വിവിധ സമുദായങ്ങളും ജനവിഭാഗങ്ങളും പരസ്പരം അടുക്കാനും സഹകരിക്കാനും ആരംഭിച്ച കാലമാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനനേതാക്കളും നയകന്‍മാരും ഭരണകര്‍ത്താക്കളും രാഷ്ട്രീയപരവും ഭൂമിശാസ്ത്രപരവുമായ അതിര്‍വരമ്പുകളെ ഇല്ലാതാക്കാനുള്ള ശ്രമവുമാരംഭിച്ചിട്ടുണ്ട്. മരുഭൂമികള്‍ക്കും പുഴകള്‍ക്കും സമുദ്രങ്ങള്‍ക്കുമപ്പുറത്ത് പ്രകൃതി രൂപപ്പെടുത്തിയ അതിര്‍വരമ്പുകളെ നീക്കം ചെയ്യാന്‍ അധുനാധുന കണ്ടുപിടുത്തങ്ങളും ആധുനിക നാഗരികതയും പാകപ്പെട്ടതിനെത്തുടര്‍ന്നാണല്ലോ മനുഷ്യന്റെ അത്യാര്‍ത്തിയും അതിമോഹവും ഇത്തരം അതിര്‍വരമ്പുകള്‍ പണിതുയര്‍ത്തിയത്. രാഷ്ട്രീയ അതിര്‍വരമ്പുകളെന്നത് സാങ്കല്‍പികങ്ങളാണ്. അപ്രകാരം തന്നെയാണ് വംശ-വര്‍ണ-ഭാഷാ- സംസ്‌കാരത്തിന്റെ അതിര്‍വരമ്പുകളും.
നാം മുസ്‌ലിങ്ങളാകട്ടെ, സമുദായത്തെ ശാന്തിയുടെയും സമാധാനത്തിന്റെയും തണലില്‍ സംതൃപ്തമായ ജീവിതം നയിക്കുന്നതിലേക്ക് നയിക്കാനായി നേതൃത്വത്തിന് സര്‍വവിധ പിന്തുണയും സഹകരണവും നല്‍കുകയാണ്. എന്നല്ല, ലോകത്തെ സമാധാനപ്രേമികളായ സര്‍വരും ഇത്തരം ശ്രമങ്ങളെ അകമഴിഞ്ഞ് ആശീര്‍വദിക്കേണ്ടതുണ്ട്. ഇതിനായി മുന്നിട്ടിറങ്ങുന്നവരുടെ സദുദ്യമങ്ങളെ ശ്ലാഘിക്കേണ്ടതുമുണ്ട്. പക്ഷേ, ഇത്തരമൊരു ലക്ഷ്യത്തിന്റെ വഴിയിലും ദിനേനയെന്നോണം പ്രതിബന്ധങ്ങളെ നാം കാണുന്നു. ഈയൊരു ലക്ഷ്യപ്രാപ്തിക്കുമുന്നില്‍ വൈതരണികളെ നാം ദര്‍ശിക്കുന്നു. കുതിപ്പ് വളരെ പതുക്കെയാണ്. വഴി ദുര്‍ഘടമാണ്. അതിനാല്‍ തന്നെ ലക്ഷ്യം വിദൂരവും. ചിലരാകട്ടെ ലക്ഷ്യത്തിലെത്താനാകില്ലെന്നും ശ്രമങ്ങള്‍ പരാജയത്തില്‍ കലാശിക്കുമെന്നും ധരിക്കുന്നു. നിഷ്പക്ഷമായി വിലയിരുത്താനും കണ്ണുതുറന്നു നോക്കാനും നാം തയ്യാറായാല്‍ ഈയൊരു മരവിപ്പിന്റെയും പരാജയഭീതിയുടെയും കാരണം രണ്ടാണ് ,മൂന്നാമതൊന്നല്ല എന്ന യാഥാര്‍ഥ്യം തിരിച്ചറിയും. സത്യപ്രബോധന രംഗത്ത് നിലയുറപ്പിച്ചവരുടെ കര്‍മനിര്‍വഹണ രംഗത്തുള്ള ഉദ്ദേശ്യശുദ്ധിയില്ലായ്മയും ആത്മാര്‍ഥതയുടെ അഭാവവുമാണത്. ലക്ഷ്യസാക്ഷാത്കാരത്തിനും സത്യപ്രബോധനവിജയത്തിനും ഈ രണ്ടുഘടകങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണല്ലോ.
നാമീ പറയുന്ന കാര്യങ്ങള്‍ക്കുള്ള ചരിത്രസാക്ഷ്യവും നമ്മുടെ വാദങ്ങള്‍ക്കുള്ള പ്രാമാണികതെളിവും മഹാനായ സത്യപ്രബോധകനും ഉജ്ജ്വലസാമൂഹികപരിഷ്‌കര്‍ത്താവുമായ മുഹമ്മദ് നബി തിരുമേനിയാണ്. പ്രബോധന പ്രക്രിയയില്‍ താനുയര്‍ത്തിപ്പിടിച്ച ആത്മാര്‍ഥതയും തീരുമാനങ്ങളില്‍ താന്‍ പുലര്‍ത്തിയ സത്യസന്ധതയും അത്യുദാത്ത മാതൃകയായിരുന്നു. അതുകൊണ്ടാണ് ഹ്രസ്വകാലം കൊണ്ട് ദൈവദൂതന് ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞത്. ഗോത്ര വര്‍ഗങ്ങള്‍ക്കിടയില്‍ സുദൃഢബന്ധം സ്ഥാപിക്കാന്‍ സാധിച്ചത്. പരസ്പരം പോരടിക്കുന്നവരായിരുന്നിട്ടുകൂടി ഒരേ ലക്ഷ്യബോധമുള്ള ഒരേ കെട്ടിടത്തിന്റെ ശിലകള്‍പോലെ ഊടും കെട്ടുറപ്പുമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കാനായത്. അതും കക്ഷികളും സംഘങ്ങളുമായി ഛിന്നഭിന്നമായി ത്തീര്‍ന്ന ഒരു സമൂഹത്തെ. അങ്ങനെ ഇന്ത്യന്‍ മുസ്‌ലിം ഈജിപ്്ഷ്യന്‍ മുസ്‌ലിമിന്റെയും യൂറോപ്യന്‍ മുസ്‌ലിം ഏതോപ്യന്‍ മുസ്‌ലിമിന്റെയും റഷ്യന്‍മുസ്‌ലിം അമേരിക്കന്‍ മുസ്‌ലിമിന്റെയും സഹോദരനായി മാറി. കാപട്യമോ പ്രദര്‍ശനപരതയോ ലവലേശം തീണ്ടാത്തവിധം ആഴമുള്ളതും സത്യസന്ധവുമായ സാഹോദര്യബന്ധം അവര്‍ക്കിടയില്‍ രൂപപ്പെട്ടു. വിശദാംശങ്ങളോടുകൂടിയ ഹൃദ്യമായ നിയമവ്യവസ്ഥ ദൈവദൂതന്‍ മുന്നോട്ടുവെച്ചു. പരസ്പര സഹകരണത്തിന്റെയും സഹാനുഭൂതിയുടെയും സമഭാവനയുടെയുമായ അടിത്തറയില്‍ വ്യക്തികള്‍ക്കെന്ന പോലെ സമൂഹത്തിനും ഉത്തരവാദിത്തങ്ങളും അവകാശങ്ങളും നിര്‍ണയിച്ചു. അപരന്റെ അവകാശങ്ങളെ ആദരിക്കുക, ഉള്ളതുകൊണ്ട് തൃപ്തിപ്പെടുക എന്നീ നിലപാടുകളും സ്വീകരിച്ചു. നിയമത്തിന്റെ മുമ്പില്‍ ജാതീയ വിവേചനങ്ങള്‍ അവസാനിപ്പിക്കുകയും ആഭിജാത്യത്തിന്റെ പേരിലുള്ള പൊങ്ങച്ചവും നിന്ദനവും വിലക്കുകയും ചെയ്തു. സ്ത്രീകളോടും ദുര്‍ബലരോടും ദരിദ്രരോടും അഗതികളോടും ആലംബഹീനരോടും മാന്യമായി പെരുമാറാന്‍ ഉപദേശിച്ചു. തെറ്റുധാരണ പുലര്‍ത്തുക, രഹസ്യങ്ങള്‍ ചുഴിഞ്ഞന്വേഷിക്കുക, സ്വകാര്യതകളുടെ പിന്നാലെ പോവുക, അന്യായമായി മനുഷ്യനെയോ ഇതരജീവജാലങ്ങളെയോ ദ്രോഹിക്കുക, മനുഷ്യസമൂഹത്തില്‍ ശാന്തിക്കും സമാധാനത്തിനും എതിരായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക എന്നിത്യാദി വിദ്രോഹപരമായ കാര്യങ്ങളും പ്രവാചകന്‍ തിരുമേനി വിലക്കി.
പ്രകൃതിപരമോ അല്ലാത്തതോ ആയ എന്തൊക്കെ തടസ്സങ്ങളുണ്ടായാലും ജനങ്ങള്‍ക്കിടയില്‍ പാരസ്പര്യമുണ്ടാക്കാനാണ് ഖുര്‍ആനും പ്രവാചകവചനങ്ങളും അടിസ്ഥാനപരമായി ആവശ്യപ്പെടുന്നത്.
‘തീര്‍ച്ചയായും വിശ്വാസികള്‍ സഹോദരങ്ങളാണ്. അതിനാല്‍ നിങ്ങളുടെ സഹോദരങ്ങള്‍ക്കിടയില്‍ നിങ്ങള്‍ അനുരജ്ഞനമുണ്ടാക്കുക'(അല്‍ഹുജുറാത് 10)
‘വിശ്വസിച്ചവരേ , ഒരു കൂട്ടര്‍ മറ്റൊരു കൂട്ടരെ പരിഹസിക്കരുത്. പരിഹസിക്കപ്പെടുന്നവരാകും പരിഹസിക്കുന്നവരേക്കാള്‍ ഉത്തമന്‍മാര്‍. ഒരു വിഭാഗം സ്ത്രീകള്‍ മറ്റൊരു വിഭാഗം സ്ത്രീകളെയും പരിഹസിക്കരുത്. നിങ്ങള്‍ നിങ്ങളെത്തന്നെ ഇകഴ്ത്തരുത്. ചീത്തപ്പേര് വിളിക്കുകയുമരുത്. സത്യവിശ്വാസം സ്വീകരിച്ചശേഷം അധര്‍മത്തിന്റെ പേരിട്ടുവിളിക്കുന്നത് എത്ര മോശം. ആരാണോ പശ്ചാത്തപിച്ച് മടങ്ങാത്തത് അവരാകുന്നു അക്രമികള്‍'(അല്‍ഹുജുറാത് 11).
ജനങ്ങളേ, നിങ്ങളെ നാം ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമാണ് സൃഷ്ടിച്ചിട്ടുള്ളത്. നിങ്ങളെ നാം വിവിധവിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് പരസ്പരം തിരിച്ചറിയാനാണ്. നിങ്ങളില്‍നിന്ന് ഏറെ സൂക്ഷ്മത പുലര്‍ത്തി ജീവിക്കുന്നത് ആരാണോ അയാളാണ് ദൈവത്തിന്റെയടുക്കല്‍ ഏറ്റം ആദരണീയന്‍'(അല്‍ഹുജുറാത് 13).
ദൈവദൂതന്‍ പറയുന്നു:
‘ജനങ്ങള്‍ ചീര്‍പ്പിന്റെ പല്ലുകള്‍ പോലെ സമന്‍മാരാണ്. അറബിക്ക് അനറബിയുടെ മേലോ അനറബിക്ക് അറബിയുടെ മേലോ ഒരു മഹത്വവുമില്ല. സൂക്ഷ്മത കൊണ്ടല്ലാതെ.’
‘തനിക്കുവേണ്ടി ഇഷ്ടപ്പെടുന്നത് തന്റെ സഹോദരനുവേണ്ടിയും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളിലാരും വിശ്വാസിയാവുകയില്ല.’
‘വിശ്വാസികളുടെ രക്തം പരസ്പരം പവിത്രമാണ്. അത് പരസ്പരം അവര്‍ സംരക്ഷിക്കും. ഓരോരുത്തര്‍ക്കും മറ്റുള്ളവരുടെ മേല്‍ ഉത്തരവാദിത്വമുണ്ട്.’
‘വിശ്വാസികള്‍ തങ്ങളുടെ രക്തവും സമ്പത്തും അഭിമാനവും പരസ്പരം പവിത്രമായി കാണണം.’
താന്‍ പഠിപ്പിച്ച അധ്യാപനങ്ങളും സിദ്ധാന്തങ്ങളും ദൈവദൂതന്‍ കര്‍മങ്ങളിലൂടെ പ്രയോഗവത്കരിച്ചു. കൂടിയാലോചനക്ക് ക്ഷണിച്ചാല്‍ തിരുമേനി അതിന്റെ ഏറ്റവും നല്ല മാതൃകയായിരുന്നു. രാഷ്ട്രത്തിന്റെയും സമുദായത്തിന്റെയും പ്രശ്‌നങ്ങളില്‍ അദ്ദേഹം സഹപ്രവര്‍ത്തകരുമായി കൂടിയാലോചിച്ചിരുന്നു. നല്ലതെന്ന് കണ്ടാല്‍ അവരുടെ അഭിപ്രായങ്ങള്‍ പ്രവാചകന്‍ സ്വീകരിച്ചിരുന്നു. പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചാലും തിരുമേനി മാതൃകാപരമായ നിലപാട് അനുവര്‍ത്തിച്ചിരുന്നു.
ഒരിക്കല്‍ ഒരു സംഘത്തെ കാണാനായി ദൈവദൂതനെത്തിയപ്പോള്‍ ആദരപൂര്‍വം അവര്‍ എഴുന്നേറ്റുനിന്നു. ഉടനെ ദൈവദൂതന്‍ പറഞ്ഞു: ‘അനറബികളില്‍ ചിലര്‍ എഴുന്നേറ്റ് നിന്ന് മറ്റുചിലരെ ബഹുമാനിച്ചിരുന്നു. അതുപോലെ എന്നെ ബഹുമാനിക്കാന്‍ നിങ്ങള്‍ എഴുന്നേറ്റ് നില്‍ക്കേണ്ടതില്ല. ഞാനും നിങ്ങളെപ്പോലെ ഒരു ദൈവദാസന്‍ . നിങ്ങള്‍ തിന്നുന്നതുപോലെ തിന്നുന്ന, നിങ്ങള്‍ ഇരിക്കുന്നതുപോലെ ഇരിക്കുന്ന ഒരു ദാസന്‍.’
സഹകരണത്തിന്റെ തലമെടുത്താലും ദൈവദൂതന്‍ ഉത്തമ ഉദാഹരണമാണ്. സഹപ്രവര്‍ത്തകരോടൊപ്പം ഒരു ദിവസം യാത്രയിലായിരിക്കെ ഒപ്പമുള്ള ആടിനെ അറുത്ത് ഭക്ഷണം തയ്യാറാക്കാമെന്ന് തിരുമേനി അറിയിച്ചു.
‘ആടിനെ ഞാനറുക്കാം’ഉടനെ കൂട്ടത്തിലൊരാള്‍ പറഞ്ഞു.
‘തൊലി ഞാന്‍ ഉരിയാം’ രണ്ടാമന്‍ പ്രതികരിച്ചു.
‘പാചകം ചെയ്യുന്നത് ഞാനാണ് ‘മൂന്നാമന്‍ അറിയിച്ചു.
‘എങ്കില്‍ ഞാന്‍ പോയി വിറകുശേഖരിച്ചുവരാം’ അതുംപറഞ്ഞ് പ്രാവചകന്‍ നടക്കാനൊരുങ്ങി. ‘ദൈവദൂതരേ, താങ്കള്‍ക്കുവേണ്ടി ജോലിചെയ്യാന്‍ ഞങ്ങളില്ലേ.’അപ്പോള്‍ അനുചരന്‍മാര്‍ പ്രവാചകനോടു പറഞ്ഞു.
‘എനിക്കുവേണ്ടി ജോലിചെയ്യാന്‍ നിങ്ങളുണ്ട് എന്നെനിക്കറിയാം. എങ്കിലും നിങ്ങളില്‍നിന്ന് വേറിട്ടുനില്‍ക്കുന്നത് എനിക്കിഷ്ടമല്ല.’പ്രവാചകന്റെ പ്രതികരണം അങ്ങനെയായിരുന്നു.
നീതിനിര്‍വഹണത്തിന്റെ കാര്യത്തിലും ദൈവദൂതന്‍ ഉത്തമമാതൃകയായിരുന്നു.
‘അല്ലാഹുവാണ സത്യം , മുഹമ്മദിന്റെ പുത്രി ഫാത്വിമയാണ് മോഷ്ടിക്കുന്നതെങ്കില്‍പോലും മുഹമ്മദ് അവളുടെ കൈ ഛേദിക്കുക തന്നെ ചെയ്യും’
പ്രവാചകന്‍ കാണിച്ചുതന്ന ഈ ഉത്തമമാതൃകകളും മാര്‍ഗവുമാണ് സച്ചരിതരായ ഖലീഫമാരും ഭരണാധിപന്‍മാരും നേതാക്കന്‍മാരും പിന്തുടര്‍ന്നത്. ഖലീഫയായി സ്ഥാനമേറ്റെടുത്ത ശേഷം അബൂബക്ര്‍ സിദ്ദീഖ്-അല്ലാഹു അദ്ദേഹത്തില്‍ തൃപ്തിപ്പെടട്ടെ- നടത്തിയ പ്രസംഗം ശ്രദ്ധേയമാണ്:
‘ജനങ്ങളേ, നിങ്ങളുടെ നേതൃത്വം എന്നില്‍ അര്‍പിതമായിരിക്കുന്നു. നിങ്ങളില്‍ ഏറ്റവും ഉത്തമനൊന്നുമല്ല ഞാന്‍ . നല്ല വഴിക്ക് ഞാന്‍ പോകുന്നുവെങ്കില്‍ എന്നെ സഹായിക്കുക. തെറ്റായ വഴിക്കാണ് പോകുന്നതെങ്കില്‍ എന്നെ നേരെയാക്കുക. നിങ്ങളുടെ കൂട്ടത്തിലെ ദുര്‍ബലന്‍ അവന്റെ അവകാശം ഞാന്‍ വാങ്ങിച്ചുകൊടുക്കുന്നതുവരെ എന്റെയടുത്ത് ശക്തനായിരിക്കും. നിങ്ങളുടെ കൂട്ടത്തിലെ ശക്തന്‍ അവനില്‍നിന്ന് കിട്ടേണ്ട അവകാശം ഞാന്‍ വസൂലാക്കുന്നതുവരെ എന്റെയടുത്ത് ദുര്‍ബലനായിരിക്കും. അല്ലാഹുവിനെയും അവന്റെ ദൂതനെയും ഞാന്‍ അനുസരിക്കുവോളം എന്നെ അനുസരിക്കുക. അല്ലാഹുവിനെയും അവന്റെ ദൂതനെയും ധിക്കരിക്കുവോളം എന്നെയും ധിക്കരിക്കുക.’
രണ്ടാം ഖലീഫ ഉമര്‍ ബ്‌നുല്‍ ഖത്വാബ് -അല്ലാഹു അദ്ദേഹത്തില്‍ തൃപ്തിപ്പെടട്ടെ- രാത്രികാലങ്ങളില്‍ പ്രജകളുടെ ജീവിതാവസ്ഥകള്‍ അടുത്തറിയാന്‍ നടക്കുമായിരുന്നു. തന്റെ ഉത്തരവാദിത്തം നിര്‍വഹിച്ച് ആശ്വാസം കൊള്ളാനായിരുന്നു അത്. ക്ഷാമനാളുകളില്‍ നടന്ന യുദ്ധാവശ്യത്തിലേക്കായി മൂന്നിലൊന്ന് വരുന്ന സൈന്യത്തെ സജ്ജമാക്കാന്‍ ഉസ്മാന്‍ ബ്്‌നു അഫ്ഫാന്‍ -അല്ലാഹു അദ്ദേഹത്തില്‍ തൃപ്തിപ്പെടട്ടെ- സ്വന്തം സമ്പത്ത് ചെലവഴിച്ചു. സമൂഹത്തിന്റെ പൊതുനന്‍മയ്ക്കായി അത്തരം ത്യാഗവും സമര്‍പ്പണവും ആവശ്യമായി വന്നപ്പോഴായിരുന്നു അത്. പ്രജകളുടെ നന്‍മയ്ക്കും ക്ഷേമത്തിനുമായി അദ്ദേഹം ഉറക്കമിളക്കുകപോലും ചെയ്തു. പ്രവര്‍ത്തനരംഗത്തും രാഷ്ട്രീയ നടപടിക്രമങ്ങളിലും സത്യസന്ധതയും ആത്മാര്‍ഥതയും ഉയര്‍ത്തിപ്പിടിച്ചു.
സത്യപ്രബോധനരംഗത്ത് കാണിച്ച ഉദ്ദേശശുദ്ധിയുടെയും ആത്മാര്‍ഥതയുടെയും പ്രായോഗിക രംഗത്തുയര്‍ത്തിപ്പിടിച്ച മൂല്യബോധത്തിന്റെതുമായ ഈ ശൈലിയിലൂടെയാണ് ദൈവദൂതനും ഖലീഫമാരും വിജയം വരിച്ചത്. വ്യക്തികള്‍ക്കിടയില്‍ അനുരജ്ഞനവും സമൂഹങ്ങള്‍ക്കിടയില്‍ പാരസ്പര്യവും അദ്ദേഹം വളര്‍ത്തിയെടുത്തു. ചരിത്രപരമായ ഒരു വിജയമായിരുന്നു പ്രവാചകന്‍ നേടിയത്. അറബ് ചരിത്രകാരന്‍മാര്‍ മാത്രമല്ല. യൂറോപ്യന്‍ ചരിത്രകാരന്‍മാര്‍ വരെ ദൈവദൂതന്റെ ജീവിതം കണ്ട് വിസ്മയിച്ചിട്ടുണ്ട്. സത്യപ്രബോധനത്തിന്റെ വിജയരഹസ്യവും ആധാരശിലയും തത്ത്വത്തിലും പ്രയോഗത്തിലും ‘നിസ്വാര്‍ഥത’യാണ് എന്നാണ് ഇത് പഠിപ്പിക്കുന്നത് .
വിവ: ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്
Add Comment