ദര്‍ശനം

എളുപ്പമാണീ ദീന്‍; പ്രയാസമല്ല

എന്റെ ഒരു സഹോദരസമുദായത്തില്‍പെട്ട സുഹൃത്തുമായി ഈയടുത്ത് നടന്ന ഒരു സംഭാഷണം ഞാനോര്‍ക്കുകയാണ്. ഒരു ഇസ്‌ലാമിസമ്മേളനം കഴിഞ്ഞ് മടങ്ങി വന്നപ്പോഴാണ് ഞാന്‍ അവരെ കണ്ടത്. ഇസ്‌ലാമികസമ്മേളനം കഴിഞ്ഞു മടങ്ങി വരുന്നതാണെന്നറിഞ്ഞപ്പോള്‍ തെല്ലൊരു ഈര്‍ഷ്യയോടെ അവര്‍ പറഞ്ഞു:’ തീവ്രവാദത്തെയും മറ്റും ഇതു പോലെ ആരെങ്കിലും പ്രോത്സാഹിപ്പിക്കുമോ?’
അവരുടെ വര്‍ത്തമാനം കേട്ടപ്പോള്‍ എനിക്ക് ചിരിപൊട്ടിയെങ്കിലും കാര്യം ഗൗരവമുള്ളതാണെന്നും അവരുടെ തെറ്റിദ്ധാരണ നീക്കിക്കളയുണമെന്നും ഞാന്‍ ആഗ്രഹിച്ചു. ഇത്തരം കോണ്‍ഫറന്‍സ് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതല്ലെന്നും അതിനെതിരാണെന്നും ഞാന്‍ അവരോടു പറഞ്ഞു.

ഇസ്‌ലാം എന്നു കേള്‍ക്കുന്നമാത്രയില്‍ അത് തീവ്രവാദമാണെന്ന് സാധാരണജനങ്ങള്‍ പോലും ധരിച്ചുവശായിരിക്കുന്നുവെന്നത് എത്രമാത്രം ഗൗരവതരമാണെന്ന് ഞാന്‍ ചിന്തിച്ചുപോയി. സത്യത്തില്‍ ഇസ്‌ലാം എന്ന മതത്തിന്റെ അടിസ്ഥാന സങ്കല്‍പ്പങ്ങളില്‍ ഒന്നാണ് അതിന്റെ മധ്യമവും മിതവുമായ നിലപാടുകള്‍ എന്നിരിക്കെ ഈ മതത്തിനെ തീവ്രവാദത്തോടും ഭീകരവാദത്തോടും ചേര്‍ത്തു കെട്ടി പറയുന്നുവെന്നത് ഒരു വലിയ പോരായ്മയായി എനിക്കു തോന്നി. ‘ഇവ്വിധം നാം നിങ്ങളെ (മുസ്‌ലിംകളെ) ഒരു മിതസമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ലോക ജനങ്ങള്‍ക്കു സാക്ഷികളാകാന്‍വേണ്ടി; ദൈവദൂതന്‍ നിങ്ങള്‍ക്ക് സാക്ഷിയാകാന്‍ വേണ്ടിയും.’പരിശുദ്ധ ഖുര്‍ആന്‍ ഉപയോഗിച്ചിട്ടുള്ള വസത്വ് എന്ന അറബി പദത്തിന് ‘സന്തുലിതം, നീതിപൂര്‍വകം, മധ്യമം, മിതമായത്, ഏറ്റവും നല്ലത് ‘എന്നീ അര്‍ത്ഥങ്ങളെല്ലാമുണ്ട്.

മുസ്‌ലിംകള്‍ മധ്യമനിലപാടും മിതത്വവും സന്തുലിതത്വവും കൈക്കൊള്ളുന്ന ഒരു സമൂഹമായിരിക്കണമെന്നാണ് അല്ലാഹു അതുവഴി ആവശ്യപ്പെടുന്നത്.
മധ്യമനിലപാട് എന്താണെന്നു മനസ്സിലാക്കാനുള്ള ഏറ്റവും നല്ല വഴി അതിന്റെ വിപരീതം എന്താണെന്നു പഠിച്ചാല്‍ മതി. ഏറ്റവും ചൊവ്വായതിന്റെയും യുക്തിപരമായതിന്റെയും അടുത്തു വരാത്ത ഒന്നാണ് തീവ്രവാദം. ചിലര്‍ ഇസ്‌ലാമിനെ വളരെ ലഘുവായും സ്വതന്ത്രമായും മനസ്സിലാക്കുന്നു. മറ്റു ചിലര്‍ അതിനെ ഏറ്റവും തീവ്രവികാരത്തോടെ മനസ്സിലാക്കുന്നു. ഈ രണ്ടിന്റെയും ഇടയിലാണ് മധ്യമനിലപാട്.

പ്രവാചകന്‍ തിരുമേനിയുടെ ജീവിത രീതി പഠിക്കാന്‍ വന്ന മൂന്ന് സ്വഹാബികളുടെ കഥയാണ് ഓര്‍മ്മ വരിക. പ്രവാചക പത്‌നി ആയിശ (റ) പറഞ്ഞതനുസരിച്ച് അവര്‍ തിരുമേനിയുടെ ജീവിതത്തെ കുറിച്ച് മനസ്സിലാക്കിയപ്പോള്‍, അവര്‍ ഓരോരുത്തരും സ്വയം പ്രതിജ്ഞയെടുത്തു. പ്രവാചകന്‍ തിരുമേനി അല്ലാഹുവിന്റെ റസൂലാണ്. അവിടുന്നിന് അത്രയും ചെയ്താല്‍ മതി, നാം അങ്ങനെയാണോ? ഒരാള്‍ എല്ലാ ദിവസവും നോമ്പെടുക്കാനും മറ്റെയാള്‍ രാത്രി മുഴുവന്‍ നിന്നു നമസ്‌ക്കരിക്കാനും മൂന്നാമന്‍ ബ്രഹ്മചര്യം സ്വീകരിക്കാനും പ്രതിജ്ഞ ചെയ്യുകയുമാണ് ചെയ്തത്. എന്നാല്‍, ഈ സംഭവത്തെ കുറിച്ചറിഞ്ഞപ്പോള്‍ തിരുമേനി അവരെ വിളിച്ചു പറഞ്ഞു.

‘അല്ലാഹുവാണ, ഞാനാണ് നിങ്ങളില്‍ അല്ലാഹുവിനെ ഏറ്റവും ഭയപ്പെടുന്നതും ഏറ്റവും കൂടുതല്‍ അറിയുന്നവനും. ഞാന്‍ ചിലപ്പോള്‍ നോമ്പെടുക്കുന്നു. മറ്റു ചിലപ്പോള്‍ നോമ്പെടുക്കാതിരിക്കുന്നു. ഞാന്‍ രാത്രി നിന്നു നമസ്‌കരിക്കുന്നു. കിടന്നുറങ്ങുകയും ചെയ്യുന്നു. ഞാന്‍ വിവാഹം കഴിക്കുകയും ഭാര്യമാരുമായി ബന്ധം പുലര്‍ത്തുകയും ചെയ്യുന്നു. ആര് എന്റെ ഈ ചര്യ മുറുകെപ്പിടിക്കുന്നില്ലയോ അവന്‍ എന്നില്‍പ്പെട്ടവനല്ല’. (അല്‍ബുഖാരി)

പ്രവാചകന്‍ തിരുമേനി (സ) അതിലൂടെ തന്റെ അനുചരന്‍മാരെ ഒരു കാര്യത്തിലും തീവ്രതയുള്ളവരാകരുതെന്നു പഠിപ്പിക്കുകയായിരുന്നു . മിതത്വത്തിന്റെയും സന്തുലിതത്ത്വത്തിന്റെയും ആളുകളാകാന്‍ ഉപദേശിക്കുകയായിരുന്നു. തിരുമേനിയുടെ മുമ്പില്‍ രണ്ട് കാര്യങ്ങള്‍ വരുമ്പോള്‍ അവയില്‍ (ഇസ്‌ലാം വിലക്കാത്തതാണെങ്കില്‍)ഏറ്റവും എളുപ്പമുള്ളതായിരുന്നു അവിടന്ന് സ്വീകരിച്ചിരുന്നത്. .
ഇസ്‌ലാം വ്യക്തിയുടെ മേല്‍ ചുമത്തുന്ന ബാധ്യതകള്‍ ഒരു മനുഷ്യന്റെയും കഴിവിന്നപ്പുറത്തുള്ളതല്ല. തങ്ങളുടെ കഴിവും പ്രാപ്തിയും കണക്കിലെടുത്തേ ഏതൊരാള്‍ക്കും കര്‍മങ്ങള്‍ ചെയ്യേണ്ടതുള്ളു. അത്തരം ഇളവുകള്‍ ഇസ്‌ലാം അനുവദിച്ചിട്ടുണ്ട്.
ഒരു വ്യക്തിയുടെ ബാധ്യതഅല്ലാഹുവില്‍ വിശ്വസിക്കുകയും അവനോടു മാത്രം പ്രാര്‍ത്ഥിക്കുകയും മറ്റുള്ളവരോടു നല്ല നിലയില്‍ വര്‍ത്തിക്കുകയും ചെയ്യുക എന്നതാണ്, നമസ്‌കാരം, നോമ്പ്, സകാത്ത് തുടങ്ങി വൈയക്തികബാധ്യതകള്‍ക്കപ്പുറത്തുള്ള മറ്റു ഉത്തരവാദിത്തങ്ങള്‍ ഒരാള്‍ നിര്‍വഹിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അവന്‍ പ്രവാചകന്‍ തിരുമേനിയുടെ ഉപദേശം ഓര്‍ത്തിരിക്കട്ടെ.

ഒരിക്കല്‍ പ്രവാചകന്‍ തിരുമേനി (സ) പറഞ്ഞു. ‘തന്റെ സല്‍കര്‍മങ്ങള്‍ കൊണ്ടുമാത്രം ഒരാള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല.’
അപ്പോള്‍ ഒരാള്‍ ചോദിച്ചു. അവിടുന്നും അങ്ങനെത്തന്നെയോ?
തിരുമേനി പറഞ്ഞു:’ഞാനാണെങ്കിലും ശരി, അല്ലാഹു അവന്റെ കാരുണ്യം എന്റെ മേല്‍ വര്‍ഷിച്ചിട്ടല്ലാതെ’.
അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമെന്താണെന്ന് ആയിശ (റ) തിരുമേനിയോടു ചോദിച്ചപ്പോള്‍, തിരുമേനി പറഞ്ഞു:
‘നിത്യവും പതിവായി ചെയ്യുന്ന സല്‍കര്‍മങ്ങളാണ് അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട പ്രവര്‍ത്തനള്‍. അതെത്ര കുറവാണെങ്കിലും ശരി.’
തിരുമേനി ഊന്നിപ്പറഞ്ഞ ഒരു കാര്യം ഇങ്ങനെയാണ് :സല്‍കര്‍മങ്ങള്‍ വളരെ ഭംഗിയായും ആത്മാര്‍ത്ഥമായും മിതമായും ചെയ്യുക. എപ്പോഴും ഒരു മധ്യമവും സന്തുലിതവുമായ ഒരു പതിവു രീതി സ്വീകരിക്കുക. അതു വഴി തീര്‍ച്ചയായും നിങ്ങള്‍ ലക്ഷ്യ(സ്വര്‍ഗ)ത്തില്‍ എത്തിച്ചേരും.

മര്‍വ അബ്ദുല്ല

About the author

padasalaadmin

Add Comment

Click here to post a comment

Topics