ഒരു വ്യക്തി മറ്റൊരാള്‍ക്ക് പണം കടംകൊടുക്കുമ്പോള്‍ അതിന് ഈടെന്നോണം നിയമദൃഷ്ട്യാ സാമ്പത്തികമൂല്യമുള്ള ഒരു സാധനം ആ കടം ഭാഗികമായോ പൂര്‍ണമായോ വസൂല്‍ചെയ്യാന്‍ കഴിയുംവിധം തീരുമാനിക്കപ്പെടുന്നതിനെ ശരീഅത്തില്‍ പണയം എന്നുപറയുന്നു. ഒരാള്‍ നിശ്ചിതതുക മറ്റൊരാള്‍ക്ക് കടംകൊടുക്കുന്ന വേളയില്‍ കടത്തിന് പകരമായി കടംവാങ്ങിയയാളില്‍നിന്ന് കന്നുകാലിയോ , ഭൂമിയോ കടംവീട്ടുംവരെ ഈടായി കൊടുത്താല്‍ അത് നിയമപരമായ പണയമായി. ഖുര്‍ആന്‍ പണയമിടപാടിനെ അനുവദിച്ചിട്ടുണ്ട്. ‘നിങ്ങള്‍ യാത്രയിലാണെങ്കില്‍, അല്ലെങ്കില്‍ എഴുതാനാളെ കിട്ടിയില്ലെങ്കില്‍ അപ്പോള്‍ പണയം സ്വീകരിച്ചുകൊണ്ട് ഇടപാട് നടത്തിക്കൊള്ളുക. സുരക്ഷിതമായിക്കഴിഞ്ഞാല്‍, വിശ്വസിക്കപ്പെട്ടവര്‍ തമ്മില്‍ ഏല്‍പിക്കപ്പെട്ട അമാനത്ത് വീട്ടുകയും തന്റെ റബ്ബിനെ ഭയപ്പെടുകയും ചെയ്യട്ടെ…'(അല്‍ബഖറ 283)
പണയത്തിന്റെ ലക്ഷ്യം കടബാധ്യതയ്ക്ക് ഉറപ്പും ജാമ്യവും ഉണ്ടാക്കലാണ്. അല്ലാതെ ലാഭവും ആദായവും അല്ല. അതിനാല്‍തന്നെ പണയവസ്തുവിന്റെ ഉടമ അനുവദിച്ചാല്‍ പോലും അത് പ്രയോജനപ്പെടുത്താന്‍ കടംകൊടുത്തയാള്‍ക്ക് അനുവാദമില്ല. ആദായമുണ്ടാക്കുന്ന കടങ്ങളെല്ലാം പലിശയിടപാടുകളാണല്ലോ.
അതേസമയം, പണയവസ്തു കാലികളാണെങ്കില്‍ അതിനെ പോറ്റുന്നതിന് പകരമായി സവാരിക്കും കറവയ്ക്കും ഉപയോഗിക്കാവുന്നതാണ്. നബി(സ) പ്രസ്താവിച്ചതായി ഇമാം ശഅബി ഉദ്ധരിക്കുന്നു. അബൂഹുറയ്‌റയില്‍നിന്ന് നിവേദനം: ‘പണയമാണെങ്കിലും അകിട്ടിലുള്ള പാല്‍ അതിന്റെ പോറ്റുചെലവിനുപകരം കറന്നെടുക്കാം. പണയമാണെങ്കിലും സവാരിമൃഗത്തെ അതിന്റെ പോറ്റുചെലവിന് പകരമായി സവാരി ചെയ്യുകയുമാകാം.’ (പാല്‍കറന്നെടുക്കുകയും സവാരിചെയ്യുകയും ചെയ്യേണ്ടത് അതിനെ പോറ്റുന്നയാളായിരിക്കണം എന്നത് ശ്രദ്ധിക്കുക).
പണയവസ്തുവിന്റെ വളര്‍ച്ചയും ആദായവും പണയവസ്തുതന്നെയാണ്. അതായത്, കാലിയുടെ കുട്ടി, രോമം, പാല്‍, പണയവൃക്ഷത്തിന്റെ കായ്കനികള്‍ തുടങ്ങിയവയെല്ലാം പണയവസ്തുവാണ്. എന്നാല്‍ ഇമാം ശാഫിഈ ഇതിനോട് യോജിക്കുന്നില്ല.
കടം പൂര്‍ത്തീകരിച്ചശേഷമേ അധമര്‍ണന് (കടംവാങ്ങിയയാള്‍) പണയവസ്തു തിരികെ ചോദിക്കാന്‍ അവകാശമുള്ളൂ. കടംതിരികെ വീട്ടാന്‍ അധമര്‍ണന് കഴിയാത്തപക്ഷം കോടതിമുഖാന്തിരം അവകാശം തിരികെ വാങ്ങാന്‍(കടംകൊടുത്ത സംഖ്യ) ഉത്തമര്‍ണന് മാര്‍ഗമുണ്ട്. അല്ലാതെ അയാള്‍ ഏകപക്ഷീയമായി പണയവസ്തു കൈക്കലാക്കാന്‍ പാടില്ലെന്നാണ് ഇസ്‌ലാമിന്റെ വീക്ഷണം. പണയവസ്തു വിറ്റുകിട്ടിയതില്‍നിന്ന് ബാക്കിയുണ്ടെങ്കില്‍ അത് അധമര്‍ണനെ ഏല്‍പിക്കേണ്ടതാണ്.
പണയവസ്തു അവധികഴിഞ്ഞാല്‍ വില്‍ക്കുന്നതാണെന്ന് ഉഭയകക്ഷിസമ്മതപ്രകാരം വ്യവസ്ഥ ചെയ്യാവുന്നതാണ്. പണയ ഇടപാടില്‍ ഉപാധികള്‍ പാടില്ലെന്ന് അഭിപ്രായപ്പെടുന്ന ഇമാം ശാഫിഈ അതിനാല്‍ തന്നെ ഇതിന്നെതിരാണ്.
Add Comment