നബി(സ)യുടെ മരണശേഷം ചില സ്വഹാബികള്‍ കര്‍മ്മശാസ്ത്രവിഷയങ്ങളുടെയും മറ്റു വിജ്ഞാനീയങ്ങളുടെയും പഠനത്തില്‍ മുഴുകുകയും വിധികളും ഫത്‌വകളും പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇത്തരം വിധികളാണ് ‘സ്വഹാബിവചനങ്ങള്‍’കൊണ്ടുദ്ദേശിക്കുന്നത്. ഈ വിധികളെ ശരീഅത്തിന്റെ വിധികളായി പണ്ഡിതന്‍മാര്‍ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍, (പ്രമാണങ്ങള്‍ക്കുപുറമെ) ബുദ്ധിയും യുക്തിയും അടിസ്ഥാനമാക്കാതിരിക്കുകയും വിധികളില്‍ മറ്റു സ്വഹാബികള്‍ക്ക് അഭിപ്രായവ്യത്യാസം ഉണ്ടാവാതിരിക്കുകയും വേണമെന്ന നിബന്ധന പണ്ഡിതന്‍മാര്‍ നിശ്ചയിച്ചു. പ്രശ്‌നങ്ങളില്‍ അവര്‍ കല്‍പിക്കുന്ന വിധികള്‍ അവര്‍ നബിയില്‍ നിന്ന് കേട്ടതാകാനുള്ള സാധ്യതയും നബിയോടുള്ള സഹവാസത്തിലൂടെ നിയമനിര്‍മാണത്തിന്റെ യുക്തികള്‍ അറിയാനുള്ള സാധ്യതയുമാണ് ഈ വിധികള്‍ ശരീഅത്തിന്റെ വിധിയായി പരിഗണിക്കാനുള്ള കാരണം.
എന്നാല്‍, സ്വഹാബി തന്റെ ഇജ്തിഹാദിലൂടെയോ യുക്തിയുടെ അടിസ്ഥാനത്തിലോ കണ്ടെത്തിയ വിധികള്‍ ശരീഅത്തിലെ വിധിയായി പരിഗണിക്കാമോ എന്ന വിഷയത്തില്‍ പണ്ഡിതന്‍മാര്‍ക്ക് അഭിപ്രായവ്യത്യാസമുണ്ട്. ദീര്‍ഘകാലത്തെ നബിയോടൊത്തുള്ള സഹവാസത്തിലൂടെ, ശരീഅത്ത് നിയമങ്ങളുടെ യുക്തിയും യാഥാര്‍ത്ഥ്യവും മനസ്സിലാക്കിയ സ്വഹാബികളുടെ ഇജ്തിഹാദില്‍ തെറ്റു സംഭവിക്കാന്‍ സാധ്യതയില്ല എന്നതാണ് അത്തരം വിധികള്‍ തെളിവായി പരിഗണിക്കുന്നവരുടെ ന്യായം. ഖുര്‍ആനും സുന്നത്തും അവ നിര്‍ദ്ദേശിച്ച തെളിവുകളും മാത്രമേ അവലംബിക്കാവൂ, അതില്‍ സ്വഹാബികളുടെ അഭിപ്രായങ്ങള്‍ ഉള്‍പ്പെടുകയില്ലെന്നും സ്വഹാബിയുടെയോ അല്ലാത്തവരുടെയോ ഇജ്തിഹാദില്‍ തെറ്റ് സംഭവിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് സ്വഹാബി മദ്ഹബ് ശരീഅത്തില്‍ തെളിവായി പരിഗണിക്കാത്തവരുടെ വാദം.
സ്വഹാബിവചനങ്ങള്‍

Add Comment