ഇസ്ലാമിന്റെ അടിസ്ഥാനപരമായ ആശയം. സമ്പൂര്‍ണമായ സമര്പണം അവകാശപ്പെടാവുന്ന ഏക അസ്തിത്വം അല്ലാഹു മാത്രമാണ് എന്ന ആശയമാണ് തൗഹീദ്. നിരുപാധികമായ കീഴടങ്ങലും വണക്കവും ആരാധനയും ഉപാസനയും അനുസരണവും അര്‍ഹിക്കുന്ന ഒരേ ഒരു അസ്തിത്വമേയുള്ളൂ. ആ അസ്തിത്വം അനാദിയായിരുന്നു. അനന്തവുമാകുന്നു. ഒരു നിലക്കും തുല്യത കണ്ടെത്താന്‍ കഴിയാത്ത പരമമായ സത്യവും സത്തയും അല്ലാഹുമാത്രമാണ്.
അല്ലാഹു ഏകനാകുന്നു. അവന് അനാദിയാണ്. അനന്തമായി നിലനില്ക്കുന്നവനുമാണ്. എല്ലാം അവനില്‍ നിന്നുണ്ടാകുന്നു. എല്ലാം അവനിലേക്ക് മടങ്ങുകയും ചെയ്യുന്നു. ‘അല്ലാഹു’ എന്ന സ്രോതസ്സിലേക്ക് കേന്ദ്രീകരിക്കപ്പെടാത്ത ഏതുതരം ഭവ്യതയും കീഴടങ്ങലും അര്‍പ്പണവും ഉപാസനയും പ്രയാണവും തൗഹീദ് എന്ന ആശയത്തിന്റെ താല്പര്യത്തിന് നിരക്കാത്തതായിരിക്കും.
സ്രഷ്ടാവും നിയന്താവും പരിപാലകനുമായ ദൈവം തന്റെ സത്തയിലും ഗുണങ്ങളിലും പ്രവൃത്തികളിലുമെല്ലാം അതുല്യനാണ് എന്ന് മനസ്സിലാക്കലാണ് തൗഹീദിന്റെ പ്രഥമ താല്പര്യം. ഇപ്പറഞ്ഞതിനെ യഥാക്രമം സത്തയിലുള്ള തൗഹീദ്, വിശേഷങ്ങളിലുള്ള തൗഹീദ്, പ്രവൃത്തികളിലുള്ള തൗഹീദ് എന്നിങ്ങനെ പരിചയപ്പെടുത്തിയിട്ടുണ്ട്. ദൈവത്തിന്റെ സത്തയോട് ഒരു തരത്തിലുള്ള സമാനതയും വേറൊന്നിനും കല്പിച്ചുകൊടുത്തുകൂടാ. അവന് സമമായും സമാന്തരമായും തുല്യമായും ഉപമയായും ഒന്നുംതന്നെയില്ല എന്ന് അറിയുന്നതിലൂടെ ഒരാള്‍ വിശ്വാസം കൊണ്ട് ഏകത്വവാദി(മുവഹ്ഹിദ്) ആയിത്തീരുന്നു.
ഇസ് ലാമികവിശ്വാസത്തിന്റെ മൂലപ്രമാണമാണ് തൗഹീദ്. ഇസ്ലാം അതിന്റെ ലോകവീക്ഷണം പടുത്തുയര്‍ത്തിയിരിക്കുന്നത് ഉദാത്തമായ ഈ ആശയത്തിന്റെ അടിത്തറയിലാണ്. ഏക സ്രോതസ്സില്‍നിന്ന് ഏകസ്രോതസ്സിലേക്ക് എന്ന അടിസ്ഥാനാശയത്തില്‍ ഊന്നിനിന്നുകൊണ്ട് ഏകലോകത്തെയാണ് അത് ലക്ഷ്യമാക്കുന്നത്. ‘ഏകം ‘എന്നതിനെ അംഗീകരിക്കുകയും അനേകം, അനൈക്യം എന്നിവയിലധിഷ്ഠിതമായ വ്യവസ്ഥകളെയും ദര്‍ശനങ്ങളെയും നിരാകരിക്കുക എന്നതാണ് തൗഹീദിന്റെ ലക്ഷ്യം.
പ്രകൃതിയുടെ അടിസ്ഥാന തത്ത്വം തൗഹീദാണ്. അതാണ് പ്രകൃതി മതം. പ്രകൃതിയുടെ പ്രയാണവും വളര്‍ച്ചയും ഈ ആശയത്തെ ഉള്‍ക്കൊണ്ടുകൊണ്ടാണ്.
മനുഷ്യന്റെ ധിഷണ അംഗീകരിച്ചുതരുന്ന ഒരേ ഒരു ലോകവീക്ഷണം തൗഹീദിന്റെ ലോകവീക്ഷണമാണ്. എല്ല വിശുദ്ധമായ മതങ്ങളുടെയും സത്തയില്‍ ഈ ആശയം അന്തര്‍ലീനമായിരിക്കുന്നു. മനുഷ്യന്റെ ബുദ്ധിയും ചിന്തയും അന്വേഷിച്ചുകൊണ്ടിരിക്കുന്ന സത്യത്തെ ഈ വിശുദ്ധമായ ആശയത്തില്‍ കണ്ടെത്താന്‍ കഴിയുന്നു.
Add Comment