ഉര്‍ഫ്

ഉര്‍ഫ്

‘അറിയപ്പെടുക’ എന്നാണ് ‘ഉര്‍ഫി’ന്റെ ഭാഷാര്‍ത്ഥം. കേള്‍ക്കുന്ന മാത്രയില്‍ ഉദ്ദേശ്യം ബോധ്യമാകുന്നവിധം പ്രത്യേക തരത്തില്‍, ജനങ്ങള്‍ക്കിടയില്‍ പ്രചാരം നേടിയ സമ്പ്രദായത്തിനാണ് ‘ഉര്‍ഫ്’ എന്നുപറയുന്നത്. ഉര്‍ഫ് രണ്ട് വിധമുണ്ട്: (1) കര്‍മസമ്പ്രദായം: ഉദാഹരണമായി, വീടുണ്ടാക്കാന്‍ എഞ്ചിനീയര്‍ക്ക് കരാര്‍ കൊടുക്കുന്നു. പ്ലാനും എസ്റ്റിമേറ്റും കണ്ടശേഷം അതിനാവശ്യമായ പണം നല്‍കുന്നു. ഇത് ഒരു കച്ചവടമാണ്. പക്ഷെ, സാധാരണ കച്ചവടം പോലെ സാധനം കൊടുക്കലും വാങ്ങലുമല്ല. നിര്‍മിക്കാന്‍ പോകുന്ന വീടിന്റെ പ്ലാന്‍ വെച്ചു കൊണ്ടാണ് വില നിശ്ചയിക്കുന്നത്. അതായത്, നിലവിലില്ലാത്ത ഒരു സാധനത്തെ കച്ചവടം ചെയ്യാന്‍ പാടില്ല എന്നാണ് നബി(സ) പഠിപ്പിച്ചിട്ടുള്ളത്. പക്ഷേ, ജനങ്ങള്‍ ഇതു പോലെയുള്ള കരാറുകള്‍, നിലവിലുള്ള സാധനങ്ങള്‍ കച്ചവടം ചെയ്യുന്ന പോലെത്തന്നെ സാധുവായംഗീകരിച്ചിട്ടുണ്ട്. നാണയങ്ങള്‍ക്കു പകരം യാതൊരു വിലയുമില്ലാത്ത കടലാസില്‍ അച്ചടിച്ചുവരുന്ന നോട്ടുകളെ ജനങ്ങള്‍ അംഗീകരിക്കുന്നതും ഉര്‍ഫിന് മറ്റൊരുദാഹരണമാണ്.
(2) പദങ്ങളുടെ ഉപയോഗ സമ്പ്രദായമാണ് ഉര്‍ഫിന്റെ രണ്ടാമത്തെ ഇനം. അതായത്, ഭാഷാര്‍ത്ഥത്തില്‍ നിന്ന് ഭിന്നമായി പദം നാട്ടില്‍ ഉപയോഗിച്ച് സമ്പ്രദായമായി വരിക. ഉദാഹരണം: മാംസം എന്ന പദം മത്സ്യമാംസത്തെയും ഉള്‍ക്കൊള്ളുന്ന പദമാണ്. ഖുര്‍ആന്‍ ഈ ഭാഷാര്‍ത്ഥത്തെ അംഗീകരിക്കുകയും പ്രയോഗിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ജനങ്ങള്‍ പൊതുവെ അംഗീകരിച്ച സമ്പ്രദായത്തില്‍ മാംസത്തില്‍ മത്സ്യം ഉള്‍പ്പെടില്ല.
എന്നാല്‍ എല്ലാകാലത്തും നടപ്പിലുണ്ടായിരുന്ന എല്ലാ സമ്പ്രദായങ്ങളെയും ശരീഅത്തിന്റെ വിധികളാക്കാന്‍ പാടില്ല. അതിന് ചില നിബന്ധനകള്‍ പണ്ഡിതന്‍മാര്‍ അംഗീകരിച്ചിട്ടുണ്ട്.
(1) ഉര്‍ഫ് ജനങ്ങളില്‍ പൊതുവെ പ്രചരിച്ചതാവുക.
(2) ഉര്‍ഫ് ശരീഅത്തിന്റെ ഖണ്ഡിത വിധിക്കെതിരാവാതിരിക്കുക.
(3) ഇടപാടുകളിലെ സമ്പ്രദായങ്ങള്‍ അതു നടക്കുമ്പോള്‍ നിലവിലുള്ളതായിരിക്കുക.
(4) ഇടപാടുകാരുടെ ഉദ്ദേശ്യത്തിന് വിരുദ്ധമാവാതിരിക്കുക.
ജാഹിലീ കാലത്ത് നിലവിലുണ്ടായിരുന്ന നന്‍മ നിറഞ്ഞ സമ്പ്രദായങ്ങളെ ശറഅ് നിലനിര്‍ത്തുകയും അല്ലാത്തവയെ നിരോധിക്കുകയും ചെയ്തു എന്നതാണ് ശരീഅത്ത് നിയമങ്ങളിലെ വിധിയായി ‘ഉര്‍ഫി’നെ അംഗീകരിക്കുന്നവരുടെ തെളിവ്. ജാഹിലീ സമ്പ്രദായങ്ങളിലെ കച്ചവടം ഉദാഹരണം.

About the author

padasalaadmin

Add Comment

Click here to post a comment

Topics