വിശുദ്ധഖുര്ആന് പണ്ഡിതോചിതമായ ഇംഗ്ലീഷ് വിവര്‍ത്തനവും ബൗദ്ധികമായ വ്യാഖ്യാനവും നല്‍കുക വഴി ഇസ്ലാമിക ലോകത്തെ മഹനീയ വ്യക്തിത്വങ്ങളില്‍ മഹസ്ഥാനീയനാണ് അബ്ദുല്ല യൂസുഫ് അലി. മില്യണ്‍ കണക്കിന് മുസ്ലിംകളുടെ കൃതജ്ഞതയും സ്തുതിഘോഷങ്ങളും അദ്ദേഹം സമ്പാദിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷയിലുള്ള അദ്ദേഹത്തിന്റെ അസാമാന്യ വൈദഗ്ധ്യവും ആകര്‍ഷണീയവുമായ പ്രയോഗങ്ങളും വിശുദ്ധഖുര്ആനില് അടങ്ങിയിരിക്കുന്ന ഉദ്ധരണികളുടെയും വിവരങ്ങളുടെയും അനുബന്ധങ്ങള്‍ കണ്ടെത്തുന്നതിലുള്ള അസാമാന്യധിഷണാപാടവും മറ്റു കഴിവുകളുമാണ് അദ്ദേഹത്തെ അതിന് പ്രാപ്തനാക്കിയത്.
വിശുദ്ധഖുര്ആന് അദ്ദേഹം രചിച്ച ഇംഗ്ലീഷ് വിവര്‍ത്തനങ്ങളും വ്യാഖ്യാനവും വായിച്ച ധാരാളം അമുസ്ലിംകള് അതുവഴി ഇസ്ലാം ആശ്ലേഷിക്കാന്‍ പ്രചോദിതരായിട്ടുണ്ട്. വ്യത്യസ്തരാജ്യങ്ങളില്‍നിന്ന് ഒട്ടേറെ പ്രസാധകര് അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ പതിപ്പുകള്‍ പ്രസിദ്ധീകരിച്ചുകൊണ്ട് വലിയ ലാഭം നേടിയിട്ടുണ്ട്. പ്രത്യേകിച്ചും ഖുര്‍ആന്‍ വിവര്‍ത്തനത്തിന്റെയും വ്യാഖ്യാനത്തിന്റെയും ഗ്രന്ഥങ്ങളായിരുന്നു വിറ്റഴിക്കപ്പെട്ടവയിലധികവും. പക്ഷേ , ഈ ജ്ഞാനഭക്തന്റെ അന്ത്യനാളുകള്‍ മുസ്ലിംസമുദായത്തിന് എന്നും ദുഃഖസ്മരണയായി നിലകൊള്ളും. കാരണം 1956ല്‍ ലണ്ടനില്‍ വെച്ച് നിസ്വനും നിസ്സഹായനുമായി അദ്ദേഹം മരിക്കുമ്പോള്‍ ഒരു മുസ്ലിംപോലും അദ്ദേഹത്തിന്റെ അടുക്കല്‍ ഉണ്ടായിരുന്നില്ല. ബ്രിട്ടനിലെ പാകിസ്താന് ഹൈക്കമ്മീഷണര്‍ പാക്കിസ്താന് പ്രധാനമന്ത്രിക്കയച്ച കത്തിലൂടെയാണ് അബ്ദുല്ലാ യൂസുഫ് അലിയുടെ മരണത്തെക്കുറിച്ചുള്ള ദുരന്തകഥ പുറംലോകമറിയുന്നത്.
വിദ്യാഭ്യാസവും ഔദ്യോഗികജീവിതവും
142 വര്‍ഷം മുമ്പ് ഇന്ത്യയിലാണ് അബ്ദുല്ലാ യൂസുഫ് അലി ജനിച്ചത്. അദ്ദേഹത്തിന്റെ വിദ്യാഭ്യാസജീവിതം ആരംഭിക്കുന്നത് മുംബൈയിലുള്ള വില്‍സണ്‍ കോളേജില്‍ വെച്ചാണ്. അവിടെനിന്ന് അദ്ദേഹം കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്ന് എം.എ. ബിരുദവും നിയമത്തില്‍ മാസ്റ്റര്‍ ബിരുദവും നേടി. പിന്നീട് ലണ്ടനില്‍ വെച്ച് ‘Barrister Act Law’ എന്ന ബിരുദവും കരസ്ഥമാക്കി. അദ്ദേഹം അറബി ഭാഷ പഠിച്ചത് പിതാവില്‍നിന്നാണ്. പ്രസിദ്ധരും സമകാലികരും മുന്‍ഗാമികളുമായ വ്യാഖ്യാതാക്കള്‍ രചിച്ച ഗ്രന്ഥങ്ങള്‍ പഠിക്കുന്നതില്‍ ജീവിതത്തിലുടനീളം അദ്ദേഹം ബദ്ധശ്രദ്ധനായി.
ICSC യുടെ മത്സരപരീക്ഷ പൂര്‍ത്തിയാക്കിയതിന് ശേഷം 1895-ല്‍ അദ്ദേഹം ഇന്‍ഡ്യയില്‍ സിവില്‍ സര്‍വീസില്‍ പ്രവേശിച്ചു. ജില്ലാ മജിസ്ട്രേറ്റായും ജില്ലാ ജഡ്ജിയായും വ്യത്യസ്തപ്രദേശങ്ങളില്‍ അദ്ദേഹം നിയമിതനായി. ഇന്ത്യാഗവണ്മെന്റിന്റെ ധനകാര്യമന്ത്രാലയത്തില്‍ അണ്ടര്‍ സെക്രട്ടറിയായിരുന്നു അദ്ദേഹം. കേന്ദ്രഭരണസമിതിയുടെ ജോയിന്റ് സെക്രട്ടറി എന്ന ഉത്തരവാദിത്തവും അദ്ദേഹത്തിന് നല്കപ്പെട്ടിരുന്നു. 1914-ല്‍ ഇന്ത്യന്‍ സിവില്‍ സര്‍വീസില്‍നിന്ന് അദ്ദേഹം വിരമിച്ചു. പിന്നീടുള്ള അദ്ദേഹത്തിന്റെ സംഭവബഹുലമായ ഔദ്യോഗിക ജീവിതത്തെക്കുറിച്ച് ഇസ്ലാമിക് എന്‍സൈക്ലോപീഡിയയുടെ ഒന്നാം ഭാഗം ലഘുവിവരണം നല്‍കുന്നുണ്ട്.
1910-ല്‍ നാഗ്പൂരിലും 1932-ല്‍ കൊല്‍ക്കൊത്തയിലും സംഘടിപ്പിക്കപ്പെട്ട ഓള് ഇന്ത്യ മുസ്ലിം എജ്യൂക്കേഷനല്‍ കോണ്‍ഫറന്‍സില്‍ അദ്ദേഹം ആധ്യക്ഷം വഹിച്ചു. 1916-ല്‍ അദ്ദേഹം ഇംപീരിയല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഇന്ത്യന്‍ അഫയേഴ്സ് കമ്മറ്റിയില്‍ അംഗമായി. ചില പ്രത്യേക സഭകളുടെ ചെയര്മാന് സ്ഥാനവും അദ്ദേഹം അലങ്കരിച്ചിരുന്നു. 1917-ല്‍ ലണ്ടന്‍ യൂണിവേഴ്സിറ്റിയുടെ ഓറിയെന്റല്‍ സ്റ്റഡീസിന് കീഴില്‍ പ്രഫസറായി നിയമിക്കപ്പെട്ടു.
1921-ല്‍ ഹൈദരാബാദിലെ ധനകാര്യ മന്ത്രാലയത്തിലും അദ്ദേഹം ജോലിചെയ്തു. 1925-ല്‍ ലാഹോര്‍ ഇസ്ലാമിയ കോളേജില്‍ പ്രിന്‍സിപ്പലായി. പഞ്ചാബ് യൂണിവേഴ്സിറ്റിയുടെ ഫെലോ ആയിരിക്കെ അദ്ദേഹം അലിഗഢ് യൂണിവേഴ്സിറ്റിയിലെ കോര്‍ട്ടിലെ മെമ്പറെന്ന നിലയില്‍ സുപ്രധാനമായ ഉത്തവാദിത്തവും ഭംഗിയായി നിര്‍വഹിച്ചു. 1928-ല്‍ ലീഗ് ഓഫ് നേഷന്‍സിന്റെ ഒമ്പതാമത്തെ ജനറല്‍ അസംബ്ലി മീറ്റിങില്‍ സന്നിഹിതരായ ഇന്ത്യന്‍ പ്രതിനിധികളില്‍ ഒരാള്‍ അദ്ദേഹമാണ്. മതത്തിലൂടെ സമാധാനം സ്ഥാപിക്കാനായി 1818 മുതല്‍ 1930 വരെ ഡെന്മാര്ക്കിലും സ്വീഡനിലും നോര്‍വെയിലും ഹോളണ്ടിലും അമേരിക്കയിലും സംഘടിപ്പിക്കപ്പെട്ട അന്തര്‍ദേശീയ സമ്മേളനത്തില്‍ അദ്ദേഹം മൂല്യവത്തായ സംഭാവനകള്‍ അര്‍പ്പിച്ചു.
ഡോ. എ.എഫ് .ഖാലിദ് ഹുസൈന്
Add Comment