ഞാനറിഞ്ഞ ഇസ്‌ലാം

മുസ് ലിം നാമധാരികളെ നോക്കി ഇസ് ലാമിനെ വിലയിരുത്തരുത് :സിസ്റ്റര്‍ കാത്തിയ

(റഷ്യന്‍ നവമുസ് ലിം വനിതയായ സിസ്റ്റര്‍ കാത്തിയയുമായി ഓണ്‍ ഇസ്‌ലാം ഡോട്ട് നെറ്റ് നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍)

താങ്കളെ പരിചയപ്പെടുത്താമോ ?

ഞാന്‍ കാത്തിയ. ജനിച്ചതും വളര്‍ന്നതും റഷ്യയില്‍, ഒരു  ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ കുടുംബത്തില്‍. പിന്നീട് ഈജിപ്തിലേക്ക് പാലായനം ചെയ്തു.  ഇസ്‌ലാം സ്വീകരിച്ചിട്ട് രണ്ട് വര്‍ഷത്തോളമായി. അയിഷ എന്നാണ് പുതിയ പേര്.

താങ്കള്‍ ക്രിസ്തുമത വിശ്വാസിയാണെന്ന് പറഞ്ഞല്ലോ, താങ്കളുടെ കുടുംബ പശ്ചാതലമെങ്ങനെയായിരുന്നു ? തീവ്രവിശ്വാസികളായിരുന്നുവോ മാതാപിതാക്കള്‍ ?
കുടുംബത്തലുള്ളവരാരും എന്നെപ്പോലെ ഉറച്ച വിശ്വാസികളായിരുന്നില്ല, പള്ളിയില്‍ പോകും കുര്‍ബാനയില്‍ പങ്കെടുക്കും, അത്രമാത്രം. എന്നാല്‍, ഞാന്‍ കാര്യങ്ങളെ ഗൗരവത്തോടെ നോക്കിക്കാണുന്നയാളാണ്. മതവും അതുപോലെത്തന്നെയായിരുന്നു. ക്രിസ്തുമതത്തിലെ വ്യത്യസ്ത ചിന്താധാരകള്‍ ഞാന്‍ പഠിക്കാന്‍ശ്രമിച്ചിട്ടുണ്ട്. പെന്തക്കോസ്തുകളും കത്തോലിക്കരുമടങ്ങുന്ന നിരവധി സുഹൃത്തുക്കളും എനിക്കുണ്ടായിരുന്നു. ഇവരില്‍ എല്ലാവരുടെ ചര്‍ച്ചുകളില്‍ ഞാന്‍ പോവുകയും ചര്‍ച്ച് മാസില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. എല്ലാവരും മോശക്കാരാണെന്നെനിക്ക് അഭിപ്രായമില്ല. പക്ഷെ കള്ളനാണയങ്ങള്‍ ധാരാളമുണ്ട്. പലരും പള്ളി ബില്‍ഡിംഗുകളില്‍ ആത്മീയമുഖമുള്ളവരും പുറത്തിറങ്ങിയാല്‍ രൂപവും ശൈലിയും വ്യക്തിത്വം വരെ ചെകുത്താന്റേതാവുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതിനാല്‍ മതസംഘടനകളില്‍ നിന്ന് ഞാന്‍ അകലം പാലിച്ചിരുന്നു.

മുസ്‌ലിമാകാന്‍ താങ്കളെ പ്രേരിപ്പിച്ച ഘടകമെന്താണ്? റഷ്യയില്‍ മുസ്‌ലിംകളുമായി ഇടപഴകാന്‍ അവസരമുണ്ടായിട്ടുണ്ടോ ?  സ്വന്തം മതമായി താങ്കള്‍ ഇസ്‌ലാം തെരെഞ്ഞെടുക്കുവാനുണ്ടായ സാഹചര്യം ?
റഷ്യയില്‍ മുസ്‌ലിങ്ങളുണ്ട്. പക്ഷെ ഞാനിന്ന് ധരിക്കുന്ന രീതിയില്‍ ഹിജാബ് ധരിച്ച സ്ത്രീകളെ ഞാനവിടെ കണ്ടിട്ടില്ല. ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ സലാലി എന്ന് പേരുള്ള ഹിജാബ് ധരിക്കുന്ന ഒരു കൂട്ടുകാരിയുണ്ടായിരുന്നതൊഴിച്ചാല്‍ എനിക്ക് മുസ്‌ലിംകളുമായി ബന്ധമില്ലായിരുന്നു. അവള്‍ വിശ്വസ്തയായിരുന്നു. അവളില്‍ നിന്നാണ് ഞാന്‍ ആദ്യം ഇസ്‌ലാമിനെ കുറിച്ച് പഠിക്കുന്നത്. പക്ഷെ കൃത്യമായി മതചടങ്ങുകളിലും നമസ്‌കാരത്തിലും പങ്കെടുക്കും എന്നതിലപ്പുറമുള്ള മതസങ്കല്‍പം അവള്‍ക്കില്ലായിരുന്നു. അവളേക്കാളധികം  ഇസ്‌ലാമിനോട് താല്‍പര്യം എനിക്കായിരുന്നു. വേറേയും ചില സുഹൃത്തുക്കുളുണ്ടായിരുന്നു പക്ഷെ അവര്‍ മതപരമായി നിലവാരം കുറഞ്ഞവരായിരുന്നു.
മുസ്‌ലിം പേരുകളിലറിയപ്പെടുന്നവരെ നോക്കി ഇസ്‌ലാമിനെ വിലയിരുത്തരുതെന്ന ചിലരുടെ അഭിപ്രായം ശരിയാണെന്ന് ഇസ്‌ലാമന്വേഷണത്തിലൂടെ എനിക്ക് മനസിലായി; കുറെ വൈകിയാണെങ്കിലും. ഇസ്‌ലാമെന്ന സ്വത്വം നിരവധി സംസ്‌കാരങ്ങളിലും ഭാഷകളിലും വേഷങ്ങളിലും പ്രയോഗവല്‍കരിക്കുമ്പോള്‍ വ്യത്യാസങ്ങള്‍ കാണാം. എന്നാല്‍ അതിന്റെ അടിസ്ഥാനങ്ങളില്‍ വ്യത്യാസമുണ്ടായിരിക്കില്ലെന്നും ഞാന്‍ തിരിച്ചറിഞ്ഞു.
ഹൈസ്‌കൂള്‍ ക്ലാസുകളില്‍ പഠിക്കുന്ന കാലത്താണ് അമേരിക്കയിലെ കുപ്രസിദ്ധമായ സെപ്തംബര്‍ 11 ഭീകരാക്രമണം നടക്കുന്നത്. അന്ന് ക്യാംപസിലെ ചര്‍ച്ച മുസ്‌ലിം എന്ന ഏകപക്ഷമാണ് ഈദുരന്തത്തിനുത്തരവാദി എന്നായിരുന്നു. പക്ഷെ മീഡിയ സൃഷ്ടിക്കുന്ന വാര്‍ത്തകളുടെ പൊള്ളത്തരങ്ങളറിയാന്‍ എനിക്ക് പിന്നെയും കുറേക്കാലം കാത്തിരിക്കേണ്ടി വന്നു.

അക്കാലത്ത് ക്യാംപസില്‍ ഇസ് ലാമിനെക്കുറിച്ച് സംസാരിക്കുന്നവരെന്ന നിലയില്‍ നിങ്ങളോടുള്ള ചോദ്യങ്ങള്‍ എപ്രകാരമായിരുന്നു ? അതിന് നിങ്ങള്‍ എങ്ങനെയായിരുന്നു മറുപടി പറഞ്ഞിരുന്നത് ?
ഞാനെന്റെ ക്യാംപസിലെ ചില മുസ്‌ലിം സുഹൃത്തുക്കളെക്കാണിച്ചു പറഞ്ഞു: ഇവരെ നോക്കൂ,  ഇവര്‍ ഒരു ഭീകരപദ്ധതി ആവിഷ്‌കരിക്കുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ ? അവിടത്തെ മുസ്‌ലിം സുഹൃത്തുക്കള്‍ സല്‍സ്വഭാവികളും എല്ലാവരോടും മാന്യമായിപെരുമാറുന്നവരുമായിരുന്നു. അതിനാല്‍ തന്നെ ഇസ് ലാമിക മാതൃകകളായി എനിക്കവരെ ചൂണ്ടിക്കാണിക്കാന്‍ കഴിഞ്ഞു.
വായനാരംഗം വികസിച്ചിരുന്നതിനാല്‍ ഇസ് ലാമിനെക്കുറിച്ച ചോദ്യങ്ങളെ എനിക്ക് പെട്ടെന്ന് അഭിമുഖീകരിക്കാനാവുമായിരുന്നു. ചിലര്‍ എന്നോട് ചോദിച്ചു, നിന്റെ ഇസ് ലാമില്‍ ചാവേര്‍ ആക്രമണം അനുവദിക്കുന്നുണ്ടോയെന്ന്.  അന്നെനിക്കതിന് പൂര്‍ണ ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല. കൂട്ടുകാരികള്‍ എന്നെ ആക്ഷേപിക്കാനും തുടങ്ങി: ‘അഞ്ച് പേജുള്ള ബുക്ക്‌ലെറ്റ് വായിച്ചാണോ നീ ഒരു ആദര്‍ശം തെരെഞ്ഞെടുത്തിരിക്കുന്നത് ?! നീയൊരു വിഡ്ഢി തന്നെ. ആ ആദര്‍ശത്തിന്റെ എന്നിട്ട് നീഹിജാബെന്ന പ്രാകൃതവേഷം ധരിക്കുന്നു. എന്തിനാ ഈ കാട്ടിക്കൂട്ടല്‍ ?’ പക്ഷേ, ആ ആക്ഷേപങ്ങള്‍ക്ക് മറുപടി നല്‍കേണ്ടതില്ലെന്നായിരുന്നു എന്റെ നിലപാട്.

Topics