കുട്ടികള്‍

കുഞ്ഞ് കരഞ്ഞാല്‍ എന്തുചെയ്യും?

കുഞ്ഞുങ്ങളുടെ മാനസികാവസ്ഥ പരിഗണിച്ചാണ് നാം മാതാപിതാക്കള്‍ എന്നും അവരുമായി സഹവസിക്കേണ്ടത്. പലപ്പോഴും അവരുടെ മാനസികാവസ്ഥ വാക്കാല്‍ പ്രകടമാണെന്നില്ല. കുഞ്ഞുങ്ങള്‍ ചിരിക്കുന്നതുപോലും ചിലപ്പോള്‍ അസാംഗത്യമായി നമുക്ക് തോന്നാം. എങ്കിലും അവരുടെ ചിരി നമ്മുടെ മനസ്സ് കുളിര്‍പ്പിക്കുന്നു.

കുഞ്ഞുങ്ങളിലെ വിഷമവും ചിണുങ്ങികരയലുമെല്ലാം നമുക്ക് സാരമല്ലെന്ന് തോന്നുന്ന പല കാരണങ്ങളാലായിരിക്കാം. അവരുടെ ബുദ്ധിയുടെ ദൗര്‍ബല്യമോ കാര്യങ്ങളുടെ ഗൗരവ / നിസ്സാര വേര്‍തിരിവിനെക്കുറിച്ചുള്ള അറിവില്ലായ്മയോ ആണ് ആ കരച്ചിലിന് കാരണം.
ചില വസ്തുക്കളോട് അവര്‍ക്ക് ഭയമായിരിക്കും. കാരണമവര്‍ക്കറിയില്ല, ഈ വസ്തു പേടിക്കേണ്ടതാണോ അല്ലയോ എന്ന്. ഈ തിരിച്ചറിവിന്റെ അഭാവം അവരിലെ പ്രതികരണങ്ങളെ ശക്തവും അനൗചിത്യവുമാക്കുന്നു. നിസ്സാരമായ ഒരു കളിപ്പാട്ടം നഷ്ടപ്പെട്ടതിന്റെ പേരില്‍ അവര്‍ നിലവിളിച്ച് കരയും. ചിലപ്പോള്‍ അവര്‍ അനുഭവിച്ച ചെറിയനക്കമായിരിക്കും പൊട്ടിച്ചിരിക്കാന്‍ അവരെ പ്രേരിപ്പിച്ചത്.
മക്കള്‍ വളര്‍ന്ന് പുതിയ തിരിച്ചറിവുകള്‍ നേടിയാലും അവര്‍ക്ക് എപ്പോഴും കാര്യങ്ങളില്‍ മാതാപിതാക്കളുടെ പരിചരണം ആവശ്യമാണ്. അതിനാല്‍ നിങ്ങളുടെ മോന്‍ / മോള്‍ കരയുന്നത് കണ്ടാല്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് വളരെ ഉത്തമമായിരിക്കും

  1. കുഞ്ഞിനെ ശകാരിക്കരുത്. നിസ്സാരകാര്യത്തിന് വേണ്ടി കരയുന്നു എന്ന് പറഞ്ഞ് പരിഹസിക്കുകയുമരുത്. നിങ്ങള്‍ക്കല്ലേ അത് നിസ്സാരം ! അവനെ സംബന്ധിച്ചിടത്തോളം അത് വലിയ ആനക്കാര്യം തന്നെയാണ്.
  2. മക്കളെ വാത്സല്യത്തോടെ സമീപിക്കുക. ഭയപ്പാട് അകറ്റി അവരെ കാര്യങ്ങള്‍ തിരിച്ചറിയാനും മനസ്സിലാക്കാനും സഹായിക്കുക; കുഞ്ഞിന്റെ പേടിയിലും പ്രതികരണങ്ങളിലും നമുക്കെത്ര അനൗചിത്യം തോന്നിയാലും.
  3. കുഞ്ഞുങ്ങള്‍ പറയുന്നത് നന്നായി കേള്‍ക്കുക. അവരുടെ പേടിയും സമീപനങ്ങളും, കാരണങ്ങളുണ്ടെങ്കില്‍ അതും നാം ശരിക്ക് കേള്‍ക്കണം.
  4. അവരുടെ കുഞ്ഞുമാനസികാവസ്ഥകളെ പരിഹസിക്കുകയോ പുച്ഛിക്കുകയോ അരുത്. തന്നെ നന്നായി പരിഗണിക്കുന്ന, ആദരിക്കുന്ന ഉമ്മയാണ് / വാപ്പയാണ് തനിക്കുള്ളതെന്ന് അവരെ തോന്നിപ്പിക്കണം.

Topics