ഇമാം ശാഫിഈ

ഇമാം ശാഫിഈ

ഫലസ്തീനിലെ ഗസ്സയില്‍ ഹിജ്‌റാബ്ദം 150 (എ.ഡി. 767) റജബ് മാസത്തില്‍ അസദ് കുടുംബത്തിലെ ബീവി ഫാത്തിമയുടെ മകനായി ശാഫിഈ (റ) പിറന്നു. ഇമാം അബൂഹനീഫഃ(റ) മരണപ്പെടുന്നതും അതേ വര്‍ഷത്തിലായിരുന്നു. ഇമാമിന്റെ ശരിയായ പേര് അബൂ അബ്ദുല്ല മുഹമ്മദുബ്‌നു ഇദ്‌രീസ് അശ്ശാഫിഈ എന്നാണ്. അബൂ അബ്ദുല്ല എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്. നബി(സ)യുടെ വല്യുപ്പ അബ്ദുമനാഫിന്റെ പുത്രന്‍ അബ്ദുല്‍ മുത്വലിബിന്റെ പരമ്പരയില്‍ ജനിച്ചതിനാല്‍ ഇമാമിന് നബി(സ)യുമായി കുടുംബബന്ധം ഉണ്ടായിരുന്നു. ശൈശവത്തില്‍ത്തന്നെ ഗസ്സയില്‍ നിന്നും കുടുംബത്തോടൊപ്പം അസ്ഖലാനിലേക്കും പിതാവിന്റെ മരണത്തോടെ അവിടെ നിന്നും ഹിജാസിലേക്കും പിന്നീട് മക്കയിലേക്കും അദ്ദേഹം നീങ്ങി.

വിദ്യാഭ്യാസം

ശാഫിഈ(റ) യുടെ വിദ്യാഭ്യാസജീവിതം ആരംഭിക്കുന്നത് ഓത്ത്പള്ളികളില്‍നിന്നാണ്. അസാമാന്യ ബുദ്ധിശക്തിയും ഓര്‍മ്മശക്തിയും പ്രകടിപ്പിച്ച അദ്ദേഹം ഏഴാം വയസ്സില്‍ തന്നെ വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കി. മക്കയിലെ സാഹിത്യസമ്പന്നരായ ഹുദൈല്‍ ഗോത്രത്തില്‍ നിന്നും പതിനായിരത്തോളം ഈരടികള്‍ അദ്ദേഹത്തിന് വശമുണ്ടായിരുന്നു. അമ്പെയ്ത്തിലും കുതിരസവാരിയിലും അസാമാന്യ പാടവം നേടി. ഇസ്‌ലാമിക കര്‍മ്മശാസ്ത്രത്തോടുള്ള പ്രേമത്താല്‍ പത്താം വയസ്സില്‍ ഇമാം മാലിക്(റ)യുടെ ‘അല്‍ മുവത്വ’ ഹൃദിസ്ഥമാക്കി.

ഹറമിലെ മഹാപണ്ഡിതനായിരുന്ന മുസ്‌ലിമ്ബ്‌നുല്‍ ഖാലിദാണ് ഇമാം ആദ്യമായി കണ്ടുമട്ടുന്ന സമുന്നത വ്യക്തിത്വം. കഴിവുറ്റ കര്‍മ്മശാസ്ത്ര വിശാരദനും മക്കാമുഫ്തിയുമായിരുന്ന അദ്ദേഹം മിടുക്കനായ ശാഫിഈയെ ശിഷ്യനായി സ്വീകരിച്ചു. ഇദ്ദേഹത്തില്‍ നിന്നാണ് ഇമാം മക്കയിലെ കര്‍മ്മശാസ്ത്രം അടുത്തറിയുന്നത്. ശാഫിഈ(റ)യുടെ കഴിവുകളെ തൊട്ടറിഞ്ഞ അദ്ദേഹം കേവലം പതിനഞ്ചുകാരനായ ഇമാമിന് ജനങ്ങള്‍ക്ക് ഫത്‌വ നല്‍കാനുള്ള സ്വാതന്ത്ര്യം നല്‍കി. മസ്ജിദുല്‍ ഹറമിലെ പണ്ഡിതസഭകളില്‍ ഇമാം മുടങ്ങാതെ പങ്കെടുത്തിരുന്നു. അതേ സമയം സുഫ്‌യാനുബ്‌നു ഉയയ്‌ന(റ), സഈദ്ബ്‌നു സാലിം(റ), ദാവൂദ് ബിന്‍ അബ്ദുര്‍റഹ്മാന്‍(റ), അബ്ദുല്‍ മജീദ് അബൂറുവ്വാദുല്‍ അസദി(റ) തുടങ്ങിയവരില്‍ നിന്നും ഹദീസുകള്‍ സ്വീകരിക്കാനും അദ്ദേഹം മറന്നില്ല.
മദീനയായിരുന്നു അക്കാലത്തെ ഇസ്‌ലാമിക വിജ്ഞാനകേന്ദ്രങ്ങളില്‍ ഏറ്റവും മികച്ചത്. വിജ്ഞാനദാഹിയായ ഇമാം ശാഫിഈ(റ) മദീനയിലെത്തി, ഇമാം മാലിക്(റ)യുടെ ശിഷ്യത്വം സ്വീകരിച്ച് പത്ത് വര്‍ഷക്കാലം കഴിച്ചുകൂട്ടി. ഇമാം മാലിക്(റ) മരണപ്പെട്ടപ്പോള്‍ മക്കയില്‍ മടങ്ങിയെത്തി. മദീനയിലെ പാഠങ്ങളെ അപഗ്രഥിക്കുവാനാണ് അദ്ദേഹം അവിടെ സമയം ചെലവഴിച്ചത്. കുടുംബത്തിന് ദാരിദ്ര്യം ബാധിച്ചപ്പോള്‍ മിസ്അബ്ബ്‌നു സുബൈരിയോടൊപ്പം യമനിലെത്തി. അവിടെ ഹാറൂണ്‍ റഷീദിന്റെ നിയമവകുപ്പ് ഉദ്യോഗസ്ഥനായി ചുമതലയേറ്റെടുത്തു. തന്റെ ഉത്തരവാദിത്ത നിര്‍വ്വഹണത്തിനിടയിലും അദ്ദേഹം പഠനത്തിനു സമയം കണ്ടെത്തി. ഇമാം ഔസാഈ(റ)യുടെ ശിഷ്യന്‍ ഉമറുബ്‌നു അബീസലമയില്‍ നിന്നും ഔസാഈ കര്‍മ്മശാസ്ത്ര വീക്ഷണവും, ഇമാം അല്ലെയ്‌സ്ബ്‌നു സഅദിന്റെ(റ) ശിഷ്യനായ യഹ്‌യബ്‌നു ഹസ്സാനില്‍ നിന്നും അല്ലെയ്‌സീ വീക്ഷണവും സ്വായത്തമാക്കി. മാത്രമല്ല, വൈദ്യശാസ്ത്ര-ജ്യോതിശാസ്ത്ര വിദഗ്ധരെ സമീപിച്ച് വിജ്ഞാനം നേടാനും അദ്ദേഹത്തിനായി. ഭൗതികശാസ്ത്രത്തിലും ഇമാം നൈപുണ്യം നേടുകയുണ്ടായി.
യമന്‍ ഗവര്‍ണ്ണറായിരുന്ന ഹമ്മാദ്, ഇമാമിനെ അലവികളുടെ നേതാവെന്ന കുറ്റമാരോപിച്ച് വിചാരണക്കായി ബാഗ്ദാദിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തിയ അദ്ദേഹം മോചിതനായി. ശേഷം അവിടെവച്ച് ഇമാം അബൂഹനീഫ(റ)യുടെ ശിഷ്യനായിരുന്ന മുഹമ്മദ്ബ്‌നുല്‍ ഹസന്‍(റ)യെ കണ്ടുമുട്ടുകയും ഹനഫീ മദ്ഹബ് സ്വായത്തമാക്കുകയും ചെയ്തു. നാല് വര്‍ഷത്തിന് ശേഷം അദ്ദേഹം മക്കയിലേക്ക് മടങ്ങി.

അക്കാലത്ത് ഇജ്തിഹാദിന്റെ അടിസ്ഥാനങ്ങള്‍ ക്രോഡീകരിക്കപ്പെട്ടിരുന്നില്ല. അങ്ങനെയാണ് ഇമാം ഉസൂലുല്‍ ഫിഖ്ഹിന്റെ ആദ്യ ഗ്രന്ഥമായ ‘അല്‍-രിസാല’ രചിക്കുന്നത്. ഗ്രന്ഥരചനയോടൊപ്പം ജനങ്ങള്‍ക്ക് ഫത്‌വകള്‍ നല്‍കിയും ഹജ്ജ്മാസത്തില്‍ പഠനകേന്ദ്രങ്ങള്‍ നടത്തിയും ഇമാം കഴിച്ചുകൂട്ടി. അപ്പോഴേക്കും മസ്ജിദുല്‍ ഹറമിന്റെ പണ്ഡിതസഭകളില്‍ അദ്ദേഹം സ്ഥിരപ്രതിഷ്ഠ നേടിയിരുന്നു. ഇക്കാലത്താണ് ഇമാം അഹ്മദ്ബ്‌നു ഹമ്പല്‍ (റ) അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കുന്നത്.
ബാഗ്ദാദിലേക്ക് പോകാന്‍ താല്‍പര്യം ജനിച്ചതോടെ ഹിജ്‌റ 195-ല്‍ അവിടേക്ക് പുറപ്പെട്ടു. ഇമാമിന്റെ വൈജ്ഞാനിക ജീവിതത്തിലെ സുവര്‍ണ്ണ നാളുകളായിരുന്നു അത്. ശാഫിഈ മദ്ഹബിന്റെ അടിസ്ഥാനാശയങ്ങള്‍ രൂപപ്പെടുന്നത് അവിടെവച്ചാണ്. എന്നാല്‍ ഇവ ഇമാമിന്റെ പഴയ വീക്ഷണങ്ങളായാണ് കരുതപ്പെടുന്നത്. ഇന്ന് നിലനില്‍ക്കുന്ന മദ്ഹബീ വീക്ഷണങ്ങള്‍ രൂപപ്പെടുന്നത് ഈജിപ്തില്‍ വച്ചായിരുന്നു. അവിടെവച്ച് ഇമാം ‘അല്‍ ഹുജ്ജഃ’യും ‘അല്‍-രിസാല’യും ഭേദഗതി ചെയ്ത് മാറ്റിയെഴുതി. കൂടാതെ കിതാബുല്‍ ഖിതാല്‍, കിതാബുല്‍ ജിസ്‌യ്, കിതാബുല്‍ ബഗ്‌യ് തുടങ്ങി അനവധി ഗ്രന്ഥങ്ങളും രചിക്കപ്പെട്ടു. പിന്നീട് മരണംവരെ ഇമാം ഈജിപ്തില്‍ തുടര്‍ന്നു.

അന്ത്യനാളുകള്‍

ഇമാമിന്റെ അവസാന നാളുകള്‍ കഠിനപരീക്ഷണങ്ങളുടേതായിരുന്നു. അര്‍ശസ് രോഗം അദ്ദേഹത്തെ ശാരീരികമായും മാനസികമായും വേട്ടയാടി. പലപ്പോഴും രക്തസ്രാവം ശക്തിപ്പെട്ട് വസ്ത്രത്തില്‍ തങ്ങി നില്‍ക്കാതെ കാല്‍മടമ്പുകളിലൂടെ ഒഴുകുമായിരുന്നു. നീണ്ട നാലു വര്‍ഷത്തെ രോഗപീഡകള്‍ക്ക് ശേഷം ഹിജ്‌റഃ വര്‍ഷം 204 റജബ് മാസത്തിലെ അവസാന വെള്ളിയാഴ്ച ഇമാം ശാഫിഈ മരണമടഞ്ഞു.
അത്ഭുതകരമായ വിജ്ഞാനതൃഷ്ണയുടെയും മനം മടുക്കാത്ത യാത്രകളുടെയും അചഞ്ചലമായ വിശ്വാസത്തിന്റെയും ദൃഢമായ കര്‍ത്തവ്യബോധത്തിന്റെയും പാഠങ്ങള്‍ ബാക്കിവച്ച് ഇമാം ശാഫിഈ(റ) യാത്രയായി. എന്നാല്‍ പടര്‍ന്നു പന്തലിച്ച ശാഫിഈ മദ്ഹബിലൂടെയും കരുത്തുറ്റ ശിഷ്യഗണങ്ങളുടെ കനപ്പെട്ട ഗ്രന്ഥങ്ങളിലൂടെയും അദ്ദേഹം ഇന്നും ജനങ്ങളെ അഭിസംബോധന ചെയ്യുന്നു.

അവലംബം
1) ഇമാം ശാഫിഈ – കക്കാട് മുഹമ്മദ് ഫൈസി
2) ഇമാമുകളുടെ ജീവിതം – മുഹമ്മദ് ശമീം ഉമരി
3)അല്‍ മദ്ഖലു ലി ദിറാസത്തി ശ്ശരീഅത്തില്‍ ഇസ്‌ലാമിയ്യഃ-അബ്ദുല്‍ കരീം സൈദാന്‍

About the author

padasalaadmin

Add Comment

Click here to post a comment

Topics