ഞാന്‍ റൂബന്‍. സ്വദേശം ആസ്ത്രേലിയ. ആസ്ത്രേലിയന്‍ സിനിമകളിലെ ഹാസ്യതാരമായ റൂബന്നെ നിങ്ങള്‍ കേട്ടിട്ടുണ്ടാകും. അതിനാല്‍ ആ പേര് കേള്‍ക്കുമ്പോള്‍ ഞാനൊരു ജൂതനാണെന്ന് നിങ്ങള്‍ തെറ്റിദ്ധരിക്കാനിടയുണ്ട്. ആദ്യമേ പറയട്ടെ, ഞാനൊരു ജൂതനല്ല.
എന്റെ കഥയിലേക്കു വരാം. നിരീശ്വരവാദിയായിരുന്ന ഞാന്‍ ജീവിതത്തെ കുറിച്ച് ഗൗരവമായി ചിന്തിച്ച് തുടങ്ങുന്നത് എന്റെ സര്‍വകലാശാല പഠനകാലത്താണ്. ജീവിതകാലത്ത് സംഭവിച്ച ചില ദൗര്‍ഭാഗ്യങ്ങളാണ് അതിന് കാരണം
. ഒന്ന്, എന്റെ മാതാപിതാക്കള്‍ക്കിടയില്‍ വിവാഹമോചനം നടന്നു. മറ്റൊന്ന്, ഒരാഴ്ചക്കിടയില്‍ രണ്ട് കാറപകടങ്ങളിലായി രണ്ട് ആത്മസുഹൃത്തുക്കള്‍ നഷ്ടമായി. കടുത്ത മാനസികാസ്വസ്ഥതകള്‍ അനുഭവിച്ച അക്കാലത്താണ് ഞാന്‍ ജീവിതത്തിന്റെ അര്‍ത്ഥമന്വേഷിച്ചു തുടങ്ങിയത്.
എനിക്ക് ധാരാളം ക്രിസ്ത്യന്‍ സുഹൃത്തുക്കളുണ്ടായിരുന്നു. മാതാപിതാക്കള്‍ സ്ഥിരമായി ചര്‍ച്ചില്‍ പോവാറുമുണ്ടായിരുന്നു. അതിനാല്‍ തന്നെ, ഞാനാദ്യം സമാധാനമന്വേഷിച്ചത് ക്രിസ്ത്യന്‍ ധ്യാനകേന്ദ്രങ്ങളിലായിരുന്നു. ആടിയും പാടിയും ആത്മീയത ആഘോഷിച്ച അവിടെ താല്‍ക്കാലിക സന്തോഷത്തിനപ്പുറം സത്യവും സമാധാനവുമൊന്നും എനിക്ക് ലഭിച്ചില്ല. മനോഹര ശബ്ദത്തിലുള്ളതും സംഗീതശാസ്ത്ര സങ്കല്പങ്ങളില് രചിക്കപ്പെട്ടുതുമായ അവിടത്തെ ധ്യാന ഗാനങ്ങള്‍ക്ക് നല്ല ആസ്വാദന ഭംഗിയുണ്ടായിരുന്നു. പക്ഷേ, അതിലപ്പുറം അതിനൊരു ദൈവിക അടിത്തറയുള്ളതായി എനിക്കനുഭവപെട്ടില്ല. ‘ദൈവം നിങ്ങളെ സ്നേഹിക്കുന്നു’ എന്നവര്‍ ആവര്‍ത്തിക്കുമ്പോഴെല്ലാം, എങ്കിലെന്തുകൊണ്ട് എന്റെ കൂട്ടുകാരന് മരണപ്പെട്ടു എന്ന ചോദ്യം എന്റെ മനസില്‍ ബാക്കിയായി. തുടര്‍ന്ന് നിരാശയോടെ ക്രിസ്തീയ അവാന്തരവിഭാഗങ്ങളായ കത്തോലിക്കാസഭ, ആംഗ്ലിക്കന്‍സഭ, സന്യാസസഭ, പാസ്റ്റര്‍മാര്‍ എന്നിവരുമായി ബന്ധപെട്ടുവെങ്കിലും മതാടിസ്ഥാനങ്ങളില്‍ നിന്ന് എനിക്ക് കൃത്യമായ ഉത്തരം നല്കാന് അവര്‍ക്കായില്ല. ബൈബിളിന്റെ ഒറ്റപ്രതിയും അനേകായിരം വ്യാഖ്യാനങ്ങളുമായി അവരെന്നെ വട്ടം കറക്കിയപ്പോള്‍ ഞാനവിടെ നിന്ന് ഇറങ്ങിയോടി. സര്‍വകലാശാലയിലെ ആദ്യവര്‍ഷങ്ങളില്‍ ഒരു സര്‍വീസ് സെന്ററില്‍ ഞാന്‍ പാര്‍ട്ട്ടൈം ജോലിനോക്കിയിരുന്നു. അവിടെ എനിക്ക് ലഭിച്ച ഹിന്ദുവിശ്വാസക്കാരനായ ഒരു കൂട്ടുകാരനിലൂടെ ഞാന്‍ ഹിന്ദുമതത്തെ കുറിച്ച് പഠിക്കാന്‍ ആരംഭിച്ചു. അവന് ഗണപതിപൂജ നടത്തുന്നത് കണ്ടപ്പോള്‍ ഞാന്‍ അതിനെ കുറിച്ചന്വേഷിച്ചു: ‘ആനയുടെ തലയുള്ള ദൈവത്തിന്റെ യുക്തി എനിക്ക് മനസ്സിലായില്ല. ആനയുടെ തലയേക്കാള്‍ നല്ലത് സിംഹത്തിന്റെ തലയല്ലേ ?’
എന്നാല്‍, എന്റെ ചോദ്യത്തില്‍ നിന്ന് അവന് ഒഴിഞ്ഞുമാറി. പിന്നീട് ബുദ്ധമതം പരീക്ഷിച്ച് നോക്കിയെങ്കിലും അതൊരു ജീവിതരീതി എന്നതിലപ്പുറം വികസിച്ച മതസങ്കല്പമായി എനിക്കനുഭവപെട്ടില്ല.
എന്റെ ഇത്തരം അന്വേഷണങ്ങള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചപ്പോഴാണ് ക്രിസ്തുമത വിശ്വാസിയായിരുന്ന മറ്റൊരു കൂട്ടുകാരന് എന്നോട് മതങ്ങളെ കുറിച്ചന്വേഷിച്ചത്. ക്രിസ്തുമതം, ബുദ്ധമതം എന്നിവയെ കുറിച്ച് ഞാന്‍ ചിലത് അവന് പറഞ്ഞുകൊടുത്തു. എന്നാല്‍ ഇസ്ലാ മിനെകുറിച്ച് അഭിപ്രായം ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു: ‘തീവ്രവാദികളും മനുഷ്യസ്നേഹമല്ലാത്തവരുമായ ഒരു കൂട്ടരാണവര്.’ പക്ഷേ. യഥാര്‍ത്ഥത്തില്‍ ഞാന്‍ ഇസ് ലാമിനെ പഠിച്ചിട്ടുണ്ടായിരുന്നില്ല.
തുടര്‍ന്ന് ഞാന്‍ ഇസ് ലാമിനെ പഠിക്കാനാരംഭിച്ചു. അബൂഹംസ എന്ന ലബനാന്കാരനായിരുന്നു ഇസ് ലാം പഠനത്തില്‍ എന്റെ ഗുരു. ലബ്നാന്‍ ശൈലിയിലുളള അദ്ദേഹത്തിന്റെ ആഥിത്യമര്യാദ എനിക്കിഷ്ടമായി. ക്രിസ്തുമത്തിലെ പണ്ഡിതരെപ്പോലെ സ്വന്തം അഭിപ്രായമല്ല അദ്ദേഹം പറഞ്ഞത്. എന്ത് സംശയം ചോദിച്ചാലും അതിന് ഖുര്‍ആന്‍ ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ധ്യാന കേന്ദ്രങ്ങളില്‍ മതവിഷയങ്ങളില്‍ സംശയങ്ങള്‍ ഉന്നയിച്ചാല്‍ പുരോഹിതന് സ്വന്തം അഭിപ്രായങ്ങളാണ് പറഞ്ഞ് തന്നിരുന്നത്. എന്നാല്‍ ഇസ് ലാമില്‍ എല്ലാ അഭിപ്രായങ്ങള്‍ക്കും വേദഗ്രന്ഥത്തിന്റെ പിന്തുണ ഉണ്ടായിരുന്നുവെന്ന് എന്നെ വല്ലാതെ ആകര്‍ഷിച്ചു. പര്ദ്ദയെകുറിച്ചും ഇസ് ലാമിലെ വൈവാഹിക നിയമങ്ങളെ കുറിച്ചുമുള്ള എന്റെ സംശയങ്ങള്‍ക്കും അദ്ദേഹം വ്യക്തമായ വിശദീകരണങ്ങളാണ് നല്‍കിയത് .
ഇസ് ലാം സ്വീകരണം
ആറുമാസത്തെ പഠനങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ശേഷം ഞാന്‍ പള്ളിയില്‍ ചെന്ന് ഇസ് ലാം സ്വീകരിച്ചു. അബൂബക്കര്‍ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. ആദ്യകാലങ്ങളില്‍ അറബി പദങ്ങള്‍ എനിക്ക് വഴങ്ങിയിരുന്നില്ല. അതിനാല്‍ എന്റെ അറബി ഉച്ചാരണം പലപ്പോഴും ചിരിക്കാന്‍ വകനല്കി. ഇസ് ലാം സ്വീകരണ സമയത്ത് ഞാന്‍ ഇംഗ്ലീഷില്‍ കലിമ ചൊല്ലാന്‍ അനുമതി വാങ്ങിയെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് പള്ളിയിലെ എല്ലാവരും ഉച്ചത്തില്‍ തക്ബീര്‍ ചൊല്ലി. പള്ളിയില്‍ വന്ന എല്ലാവരും എന്നെ ആശ്ലേഷിക്കുകയും ചുംബിക്കുകയുമുണ്ടായി അന്നെനിക്ക് ലഭിച്ച സന്തോഷം ജീവിതത്തില്‍ പിന്നീടൊരിക്കലും ലഭിച്ചിട്ടില്ല.
Add Comment