ അന്ത്യപ്രവാചകത്വത്തിലുള്ള അടിയുറച്ച വിശ്വാസത്തെ ഏറ്റവും വലിയ അനിവാര്യതയായി അവതരിപ്പിക്കുന്നുവെന്നതാണ് സര്‍ഹിന്ദിയുടെ നവോത്ഥാന ശ്രമങ്ങളുടെ കാതലായ മറ്റൊരു വശം. ചില പണ്ഡിതന്‍മാരും ഗ്രന്ഥകാരന്‍മാരും സര്‍ഹിന്ദിയുടെ നവോത്ഥാന സംരംഭത്തിന്റെ കേന്ദ്രബിന്ദവായിപ്പോലും ഇതിനെ വിശേഷിപ്പിച്ചിട്ടുണ്ട്.
അക്ബറിന്റെ പുതിയ മതനിര്‍മാണം ഒരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. ഹി. ആയിരമാണ്ടോടെ, മുഹമ്മദ് നബിയുടെ പ്രവാചകത്വം കാലഹരണപ്പെട്ടുവെന്ന വാദവുമായി പ്രത്യക്ഷപ്പെട്ട ഇറാനിലെ ചില പ്രസ്ഥാനങ്ങള്‍ നിരക്ഷരനായ അക്ബറിനെ വഴിതെറ്റിക്കുകയായിരുന്നു. ഇമാമുകള്‍ക്ക് പ്രവാചകന്‍മാരുടെ സ്ഥാനം കല്‍പ്പിച്ചിരുന്ന ഇമാമിയ്യഃ പ്രസ്ഥാനക്കാരും ഇന്ത്യയില്‍ത്തന്നെ മഹ്ദിവാദവുമായി മുഹമ്മദ് ജോണ്‍പൂരിയുടെ മഹ്ദിപ്രസ്ഥാനവും എല്ലാം ചേര്‍ന്ന് അന്ത്യപ്രവാചകന്റെ പ്രവാചകത്വത്തിന്റെ ശ്വാശ്വതികത്വത്തിനെതിരില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച പരിതഃസ്ഥിതിയിലാണ് ഈ മാര്‍ഗഭ്രംശങ്ങള്‍ക്കെതിരെ അദ്ദേഹം ശക്തമായ ആക്രമണം നടത്തിയത്. നെല്ലും കല്ലും വേര്‍തിരിച്ചുകൊണ്ട് സ്വന്തമായ ദാര്‍ശനിക സമീപനത്തിന്റെ കരുത്തോടെ ഈ പ്രശ്‌നത്തെ നേരിട്ട അദ്ദേഹം ഈ വികല സങ്കള്‍പ്പങ്ങളുടെ അടിത്തറ തകര്‍ത്തു.
യുക്തി ചിന്തയുടെ അപര്യാപ്തതയും പ്രവാചകവെളിപാടിലൂടെ ലഭ്യമാകുന്ന ജ്ഞാനത്തിന്റെ അപ്രമാദിത്വവും സര്‍ഹിന്ദി ഊന്നിപ്പറഞ്ഞു. കേവലയുക്തികൊണ്ട് പരമസത്യത്തെ പ്രാപിക്കാനാവില്ല. മനുഷ്യയുക്തിക്ക് വിവിധങ്ങളായ നിരങ്ങളുടെയും ഭാവങ്ങളുടെയും പരമമിതികളുണ്ട്. അവ കേവലസത്യത്തെ പ്രാപിക്കാനുള്ള മാര്‍ഗത്തില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു. കലര്‍പ്പില്ലാത്ത ജ്ഞാനം പ്രവാചകന്‍മാര്‍ക്ക് ലഭ്യമായ ദിവ്യവെളിപാടുകള്‍ മാത്രമാകുന്നു. മനുഷ്യനെ ശാശ്വത സൗഭാഗ്യ(സആദത്തെ അബദിയ്യഃ)ത്തിലേക്കു നയിക്കാന്‍ അതിനു മാത്രമേ സാധിക്കൂ. യുക്തിയെയും വെളിപാടിനെയും ബന്ധിപ്പിക്കുന്ന ഈ രീതി സര്‍ഹിന്ദിയുടെ അതുല്യമായ ദാര്‍ശനിക സംഭാവനയത്രെ.
അഹ്മദ് സര്‍ഹിന്ദി (ഹി. 971/കി. 1034)

Add Comment