ഞാനറിഞ്ഞ ഇസ്‌ലാം

കാരയില്‍നിന്ന് കാര അല്ലൗസിയിലേക്കുള്ള ദൂരം

ഇത് കാര അല്ലൗസിയുടെ കഥ. താനിഷ്ടപെട്ട മുസ് ലിം യുവാവിനെ ക്രിസ്ത്യാനിയായിരിക്കെ തന്നെ വിവാഹം കഴിക്കുകയും തുടര്‍ന്ന് മുസ്‌ലിമാവുകയും ചെയ്ത കാര അല്ലൗസി; നിങ്ങളൊരിന്ത്യക്കാരനാണെങ്കില്‍ പ്രത്യേകിച്ച് മലയാളിയാണെങ്കില്‍  ലൗജിഹാദ് മണക്കും. പക്ഷേ, അമേരിക്കക്കാരി കാരക്ക് അങ്ങനെയൊരഭിപ്രായം ഉണ്ടാകാനിടയില്ല. കാര തന്നെപ്പറ്റി പറയുന്നതിങ്ങനെയാണ്: കത്തോലിക്കക്കാരനായ അച്ഛനും പ്രൊട്ടസ്റ്റന്റുകാരിയായ അമ്മക്കും ജനിച്ച് സ്വതന്ത്രയായി വളര്‍ന്ന സാധാരണ അമേരിക്കന്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടി

. മൂല്യബോധമുള്ളവളായി വളര്‍ന്നു. ചെറുപ്പത്തിലേ എന്തുചെയ്യുമ്പോഴും അത് ദൈവവിധിക്കനുസൃതമായിരിക്കണമെന്ന് മാതാപിതാക്കള്‍ ശഠിച്ചിരുന്നുവെന്ന് കാര ഓര്‍ക്കുന്നു. തെറ്റ് ചൂണ്ടിക്കാണിക്കുമ്പോഴെല്ലാം, ഇത് ഞങ്ങളുടെ അഭിപ്രായമല്ല ദൈവം ചെയ്യരുതെന്ന് പറഞ്ഞതു കൊണ്ടാണ് നിന്നോട് വിലക്കുന്നതെന്ന് തെളിവുസഹിതം അച്ഛനവളെ ഉപദേശിച്ചിരുന്നു. കത്തോലിക്കാ പ്രൊട്ടസ്റ്റന്റ് മിശ്ര സംസ്‌കാരത്തില്‍ വളര്‍ന്ന കുഞ്ഞുകാരയെ സ്വതന്ത്രയായി ചിന്തിക്കാന്‍ മാതാപിതാക്കള്‍ പ്രേരിപ്പിച്ചു.

സത്യവും സ്‌നേഹവും തേടി ചര്‍ച്ചുകളില്‍ ചെല്ലുമ്പോള്‍, സ്‌നേഹം നല്‍കുന്നതിന് പകരം ഇന്ന് ചര്‍ച്ചില്‍ പോകരുത്; നരകത്തില്‍ പോകുമെന്ന് പറഞ്ഞ് സഭകളിലേക്ക് ആളെക്കൂട്ടുന്ന തിരക്കിലായിരുന്നുവത്രേ ചര്‍ച്ച്ധിക്കാരികള്‍. ബുദ്ധിയും അന്വേഷണ മനസ്സുമുള്ള നസ്രാണി ‘കാര’ അവസാനം ചര്‍ച്ചിനോട് സലാം ചൊല്ലി. കല്യാണപ്രായമായപ്പോള്‍ കാരയുടെ വരനായത് മുസ്‌ലിം ചെക്കന്‍. അത് യാദൃശ്ചികതയാണെന്നാണ് കാരയുടെ പക്ഷം. മാതാപിതാക്കളുടെ പിടിപ്പുകേടാണെന്ന് നാട്ടുകാര്‍ അടക്കംപറഞ്ഞിരിക്കണം. പക്ഷേ തന്റേടികള്‍ അത് കാര്യമാക്കാറില്ലല്ലോ. കല്യാണം കഴിഞ്ഞു കുട്ടികളായപ്പോഴാണ് പ്രശ്‌നം; വീട്ടില്‍ മൂന്ന് മുസ്‌ലിമും ഒരുക്രിസ്ത്യാനിയും. കാരക്ക് താനൊറ്റപെടുമോ എന്ന പേടി. അവസാനം കുട്ടികളെ ക്രിസ്ത്യാനികളാക്കി വളര്‍ത്താന്‍ അവള്‍ തീരുമാനിച്ചു.  പക്ഷേ ഭര്‍ത്താവിന്റെ രോഗം വില്ലനായതപ്പോഴാണ്. സ്‌കൂള്‍ ഫീസിനും ഭര്‍ത്താവിന്റെ ചികില്‍സക്കുമുള്ള പണം കണ്ടെത്താന്‍ പ്രയാസമായി. അങ്ങനെ കുട്ടികളെ ഇസ് ലാമിക് സ്‌കൂളില്‍ ചേര്‍ക്കാന്‍ തീരുമാനിച്ചു. അവിടെ താരതമ്യേന ഫീസ് കുറവായിരുന്നു. പില്‍ക്കാലത്ത് കാര എന്ന നസ്രാണിപ്പെണ്ണിനെ കാര അല്ലൗസിയാക്കുന്നതില്‍ ആ സ്‌കൂളിന്റെ പങ്ക് വളരെ വലുതായിരുന്നുവെന്ന് കാര സാക്ഷ്യപെടുത്തുന്നു. സ്‌കൂളിലെ ടീച്ചേഴ്‌സിന്റെ പെരുമാറ്റവും കുട്ടികളുടെ സ്വഭാവരീതിയും തന്നെ ഇസ് ലാമിനെ കുറിച്ച് പഠിക്കാന്‍ പ്രേരിപ്പിച്ചുവെന്ന് കാര ഉറപ്പിച്ചു പറയുന്നു. തന്റെ കുട്ടികളിലെ വിദ്യാഭ്യാസപരവും ധാര്‍മികവുമായ വളര്‍ച്ച അവരെ അല്‍ഭുതപെടുത്തിയത്രേ. ‘പൂര്‍ണാര്‍ത്ഥത്തില്‍ മുസ്‌ലിമായിരുന്ന ഭര്‍ത്താവ് തന്നെ ഒന്നിനും നിര്‍ബന്ധിച്ചിരുന്നില്ല. എല്ലാം സ്വന്തം താല്‍പര്യപ്രകാരമായിരുന്നു. ആരുടെയും മുന്‍മാതൃകകളുമുണ്ടായിരുന്നില്ല’  ഇസ്ലാം ആശ്ലേഷത്തെകുറിച്ച ചോദ്യങ്ങള്‍ക്ക് കാരയിങ്ങനെയാണ് മറുപടി പറഞ്ഞുതുടങ്ങുക.
ജോര്‍ദാനിലെ അമേരിക്കന്‍ ഇ.എസ്.എല്‍ സെന്ററിന്റെ ഡയറക്ടറാണിപ്പോള്‍ കാര. ലബനാന്‍, സിറിയ തുടങ്ങി മധ്യേഷ്യ മുഴുവന്‍ തങ്ങളുടെ ബ്രാഞ്ചുകളാരംഭിക്കാന്‍ പോകുന്ന സെന്ററിന്റെ വിജയരഹസ്യം തന്റെ അക്കാദമിക മികവും ഭര്‍ത്താവിന്റെ ബിസിനസ് കാഴ്ചപ്പാടുമാണെന്ന് അവര്‍ വിശ്വസിക്കുന്നു. അതൊരു കുടുംബസംരംഭമായി മുന്നോട്ട് പോകുന്നുവെന്നതില്‍ അവര്‍ അഭിമാനിക്കുന്നു. തന്നെ വീക്ഷിക്കുന്നവരെ കാര ഇങ്ങനെ പറഞ്ഞ് പ്രോല്‍സാഹിപ്പിക്കും: ‘നിങ്ങള്‍ എന്റെ ഇസ് ലാം സ്വീകരണത്തെ വീക്ഷിക്കുന്നത് തന്നെ നിങ്ങളുടെ ഇസ് ലാമിനോടുള്ള താല്‍പര്യമാണ്  കുറിക്കുന്നത്. അതിനാല്‍ അമുസ്‌ലിമാണെങ്കിലും നിങ്ങള്‍ ഇസ് ലാമിനെ സ്‌നേഹിക്കുന്നു’.

Topics