Global വാര്‍ത്തകള്‍

അമേരിക്ക കുര്‍ദുകളെ കൈവിട്ടത് അബദ്ധം: പെന്റഗണ്‍ മുന്‍ വിദഗ്ധന്‍

വാഷിങ്ടണ്‍: ഐസിസ് ഭീകരര്‍ക്കെതിരെ ഒന്നിച്ചുനിന്ന് പോരാടിയ കുര്‍ദ് മിലീഷ്യകളെ കൈവിട്ട് തുര്‍ക്കിയെ രംഗം കയ്യടക്കാന്‍ അനുവദിച്ചത് അമേരിക്കന്‍ നയങ്ങള്‍ക്ക് തിരിച്ചടിയായെന്ന് പെന്റഗണിന്റെ മുന്‍ മിഡിലീസ്റ്റ് നയവിശാരദനും ഡെപ്യൂട്ടി അസിസ്റ്റന്റ് ഡിഫന്‍സ് സെക്രട്ടറിയുമായ മൈക്കല്‍ മല്‍റോ. തുര്‍ക്കിയുടെ അതിര്‍ത്തി സുരക്ഷാവികാരങ്ങളെ അമേരിക്ക കണക്കിലെടുക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
‘വിദേശങ്ങളില്‍ ദീര്‍ഘകാലമായി അമേരിക്കന്‍ സൈന്യത്തെ വിന്യസിച്ചിട്ടുള്ളതിനെ കുറച്ചുകൊണ്ടുവരുമെന്ന് പ്രസിഡന്റ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അത്തരത്തിലുള്ള സേനാ വിന്യാസങ്ങളെ പിരിച്ചുവിടുന്നത് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള അമേരിക്കന്‍ താല്‍പര്യങ്ങളെയാണ് ബാധിക്കുക. ഒരിക്കല്‍ ഒരു സ്ഥലത്തുനിന്ന് പിന്‍വാങ്ങിയാല്‍ അവിടേക്ക് മടക്കയാത്ര പ്രയാസകരമാകും’ മൈക്കല്‍ വിശദീകരിച്ചു.

‘സൈനികര്‍ നാട്ടിലേക്ക് തിരിച്ചുപോകുന്നത് അവരുടെ കുടുംബങ്ങള്‍ക്ക് സന്തോഷവാര്‍ത്തയാണെങ്കിലും അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് അതത്ര ഹിതകരമല്ല. അമേരിക്ക സിറിയയില്‍നിന്ന് പിന്‍വാങ്ങിയത് തുര്‍ക്കിസേനയുടെ കടന്നുകയറ്റത്തിന് വഴിയൊരുക്കുകയായിരുന്നു’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മേഖലയില്‍ തുര്‍ക്കി ,റഷ്യ സഖ്യത്തിലുള്ള സൈനികനടപടികള്‍ അമേരിക്കയുടെ താല്‍പര്യങ്ങളെ ദോഷകരമായി ബാധിക്കുമെന്നാണ് പ്രതിരോധരംഗത്തെ വിദഗ്ധര്‍ പറയുന്നത്. അതെന്തായാലും സിറിയയിലെ എണ്ണപ്പാടങ്ങളുടെ സുരക്ഷയ്ക്ക് എന്നപേരില്‍ വീണ്ടും സൈനികസന്നാഹങ്ങളും പടക്കോപ്പുകളും ഒരുക്കിയിരിക്കുകയാണ് അമേരിക്ക. കഴിഞ്ഞദിവസം മേഖലയില്‍ അമേരിക്കന്‍ സേന പട്രോളിങ് നടത്തിയിരുന്നു.

Topics