എന്തുകൊണ്ട് ഞാന്‍ ഇസ് ലാം സ്വീകരിച്ചു ? എന്നോട് പലരും ചോദിച്ചു കൊണ്ടിരിക്കുന്ന ഒരു ചോദ്യമാണിത്. ഫേസ്ബുക്കില്‍ എന്നെ തിരിഞ്ഞ പഴയ കാല കൂട്ടുകാരികളും ഹിജാബണിഞ്ഞ എന്നെ കണ്ടു ചോദിക്കുന്നു: ‘എന്താണിത് ?’
ഇന്ന് ഹിജാബ് എനിക്ക് തലമറക്കാനുള്ള ഒരു വസ്ത്രം മാത്രമല്ല. എന്റെ വിശ്വാസമെല്ലാം അതുമായി ബന്ധപ്പെട്ടതാണ്. കുറെ നാളുകള്‍ക്കു മുമ്പ് തികഞ്ഞ നിരീശ്വര വാദിയായിരുന്നു ഞാന്‍. ഞാനെന്റെ കഥ പറയാം:
ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒരു ബോയ് ഫ്രണ്ടുണ്ടായിരുന്നു എനിക്ക്. അവനാല്‍ ഞാന്‍ ഗര്‍ഭിണിയാകുകയും പിന്നീട് അവന്‍ എന്നെ വിട്ടു പോവുകയും ചെയ്തു. കുഞ്ഞിനെ ദത്ത് വളര്‍ത്തുന്നതിനായി പിന്നീട് വേറൊരിടത്ത് എല്‍പിച്ചു. എന്റെ ജീവിതം എത്ര മോശമാണെന്ന് ആലോചിക്കാന്‍ തുടങ്ങിയത് അപ്പോഴാണ്. അങ്ങനെ ദൈവത്തിലേക്ക് ഞാന്‍ അടുക്കുകയും ദൈവ ചിന്തയില്‍ അല്‍പ്പം മനശാന്തി ലഭിക്കുകയും ചെയ്തു.
സത്യം തേടി
ഒരു ലൂതറന്‍ ക്രിസ്ത്യന്‍ കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. ലൂതറന്‍ ക്രിസ്ത്യാനികള്‍ കല്യാണ, സംസ്‌കാര ചടങ്ങുകള്‍ പോലുള്ള അപൂര്‍വ്വ അവസരങ്ങളില്‍ മാത്രമേ പള്ളിയില്‍ പോകൂ. എന്റെ സമപ്രായക്കാരായ കുട്ടികള്‍ എപ്പോഴും പള്ളിയില്‍ പോകുന്നത് കണ്ട് ഞാന്‍ അമ്മയോട് ചോദിക്കും, എന്താണമ്മേ നാം പള്ളിയില്‍ പോകാത്തതെന്ന്. മറുപടിയില്‍ തൃപ്തയല്ലാതിരുന്ന ഞാന്‍ ലൂതറന്‍ പള്ളി കണ്ടെത്തി അവിടെ സ്ഥിരമായി പോയിത്തുടങ്ങി. സ്ഥിരമായി ബൈബിള്‍ വായിച്ചു. എന്നാല്‍ ആ വേദഗ്രന്ഥങ്ങളിലെ മഹത് മാതൃകകളെ എനിക്കു ചുറ്റിലുമുള്ള ആരിലും ഞാന്‍ കണ്ടില്ല. ബുദ്ധിസവും താവോയിസവും ജൂതായിസവുമടക്കം മിക്കവാറും എല്ലാ ദര്‍ശനങ്ങളും വായിച്ചു മനസ്സിലാക്കി. എന്നാല്‍ ഇവയൊന്നും മനസ്സിന് സമാധാനം തരുന്നതായിരുന്നില്ല. ഇത്രയും മതദര്‍ശനങ്ങള്‍ പരിചയപ്പെട്ടിട്ടും അവയിലൊന്നും എനിക്ക് ആശ്വാസം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഇതിനേക്കാള്‍ മെച്ചപ്പെട്ട മറ്റൊരു ദര്‍ശനവും എനിക്ക് കണ്ടെത്താന്‍ കഴിയില്ലെന്ന് ഞാന്‍ കരുതി. അങ്ങനെയാണ് നാസ്തികതയില്‍ അഭയം തേടുന്നത്. എന്നാല്‍, ദൈവത്തെ അന്വേഷിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് ഒരിക്കലും ഒരു നിരീശ്വരവാദിയാകാന്‍ കഴിയില്ലയെന്ന് പിന്നീട് ഞാന്‍ തിരിച്ചറിഞ്ഞു.
അങ്ങനെയിരിക്കെ കൂടെ ജോലിചെയ്യുന്ന ഒരു പരിവര്‍ത്തിത ക്രിസ്ത്യാനി പെണ്‍കുട്ടി ക്രിസത്യാനിസത്തിലേക്കുള്ള തന്റെ മാറ്റത്തെക്കുറിച്ച് എന്നോട് ചിലത് പറഞ്ഞു. സംസാരത്തിനിടക്കെ അവള്‍ പറഞ്ഞ ഒരു കാര്യമിതാണ്: ‘ഭര്‍ത്താവിനെ സ്‌നേഹിക്കുമ്പോള്‍, ഞാന്‍ യേശുക്രിസ്തുവിനെതന്നെയാണ് സ്‌നേഹിക്കുന്നത്’. സത്യത്തില്‍ ക്രിസ്തു ദൈവമാണന്ന വിശ്വാസം ശരിയാണെന്ന് എനിക്ക് ഒരിക്കലും തോന്നിയിരുന്നില്ല. യേശു ദൈവമാകാന്‍ സാധ്യതയില്ലെന്നാണ് പതിനൊന്നാം വയസ്സു മുതല്‍ തന്നെ എന്റെ ധാരണ. ഭൂമിയിലൂടെ നടക്കുകയും മനുഷ്യരെ പോലെ ഭക്ഷണം കഴിക്കുകയും ചെയ്യുന്ന ഒരു മനുഷ്യന് ദൈവത്തിന്റെ സ്വഭാവ ഗുണങ്ങള്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണെന്ന് ഞാന്‍ അന്നേ ചിന്തിച്ചിരുന്നു.
എന്റെ ചിന്തകള്‍ ആ പെണ്‍കുട്ടിയുമായി ഞാന്‍ പങ്കുവെച്ചു. അവളും ഞാനുമായി വാക്കു തര്‍ക്കം വരെയെത്തി. എങ്കിലും മറ്റു പ്രശ്‌നങ്ങളൊന്നുമില്ലാതെ ഞങ്ങള്‍ പിരിഞ്ഞു. ഇവ്വിഷയകമായി കൂടുതല്‍ പഠിക്കാനും അവളുമായുള്ള സംസാരം എന്നെ പ്രചോദിപ്പിച്ചു.
മുസ് ലിം ബോസ്
ജോലി സ്ഥലത്ത് ഒരു മുസ് ലിം മേലുദ്യോഗസ്ഥന്‍ വന്നതും എന്റെ ഇസ് ലാം സ്വീകരണത്തിന് കാരണമായി. അദ്ദേഹം ഒരിക്കല്‍ എന്നോട് പറഞ്ഞു: നിങ്ങളുടേത് നല്ല ചിന്തകളാണ്. വായിക്കാനായി ഞാന്‍ ചില പുസ്തകങ്ങള്‍ തരാം.’ അടുത്ത ദിവസം അദ്ദേഹം വന്നപ്പോള്‍ എനിക്ക് ഇസ് ലാമിനെ പരിചയപ്പെടുത്തുന്ന ചില ലഘു കൃതികള്‍ തന്നു. അതുപെട്ടെന്ന് വായിച്ച് മനസ്സിലാക്കാന്‍ എനിക്കു കഴിഞ്ഞില്ല. പിന്നീട് അദ്ദേഹം ഒരു ഖുര്‍ആന്‍ തന്നപ്പോഴും അതിലെ ആദ്യ അധ്യായം സൂറതുല്‍ ഫാതിഹ മാത്രമേ ഞാന്‍ വായിച്ചുള്ളൂ. ക്രിസ്ത്യാനികളില്‍ ഞാന്‍ ഊഹിച്ച പല കാര്യങ്ങളോടും സാമ്യമുള്ളതായിരുന്നു ആ അധ്യായം. സത്യവുമായി മുഖാമുഖം അഭിമുഖീകരിക്കുമ്പോള്‍ അതിനെ നിരാകരിക്കാന്‍ നമുക്ക് ഒരിക്കലുമാകില്ല. അത് തന്നെയാണ് എന്റെ കാര്യത്തിലും സംഭവിച്ചത്. സത്യം എന്നെ അഭിമുഖീകരിച്ചപ്പോള്‍ അത് നിഷേധിക്കാന്‍ എനിക്കായില്ല. ആ അധ്യായത്തിലെ ആറോ ഏഴോ വരുന്ന സൂക്തങ്ങളാണ് എന്നെ മാറ്റിയത്. ഒരു പേജ് പോലുമില്ലാത്ത അധ്യായം വായിച്ചപ്പോള്‍ തന്നെ ഞാന്‍ അന്വേഷിച്ചു കൊണ്ടിരുന്ന യഥാര്‍ത്ഥ മതം ഇതാണെന്ന് തിരിച്ചറിഞ്ഞു.
എന്നാല്‍ ഇസ് ലാമിനെ ഭീകരവാദവുമായി ചേര്‍ത്തു പറയുന്നതിനെ ഞാന്‍ ഭയപ്പെടുന്നു. ചാവേര്‍ ബോംബുകളുടെയും വിമാന റാഞ്ചികളുടെയും ഇസ് ലാമിനെ കുറിച്ച് നിങ്ങള്‍ കേട്ടുകൊണ്ടിരിക്കുമ്പോള്‍ തന്നെ, ഇസ് ലാം തന്നെയാണ് എനിക്ക് ഏറ്റവും അനുയോജ്യമായ മതമെന്ന് ഞാന്‍ തിരിച്ചറിയുന്നു.
ഇപ്പോള്‍ ഇസ് ലാമിനെ കുറിച്ച് ഞാന്‍ കൂടുതല്‍ വായിക്കുകയും പഠിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. എന്റെ ബോസ് പറഞ്ഞ കാര്യങ്ങള്‍ അപ്പടി സ്വീകരിക്കുകയല്ല ഞാന്‍ ചെയ്യുന്നത്. കഴിയും വിധം അന്വേഷിക്കും, കണ്ടെത്തും. എന്നിട്ടേ ഞാന്‍ ഒരു തീരുമാനത്തിലെത്തുന്നുള്ളൂ.
സത്യം എപ്പോഴും സത്യം തന്നെയാണ്. ഏതൊക്കെ വഴികളിലൂടെ അത് വന്നാലും നിങ്ങള്‍ അതിനെ തിരിച്ചു മറിച്ചിട്ടാലും സത്യം സത്യമാണ്. അത് തിരിച്ചറിഞ്ഞപ്പോഴാണ് ഞാന്‍ മുസ് ലിമായത്.
www.onislam.net
Add Comment