ഖുര്‍ആന്‍-ലേഖനങ്ങള്‍

ഖുര്‍ആന്റെ സവിസ്തര പഠനം

ഖുര്‍ആനെക്കുറിച്ച സമഗ്രവീക്ഷണം സാധ്യമായാല്‍ സവിസ്തരമായ പഠനം തുടങ്ങാന്‍ വൈകിക്കേണ്ടതില്ല. ഇവിടെ വായനക്കാരന്‍ ഖുര്‍ആനിക ശിക്ഷണങ്ങളുടെ ഓരോ വശവും പഠിച്ച് അതെല്ലാം കുറിച്ചുവെക്കേണ്ടതാണ്. ഉദാഹരണമായി, മാനുഷ്യകത്തിന്റെ ഏത് മാതൃകയാണ് ഖുര്‍ആന്‍ അഭിലഷണീയമായി കാണുന്നതെന്നും ഏതുമാതൃകയിലുള്ള മനുഷ്യനാണതിന്റെ ദൃഷ്ടിയില്‍ അനഭിലഷണീയനെന്നും മനസ്സിലാക്കാനാഗ്രഹിക്കുന്നുവെന്നിരിക്കട്ടെ. വിഷയം നന്നായി ബോധ്യപ്പെടാന്‍, അഭിലഷണീയവും അനഭിലഷണീയവുമായ മനുഷ്യമാതൃകകളുടെ ഭിന്ന സവിശേഷതകള്‍ തന്റെ കുറിപ്പടി നോട്ടുബുക്കില്‍ എഴുതിവെക്കണം. അപ്രകാരം തന്നെ, ഖുര്‍ആനിക വീക്ഷണത്തില്‍ മനുഷ്യമോക്ഷത്തിന് നിദാനമായ കാര്യങ്ങളേതെല്ലാമാണെന്ന് അറിയുകയാണുദ്ദേശ്യമെന്നിരിക്കട്ടെ, ഇതും വ്യക്തതയോടെ വിശദമായി അറിയാനുള്ള രീതി, തന്റെ നോട്ടില്‍ മോക്ഷഹേതുക്കളെന്നും നാശഹേതുക്കളെന്നും രണ്ടു ശീര്‍ഷകങ്ങള്‍ പരസ്പരാഭിമുഖമായി കുറിക്കുകയും ദിവസേന ഖുര്‍ആന്‍ പാരായണമധ്യേ രണ്ടുതരം കാര്യങ്ങളും നോട്ടുചെയ്തുപോരുകയുമാകുന്നു. ഇങ്ങനെ വിശ്വാസം, സദാചാരം, അവകാശബാധ്യതകള്‍, സാമൂഹികത, നാഗരികത, സാമ്പത്തികം, രാഷ്ട്രീയം, നിയമം, സംഘടന, യുദ്ധം, സന്ധി എന്നുവേണ്ട ജീവിതപ്രശ്‌നങ്ങളോരോന്നിനെക്കുറിച്ചുമുള്ള ഖുര്‍ആനികാധ്യാപനങ്ങള്‍ കുറിച്ചുവെക്കുക. ഓരോ ജീവിതമേഖലയുടെയും പൊതുവായ ചിത്രമെന്തെന്നും ആ എല്ലാ ചിത്രങ്ങളും സമുച്ചയിക്കപ്പെടുമ്പോള്‍ രൂപപ്പെടുന്ന സമ്പൂര്‍ണജീവിതചരിത്രമെന്തെന്നും മനസ്സിലാക്കാന്‍ ശ്രദ്ധിക്കുക്.

ഇനി, ഏതെങ്കിലും ഒരു പ്രത്യേക ജീവിതപ്രശ്‌നത്തില്‍ ഖുര്‍ആന്റെ വീക്ഷണഗതി കണ്ടെത്താനാണ്. ഒരാള്‍ക്ക് ഉദ്ദേശ്യമെങ്കില്‍ അതിന് ഏറ്റവും മെച്ചമായ പഠനരീതി ഇതാണ്. ആദ്യമായി ബന്ധപ്പെട്ട പ്രശ്‌നം എന്താണെന്ന് തദ്വിഷയകമായുള്ള പ്രാചീനവും ആധുനികവുമായ ഗ്രന്ഥങ്ങള്‍ ആഴത്തില്‍ പഠിച്ച് വിലയിരുത്താന്‍ ശ്രദ്ധിക്കുക; പ്രശ്‌നത്തിന്റെ മൗലികബിന്ദുക്കള്‍ എന്തെല്ലാമാണ്? മനുഷ്യര്‍ തല്‍സംബന്ധമായി ഇന്നോളം എന്തെല്ലാം ചിന്തിക്കുകയും ഗ്രഹിക്കുകയും ചെയ്തിട്ടുണ്ട്? എന്നിട്ടും അപരിഹാര്യമായി അവശേഷിക്കുന്ന വസ്തുതകള്‍ എന്തെല്ലാം? പ്രശ്‌നത്തില്‍ എവിടെച്ചെന്നാണ് മനുഷ്യചിന്ത പോംവഴിയറിയാതെ ഗതിമുട്ടിനില്‍ക്കുന്നത്? എന്നെല്ലാം വ്യക്തമായി മനസ്സിലാക്കുക; അനന്തരം , പരിഹാരാര്‍ഹങ്ങളായ പ്രശ്‌നങ്ങള്‍ മുന്നില്‍വെച്ച് ഖുര്‍ആന്‍ പാരായണംചെയ്യുക. ഇങ്ങനെയൊരു പ്രശ്‌നത്തിന്റെ പരിഹാരാര്‍ഥം ഖുര്‍ആന്‍ വായിക്കാനിരുന്നാല്‍ അതിന് മുമ്പ് പലവട്ടം വായിച്ചിരിക്കാവുന്ന സൂക്തങ്ങളില്‍തന്നെ ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കുള്ള മറുപടി ലഭിക്കുമെന്നതാണ് വ്യക്തിപരമായി എന്റെ അനുഭവം. ഈയൊരു വിഷയവും അവിടെ മറഞ്ഞിരിപ്പുണ്ടായിരുന്നു എന്ന ചിന്ത അതിന് മുമ്പൊരിക്കലും മനസ്സിലുദിച്ചിരിക്കയേ ഇല്ല!

മൗലാനാ മൗദൂദി

Topics