മനുഷ്യരെല്ലാവരും ഏകദൈവത്തിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് പരസ്പരം സ്‌നേഹത്തോടെ കഴിയണമെന്നാണ് ഇസ്‌ലാം ഉദ്ദേശിക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാ ദൈവവിശ്വാസികളും ഏക സാഹോദര്യത്തിന്‍ കീഴിലാണെന്നാണ് അതുദ്‌ഘോഷിക്കുന്നത്. ജൂതന്‍മാരും ക്രൈസ്തവരും തമ്മില്‍ വളരെ രൂക്ഷമായ സംഘര്‍ഷത്തിന്റെ നാളുകള്‍ കഴിച്ചുകൂട്ടിയെന്നും ഇരുമതസ്ഥരും കടുത്ത അസഹിഷ്ണുക്കളായിരുന്നുവെന്നും ചരിത്രം നമ്മോട് പറയുന്നുണ്ട്്. എന്നാല്‍ ഇസ്‌ലാം അതിന്റെ വിശ്വാസികളോട് , മുന്‍കഴിഞ്ഞ സമൂഹങ്ങളിലവതരിച്ച എല്ലാ വേദഗ്രന്ഥങ്ങളിലും പ്രവാചകന്‍മാരിലും വിശ്വസിക്കണമെന്ന് നിബന്ധനവെച്ചു. അതുകൊണ്ടുതന്നെ ഇസ്‌ലാമിന്റെ മതസഹിഷ്ണുത മാനവരാശിക്ക് ഒരു സമ്മാനമാണ്.
‘വിശ്വസിച്ചവരേ, അല്ലാഹു തന്റെ ദൂതന്ന് അവതരിപ്പിച്ചുകൊടുത്ത വേദഗ്രന്ഥം, അതിന് മുമ്പ് അവനവതരിപ്പിച്ച വേദപുസ്തകം എല്ലാറ്റിലും നിങ്ങള്‍ വിശ്വസിക്കുക. അല്ലാഹുവിലും അവന്റെ മലക്കുകളിലും വേദങ്ങളിലും ദൂതന്‍മാരിലും അന്ത്യദിനത്തിലും വിശ്വസിക്കാത്തവര്‍ ഉറപ്പായും ദുര്‍മാര്‍ഗത്തില്‍ ഏറെ ദൂരം പിന്നിട്ടിരിക്കുന്നു'(അന്നിസാഅ് 136).
അപ്പോള്‍ ദൈവേഛക്ക് പൂര്‍ണമായും വഴങ്ങുക എന്നതാണ് യഥാര്‍ഥ മതം. ഇതിന് അറബിയില്‍ ‘ഇസ്‌ലാം’ എന്നാണുപയോഗിച്ചിരിക്കുന്നതത്. അര്‍ഥമാകട്ടെ , സമാധാനമെന്നും. പേരുതന്നെ മതത്തിന്റെ അന്തസ്സത്തയെ കുറിക്കുന്നു. ഖുര്‍ആന്റെ വിവരണമനുസരിച്ച്,അതുവരെ സമാഗതമായ പ്രവാചകന്‍മാരൊക്കെത്തന്നെയും ഏകനായ അല്ലാഹുവിന് കീഴൊതുങ്ങി അവന്റെ നിയമങ്ങളനുസരിച്ച് ജീവിക്കണം എന്ന പൊതുസന്ദേശമാണ് എല്ലാവര്‍ക്കും നല്‍കിയത്. ഏകദൈവത്തില്‍ വിശ്വസിക്കുന്ന, എല്ലാം ദൈവേഛക്ക് വിധേയമാക്കുന്ന വ്യക്തികളെ അതിനാല്‍തന്നെ മുസ്‌ലിംകള്‍ എന്ന് വിളിക്കുന്നു.
എല്ലാ പ്രവാചകന്‍മാരും അവരുടെ അനുയായികളും ഒരൊറ്റ സമുദായമെന്ന് വിളിക്കപ്പെട്ടു: ‘നിങ്ങളുടെ ഈ സമുദായം സത്യത്തില്‍ ഒരൊറ്റ സമുദായമാണ്. ഞാന്‍ നിങ്ങളുടെ നാഥനും. അതിനാല്‍ നിങ്ങളെനിക്ക് മാത്രം വഴിപ്പെടുക'(അല്‍അമ്പിയാഅ് 92).
ദൈവത്തിന് മാത്രം വഴിപ്പെടുക ഇതായിരുന്നു പ്രവാചകന്‍മാരുടെ അടിസ്ഥാന സന്ദേശം. ഇസ്‌ലാം എന്ന പദം മുഹമ്മദ് നബി(സ)യിലും അദ്ദേഹത്തിന്റെ അനുയായികളിലും മാത്രം പരിമിതപ്പെട്ട ഒന്നല്ല. നബിക്കുമുമ്പുള്ള യഹൂദ- ക്രൈസ്തവ മുന്‍ഗാമികളെയും ഒരു വൈമനസ്യവും കൂടാതെ സഹവിശ്വാസികളായിക്കരുതി പരിഗണിച്ചിരുന്നു. മനുഷ്യരാശിയുടെ മതത്തിന് ഇതിനെക്കാള്‍ നല്ലൊരു നാമം നല്‍കാനില്ല.
ബര്‍ണാഡ് ലൂയിസ് പറയുന്നു: ഏഷ്യയില്‍നിന്ന് വിദൂരസ്ഥമായ പ്രദേശങ്ങളിലെ സംസ്‌കാരങ്ങളുമായി ആദാനപ്രദാനങ്ങള്‍ വഴി ഒരു ബഹുവംശ-സംസ്‌കാര-ഭൂഖണ്ഡാന്തര സമൂഹത്തെ ആദ്യമായി സൃഷ്ടിച്ചത് ഇസ്‌ലാമാണ്.
സയ്യിദ് ഹാശിം അലി
Add Comment