മനുഷ്യകുലത്തിന് മാതൃകയായ മുഹമ്മദ് നബി(സ)യുടെ ആഹാര-പാനീയ ശീലങ്ങള്‍ എന്തൊക്കെയാണെന്നറിയാന്‍ നമുക്ക് കൗതുകമുണ്ടാകും. അതെക്കുറിച്ച ലഘുവിവരണമാണിവിടെ കുറിക്കുന്നത്.
കുറച്ച് ആണ് കൂടുതല്‍
കണക്കിലേറെ വാരിവലിച്ചുതിന്നുന്ന സ്വഭാവക്കാരനായിരുന്നില്ല ലോകാനുഗ്രഹിയായ മുഹമ്മദ് നബി. ഒറ്റവീര്‍പ്പില്‍ വെള്ളംകുടിച്ചുതീര്‍ക്കുന്ന ശൈലി അദ്ദേഹത്തിനുണ്ടായിരുന്നില്ല. വെള്ളം അല്‍പാല്‍പമായി സിപ് ചെയ്ത് കുടിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പതിവ്.ഓരോ ഇറക്ക് വെള്ളം കുടിക്കുമ്പോഴും അതിനിടയില്‍ ശ്വാസോച്ഛ്വാസം ചെയ്തിരുന്നു. ചുരുക്കത്തില്‍ നാം ആഹരിക്കുമ്പോള്‍ മൂന്നിലൊന്ന് ഭക്ഷണം, മൂന്നിലൊന്ന് വെള്ളം, മൂന്നിലൊന്ന് വായു എന്ന നിലയില്‍ അത് സന്തുലിതമായിരിക്കണം.
അമിതവും അശാസ്ത്രീയവുമായ ഭക്ഷണം നമ്മുടെ രോഗകാരണങ്ങളിലൊന്നാണ് എന്ന് പ്രവാചകതിരുമേനി പഠിപ്പിച്ചിട്ടുണ്ട്.
ജൈവഭക്ഷണം
മുഹമ്മദ് നബി(സ) സാധ്യമായ ഭക്ഷണങ്ങളും അതിന്റെ സ്വാഭാവികപ്രകൃതിയില്‍ കഴിക്കാനാണ് ഇഷ്ടപ്പെട്ടത്. അദ്ദേഹം ഈത്തപ്പഴം കഴിച്ചു. വെള്ളം കുടിച്ചു(ചൂടാക്കാതെ). പാല്‍ തിളപ്പിക്കാതെ കറന്നയുടന്‍ പാനംചെയ്തു. അതുപോലെ അല്ലാഹുവിന്റെ അലങ്കാരങ്ങളെ ആസ്വദിച്ചു. സരീദ്(വെണ്ണപുരട്ടിയ അപ്പം ഇറച്ചിനിറച്ചത് സൂപ്പുചേര്‍ത്ത് ഭക്ഷിക്കുന്നത്)അദ്ദേഹത്തിന് വളരെ ഇഷ്ടമായിരുന്നു. സൂപ്പ് കൂടുതലായി അതില്‍ ചേര്‍ത്തിരുന്നു. മത്തങ്ങ, വെള്ളരിക്ക, തണ്ണിമത്തന്‍ എന്നിവ അദ്ദേഹത്തിന് പ്രിയപ്പെട്ടതായിരുന്നു.
നബിതിരുമേനി ഒരിക്കലും ഒറ്റയ്ക്കിരുന്ന് ഭക്ഷിച്ചിരുന്നില്ല. തന്റെ ഭക്ഷണത്തില്‍ മറ്റുള്ളവരെയും പങ്കെടുപ്പിച്ചിരുന്നു. മറ്റൊരാള്‍ പങ്കുകൊള്ളാത്ത ഒരു ഭക്ഷണവും അദ്ദേഹം കഴിച്ചതായി ഹദീസുകളില്‍ വന്നിട്ടില്ല.
അദ്ദേഹം സ്വകരങ്ങള്‍കൊണ്ടാണ് ഭക്ഷിച്ചിരുന്നത്. സ്പൂണോ, സമാനമായ ഉപകരണങ്ങളോ ഇല്ലാത്തതുകൊണ്ടായിരുന്നില്ല അത്. കൈ വേണ്ടത്ര വൃത്തിയില്ലെന്ന് ബോധ്യമായ ഘട്ടത്തില്‍ അദ്ദേഹം ഉപകരണങ്ങളാല്‍ ഭക്ഷണം കഴിച്ചിട്ടുണ്ട്.
ഭക്ഷണപദാര്‍ഥത്തിലേക്ക് ഊതുന്നത് അദ്ദേഹം വിലക്കി. ഭക്ഷണം ചൂടാറാന്‍ കാത്തിരിക്കാതെ ആര്‍ത്തി പ്രകടിപ്പിക്കുന്നത് മോശം സ്വഭാവമാണല്ലോ. മറ്റുള്ളവര്‍ക്ക് വിളമ്പിക്കൊടുക്കുന്ന വ്യക്തി ഏറ്റവുമൊടുവില്‍ വേണം കഴിക്കാന്‍ എന്ന് നബിതിരുമേനി വ്യക്തമാക്കി. ഭക്ഷണത്തിനായി ക്ഷണിക്കപ്പെട്ടവര്‍ക്കെല്ലാം തൃപ്തിയോടെ അന്ന-പാനീയങ്ങള്‍ ലഭിച്ചുവെന്ന് ഉറപ്പാക്കാന്‍ വേണ്ടിയാണത്.
വ്രതാനുഷ്ഠാനം
ഭക്ഷണം നിയന്ത്രിക്കേണ്ട സമയങ്ങളും അവസരങ്ങളുമേതെന്ന് നബിതിരുമേനി നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ആഴ്ചകളിലെ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും അതുപോലെ അറബ് മാസങ്ങളിലെ 13,14,15 തീയതികളിലും റമദാന്‍ മാസത്തിലും മുഹര്‍റമാസത്തിലെ പ്രത്യേകദിനങ്ങളിലും (9,10) നബി വ്രതമനുഷ്ഠിച്ചിരുന്നു.
നബി(സ)തിരുമേനിയുടെ ആത്മീയസമീപനമാണ് യഥാര്‍ഥവിജയത്തിന്റെ താക്കോല്‍. ആ ഗണത്തിലെ 3 ഖുര്‍ആനികസൂക്തങ്ങള്‍ നബിതിരുമേനിയുടെ ജീവിതത്തില്‍ എന്നും ദൃശ്യമായിരുന്നുവെന്നത് പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്.
‘തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക, എന്നാല്‍ അതിരുകവിയരുത് ‘(അഅ്‌റാഫ് 31)
‘രാവിനെ നാം വസ്ത്രമാക്കി. പകലിനെ നാം ജീവിതവേളയാക്കി. ‘(അന്നബഅ് 10,11)
അതിനാല്‍ രാത്രി ഭക്ഷിക്കുന്നത് പ്രവാചകന്റെ രീതിയായിരുന്നില്ല. പകലിന്റെ സക്രിയസമയങ്ങളിലായിരുന്നു അദ്ദേഹം ആഹാരം കഴിച്ചിരുന്നത്.
മൂന്നാമത്തെ അതിപ്രധാനമായ കാര്യം ഇതാണ്. അല്ലാഹു പറയുന്നു: ‘വെള്ളത്തില്‍നിന്ന് ജീവനുള്ള എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചു'(അല്‍അമ്പിയാഅ് 30).
നാമെല്ലാവരും നന്നായി വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. നബിതിരുമേനി(സ) പറഞ്ഞതായി ഒരു പ്രബലമായ ഹദീസില്‍ ഇപ്രകാരം കാണാം: ‘ഒരു നാള്‍ ജീവിതത്തില്‍ അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളെക്കുറിച്ച് നിങ്ങള്‍ ചോദ്യംചെയ്യപ്പെടും. അത്യുഷ്ണദിനങ്ങളില്‍ ദാഹിച്ചുവലഞ്ഞിരിക്കെ ലഭിച്ച കുടിവെള്ളത്തെക്കുറിച്ചുപോലും.’ശുദ്ധമായ കുടിവെള്ളം വലിയ അനുഗ്രഹമാണെന്ന് ഇതില്‍നിന്ന് വ്യക്തമാണ്.
Add Comment