വ്യവസായ രംഗത്ത് ശ്രദ്ധേയമായ വിജയം നേടിയ അമേരിക്കന്‍ നവമുസ്ലിം വനിതയാണ് ആഇശ അദവിയ. ഒരു പാകിസ്താനിയെയാണ് അവര്‍ വിവാഹം ചെയ്തിരിക്കുന്നത്. ഇരുവരും ന്യൂയോര്‍ക്കില്‍ കയറ്റുമതി ബിസിനസ് രംഗത്താണ് പ്രവര്‍ത്തിക്കുന്നത്. കൊളമ്പിയ സര്‍വകലാശാലയിലെ മുസ്ലിം വിദ്യാര്‍ഥിനികള്‍ രൂപം നല്കിയ ‘സിസ്റേഴ്സ് ഇന്‍ ഇസ്ലാം’ എന്ന സംഘടനയുടെ സ്ഥാപകാംഗമാണ് ആഇശ.
മുസ്ലിം വിദ്യാര്‍ഥിനികള്‍ക്കിടയിലും വനിതകള്‍ക്കിടയിലും മതബോധം ഉണര്‍ത്തുന്നതിലും അമുസ്ലിം സ്ത്രീകളില്‍ ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളിലും നിര്‍ണായകമായ പങ്കുവഹിച്ചുകൊണ്ടിരിക്കുന്ന ഒരു സംഘടനയാണിത്. തന്റെ ഇസ്ലാം ആശ്ളേഷത്തെക്കുറിച്ച ഒരു പത്രപ്രവര്‍ത്തകയുടെ ചോദ്യത്തിന് പതിനാറാം വയസ്സില്‍ ഇസ്ലാം സ്വീകരിച്ചുവെന്നാണ് അവര്‍ വെളിപ്പെടുത്തിയത്.
അവര്‍ പറയുന്നു:
‘എനിക്കെന്റെ ആദ്യകാല ജീവിതത്തില്‍ ഒരു സംതൃപ്തിയും ഉണ്ടായിരുന്നില്ല. ഒരു മതമെന്ന നിലയില്‍ ക്രിസ്തുമതത്തോടുള്ള വിപ്രതിപത്തിയായിരുന്നു കാരണം. എന്റെ ഹൃദയം എന്തോ ഒന്നിനെ തേടിക്കൊണ്ടിരുന്നു. യഥാര്‍ഥ ശാന്തി തന്നെയാണ് ഞാന്‍ തേടിക്കൊണ്ടിരുന്നത്. അങ്ങനെയിരിക്കെയാണ് മാല്‍കം എക്സിന്റെ ആത്മകഥ എന്റെ ശ്രദ്ധയില്‍പ്പെട്ടത്. അദ്ദേഹത്തിന്റെ പഴയകാല ജീവിതവും ഇസ്ലാം അദ്ദേഹത്തില്‍ ചെലുത്തിയ സ്വാധീനവും എന്നെ വല്ലാതെ ആകര്‍ഷിച്ചു. മതമെന്ന നിലയിലുള്ള ഇസ്ലാമിന്റെ ലാളിത്യം ആ ആത്മകഥയില്‍ നിന്ന് എനിക്ക് വായിച്ചെടുക്കാന്‍ കഴിഞ്ഞു. അതെന്നെ ആഴത്തില്‍ സ്വാധീനിക്കുകയും ചെയ്തു. ഇസ്ലാം മനുഷ്യപ്രകൃതത്തോട് അടുത്തുനില്‍ക്കുന്നതായും എനിക്ക് തോന്നി. എന്താണോ പറയുന്നത് അതുതന്നെയാണ് അതില്‍ ജീവിതം. മറ്റ് സങ്കീര്‍ണതകളൊന്നുമില്ല. ഇസ്ലാമിനെക്കുറിച്ച് കൂടുതല്‍ പഠിച്ചപ്പോള്‍ നേരത്തേ ഉണ്ടായിരുന്ന ബോധ്യങ്ങള്‍ കൂടുതല്‍ ഉറച്ചു. ഞാന്‍ പുതിയൊരു പ്രകാശത്തിലേക്ക് നയിക്കപ്പെടുന്നതു പോലെ തോന്നി. പതിയെ ഇസ്ലാമികാധ്യാപനങ്ങള്‍ എന്നെ സ്വാധീനിക്കാന്‍ തുടങ്ങി. എന്റെ ചിന്തയിലും സ്വഭാവ ശീലങ്ങളിലുമെല്ലാം അദ്ഭുതകരമായ മാറ്റങ്ങള്‍ തനിയെ ഉണ്ടാകാന്‍ തുടങ്ങി. അറിയാത്ത ആരോ എന്നെ ശരിയിലേക്ക് വഴിനടത്തുന്നതു പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. എന്റെ ജീവിതത്തില്‍ തനിയെ ഉണ്ടായ മാറ്റങ്ങളെല്ലാം അതിന്റെ പ്രതിഫലനമായിരുന്നു.
അദവിയ പറയുന്നു: ‘ ഞാന്‍ ആധുനികയും ഗുരുത്വംകെട്ടവളുമായ ഒരു പെണ്‍കുട്ടിയായിരുന്നു. സിഗരറ്റ് വലിക്കുകയും നന്നായി മദ്യപിക്കുകയും ചെയ്തിരുന്നു. മദ്യം നിഷിദ്ധമാണ്. സ്ത്രീകള്‍ നഗ്നത പ്രദര്‍ശിപ്പിക്കുന്ന വസ്ത്രം ധരിക്കരുത്. ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും മൂല്യനിഷ്ഠ പുലര്‍ത്തണം തുടങ്ങിയ കാര്യങ്ങള്‍ ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ വായിച്ചപ്പോള്‍, ഏതോ അജ്ഞാതമായ ശക്തിയുടെ നിര്‍ദേശപ്രകാരം മോശമായ എല്ലാ ശീലങ്ങളും ഓരോന്നോരോന്നായി ഞാന്‍ ഉപേക്ഷിക്കുകയായിരുന്നു. ഞാന്‍ സിഗരറ്റ് വലി നിര്‍ത്തുകയും മദ്യം സ്പര്‍ശിക്കുന്നത് പോലും ഉപേക്ഷിക്കുകയും ചെയ്തു.
ഔപചാരികമായി കലിമ ചൊല്ലുന്നതിന് എത്രയോ മുമ്പു തന്നെ ഇപ്രകാരം ഇസ്ലാമിനെ ഞാന്‍ മനസാ വരിച്ചുകഴിഞ്ഞിരുന്നു. എന്നെ മാലിന്യകൂമ്പാരത്തില്‍ നിന്ന് പുറത്തെടുത്ത് ഇസ്ലാമിന്റെ വിശുദ്ധമായ തീരത്തണച്ചത് അല്ലാഹുവിന്റെ അപാരമായ അനുഗ്രഹമാണ്.
ആഇശ അദവിയ തന്റെ കച്ചവടത്തിന്റെ ഭാഗമായി ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ പര്യടനം നടത്തിയിരുന്നു. അക്കൂട്ടത്തില്‍ മുസ്ലിം രാജ്യങ്ങളെക്കുറിച്ച അവരുടെ അഭിപ്രായം ഇങ്ങനെയാണ്: ‘മുസ്ലിം രാജ്യങ്ങളില്‍ എല്ലായിടത്തും പള്ളികളുണ്ട്. ഈ പള്ളികളില്‍ നിന്ന് ഉയര്‍ന്നുപൊങ്ങുന്ന ബാങ്കൊലി എനിക്ക് മനശ്ശാന്തി പ്രദാനം ചെയ്യുന്നു. എന്നാല്‍ അവിടങ്ങളിലെ മുസ്ലിം സ്ത്രീകള്‍ എന്നെ നിരാശപ്പെടുത്തുകയാണ്. മുസ്ലിം രാജ്യങ്ങളിലെ ഭൂരിപക്ഷം സ്ത്രീകളെയും പടിഞ്ഞാറുനോക്കികളായിട്ടാണ് ഞാന്‍ കണ്ടത്. തങ്ങളെ ആധുനിക സ്ത്രീകളായി അംഗീകരിച്ചുകിട്ടാനുള്ള വ്യഗ്രതയില്‍ അവര്‍ പാശ്ചാത്യന്‍ സംസ്കാരവും വസ്ത്രധാരണരീതിയും സ്വീകരിക്കുകയാണ്. എന്നാല്‍, പടിഞ്ഞാറന്‍ രാജ്യങ്ങളിലെ സ്ത്രീകളും പെണ്കുട്ടികളുമാകട്ടെ, ഇസ്ലാമിക രീതിയിലേക്കാണ് തിരിഞ്ഞുകൊണ്ടിരിക്കുന്നത്. ലഹരി, മദ്യം, നഗ്നത, നിര്‍ലജ്ജത തുടങ്ങിയ മുഴുവന്‍ മ്ളേച്ഛതകളും വിട്ടകന്ന് അവര്‍ ഇസ്ലാമിലൂടെ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുകയാണ്. ഇസ്ലാമാകുന്ന ലോകത്തിലെ ഏറ്റവും വിലയേറിയ വസ്തു കൈക്കലാക്കാനായി പടിഞ്ഞാറന്‍ സ്ത്രീകള്‍ സ്വന്തം സമൂഹത്തോട് കലാപം ചെയ്യുമ്പോള്‍ ഇവിടെ മുസ്ലിം സ്ത്രീകളുടെ പടിഞ്ഞാറുനോട്ടം വളരെ ദുഃഖമുണ്ടാക്കുന്നതാണ്. ഇസ്ലാം സ്വീകരിച്ചാല്‍ തങ്ങളുടെ പദവി എത്ര ഉന്നതമായിരിക്കുമെന്ന് പടിഞ്ഞാറന്‍ സ്ത്രീകള്‍ മനസ്സിലാക്കിയിട്ടുണ്ട്. പക്ഷപാതരഹിതമായ ഇസ്ലാമിനെ പഠിക്കുകയോ സ്വയം അനുഭവിക്കുകയോ ചെയ്യാതെ ഒരമുസ്ലിം സ്ത്രീക്ക് ആ പദവിയും സ്ഥാനവും മനസ്സിലാക്കാനാവില്ല.’
മുസ്ലിം രാജ്യങ്ങളിലെ ഇംഗഌഷ് മാധ്യങ്ങളെയും ആഇശ ശക്തമായി വിമര്‍ശിച്ചു. അവരാണ് യുവതലമുറയുടെ മനസ്സില്‍ സംശയങ്ങളും സന്ദേഹങ്ങളും പാശ്ചാത്യ ല ഭൗതികതയും വളര്‍ത്തുന്നതെന്നാണ് ആഇശയുടെ വിമര്‍ശം. മുസ്ലിം രാജ്യങ്ങളിലെ പാശ്ചാത്യവത്കരിക്കപ്പെട്ട സ്ത്രീകള്‍ അവരുടെ അവകാശത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. എന്നാല്‍, അവരുടെ ആവശ്യങ്ങള്‍ ആഴത്തില്‍ വിശകലനം ചെയ്താല്‍ മനസ്സിലാകുന്നത് പ്രസ്തുത ആവശ്യങ്ങളുടെ പുകമറയില്‍ ഇസ്ലാമില്‍ നിന്നുതന്നെ ഓടിയൊളിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നതെന്നാണ്. പാശ്ചാത്യന്‍ സ്ത്രീകള്‍ ഒരു കാലത്ത് തങ്ങളുടെ വിഡ്ഢിത്തംമൂലം നേടിയെടുക്കുകയും ഇപ്പോള്‍ അതില്‍ നിന്ന് പുറത്തുകടക്കാന്‍ തിടുക്കപ്പെടുകയും ചെയ്യുന്ന സ്ഥാനമാണോ അവര്‍ ആഗ്രഹിക്കുന്നത്!?
പാശ്ചാത്യ ലോകത്ത് ഇസ്ലാമിന്റെ പ്രചാരത്തെ കുറിച്ചും അതില്‍ സ്ത്രീകളുടെ പങ്കിനെക്കുറിച്ചും അവര്‍ പറഞ്ഞത് ഇങ്ങനെയാണ്: എല്ലാ പാശ്ചാത്യരാജ്യങ്ങളിലും അതിവേഗം ഇസ്ലാം പ്രചിരച്ചുകൊണ്ടിരിക്കുകയാണ്. ഇസ്ലാം സ്വീകരിക്കുന്നവരുടെ എണ്ണത്തെക്കുറിച്ചൊന്നും എനിക്ക് പറയാനാവില്ല. എന്നാല്‍, ഇസ്ലാം സ്വീകരിക്കുന്നതില്‍ പുരുഷന്മാരേക്കാള് സ്ത്രീകളാണ് കൂടുതലെന്ന് എനിക്ക് നിസ്സംശയം പറയാന്‍ കഴിയും. അതിനൊരു പ്രധാന കാരണം ഇസ്ലാം സ്ത്രീക്ക് നല്കുന്ന സ്വാതന്ത്യ്രവും പദവിയും തന്നെയാണ്. പാശ്ചാത്യ സ്ത്രീകള്‍ കടുത്ത അരക്ഷിതാവസ്ഥക്കും ചൂഷണങ്ങള്‍ക്കും ഇരയാണ്. നാമമാത്രമായ അവകാശങ്ങള്‍ തേടി സ്ത്രീകള്‍ വീടിന്റെ ഉമ്മറപ്പടി കടന്നാല്‍ ആ മരീചികയുടെ പിന്നാലെ പോയി ഒടുവില്‍ ഒരിക്കലും രക്ഷപ്പെടാനാവാത്ത ആഴിയിലാണ് പതിക്കുക എന്ന് സ്ത്രീകള്‍ മനസ്സിലാക്കിയേ തീരൂ.”
Add Comment