ഞാനറിഞ്ഞ ഇസ്‌ലാം

ഡോ.ശൗഖി വൂത്താകി: ജപ്പാനിലെ ഇസ് ലാമിന്റെ വസന്തം

തികഞ്ഞ മനുഷ്യസ്‌നേഹിയും ആണവവിരുദ്ധ പ്രവര്‍ത്തകനുമായിരുന്നു ജപ്പാനിലെ ആദ്യ ഇസ്‌ലാമിക സംഘടനയായ ജംഇയ്യതുല്‍ ഇഖ്‌വതുല്‍ ഇസ്‌ലാമിയ്യഃയുടെ സ്ഥാപകന്‍ ശൗഖി വൂത്താകി. ഡോക്ടറായാണദ്ദേഹം ഔദ്യോഗികജീവിതം ആരംഭിക്കുന്നത്. ടോക്കിയോവിലെ പ്രശസ്ത ആശുപത്രിയുടെ മാനേജര്‍, സിക്കാമി ജയിന്‍ എന്ന ജപ്പാനിലെ മെഡിക്കല്‍ ജേര്‍ണലിന്റെ പത്രാധിപര്‍ (1954) എന്നീ നിലകളിലും പ്രവര്‍ത്തിച്ച വൂത്താകി ആണവവര്‍ഷമുണ്ടായ ഹിരോഷിമയിലെയും നാഗസാക്കിയിലെയും പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

പുനരധിവാസപ്രവര്‍ത്തനത്തിന് ഫണ്ടുകള്‍ സ്വരൂപിക്കാന്‍ നിരവധി കമ്പനികളെ സമീപിച്ച അദ്ദേഹത്തിന് അവരില്‍ നിന്ന് പ്രതികൂല മറുപടിയുണ്ടായപ്പോള്‍ ബലമായി ഫണ്ടുകള്‍ പിരിച്ചെടുത്തു. അതിന്റെ പേരില്‍ ജപ്പാന്‍ ഗവണ്‍മെന്റ് അദ്ദേഹത്തിന്റെ മെഡിക്കല്‍ പ്രാക്ടീസിങ് ലൈസന്‍സ് റദ്ദാക്കി ജയിലിലടച്ചു.

 ജയില്‍വാസകാലത്താണ് അദ്ദേഹം ഇസ്‌ലാമിനെക്കുറിച്ച് പഠിക്കാനാരംഭിക്കുന്നത്. ബുദ്ധമതവിശ്വാസിയായിരുന്ന വൂത്താഖി രാഷ്ട്രീയപരവും ആത്മീയപരവും തത്ത്വശാസ്ത്രപരവുമായ സങ്കല്‍പങ്ങളെക്കുറിച്ചാണ് ആദ്യം പഠിച്ചത്. പിന്നീട് ഏകദൈവ സങ്കല്‍പത്തില്‍ ആകൃഷ്ടനായ അദ്ദേഹം ഇസ്‌ലാമിനെക്കുറിച്ച് പഠിക്കാന്‍ തുടങ്ങി. ജപ്പാനിലെ ഇസ്‌ലാമിക പ്രബോധകനായ അബൂബക്കര്‍ മോറി മോത്തറെ പരിചയപ്പെട്ടതിലുടെയാണ് വൂത്താഖി ഇസ്‌ലാമിന്റെ ദൈവശാസ്ത്രപരമായ വശങ്ങളെക്കുറിച്ച് പഠിച്ചത്. ലോകത്ത് മുസ്ലിംജനസംഖ്യ കൂടുമ്പോള്‍ ദുര്‍ബലരുടെ പ്രശ്‌നങ്ങള്‍ കുറയുന്നവെന്നാണ് അബൂബക്കര്‍ മോറി മോത്തറെ അഭിപ്രായപ്പെട്ടിരുന്നത്. ഇസ്ലാം സ്‌നേഹത്തിന്റെ സാഹോദര്യത്തിന്റെയും മതമായതിനാലാണ് അപ്രകാരം സംഭവിക്കുന്നതെന്നും അദ്ദേഹം കരുതി.

ടോക്കിയോവിലെ പള്ളിയില്‍ പോയാണ് വൂത്താഖി താന്‍ ഇസ്‌ലാം സ്വീകരിച്ചതായി പ്രഖ്യാപിക്കുന്നത്. കൂടെ അദ്ദേഹത്തിന്റെ ഹോദരനും ഇസ്‌ലാം സ്വീകരിച്ചു. ഇത് ജപ്പാനിലെ ഇസ്‌ലാമികചരിത്രത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെച്ചു. അദ്ദേഹത്തിന്റെ ഇസ് ലാംസ്വീകരണത്തിനു ശേഷം ആദ്യ അഞ്ചുവര്‍ഷത്തിനകം  25000 ജപ്പാന്‍കാര്‍ ഇസ് ലാമില്‍ ആകൃഷ്ടരായി. അവരില്‍ ജപ്പാന്‍മന്ത്രിസഭയിലെ തപാല്‍ടെലികമ്യൂണിക്കേഷന്‍ മന്ത്രിയായിരുന്ന ജോശിറോ കോമിയാമ(മുഹമ്മദ് കോമിയാമ)യും ഉള്‍പ്പെടുന്നു.

ജപ്പാന്റെ രാഷ്ട്രീയത്തില്‍ അറിയപ്പെടുന്ന ഇസ്‌ലാമികവ്യക്തിത്വമായി വൂത്താഖി ഉയര്‍ന്നു.  ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കവേ മോണിറ്ററി  റിസര്‍ച്ച് കൗണ്‍സിലിന്റെ ചീഫായും ശാസ്ത്രസാങ്കേതിക സമിതിയുടെ തലവനായും പദവിയലങ്കരിച്ചപ്പോഴായിരുന്നു അത്. കൂടാതെ ടോക്കിയോ നഗരത്തിന്റെ ഹൃദയഭാഗത്ത് ശിന്‍ചികോ എന്ന പേരില്‍ ഹോസ് പിറ്റല്‍ സ്ഥാപിച്ചു.  ടോക്കിയോനഗരത്തില്‍ ഇസ് ലാമിക് സെന്ററുകളും പള്ളികളും സ്ഥാപിക്കാന്‍ മുന്‍കയ്യെടുക്കുകയും ചെയ്തു.

Topics