ഭൂമിയില്‍ മനുഷ്യന്‍ ശുദ്ധീകരണത്തിനുപയോഗിക്കുന്ന വസ്തുക്കളില്‍ മുഖ്യമായത് വെള്ളമാണ്. എന്നാല്‍ എല്ലാ വെള്ളവും(കുടിക്കാന്‍ പറ്റിയതായാല്‍പോലും) ശുദ്ധീകരണയോഗ്യമാണെന്ന് പറയാനാവില്ല. ഇസ്‌ലാമികശരീഅത്തില്‍ ശുദ്ധീകരണത്തിന് പറ്റുന്ന വെള്ളം ഏതെന്ന് കൃത്യമായി വിവരിക്കുന്നുണ്ട്. വിവിധതരം വെള്ളങ്ങള്‍ ഏതെന്ന് ലഘുവായി വിവരിക്കാം.
- കേവലജലം(ശുദ്ധജലം)
a.ഇത് സ്വയം ശുദ്ധിയുള്ളതും മറ്റുള്ളവയെ ശുദ്ധീകരിക്കാന്‍ യോഗ്യവുമായതാണ് (ത്വഹൂര്‍). മഴ, ഹിമം, ആലിപ്പഴം എന്നിവയാണ് അത്. ഖുര്‍ആന്‍ പറയുന്നു: ‘അവന്‍ നിങ്ങള്‍ക്ക് ആകാശത്തുനിന്ന് വെള്ളം വര്‍ഷിപ്പിക്കുന്നു. അതുകൊണ്ട് നിങ്ങളെ ശുദ്ധീകരിക്കാന്‍(അന്‍ഫാല്‍ 11).’
ഹദീഥില്‍ ഇപ്രകാരം കാണാം:അല്ലാഹുവേ, അഴുക്കില്‍നിന്ന് ശുഭ്രവസ്ത്രത്തെ വെടിപ്പാക്കുന്നപോലെ പാപങ്ങളില്‍നിന്ന് എന്നെ നീ വൃത്തിയാക്കേണമേ! അല്ലാഹുവേ, ജലം കൊണ്ടും ഹിമം കൊണ്ടും ആലിപ്പഴം കൊണ്ടും എന്നെ എന്റെ പാപങ്ങളില്‍നിന്ന് കഴുകി ശുദ്ധിയാക്കേണമേ.
b. സമുദ്രജലം: സമുദ്രജലം ശുചീകരണയോഗ്യമാണെന്ന്് ഹദീഥുകള്‍ പറയുന്നു: ‘അബൂഹുറയ്‌റ(റ) പറയുന്നു: ഒരാള്‍ റസൂല്‍ തിരുമേനിയോട് ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, ഞങ്ങള്‍ സമുദ്രത്തില്‍ സഞ്ചരിക്കും. കുറച്ചുവെള്ളമേ ഞങ്ങള്‍ കൂടെ കൊണ്ടുപോകാറുള്ളൂ. അതുകൊണ്ട് വുദുചെയ്താല്‍ ഞങ്ങള്‍ ദാഹിച്ചുകഷ്ടപ്പെടും. അതിനാല്‍ ഞങ്ങള്‍ കടല്‍വെള്ളംകൊണ്ട് വുദു ചെയ്‌തോട്ടെ?’ അപ്പോള്‍ തിരുമേനി(സ) പറഞ്ഞു: അതിലെ(സമുദ്രത്തിലെ) വെള്ളം ശുചീകരണയോഗ്യവും ശവം(മത്സ്യം) അനുവദനീയവുമാണ്.’
c. സംസം വെള്ളം : മുഹമ്മദ് നബി(സ) ഒരു ബക്കറ്റ് വെള്ളം കൊണ്ടുവരാന്‍ പറഞ്ഞു. എന്നിട്ട് അവിടുന്ന് അതില്‍നിന്ന് കുടിക്കുകയും വുദു എടുക്കുകയും ചെയ്തുവെന്ന അലി(റ)ന്റെ വിശദീകരണമാണ് അതിന് തെളിവ്.
d. തടാകം, വലിയ കുളം, കിണര്‍ എന്നിവയിലെ ജലം പായല്‍കാരണമായോ മറ്റോ നിറവ്യത്യാസം(മഴക്കാലത്തെ കലക്കവെള്ളമുള്‍പ്പെടെ) വന്നിട്ടുണ്ടെങ്കിലും ശുദ്ധജലം എന്ന ഗണത്തില്‍പെടുമെന്നാണ് പണ്ഡിതാഭിപ്രായം.
ഉപയോഗിച്ച വെള്ളം
വുദു, കുളി എന്നിവ നിര്‍വഹിച്ചവരുടെ അവയവങ്ങളില്‍നിന്ന് വേര്‍പെട്ട വെള്ളത്തിനാണ് ഉപയോഗിച്ച വെള്ളമെന്നുപറയുന്നത്. ഇതും കേവലജലം പോലെ തന്നെ ശുദ്ധീകരണയോഗ്യമാണ്. കാരണം , വെള്ളത്തിന്റെ സാക്ഷാല്‍ നിലയനുസരിച്ച് ആദ്യം അത് ത്വഹൂറായിരുന്നുവല്ലോ. ആ നിലയില്‍നിന്ന് അതിനെ മാറ്റിനിര്‍ത്തുന്ന യാതൊരുതെളിവുമില്ല താനും. നബി(സ)യുടെ വുദുവിന്റെ രീതി വിവരിച്ചുകൊണ്ട് മുഅവ്വദിന്റെ മകള്‍ റുബയ്യിഅ് നിവേദനംചെയ്ത ഹദീഥില്‍ ഇപ്രകാരം കാണാം. ‘നബി(സ) വുദു ചെയ്ത് തന്റെ ഇരുകരങ്ങളില്‍ അവശേഷിച്ച വെള്ളംകൊണ്ടാണ് തല തടവിയത്.’
സത്യവിശ്വാസി അശുദ്ധനല്ലെങ്കില്‍ അവനെ സ്പര്‍ശിച്ചതുകൊണ്ടുമാത്രം വെള്ളത്തിന്റെ ശുദ്ധീകരണയോഗ്യത നഷ്ടപ്പെടുന്ന പ്രശ്‌നമില്ല.
ഇബ്‌നുല്‍ മുന്‍ദിര്‍ ഉദ്ധരിക്കുന്നു: ‘ഒരാള്‍ തന്റെ തല തടവാന്‍ മറക്കുന്ന പക്ഷം താടിയില്‍ നനവുണ്ടെങ്കില്‍ അതുകൊണ്ട് തടവിയാല്‍ മതി.’
ശുദ്ധവസ്തു ചേര്‍ന്ന വെള്ളം
സോപ്പ്, കുങ്കുമം, ധാന്യപ്പൊടി തുടങ്ങി വെള്ളവുമായി കലരുന്ന വസ്തുക്കള്‍ ചേര്‍ന്നിട്ടും തനിമയുള്ള വെള്ളം എന്ന പേര് നഷ്ടപ്പെടുത്താത്ത അവസ്ഥ നിലനിര്‍ത്തിയിട്ടുണ്ടെങ്കില്‍ അത് ശുദ്ധീകരണയോഗ്യമായ ജലമാണ്. എന്നാല്‍ ശുദ്ധവെള്ളം എന്ന് പറയാന്‍ കഴിയാത്തവിധം അതിന്റെ നിറമോ,മണമോ, രുചിയോ മാറിയിട്ടുണ്ടെങ്കില്‍ അത് ശുദ്ധീകരണയോഗ്യമല്ല. അത്തരംഘട്ടത്തില്‍ അതിനെ സ്വയം ശുദ്ധിയുള്ളതും മറ്റൊന്നിനെ ശുദ്ധീകരിക്കാന്‍ കഴിയാത്തതുമാണെന്ന് വിഭാഗത്തിലാണ് പെടുത്താന്‍ കഴിയുക.
ഉമ്മു അതിയ്യഃ (റ) പറയുന്നു: ‘റസൂല്‍ (സ) തിരുമേനിയുടെ പുത്രി സൈനബ് (റ) മരണപ്പെട്ടപ്പോള്‍ തിരുമേനി ഞങ്ങളുടെ അടുത്ത് വന്ന് കല്‍പിച്ചു: വെള്ളവും താളിയുമുപയോഗിച്ച് മൂന്നോ നാലോ അഞ്ചോ പ്രാവശ്യം അവളെ കുളിപ്പിക്കുക. വേണമെന്ന് തോന്നുന്നപക്ഷം കൂടുതലുമാകാം. അവസാനത്തെ തവണ അല്‍പം കര്‍പ്പൂരവും ചേര്‍ക്കു. കുളിപ്പിച്ചു കഴിഞ്ഞആല്‍ എന്നെ അറിയിക്കുക. അങ്ങനെ കുളിപ്പിച്ചുകഴിഞ്ഞപ്പോള്‍ ഞങ്ങള്‍ തിരുമേനിയെ അറിയിച്ചു. അപ്പോള്‍ അവിടുന്ന് തന്റെ അരക്കച്ച തന്നുകൊണ്ട് ഇങ്ങനെ പറഞ്ഞു: ഇത് നിങ്ങള്‍ അവള്‍ക്ക് അടിയില്‍ ഉടുപ്പിക്കുക’
മലിനവസ്തു തട്ടിയ വെള്ളം
മാലിന്യം കൊണ്ട് വെള്ളത്തിന്റെ രുചിയോ നിറമോ മണമോ വ്യത്യാസപ്പെട്ടാല്‍ ആ വെള്ളം ശുദ്ധീകരണയോഗ്യമല്ല. അതേസമയം വെള്ളത്തിന്റെ നിറവും രുചിയും മണവും വ്യത്യാസപ്പെട്ടിട്ടില്ലെങ്കില്‍ അത് ശുചീകരണയോഗ്യമാണ്.
കുടിച്ചശേഷം ബാക്കിയായ വെള്ളം
കുടിച്ച് ബാക്കിയായ വെള്ളത്തെ സുഅ്ര്‍(ഉഛിഷ്ടം)എന്നാണ് പറയുക. അത് പലതരത്തിലുണ്ട്.
മനുഷ്യന്‍ കുടിച്ച് ബാക്കിയായത്.മാംസഭുക്കുകള്‍ കുടിച്ച് ബാക്കിയായത്, കഴുത,ഹിംസ്രമൃഗങ്ങള്‍, ഇരപിടിയന്‍ പക്ഷികള്‍ അടക്കമുള്ളവ കുടിച്ച് ബാക്കിയായത്, പൂച്ച കുടിച്ച് ബാക്കിയായത് എന്നീ ഗണത്തില്‍പെട്ടതെല്ലാം ശുചീകരണയോഗ്യമാണ്. എന്നാല്‍ നായയും പന്നിയും കുടിച്ചബാക്കി വെള്ളം മലിനമത്രേ. അത് ശുദ്ധീകരണത്തിന് പറ്റുകയില്ല.
Add Comment