സുന്നത്ത്r

സുന്നത്ത്

  • നബി(സ)യുടെ വാക്കുകള്‍, പ്രവൃത്തികള്‍, അംഗീകാരം എന്നിവ ചേര്‍ന്നതാണ് സുന്നത്ത്. നബി(സ)യില്‍ നിന്ന് സ്വഹീഹായി സ്ഥിരപ്പെട്ടതെല്ലാം വിധികളാണ്. നിര്‍വചനത്തിന്റെ അടിസ്ഥാനത്തില്‍ സുന്നത്തിനെ മൂന്നായി ഭാഗിക്കാം.
    (1) നബി(സ)യുടെ വാക്കുകള്‍. ഉദാ: ‘നിങ്ങളാരെങ്കിലും ഒരു തിന്‍മ കണ്ടാല്‍ അവനത് തന്റെ കൈകൊണ്ട് തടയണം. അതിനു സാധിച്ചില്ലെങ്കില്‍ തന്റെ നാവു കൊണ്ട് തടയണം. അതിനും സാധ്യമല്ലെങ്കില്‍ തന്റെ മനസ്സു കൊണ്ടെങ്കിലും അതിനോട് എതിര്‍പ്പ് പ്രകടിപ്പിക്കണം’.
    (2) നബി(സ)യുടെ പ്രവര്‍ത്തനങ്ങള്‍: നമസ്‌കാരത്തിന്റെ രൂപം പഠിപ്പിച്ചുതന്നത് ഉദാഹരണം.
    (3) നബിയുടെ അംഗീകാരം: നബി(സ)യുടെ അറിവില്‍ സ്വഹാബികളില്‍നിന്ന് ഒരു പ്രവൃത്തി സംഭവിക്കുകയും നബി(സ) അതിന് അംഗീകാരം നല്‍കുകയും ചെയ്യുക എന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ഒന്നിനെക്കുറിച്ച് നബിയുടെ മൗനവും നബിയുടെ അംഗീകാരമായി പരിഗണിക്കുന്നതാണ്. എന്നാല്‍ മൗനത്തിലൂടെ ലഭിക്കുന്ന അംഗീകാരം വഴി ഉണ്ടാകുന്ന നിയമങ്ങള്‍ക്ക് അനുവദനീയം (ജാഇസ്) എന്ന വിധി മാത്രമേ ബാധകമാവൂ. സുന്നത്തിന്റെ പ്രാമാണികതയ്ക്കുള്ള തെളിവുകള്‍
    (1) നബി(സ)യെ അനുസരിക്കുവാനുള്ള കല്‍പനകള്‍ ഖുര്‍ആനില്‍ ധാരാളം വന്നിട്ടുണ്ട്. കാരണം നബി(സ)യുടെ സുന്നത്തിന്റെ അടിസ്ഥാനവും യഥാര്‍ഥത്തില്‍ വഹ്‌യ് തന്നെയാണ്.
    (2) സ്വഹാബികളുടെ യോജിപ്പ്. നബി(സ)യുടെ ജീവിത കാലത്തും ശേഷവും തിരുമേനിയെ പിന്‍പറ്റണമെന്ന കാര്യത്തില്‍ സ്വഹാബികള്‍ക്ക് ഭിന്നാഭിപ്രായമില്ലായിരുന്നു.
    (3) പല നിയമങ്ങളും ഖുര്‍ആന്‍ വളരെ സംക്ഷിപ്തമായാണ് കൈകാര്യം ചെയ്തിട്ടുള്ളത്. ഇത്തരം നിയമങ്ങളെ വിശദീകരിക്കുന്നത് നബിയുടെ സുന്നത്തിലൂടെയാണ്. അതിനാല്‍ ഖുര്‍ആനിക നിയമങ്ങളെ പിന്‍പറ്റുന്നതിന് സുന്നത്തിനെ ആശ്രയിക്കല്‍ നിര്‍ബന്ധമായിത്തീരും.
    സുന്നത്തിന്റെ സ്വഭാവത്തിനനുസരിച്ച് മൂന്ന് തരത്തിലുള്ള തരംതിരിവിനെക്കുറിച്ച് ഇമാം ശാഫിഈ തന്റെ ‘രിസാലയില്‍’ പറയുന്നു: ‘സുന്നത്ത് മൂന്നു രൂപത്തില്‍ വരാമെന്നതില്‍ പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായഭിന്നതയുള്ളതായെനിക്കറിയില്ല’.
    (1) ഖുര്‍ആന്‍ പ്രതിപാദിച്ചതിനു ശക്തിപകരുന്ന രൂപത്തില്‍ വന്നത്.
    (2) ഖുര്‍ആന്‍ സംക്ഷിപ്തമായി പ്രതിപാദിച്ചതിനു വിശദീകരണമായി വന്നത്.
    (3) ഖുര്‍ആന്‍ കൈകാര്യം ചെയ്യാത്ത പുതിയ നിയമവുമായി വന്നത്.
    സുന്നത്ത് അത് നമ്മിലേക്ക് ഉദ്ധരിക്കപ്പെട്ടതിന്റെ രൂപമനുസരിച്ച് മൂന്നായി തരം തിരിക്കാം: (1) മുതവാതിര്‍, (2) മശ്ഹൂര്‍, (3) ആഹാദ്.
    എല്ലാ വിഭാഗത്തിലുമുള്ള എല്ലാ സുന്നത്തുകളും സ്ഥിരപ്പെട്ടവയാണെങ്കില്‍ അവ പിന്‍പറ്റല്‍ നിര്‍ബന്ധമാണ്. എന്നാല്‍ പിന്തുടരല്‍ നിര്‍ബന്ധമാവുന്ന സുന്നത്ത് റസൂല്‍ എന്ന നിലക്ക് പ്രവാചകനില്‍ നിന്നുണ്ടായ നിയമങ്ങളാണ്. മനുഷ്യന്‍ എന്ന നിലക്ക് തിരുമേനിയുടെ ഭക്ഷണം കഴിക്കുക, വെള്ളം കുടിക്കുക, നില്‍ക്കുക, ഇരിക്കുക തുടങ്ങിയവയും കച്ചവടം, കൃഷി, സൈനിക സജ്ജീകരണം തുടങ്ങി പരിചയത്തിന്റെയും അനുഭവത്തിന്റെയും അടിസ്ഥാനത്തില്‍ പ്രവാചകനെടുത്ത തീരുമാനങ്ങളും ശരീഅത്തിന്റെ വിധികളില്‍ പെടുകയില്ല. ചില യുദ്ധങ്ങളില്‍ സൈന്യം തമ്പടിക്കാനുള്ള സ്ഥലം നിര്‍ണയിക്കുന്നതില്‍ പ്രവാചകന്റെ തീരുമാനങ്ങള്‍ സ്വഹാബികള്‍ തിരുത്തിയത് ഇതിനുദാഹരണമാണ്.

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured