Dr. Alwaye Column

സ്ത്രീയും പുരുഷനും: അവകാശങ്ങളിലും ബാധ്യതകളിലുമുള്ള തുല്യത

സ്ത്രീയുടെ പ്രശ്‌നങ്ങളോട് മുഖംതിരിഞ്ഞ് നില്‍ക്കുന്ന ഏതൊരു വ്യവസ്ഥയും ഭരണഘടനയും അത് വേദാധിഷ്ഠിതമാക്ടടെ, മനുഷ്യനിര്‍മിതമാകട്ടെ, പൊതുസ്വഭാവമുള്ളതാകട്ടെ, സവിശേഷസ്വഭാവമുള്ളതാകട്ടെ ഒരിക്കലും പൂര്‍ണതയിലെത്തുകയില്ല. കാരണം സമൂഹത്തിന്റെ പകുതിയാണല്ലോ സ്ത്രീ. മനുഷ്യപ്രകൃതത്തിനും വിശ്വപ്രകൃതത്തിനും പൊരുത്തപ്പെടുന്നതും തൃപ്തിപ്പെടുന്നതുമായ ഒരു പരിഹാരം സ്ത്രീവിഷയങ്ങളുടെ കാര്യത്തിലെടുക്കാന്‍ കഴിയാത്ത ഒരു ദര്‍ശനത്തിനും പിടിച്ചുനില്‍ക്കാനാവില്ല. അതുപോലെത്തന്നെ സ്ത്രീയുടെയും പുരുഷന്റെയുമിടയില്‍ ചില കാര്യങ്ങളില്‍ വ്യക്തമായ വ്യത്യാസങ്ങളുണ്ട്. കഴിവുകളുടെയും അനുഭവങ്ങളുടെയും നിലപാടുകളുടെയും കാര്യത്തില്‍ അന്തരങ്ങളുണ്ട്. ഇവയെല്ലാം പരിഗണിച്ചുകൊണ്ട് പുരുഷന്റേതില്‍നിന്ന് വ്യത്യസ്തമായ ഒരു രീതിശാസ്ത്രം സ്ത്രീ വിഷയങ്ങളില്‍ സ്വീകരിക്കാന്‍ കഴിയാത്ത ഏതൊരു ദര്‍ശനവും പരാജയപ്പെടും.
മുകളില്‍ പറഞ്ഞ പ്രസ്താവനയുടെ വെളിച്ചത്തില്‍ ഏതുകാലത്തിനും ഏതു ദേശത്തിനും എല്ലാ വിധത്തിലും ശാശ്വതികത്വമുള്ളതുമായ ഇസ്‌ലാമിന്റെ വിശ്വഭരണഘടനയെ നാം പരിശോധിച്ചാല്‍ സ്ത്രീവിഷയങ്ങളോടും പ്രശ്‌നങ്ങളോടും പ്രകൃതിയുക്തവും നീതിപൂര്‍വകവുമായ പരിഹാരം അത് നിര്‍ദേശിക്കുന്നതായി നമുക്ക് കണ്ടെത്താനാകും. സ്ത്രീയുടെ കൈക്ക് പിടിച്ച് അവള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയും ശിക്ഷണപരിശീലനം കൊടുക്കുകയും ചെയ്യുന്ന ഇസ്‌ലാം ബാധ്യതകളുടെയും ഉത്തരവാദിത്വങ്ങളുടെയും കാര്യത്തില്‍ പുരുഷന്റെ വിതാനത്തിലേക്കെത്തിക്കുകയാണ് ചെയ്യുന്നത്. പുരുഷന് നിശ്ചയിച്ചുകൊടുത്തതുപോലെ സ്ത്രീക്കും ഇസ്‌ലാം ദേശീയമായ ഉത്തരവാദിത്തങ്ങളും സാമൂഹികമായ അവകാശങ്ങളും വകവെച്ചുകൊടുക്കുന്നുണ്ട്.

അതോടൊപ്പം തന്നെ സ്ത്രീയുടെയും പുരുഷന്റെയുമിടയിലെ ശേഷികളുടെയും ക്ഷമതകളുടെയും കാര്യത്തിലുള്ള സ്വാഭാവികമായ ഏറ്റക്കുറച്ചിലുകള്‍ക്കും ഇസ് ലാം അടിവരയിടുന്നുണ്ട്. അരാജകത്വവും കുഴപ്പവും ഇഷ്ടപ്പെടാത്ത ഇസ്‌ലാം സ്്ത്രീ-പുരുഷ ലിംഗത്തില്‍പെട്ടവര്‍ക്കായി നിശ്ചയിച്ചിട്ടുള്ള സവിശേഷമായ അതിരുകള്‍ ലംഘിക്കപ്പെടുന്നത് ഒരിക്കലും ഇഷ്ടപ്പെടുന്നില്ല.

ഇസ്‌ലാമിന്റെ വിഭാവനയില്‍ വീടാണ് എനിക്ക് രാജ്യം. ജന്‍മദേശം വലിയ രാജ്യവും . പുതിയ തലമുറയും നാളെയുടെ യുവത്വവും വളര്‍ന്നുവലുതാകുന്നത് ചെറിയ രാജ്യത്താണ്. വളര്‍ന്നുവരുന്ന തലമുറയുടെ ശിക്ഷണത്തിലും വീടിന്റെ ആഭ്യന്തരകാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധയൂന്നാനാണ് സ്ത്രീയോട് ഇസ്‌ലാം അനുശാസിക്കുന്നത്. പൊതുകാര്യങ്ങളിലുള്ള ഇടപെടലിനേക്കാള്‍ സ്ത്രീക്കു പ്രധാനപ്പെട്ടത് വീടിന്റെ ആഭ്യന്തര കാര്യങ്ങളാണ്. വീടിന് പുറത്തുള്ള വിഷയങ്ങള്‍ , രാജ്യകാര്യങ്ങള്‍ , രാഷ്ട്രീയപ്രശ്‌നങ്ങള്‍ എന്നിവയില്‍ ശ്രദ്ധയൂന്നേണ്ടത് പ്രധാനമായും പുരുഷന്‍മാരാണ്. വീടിനെ സംബന്ധിച്ചിടത്തോളം ഭൗതികവും സാംസ്‌കാരികവുമായി താന്‍ നിര്‍വഹിക്കേണ്ട ഉത്തരവാദിത്തങ്ങള്‍ക്ക് പുറമെയാണിത്. രാജ്യകാര്യങ്ങളില്‍ വിവിധതലങ്ങളില്‍ ഇടപെടുന്നതിലൂടെയുണ്ടാകുന്ന അനുഭവങ്ങളുടെയും അവസരലഭ്യതയുടെയും അടിസ്ഥാനത്തില്‍ ഗാര്‍ഹികേതര ശേഷീക്ഷമതകളില്‍ ചിലതിലെല്ലാം സ്ത്രീയേക്കാള്‍ പ്രകൃതിപരമായി മുന്നില്‍ നില്‍ക്കുന്നത് പുരുഷനാണ്. സ്ത്രീനേരിടുന്ന പ്രകൃതിപരമായ പല തടസ്സങ്ങളും പുരുഷന് നേരിടേണ്ടിവരുന്നില്ല എന്നതും ഒരു വസ്തുതയാണ്.

മാനവീയമായ സമസ്ത അവകാശങ്ങളിലും സ്ത്രീ പുരുഷന്‍മാര്‍ക്കിടയില്‍ തുല്യത ഉറപ്പുവരുത്തിയ ഇസ്‌ലാമിക ദര്‍ശനം അവര്‍ക്കിടയിലെ പ്രകൃതിപരമായ ഏറ്റക്കുറച്ചിലുകള്‍ അടിവരയിട്ടുപറഞ്ഞത് അതുകൊണ്ടാണ്.
‘ബാധ്യതകളുള്ളതുപോലെ സ്ത്രീകള്‍ക്ക് അവകാശങ്ങളുമുണ്ട്.’
‘പുരുഷന്‍മാര്‍ക്ക് അവര്‍ സമ്പാദിച്ചതിന്റെ വിഹിതവും സ്ത്രീകള്‍ക്ക് അവര്‍ സമ്പാദിച്ചതിന്റെ വിഹിതവുമുണ്ട് . അല്ലാഹുവിനോട് നിങ്ങള്‍ അവന്റെ അനുഗ്രഹവും ചോദിക്കുവിന്‍. നിശ്ചയം അല്ലാഹു എല്ലാ കാര്യവും നന്നായി അറിയുന്നവനാകുന്നു. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോകുന്ന സ്വത്തില്‍ പുരുഷന്‍മാര്‍ക്ക് ഒരോഹരിയുണ്ട്. സ്വത്ത് കുറഞ്ഞാലും കൂടിയാലും നിശ്ചയിക്കപ്പെട്ട ഒരോഹരിയാണത്'(അന്നിസാഅ് 32).
സത്രീ- പുരുഷന്‍മാര്‍ക്കിടയിലുള്ള ശേഷി-ക്ഷമതകളിലും അനുഭവങ്ങളിലുമുള്ള പ്രകൃതിപരമായ ഏറ്റക്കുറച്ചിലുകളെക്കുറിച്ചും ഖുര്‍ആന്‍ കൃത്യമായി പറയുന്നുണ്ട്.
‘പുരുഷന്‍മാര്‍ക്ക് ഒരു പദവി അധികമുണ്ട് ‘ .
മാനവീയ ധര്‍മങ്ങളിലോ അവകാശങ്ങളിലോ ഉള്ള അധിക പദവിയെക്കുറിച്ചല്ല ഈ പറയുന്നത്. ചിലര്‍ക്ക് അങ്ങനെ ധാരണപ്പിശകുകളുണ്ട്. ഒരിക്കല്‍കൂടി അടിവരയിട്ടുപറയട്ടേ, സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും പ്രശ്‌നങ്ങളിലിടപെടേണ്ട പ്രഥമ ഉത്തരവാദിത്തം പുരുഷന്റെ മേലാണ് ഇസ്‌ലാം ചുമത്തിയിട്ടുള്ളത്. വീടിന്റെയും കുടുംബത്തിന്റെയും പ്രശ്‌നങ്ങളിലിടപെടേണ്ട പ്രഥമ ഉത്തരവാദിത്തം അതുപോലെ തന്നെ പുരുഷന്റെ ചുമലില്‍ തന്നെയാണുള്ളത്. കുടുംബകാര്യങ്ങളില്‍ നീതിപൂര്‍വകമായ നിയമനിര്‍വഹണം അവന്‍ നടത്തണം. സന്താനപരിചരണം,ഗൃഹപരിപാലനം തുടങ്ങിയ വിഷയങ്ങള്‍ ജാഗ്രതയോടെ അവന്‍ നോക്കി നടത്തണം. ഇതുപോലെ ഉത്തരവാദിത്തങ്ങള്‍ കൃത്യമായി വിഭജിച്ചു നിര്‍ണയിക്കാന്‍ ഏതൊരു ഭരണഘടനയും ബാധ്യസ്ഥമാണ്.

അതുകൊണ്ടാണ് ഇമ്മാതിരി ഉത്തരവാദിത്തത്തെ സംബന്ധിച്ച് ഇസ്‌ലാം കൃത്യമായി പറഞ്ഞതും അത് പുരുഷന്റെ ചുമലില്‍ ഏല്‍പിച്ചുകൊടുത്തതും.

‘പുരുഷന്‍മാര്‍ സ്ത്രീകള്‍ക്കുമേല്‍ അധികാരമുള്ളവരാകുന്നു. അവര്‍ക്ക് അല്ലാഹു കൂടുതല്‍ മേന്‍മ നല്‍കിയതുകൊണ്ടും സ്വന്തം ധനത്തില്‍ നിന്ന് അവര്‍ ചിലവഴിക്കുന്നതു കൊണ്ടുമാണിത്. അതിനാല്‍ സ്ത്രീകള്‍ അച്ചടക്കമുള്ളവരും അല്ലാഹു കാത്തത് പുരുഷന്‍മാരുടെ അസാന്നിധ്യത്തിലും കാത്തുസൂക്ഷിക്കുന്നവരുമാണ്’. (അന്നിസാഅ് 34)
നിങ്ങള്‍ അച്ചടക്ക രാഹിത്യം ശങ്കിക്കുന്ന സ്ത്രീകളെ ആദ്യം ശാസിക്കുക. ശയ്യകളില്‍ അവരെ ബഹിഷ്‌കരിക്കുക. വേണ്ടി വന്നാല്‍ അടിക്കുക. അങ്ങനെ നിങ്ങളെയവര്‍ അനുസരിച്ചുകഴിഞ്ഞാല്‍ പിന്നെ അവരെ ദ്രോഹിക്കാന്‍ വഴിയൊന്നുമന്വേഷിക്കരുത്. അത്യുന്നതനും മഹാനുമാണ് അല്ലാഹു (അന്നിസാഅ് 34).
ദമ്പതികള്‍ക്കിടയില്‍ ശൈഥില്യമുണ്ടാകുമെന്ന് നിങ്ങള്‍ക്ക് ആശങ്കയുണ്ടായാല്‍ ഭര്‍ത്താവിന്റെ ബന്ധുക്കളില്‍ നിന്നും ഭാര്യയുടെ ബന്ധുക്കളില്‍നിന്നും ഓരോ മധ്യസ്ഥനെ നിയോഗിക്കുക. അനുരജ്ഞനമാണ് അവര്‍ ആഗ്രഹിക്കുന്നതെങ്കില്‍ അവര്‍ക്കിടയില്‍ അല്ലാഹു രജ്ഞിപ്പുളവാക്കുന്നതാണ്. സര്‍വവും സൂക്ഷ്മമായി അറിയുന്നവനാണല്ലോ അല്ലാഹു.(അന്നിസാഅ് 35).

മാനവീയ അവകാശങ്ങളില്‍ സ്ത്രീ-പുരുഷന്‍മാര്‍ക്കിടയില്‍ തുല്യത ഉറപ്പാക്കുന്നതിലും സ്ത്രീയുടെ കൈപിടിച്ച് പുരുഷന്റെ സ്ഥാനത്തേക്ക് കൊണ്ടുപോകുന്നതിലും ഏതറ്റം വരെയാണ് ഈ സമാദരണീയ വേദസൂക്തം പോയതെന്ന് നോക്കുക. അങ്ങനെ ഒരു പൂര്‍ണപൗരത്വത്തിന് അര്‍ഹയായി സ്ത്രീ ഇവിടെ പരിഗണിക്കപ്പെടുന്നു. ദാമ്പത്യജീവിതത്തില്‍ ഭാര്യാ-ഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ ഭിന്നതയോ ശൈഥില്യമോ ഉണ്ടാകുമെന്ന് ഭയന്നാല്‍ ഭാര്യയുടെ ഇഷ്ടത്തിനും തൃപ്തിക്കും വിരുദ്ധമായി സ്വേഛാപരമായി പെരുമാറാന്‍ പാടുള്ളതല്ല. ‘പ്രശ്‌നത്തെ അവധാനതയോടെ കൈകാര്യം ചെയ്യാന്‍ അവര്‍ക്കിടയില്‍ യുക്തമായ തീരുമാനം കൈകൊള്ളാനുമുള്ള ഉത്തരവാദിത്തം ഒരു നിയമസംവിധാനത്തെ ഏല്‍പിക്കുകയാണ് ഇസ്‌ലാം.’
‘ദമ്പതികള്‍ക്കിടിയില്‍ ശൈഥില്യമുണ്ടാകുമെന്ന് നിങ്ങള്‍ക്ക് ആശങ്കയുണ്ടായാല്‍ ഭര്‍ത്താവിന്റെ ബന്ധുക്കളില്‍ നിന്നും ഭാര്യയുടെ ബന്ധുക്കളില്‍നിന്ന്ും ഓരോ മധ്യസ്ഥനെ നിയോഗിക്കുക’

തുടര്‍ന്ന് ഇസ്‌ലാമിക ദര്‍ശനം തിരിയുന്നത് രാജ്യത്ത് ശാന്തിയും സമാധാനവും സ്ഥാപിക്കുന്നതിലേക്കും കുഴപ്പങ്ങളും മൃഗീയവികാരങ്ങളും അരാജകത്വവും ധാര്‍മിക അപചയവും ഇല്ലാതാക്കുന്നതിലേക്കുമാണ്. മനുഷ്യപ്രകൃതിയോടിണങ്ങുന്ന നിയമങ്ങളുടെ സാകല്യമാണ് ഇസ്‌ലാം. അല്ലാഹു നിശ്ചയിച്ച പ്രകൃതം. ആ പ്രകൃതത്തിലാണ് അവന്‍ മനുഷ്യനെ സൃഷ്ടിക്കുകയും സംവിധാനിക്കുകയും ചെയ്തിട്ടുള്ളത്. വിശ്വപ്രകൃതത്തിന്റെയും മനുഷ്യപ്രകൃതത്തിന്റെയുമിടയില്‍ ഒരു വൈരുധ്യവും കാണാന്‍ കഴിയില്ല. അതുപോലെ ഇസ്‌ലാമിന്റെ അധ്യാപനങ്ങളുടെയും അത് മുന്നോട്ടുവെക്കുന്ന നിയമസംഹിതകളുടെയുമിടയിലും വൈരുധ്യം ദര്‍ശിക്കാനാവില്ല. മനുഷ്യപ്രകൃതത്തെയും വിശ്വപ്രകൃതത്തെയും ഒരുപോലെ ആദരിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുക എന്നതാണ് ഇസ്‌ലാം ഏറ്റെടുത്തിട്ടുള്ള മുഖ്യദൗത്യം. അതുപോലെ വിശ്വപ്രകൃതത്തിനും മനുഷ്യപ്രകൃതത്തിനും എതിരുപ്രവര്‍ത്തിക്കുന്നതില്‍നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുന്ന ദൗത്യവും അതിനുണ്ട്. പ്രകൃതിയുക്തമായ ദൈവിക നിര്‍ദേശങ്ങളോടും അധ്യാപനങ്ങളോടും വിധേയപ്പെടാനും തദ്വാരാ ജീവിതം ചിട്ടപ്പെടുത്താനും അരാജകമുക്തമാക്കാനും ദുര്‍ബല ബുദ്ധികളെ ഇസ്‌ലാം ബോധവത്കരിക്കുന്നുണ്ട്. സ്ത്രീയും പുരുഷനും അനിയന്ത്രിതമായും അവിഹിതമായും ഇടകലര്‍ന്നു ജീവിക്കുന്നതിലൂടെ സംജാതമായേക്കാവുന്ന ധര്‍മച്യുതിയും സ്വഭാവദൂഷ്യവും പ്രതിരോധിക്കാനുള്ള മുന്‍കരുതലുകളും ഇസ്‌ലാം കൈക്കൊള്ളുന്നുണ്ട്. തെറ്റായ ശിക്ഷണത്തിന്റെയോ ശിക്ഷണം ഇല്ലാതെ പോയതിന്റെയോ ഫലമായും ഇത്യാദി സാംസ്‌കാരിക അപചയവും സ്വഭാവദൂഷ്യവും സംഭവിക്കും.

അനിവാര്യഘട്ടങ്ങളിലല്ലാതെ അന്യസ്ത്രീകളുമായി പുരുഷന്‍മാര്‍ കൂടിക്കുഴയുന്നതിനെ ഇസ്‌ലാം വിലക്കിയിട്ടുണ്ട്. അന്യപുരുഷന്‍മാരോടൊത്ത് അശ്ലീലമായി ഇടകലരുന്നതും യാത്രചെയ്യുന്നതും കൂത്താടുന്നതും സ്ത്രീകള്‍ക്കും വിലക്കിയിട്ടുണ്ട്. ഓരോ വിഭാഗവും അവരവരുടെ സവിശേഷമേഖലകളില്‍ വ്യാപരിക്കുന്നതിനെയും അവര്‍ക്കായി നിര്‍ണയിക്കപ്പെട്ട സ്ഥാനങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതിനെയും തങ്ങളുടേതായ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിനെയുമാണ് ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നത്. അങ്ങനെയേ സമ ൂഹത്തില്‍ സമാധാനം പൂര്‍ണമാവുകയുള്ളൂ. വീടിനകത്തും പുറത്തും ഉത്തരവാദിത്തങ്ങളുടെയും ധര്‍മങ്ങളുടെയും നിര്‍വഹണം യഥാവിധി നടക്കുകയുള്ളൂ. സ്ഥൈര്യവും ശാന്തതയും കളിയാടുകയുള്ളൂ. അതിക്രമങ്ങളും അരാജകത്വവും ഒഴിവാകുകയുള്ളൂ. കൃത്യമായ പെരുമാറ്റമര്യാദകള്‍ ഇസ്‌ലാം വ്യക്തമാക്കിയിട്ടുണ്ട് ദൈവികമായ പ്രകൃതത്തിന്റെ ഭാഗമാണിത്. പ്രസ്തുത പ്രകൃതത്തിലാണ് അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചുരൂപപ്പെടുത്തിയിട്ടുള്ളത്. ഇത്യാദി ലക്ഷ്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഖുര്‍ആന്‍ വിരല്‍ചൂണ്ടുന്ന ചില കാര്യങ്ങള്‍ നോക്കുക:

‘ദൃഷ്ടികള്‍ താഴ്ത്താനും ചാരിത്ര്യം സംരക്ഷിക്കാനും വിശ്വാസികളോട് നീ പറയുക. അതാണ് വിശുദ്ധിയുടെ മാര്‍ഗം. അവര്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് അല്ലാഹു നന്നായറിയുന്നു. ദൃഷ്ടികള്‍ താഴ്ത്താനും ചാരിത്ര്യം സൂക്ഷിക്കാനും സ്വയം വെളിവായിപ്പോകുന്നവയൊഴിച്ചുള്ള തങ്ങളുടെ സൗന്ദര്യം മറച്ചുവെക്കാനും വിശ്വാസിനികളോടും നീ പറയുക. ശിരോവസ്ത്രം അവര്‍ മാറിടത്തിലേക്ക് അവര്‍ താഴ്ത്തിയിടട്ടെ. ഭര്‍ത്താക്കന്‍മാര്‍ , പിതാക്കള്‍, ഭര്‍തൃപിതാക്കള്‍, പുത്രന്‍മാര്‍, ഭര്‍തൃപുത്രന്‍മാര്‍, സഹോദരന്‍മാര്‍, സഹോദരപുത്രന്‍മാര്‍, സഹോദരീപുത്രന്‍മാര്‍, സഹോദരിപുത്രിമാര്‍, മറ്റു സ്ത്രീകള്‍, അടിമകള്‍, മോഹം നശിച്ച പുരുഷ ഭൃത്യന്‍മാര്‍, സ്ത്രീ രഹസ്യങ്ങള്‍ മനസ്സിലാവാത്ത കുട്ടികള്‍ എന്നിവരൊഴിച്ചുള്ള ആരുടെ മുമ്പിലും അവര്‍ സൗന്ദര്യം വെളിപ്പെടുത്തരുത്. മറച്ചുവെച്ച സൗന്ദര്യം മറ്റുള്ളവര്‍ കാണട്ടെ എന്ന് കരുതി കാലുകള്‍ നിലത്തടിച്ചു നടക്കുകയുമരുത്. നിങ്ങളെല്ലാവരും അല്ലാഹുവിനോട് പശ്ചാത്തപിക്കുക. നിങ്ങള്‍ വിജയികളായേക്കാം.(അന്നൂര്‍ 30-31)

പൗരത്വധര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിനോ നാടിന്റെയും സമൂഹത്തിന്റെയും വിമോചനത്തിനുള്ള സമരപ്പോരാട്ടങ്ങളിലേര്‍പ്പെടുന്നതിനോ പുരുഷനെക്കാള്‍ കുറഞ്ഞ പങ്കല്ല ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം സ്ത്രീക്കുമുള്ളത്. പുതുതലമുറയെ സജ്ജമാക്കുന്നതിലും നാളത്തെ യുവത്വത്തെ പാകപ്പെടുത്തിയെടുക്കുന്നതിലും ഓരോരുത്തര്‍ക്കും അവരവരുടേതായ പങ്ക്് നിര്‍വഹിക്കാനുണ്ട്. നാടിന്റെയും സമൂഹത്തിന്റെയും പൊതുനന്‍മയ്ക്കിണങ്ങുംവിധം കുടുംബത്തിന്റയും വീടിന്റെയും കൈകാര്യകര്‍തൃത്വം ഇരുവരും ചേര്‍ന്ന് ഏറ്റെടുക്കുമ്പോഴേ ഇത് യാഥാര്‍ഥ്യമാകൂ. വീടിന്റെ പുറത്തോ , നാടിനു വെളിയിലോ പുരുഷന്‍ സമരഭൂവിലോ യുദ്ധക്കളത്തിലോ വ്യാപൃതനാകേണ്ടിവരുമ്പോള്‍ ഇക്കാര്യം സ്ത്രീ ഏറ്റെടുക്കേണ്ടിയും വരും. അതുപോലെത്തന്നെ യുദ്ധമുഖത്ത് പരിക്കുപറ്റുന്ന യോദ്ധാക്കളെയും രോഗബാധിതരാവുന്നവരെയും പരിചരിക്കാനും ശുശ്രൂഷിക്കാനുമുള്ള പരിശീലനവും നിര്‍ബന്ധമായും സ്ത്രീകള്‍ നേടേണ്ടതുണ്ട്. ഇസ്‌ലാം അനുശാസിക്കുംവിധമുള്ള രീതിയിലാവണം അതെല്ലാം എന്നുമാത്രം. അതുകൊണ്ടാണ് രാജ്യസേവനത്തിന്റെയും വര്‍ഗസമരങ്ങളുടെയും രംഗങ്ങൡ പുരുഷന്‍മാരോടൊപ്പം സ്ത്രീയോദ്ധാക്കളും പങ്കെടുക്കുന്നത് ചരിത്രത്തില്‍ നമുക്ക് കാണാന്‍ സാധിക്കുന്നത്. ഓരോരുത്തരും അവരവരുടെ വ്യവഹാരവൃത്തത്തിനകത്ത് നിന്നുകൊണ്ടായിരിക്കും പക്ഷേ തങ്ങളുടേതായ ഉത്തരവാദിത്തം നിര്‍വഹിക്കുന്നത്. യോദ്ധാക്കളോടുള്ള സഹാനുഭൂതിയും പ്രതിബന്ധങ്ങളെ ലഘൂകരിക്കലും കാര്യങ്ങള്‍ എളുപ്പമാക്കലും അരാജകത്വം ഒഴിവാക്കലുമായിരിക്കും മുഖ്യലക്ഷ്യം. ദൈവദൂതന്റെ അനുചരവൃത്തങ്ങളില്‍ ഇപ്പറഞ്ഞതിനെല്ലാം ഉത്തമമാതൃകയായി നിലയുറപ്പിച്ച സുധീരകളായ നിരവധി സ്ത്രീയോദ്ധാക്കളെ നമുക്ക ്കാണാനാകും. ഖന്‍സാഇനെപ്പോളുള്ള വീരാംഗനകള്‍ ആ ഗണത്തിലുള്ളതാണ്. ആയുധസജ്ജരായി തന്റെ നാലു ആണ്‍മക്കളെയും പോരാട്ടഭൂമിയിലേക്ക് പറഞ്ഞയച്ച മഹതിയാണ് ഖന്‍സാഅ്. യുദ്ധഗതി എന്താവുമെന്ന് കാത്തിരിക്കുമ്പോഴാണ് നാലുപുത്രന്‍മാരും യുദ്ധക്കളത്തില്‍ വീരമൃത്യു വരിച്ചു എന്ന വാര്‍ത്ത അവരുടെ കാതിലെത്തിയത്. നാലുമക്കള്‍ക്കും ദൈവസന്നിധിയില്‍ ഉത്തുംഗസ്ഥാനം നേടാന്‍ കഴിഞ്ഞതില്‍ ഖന്‍സാഅ് അപ്പോള്‍ അല്ലാഹുവിനെ സ്തുതിക്കുകയാണ് ചെയ്തത്.

വിവ:ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്.

Topics