Global വാര്‍ത്തകള്‍

മുസ്‌ലിംവിരുദ്ധ മുദ്രാവാക്യങ്ങളുമായി ബോസ്‌നിയയില്‍ വീണ്ടും സെര്‍ബ്-ക്രോട്ട് രാഷ്ട്രീയം

സരായെവോ: തൊണ്ണൂറുകളിലെ കലാപങ്ങള്‍ക്ക് തിരികൊളുത്തിയ മുസ്‌ലിംവിരുദ്ധ മുദ്രാവാക്യങ്ങളുമായി സെര്‍ബ് -ക്രോട്ട് രാഷ്ട്രീയം ബോസ്‌നിയയില്‍ ശക്തിയാര്‍ജിക്കുന്നതായി റിപോര്‍ട്ട്. വിശാലക്രൊയേഷ്യ, വിശാല സെര്‍ബിയ എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ബോസ്‌നിയയെ തൊണ്ണൂറുകളില്‍ വിഭജിക്കാന്‍ ശ്രമിച്ചതുപോലെ തീവ്രവാദികളുടെ താവളമാണ് ബോസ്‌നിയയെന്ന് പ്രചരിപ്പിച്ച് വീണ്ടും രാജ്യത്തെ ഛിന്നഭിന്നമാക്കാനാണ് സെര്‍ബിയന്‍- ക്രോട്ട് വംശജരായ മുസ്‌ലിംവിരുദ്ധര്‍ ശ്രമിക്കുന്നത്. മേഖലയില്‍ സമാധാനവും സുരക്ഷിതത്വവും വീണ്ടെടുക്കണമെങ്കില്‍ ബോസ്‌നിയയെ വിഭജിക്കണമെന്നാണ് അവര്‍ വാദിക്കു ന്നു.
2013 ലെ സെന്‍സസ് അനുസരിച്ച് രാജ്യത്തെ ജനസംഖ്യയില്‍ ഓര്‍തഡോക്‌സ് ക്രൈസ്തവര്‍ 31 ശതമാനവും കത്തോലിക്കാവിശ്വാസികള്‍ 15 ശതമാനവും മുസ്‌ലിംകള്‍ 50 ശതമാനവുമാണ്. സിറിയ, പാകിസ്താന്‍, അള്‍ജീരിയ തുടങ്ങി രാജ്യങ്ങളിലെ അഭയാര്‍ഥികള്‍ ക്രൊയേഷ്യയിലൂടെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനെ മുസ് ലിംജനസംഖ്യാസ്‌ഫോടനം സൃഷ്ടിക്കുന്ന ഒന്നായി തീവ്രവലതുപക്ഷരാഷ്ട്രീയക്കാര്‍ ഭീതിപ്പെടുത്തുന്നുണ്ട്. ഇസ്‌ലാമികശരീഅത്ത് നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന മുസ്‌ലിംപാര്‍ട്ടികള്‍ സെക്യുലര്‍ രാഷ്ട്രീയമുഖം സ്വീകരിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് അവര്‍ ആരോപിക്കുന്നു. സെര്‍ബ് ദേശീയവാദി ദോദിക്, വിദേശമന്ത്രി ഇവിക ദാസിക് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ബോസ്‌നിയക്കെതിരെ യുഎന്‍ സമിതിയില്‍ ലോബിയിങ് നടത്തുന്നതായി ഈയിടെ വാര്‍ത്തകള്‍ വന്നിരുന്നു.

Topics