Dr. Alwaye Column

ഇതരമതങ്ങളോടുള്ള ഇസ്‌ലാമിന്റെ സമീപനം

ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും അടിസ്ഥാനഭാവങ്ങള്‍ക്ക് അടിവരയിടുന്നതാണ് താഴെ കൊടുക്കുന്ന സൂക്തങ്ങള്‍.

  1. മതവിഷയത്തില്‍ ബലാല്‍ക്കാരം പാടില്ല(അല്‍ബഖറ256).
  2. നിന്റെ നാഥന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഭൂമിയിലുള്ള മുഴുവന്‍ മനുഷ്യരും വിശ്വാസികളാവുമായിരുന്നു. വിശ്വാസികളായിത്തീരുന്നതുവരെ നീ ജനങ്ങളെ നിര്‍ബന്ധിക്കുമെന്നാണോ?(യൂനുസ് 99).
  3. അല്ലാഹുവിന്റെ അനുമതിയോടെയല്ലാതെ ഒരാള്‍ക്കും വിശ്വാസിയാകാന്‍ കഴിയില്ല(യൂനുസ് 100).
    മതപരമായ വൈജാത്യങ്ങളുടെയും വംശീയയുദ്ധങ്ങളുടെയും സാമൂഹിക അരാജകത്വങ്ങളുടെയും ചുഴിയില്‍ പെട്ട് ലോകം ആടിയുലയുമ്പോഴാണ് ആ പ്രാകൃതയുഗത്തില്‍ ഉദാത്തവും മഹത്തരവുമായ നിയമസംഹിതയുമായി ഇസ്‌ലാം കടന്നുവന്നത്.
    വിശ്വാസസ്വാതന്ത്ര്യം ഇസ്‌ലാം വകവെച്ചുകൊടുക്കുന്നുണ്ട്. ഇസ്‌ലാമികരാഷ്ട്രത്തോട് വിധേയത്വം പുലര്‍ത്തുന്ന മതസ്തരുടെയും ആരാധനാസ്വാതന്ത്ര്യം ഇസ്‌ലാം സംരക്ഷിക്കുന്നുണ്ട്. ഒരു ബാധ്യതയായി മനസ്സിലാക്കി മുസ്‌ലിങ്ങള്‍ ജനങ്ങളെ ഇസ്‌ലാമിലേക്ക് കടന്നുവരാന്‍ ക്ഷണിക്കാറുണ്ട്. ഇസ്‌ലാം ആശ്ലേഷത്തോടെ പക്ഷേ, ആ ബാധ്യത അവസാനിക്കുകയില്ല. ഇസ്‌ലാമിന്റെ രാജപാതയില്‍ എത്തുന്നതോടെ അവകാശങ്ങളില്‍ മറ്റുള്ളവരെപ്പോലെ പുതുവിശ്വാസികളും തുല്യപങ്കാളികളാകും. എന്നാല്‍ മനുഷ്യാരംഭം മുതല്‍ മുഹമ്മദ് നബി(സ)വരെയുള്ള ലോകചരിത്രത്തിലുടനീളം നാം കാണുന്നത് ജേതാക്കളായവര്‍ പരാജിത രാഷ്ട്രങ്ങളോടും സമൂഹങ്ങളോടും ഇപ്പറഞ്ഞതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതാണ്.

ഇസ്‌ലാമിലെ യുദ്ധനിയമങ്ങള്‍ മാനവീയതയോട് അതെങ്ങനെ പെരുമാറുന്നു എന്നതിന്റെ മാതൃകാചൂണ്ടുപലകയാണ്. ഈ നിയമങ്ങളെ പൊതുനിയമങ്ങളുടെ പട്ടികയിലാണ് ഖുര്‍ആന്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
‘നിങ്ങളോട് യുദ്ധം ചെയ്യുന്നവരോട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളും യുദ്ധംചെയ്യുക. നിങ്ങള്‍ അതിരുവിട്ട് പ്രവര്‍ത്തിക്കരുത്. അതിരുവിടുന്നവരെ തീര്‍ച്ചയായും അല്ലാഹുവിന് ഇഷ്ടമല്ല'(അല്‍ബഖറ 190).
‘അവര്‍ നിങ്ങളോട് യുദ്ധംചെയ്താല്‍ നിങ്ങള്‍ അവരോടും യുദ്ധം ചെയ്യുക'(അല്‍ബഖറ 191)
‘അവര്‍ യുദ്ധം അവസാനിപ്പിച്ചാല്‍ അക്രമകാരികളോടല്ലാതെ ആരോടും പിന്നീട് ശത്രുത പാടില്ല'(അല്‍ബഖറ 193).
ഇസ്‌ലാമിലേക്കൊരിക്കലും ശാത്രവത്തിന്റെയും ആര്‍ത്തിയുടെയും വികാരം സംക്രമിച്ചുകയറിയിട്ടില്ല. പ്രതാപകാലങ്ങളില്‍ പോലും മുസ്‌ലിങ്ങളെന്നും പാരസ്പര്യത്തിന്റെ സന്നദ്ധതയാണുയര്‍ത്തിപ്പിടിച്ചത്. പ്രതിയോഗികളോട് അവര്‍ പറഞ്ഞുകൊണ്ടിരുന്നത് ഇതാണ്: ‘നിങ്ങള്‍ ഞങ്ങളോട് യുദ്ധത്തിന് വരരുത്. പകരം ഞങ്ങളുമായി സഖ്യത്തിലാവുക. ഞങ്ങള്‍ നിങ്ങളുടെ സുഹൃത്തുക്കളാകാം. അതല്ലെങ്കില്‍ ഞങ്ങള്‍ പിന്തുടരുന്ന മതം നിങ്ങള്‍ സ്വീകരിക്കുക. ഞങ്ങള്‍ അനുഭവിക്കുന്ന സമസ്ത അവകാശങ്ങളും ആനുകൂല്യങ്ങളും നിങ്ങള്‍ക്കും അനുഭവിക്കാം'(റൂഹുല്‍ ഇസ്‌ലാം വാള്യം 2 പേജ് 92).
ഇസ്‌ലാമിന്റെ ചില പ്രതിയോഗികള്‍ വാദിക്കാറുണ്ട്, മുസ്‌ലിങ്ങള്‍ കയ്യടക്കിയ ഒട്ടുമിക്ക രാജ്യങ്ങളിലും അവിടുത്തെ ഇതരമതസ്തരായ ആളുകളെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനത്തിന് വിധേയരാക്കി എന്നതിന് തെളിവുണ്ടെന്ന്. പേര്‍ഷ്യയെയും പേര്‍ഷ്യക്കാരെയും ചിലര്‍ ഇതിന് തെളിവായുദ്ധരിക്കാറുണ്ട്. മുസ്‌ലീങ്ങള്‍ പേര്‍ഷ്യ കയ്യടക്കുകയും പേര്‍ഷ്യന്‍ രാജവാഴ്ച നിലംപതിക്കുകയും ചെയ്ത സന്ദര്‍ഭമാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.

മുസ്‌ലിങ്ങള്‍ വിജയിച്ചടക്കിയ രാജ്യങ്ങളില്‍ അക്കാലത്ത് നിലനിന്നിരുന്ന സാഹചര്യങ്ങളെ ഈ പ്രതിയോഗികള്‍ മറക്കുകയോ അങ്ങനെ മറന്നതായി നടിക്കുകയോ ആണ്. പ്രസ്തുത നാടുകളില്‍ മതകീയമായ ഒരു സാന്നിധ്യവുമുണ്ടായിരുന്നില്ല. മനുഷ്യരാശി അനുഭവിക്കാനിടയുള്ള ഏറ്റവും കടുത്ത രണ്ട് ദുരിതങ്ങളുടെ കീഴില്‍ പൊതുസമൂഹം ഞെരിഞ്ഞമര്‍ന്ന് കഴിയുമ്പോഴാണ് ഇസ്‌ലാം അവിടങ്ങളിലേക്ക് കടന്നുചെന്നത്. പൗരോഹിത്യമായിരുന്നു അവയിലൊന്നാമത്തെ ദുരിതം. മനുഷ്യധിഷണക്ക് ആഘാതമേല്‍പ്പിച്ചിരുന്ന മിഥ്യാവാദങ്ങളിലേക്കും കപടയുക്തികളിലേക്കും അന്ധവിശ്വാസങ്ങളിലേക്കും അനാചാരങ്ങളിലേക്കും ഒടുവില്‍ സര്‍വനാശത്തിലേക്കും വഴുതിപ്പോയ പൗരോഹിത്യം. താന്തോന്നികളുടെ തേര്‍വാഴ്ചയായിരുന്നു രണ്ടാമത്തേത്. അധര്‍മത്തിലും തെമ്മാടിത്തത്തിലും അഭിരമിച്ചു മതിമറന്ന താന്തോന്നികള്‍. അങ്ങനെ നാലുപാടുനിന്നുമായി സമൂഹഗാത്രത്തിലേക്ക് വിനാശത്തിന്റെ രോഗബീജം അരിച്ചിറങ്ങി. അത്തരമൊരു സന്ദിഗ്ധഘട്ടത്തിലാണ് മുസ്‌ലിങ്ങള്‍ പ്രസ്തുത രാജ്യങ്ങളിലേക്ക് കടന്നുവന്നതും യുക്തിയുടെയും മാനവീയതയുടെയും സുവിശേഷമറിയിച്ചതും. അതോടെ ജനങ്ങള്‍ കൂട്ടംകൂട്ടമായി ഇസ്‌ലാമിലേക്ക് ഒഴുകിയെത്തി. പേര്‍ഷ്യ ഇസ്‌ലാമിന്റെ വര്‍ണം സ്വീകരിച്ചുവിമോചിതയായി(മേല്‍പുസ്തകം പേജ് 94)

‘അറബികളുടെയും മുസ്‌ലിങ്ങളുടെയും ചരിത്രം’ എന്ന പുസ്തകത്തില്‍ പേര്‍ഷ്യന്‍ ചരിത്രകാരന്‍ നൈബോണ്‍ അഭിപ്രായപ്പെടുന്നത് കാണുക: ഏതെങ്കിലുമൊരു ഘട്ടത്തില്‍ അനുയായികളെ യുദ്ധത്തിനൊരുക്കുക എന്നത് ഏതൊരു മതത്തിനും ഒഴിച്ചുകൂടാനാകാത്ത കാര്യമാണ്. ഇസ്‌ലാമിനും അത്തരമൊരു സാഹചര്യമുണ്ടായിട്ടുണ്ട്. എന്നാല്‍ പ്രബോധനമാര്‍ഗത്തില്‍ മുസ്‌ലിങ്ങള്‍ കയ്യൂക്ക് പ്രയോഗിച്ചു എന്നും ഇതരമതസ്തരോട് അങ്ങേയറ്റത്തെ ശത്രുതയോടെ പെരുമാറി എന്നും മറ്റുമുള്ള ജല്‍പനങ്ങള്‍ നിശിതമായും നിരാകരിക്കേണ്ടതുണ്ട്(മേല്‍പുസ്തകം വാള്യം 6 പേജ് 95).

ഭൂമുഖത്ത് വന്ന ഏതൊരു മതത്തിന്റെയും രാഷ്ട്രീയദര്‍ശനം നാമൊന്ന് പഠനവിധേയമാക്കിയാല്‍ ഇതരമതസ്തരോട് ഇത്രയധികം സഹിഷ്ണുതയോടെ വര്‍ത്തിക്കുന്ന ഒരു മതം ഇസ്‌ലാം അല്ലാതെ മറ്റൊന്നുമുള്ളതായി നമുക്ക് കാണാന്‍ കഴിയില്ല. തികഞ്ഞ സഹിഷ്ണുതയിലേക്കാണ് മാനവരാശിയെ സദാ ഇസ്‌ലാം ക്ഷണിക്കുന്നത്. മദീനയിലെത്തിയതിന് ശേഷം പ്രവാചകതിരുമേനി ജൂതന്‍മാരോട് നടത്തിയ കരാറില്‍ ഇക്കാര്യം വ്യക്തമാണ്. അറേബ്യന്‍ ഉപദ്വീപില്‍ ഇസ്‌ലാമിന് ആധിപത്യം വന്നതിന് ശേഷം ദൈവദൂതന്‍ നജ്‌റാനിലെയും സമീപരാജ്യങ്ങളിലെയും ക്രൈസ്തവര്‍ക്കയച്ച കത്ത് ഏറെ പ്രസിദ്ധമാണ്. മദീനയിലെത്തിയ ശേഷം അന്ത്യപ്രവാചകന്‍ ഉണ്ടാക്കിയ ഉടമ്പടിയില്‍ ഇതരമതസ്തര്‍ക്ക് സമ്പൂര്‍ണമായ ആശയസ്വാതന്ത്ര്യം വകവെച്ചുകൊടുക്കുകയുണ്ടായി. മുസ്‌ലിങ്ങളും മറ്റുള്ളവരും പരസ്പരം പാലിച്ചിരിക്കേണ്ട സമീപന മര്യാദകളെക്കുറിച്ചും പ്രസ്തുത കരാറില്‍ വ്യക്തമാക്കി. വ്യക്തികള്‍ക്കിടയിലും സമൂഹങ്ങള്‍ക്കിടയിലുമുള്ള പരസ്പരബന്ധം ഊട്ടിയുറപ്പിക്കുകയും മതസ്വാതന്ത്ര്യം ഉറപ്പാക്കുകയും ചെയ്യുന്നതില്‍ വിജയിച്ച മാനവചരിത്രത്തിലെ ആദ്യത്തെ ലിഖിത ഭരണഘടനയാണ് ദൈവദൂതനുണ്ടാക്കിയ പ്രസ്തുത ഉടമ്പടിയെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ഒരേ രാജ്യത്തിനകത്തെ ഭിന്നഘടകങ്ങളെ കൂട്ടിയിണക്കിയ വ്യവസ്ഥാപിതമായൊരു ധാരണാപത്രമായിരുന്നു അത്.
സമ്പൂര്‍ണജനാധിപത്യം , മാനവസമത്വം , പ്രപഞ്ചസ്രഷ്ടാവിന്റെ ഏകത്വം എന്നീ നാമധേയത്വത്തില്‍ സമസ്ത ജനവിഭാഗങ്ങള്‍ക്കും ഇസ്‌ലാം ശുഭവാര്‍ത്ത അറിയിക്കുന്നു. സാമൂഹികമായോ ചിന്താപരമായോ പീഡിതരായി ക്കഴിയുന്നവര്‍ പൗരോഹിത്യത്തിന്റെ പിടുത്തത്തില്‍നിന്നും യാഥാസ്ഥിതികത്വത്തിന്റെ അടിച്ചമര്‍ത്തലില്‍നിന്നും മനുഷ്യചിന്തയെ വിമോചിപ്പിച്ച ഇസ്‌ലാമിന്റെ പതാകയ്ക്കുകീഴില്‍ അഭയം തേടിയെത്തും എന്നത് സ്വാഭാവികമാണ്.

മതപരമായ സഹിഷ്ണുതയുടെയും സാമൂഹികനീതിയുടെയും ദര്‍ശനം അതിന്റെ സാധ്യമായ അര്‍ഥത്തില്‍ യാഥാര്‍ഥ്യമാക്കിയ ഇസ്‌ലാമിന്റെ ആഗമനത്തെ ഭൂമുഖത്തുള്ള സര്‍വമതത്തിലെയും സ്വതന്ത്രചിന്തകര്‍ ആഹ്ലാദത്തോടെ സ്വാഗതംചെയ്യുകയുണ്ടായി. അവരില്‍ ഒരുവിഭാഗം ഇസ്‌ലാം ആശ്ലേഷിച്ചു. മറ്റൊരു വിഭാഗം ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന സമ്പന്നമായ സഹിഷ്ണുതയുടെ തണലില്‍ ജീവിക്കാന്‍ സന്നദ്ധരായി. ആ സഹിഷ്ണുതയ്ക്ക് ആധാരമായ പാഠം ഈയൊരു ദൈവികസൂക്തമാണ്: ‘തീര്‍ച്ചയായും നിങ്ങളുടെ ഈ സമൂഹം ഒരൊറ്റ സമൂഹമാണ്. ഞാനാകട്ടെ, നിങ്ങളുടെ നാഥനും. അതിനാല്‍ നിങ്ങള്‍ എന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ സൂക്ഷ്മതയോടെ പാലിച്ചുജീവിക്കുക'(അല്‍മുഅ്മിനൂന്‍ 52)

വിവ: ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്‌

Topics