ഇജ്മാഅ്

ഇജ്മാഅ്

  • ‘ഇജ്മാഅ്’ എന്നതിന് ഭാഷയില്‍ രണ്ടര്‍ത്ഥങ്ങളുണ്ട്. (1) തീരുമാനിക്കുക, ദൃഢനിശ്ചയം ചെയ്യുക. (2) ഒന്നിച്ച് തീരുമാനമെടുക്കുക, യോജിക്കുക, ഏകകണ്ഠമായി അഭിപ്രായപ്പെടുക. ‘മുസ്‌ലിം സമുദായത്തിലെ ഗവേഷക പണ്ഡിതന്‍മാര്‍ (മുജ്തഹിദുകള്‍) ഒരു ശരീഅത്ത് വിധിയില്‍ നബിതിരുമേനിക്ക് ശേഷം ഒരു കാലത്ത് ഒന്നിക്കുക’ എന്നാണ് ഉസൂലുല്‍ ഫിഖ്ഹിന്റെ സാങ്കേതിക ഭാഷയില്‍ ‘ഇജ്മാഅ്’. ഇജ്മാഇന്റെ പ്രാമാണികത
    ഖുര്‍ആനും സുന്നത്തും വഴി ലഭിക്കുന്നതുപോലെ ഖണ്ഡിതമായ വിധി തന്നെയാണ് ഇജ്മാഅ് വഴിയും ലഭിക്കുന്നത്. അതിനാല്‍ ഇജ്തിഹാദിലൂടെ ലഭിക്കുന്ന അനുമാനാധിഷ്ഠിതമായ വിധികളെ ഇജ്മാഇനെതിരില്‍ ഉണ്ടാക്കാവതല്ല. ഖുര്‍ആനും സുന്നത്തും ഇതിന് തെളിവാണ്(4:115). പ്രവാചകന്റെ മാര്‍ഗത്തെപ്പോലെ ത്തന്നെയാണ് അംഗീകാര യോഗ്യമായ വിശ്വാസികളുടെ മാര്‍ഗത്തെയും ഖുര്‍ആന്‍ വിവരിച്ചത്. വിശ്വാസികള്‍ ഒരുമിച്ച് അംഗീകരിക്കുന്ന മാര്‍ഗ്ഗം സത്യമാണെന്ന് ഇതില്‍നിന്നും വ്യക്തം. ‘എന്റെ സമുദായം ഒരബദ്ധത്തില്‍ ഒരുമിക്കുകയില്ല’ എന്ന നബിവചനം ഇതിന് പിന്‍ബലമേകുന്നു. ഇജ്മാഇന്റെ സംഭവ്യത
    ഇജ്മാഅ് ശരീഅത്തിന്റെ വിധിയായംഗീകരിക്കുമ്പോള്‍തന്നെ അതിന്റെ സംഭവ്യത ചില പണ്ഡിതന്‍മാര്‍ നിഷേധിച്ചിട്ടുണ്ട്. ഒരു കാലഘട്ടത്തിലെ ഗവേഷകന്‍മാര്‍ (മുജ്തഹിദുകള്‍) ആരൊക്കെയെന്ന് നിര്‍ണയിക്കാനുള്ള പ്രയാസമാണ് ഇതിനൊരു പ്രധാന കാരണം. ഒരു വിഷയത്തില്‍ എല്ലാ മുജ്തഹിദുകളുടെയും അഭിപ്രായമറിയാനുള്ള പ്രയാസവും ഇജ്മാഇന്റെ അസംഭവ്യതയെ ബലപ്പെടുത്തുന്നതാണ്.
    എന്നാല്‍ ഭൂരിപക്ഷ പണ്ഡിതരും ഇജ്മാഅ് സാധ്യമായിട്ടുണ്ടെന്ന വാദക്കാരാണ്. അബൂബക്കര്‍(റ) ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ടത്, പന്നിയുടെ നെയ്യ് ഹറാമാക്കിയത് തുടങ്ങിയവയാണ് അവര്‍ അതിന് തെളിവായി സമര്‍പ്പിച്ചത്.
    ഇജ്മാഅ് രണ്ട് രൂപത്തില്‍ സംഭവിക്കാം. (1) വ്യക്തമായ ഇജ്മാഅ്: ഓരോ മുജ്തഹിദും തങ്ങളുടെ അഭിപ്രായം പ്രകടിപ്പിച്ചുകൊണ്ടുള്ള ഇജ്മാഅ്. (2) (മൗനഇജ്മാഅ്): ചില ഗവേഷകര്‍ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കുകയും ചിലര്‍ മൗനം പാലിക്കുകയും ആ മൗനം അംഗീകാരമായി (യോജിപ്പായി) പരിഗണിക്കുകയും ചെയ്തുകൊണ്ടുള്ള ഇജ്മാഅ്.

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured