പ്രാചീനകാലത്ത് രാജാക്കന്‍മാര്‍ തങ്ങളുടെ അധീനദേശത്തിന്റെ വിസ്തൃതി വ്യാപിപ്പിക്കുന്നതില്‍ ബദ്ധശ്രദ്ധരായിരുന്നു. അങ്ങനെ മറ്റുള്ള രാജാക്കന്‍മാരുടെ ദേശങ്ങളെ വെട്ടിപ്പിടിച്ച് കൈക്കലാക്കിയവര്‍ ചക്രവര്‍ത്തിമാരെന്നും അവരുടെ അധികാരപരിധിയെ സാമ്രാജ്യമെന്നും വിളിച്ചുപോന്നു. ഈജിപ്ത് ,അസ്സൂറിയ, പേര്‍ഷ്യ , റോം എന്നിങ്ങനെ വിവിധ സാമ്രാജ്യങ്ങള്‍ ചരിത്രത്തില്‍ സുവിദിതമാണ്.
സാമ്രാജ്യത്തിന്റെ ഇന്നത്തെ പരികല്‍പന തുടങ്ങുന്നത് പതിനഞ്ചാംനൂറ്റാണ്ടിലെ പോര്‍ട്ടുഗീസ് അധിനിവേശത്തോടെയാണ്. വാസ്‌കോഡഗാമ ഇന്ത്യയിലേക്കും ക്രിസ്റ്റഫര്‍ കൊളംബസ് അമേരിക്കയിലേക്കും കപ്പല്‍മാര്‍ഗം സുഗമമാക്കുകയും അതിന് യൂറോപ്പിലെ ദേശരാഷ്ട്രങ്ങളുടെ സഹായസഹകരണങ്ങള്‍ ലഭിക്കുകയും ചെയ്തതോടെയാണ് സാമ്രാജ്യത്വം അക്രാമകപരിവേഷത്തോടെ അറിയപ്പെടാന്‍ തുടങ്ങിയത്. നാഗരികതകളുടെയും സംസ്‌കാരങ്ങളുടെയും ഈറ്റില്ലങ്ങളായ പൗരസ്ത്യനാടുകളില്‍ കടന്നുകയറി കോളനിവത്കരണത്തില്‍ മുന്നേറിയതും വിജയിച്ചതും അക്കാലത്ത് പക്ഷേ ഫ്രാന്‍സും ബ്രിട്ടനുമായിരുന്നുവെന്ന് മാത്രം.
1500-1800 വരെയുള്ള യൂറോപ്പിന്റെ നിലനില്‍പിന് വന്‍തോതില്‍ പണമാവശ്യമായി വന്നപ്പോള്‍ വാണിജ്യമാര്‍ഗം കൂടുതല്‍ കൈപ്പിടിയിലാക്കേണ്ട ആവശ്യം അവര്‍ക്ക് ബോധ്യപ്പെട്ടു. അറബ് മുസ്‌ലിംകള്‍ തുറമുഖ-രാഷ്ട്ര, വാണിജ്യമാര്‍ഗ, മത-കുടുംബ ശൃംഖലകളിലൂടെ നിലയുറപ്പിച്ചിരുന്ന ഇടങ്ങളിലേക്ക് ആയുധങ്ങളും കൂട്ടക്കുരുതികളും കുതന്ത്രങ്ങളുമായി യൂറോപ്യര്‍ കടന്നുവരുന്നത് അതോടെയാണ്.
ഡച്ച് , ഫ്രഞ്ച്, ഇംഗ്ലീഷ്, അമേരിക്കന്‍ ശക്തികള്‍ പിന്നീട് അഭംഗുരം തുടര്‍ന്നുപോന്ന അധിനിവേശങ്ങള്‍ ഇന്ന് ബഹുമുഖലക്ഷ്യങ്ങളോടെയാണ് നിലകൊള്ളുന്നത്. പ്രകൃതിവിഭവങ്ങളും സമ്പത്തും വ്യാപാരമാര്‍ഗങ്ങളും മാനവവിഭവശേഷിയും ആയുധക്കച്ചവടവും സാമ്രാജ്യത്വത്തിന്റെ ലക്ഷ്യമാണെങ്കിലും അതിനെതിരെ കരുത്തുറ്റ പ്രതിരോധം തീര്‍ക്കുന്ന ഇസ്‌ലാം തന്നെയാണ് ഇന്നും സാമ്രാജ്യത്തിന്റെ കണ്ണിലെ കരടായി നിലകൊള്ളുന്നത്. ലോകമെമ്പാടും ചരക്കുകളുമായി എത്തിയിരുന്ന മുസ്‌ലിംവ്യാപാരികള്‍ തങ്ങളെത്തിച്ചേര്‍ന്ന നാട്ടിലെ തദ്ദേശീയരെയോ പ്രകൃതിവിഭവങ്ങളെയോ ചൂഷണംചെയ്തിരുന്നില്ലെന്ന ചരിത്രവസ്തുത തന്നെ ഇസ്‌ലാം സാമ്രാജ്യത്വത്തെ സ്വീകരിക്കുന്നില്ലെന്നതിന് തെളിവാണ്.
Add Comment