2001 സെപ്റ്റംബര്‍ 27ന് രഹസ്യമായി അഫ്ഗാനിസ്താനിലേക്ക് കടക്കുമ്പോള്‍ താലിബാന്‍ പിടികൂടി ജയിലിലടക്കുകയും പത്തു ദിവസങ്ങള്‍ക്കു ശേഷം മോചിപ്പിക്കപ്പെടുകയും ചെയ്തതോടെയാണ് യിവോണ്‍ റിഡ്‌ലി എന്ന ബ്രിട്ടീഷ് പത്രപ്രവര്‍ത്തക വാര്‍ത്താമാധ്യമങ്ങളുടെ തലക്കെട്ടുകളില്‍ സ്ഥാനം പിടിച്ചത്. പത്തു ദിവസത്തെ ജയില്‍വാസം അവരുടെ ജീവിതത്തിന്റെ ദിശ മാറ്റിമറിച്ചു. മാത്രമല്ല, ലോകത്തെയും അതിന്റെ പ്രശ്‌നങ്ങളെയും കുറിച്ചുള്ള അവരുടെ ചിന്താഗതിയെയും സമീപനത്തെയും കൂടി അടിമുടി പരിവര്‍ത്തിപ്പിച്ചു. ജയില്‍ മോചിതയായി രണ്ടുവര്‍ഷത്തിനുള്ളില്‍ പ്രൊട്ടസ്‌റന്റ് ക്രിസ്തുമതത്തോട് വിടപറഞ്ഞ് ഇസ്ലാം സ്വീകരിച്ച യിവോണ്‍ റിഡ്‌ലി ലോകത്തിന് അതിലൂടെ വലിയ സന്ദേശമാണ് നല്‍കിയത്.
അഫ്ഗാന്‍ ജയിലുകളില്‍വെച്ച് അവര്‍ പലതവണ ഇസ്ലാമിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നു. ജയില്‍ മോചിതയായ ഉടനെ ഖുര്‍ആന്‍ തീര്‍ച്ചയായും വായിക്കുമെന്ന വാഗ്ദാനം നല്‍കുക മാത്രമാണ് അപ്പോള്‍ ചെയ്തത്. ഒരു പോറലുമേല്‍ക്കാതെ റിഡ്‌ലി മോചിതയായതോടെ കരാര്‍ പാലിക്കേണ്ടതിനെക്കിറിച്ച് അവര്‍ ഓര്‍ത്തു. മോചനത്തിനുശേഷം തന്നെ വിദ്യാര്‍ഥി സംഘത്തോട് സംസാരിച്ചു കൊണ്ട് അവര്‍ പറഞ്ഞു:’എന്നെ ബന്ദിയാക്കിയവര്‍ എന്നോട് വളരെ മാന്യമായും സ്‌നേഹാനുഭൂതിയോടെയുമാണ് പെരുമാറിയത്.
അതിനാല്‍, അവരോട് ചെയ്ത കരാര്‍ പാലിക്കുന്നതിന്റെ ഭാഗമായി അവരുടെ മതത്തെകുറിച്ച് ഞാന്‍ വായിക്കാന്‍ ആരംഭിച്ചിരിക്കുകയാണ്.’ ഇപ്രകാരം ആരംഭിച്ച ആത്മീയ യാത്ര അവസാനിച്ചത് 2003 ജൂണ്‍ 30ന് ഇസ്ലാം സ്വീകരിച്ചുകൊണ്ടാണ്.
തടവിലെ അനുഭവം അനുസ്മരിച്ചുകൊണ്ട് ഒരഭിമുഖത്തില്‍ റിഡ്‌ലി പറഞ്ഞു: ‘കോപം കൊണ്ട് ജ്വലിച്ച ഞാന്‍, എന്നെ തടവിലാക്കിയവരുടെ മുഖത്ത് തുപ്പുകയും അവരെ ചീത്തപറയുകയും ചെയ്തു. അതിന് വളരെ മോശമായ പ്രതികരണം അവരുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. എങ്കിലും ഞാന്‍ അവരുടെ സഹോദരിയും അതിഥിയുമാണെന്ന് എന്നോട് പറയുക മാത്രമാണ് അവര്‍ ചെയ്തത്. ‘
ഇറാഖിലെ തടവുകാരോട് അമേരിക്കന്‍ബ്രിട്ടീഷ് സൈനികര്‍ കാണിക്കുന്ന വിവരണാതീതമായ പീഡനങ്ങളുടെ പാശ്ചാത്തലത്തില്‍ റിഡ്‌ലിയുടെ ഈ ജയിലനുഭവങ്ങള്‍ക്ക് പ്രത്യേക പ്രസക്തിയും പ്രാധാന്യവുമുണ്ട്. അതില്‍ രണ്ടു വ്യത്യസ്ത സംസ്‌കാരങ്ങളുടെ യഥാര്‍ഥ ചിത്രമാണ് ഒരു കണ്ണാടിയിലെന്നോണം പ്രതിഫലിപ്പിക്കുന്നത്. സ്വാതന്ത്യ്രത്തിന്റെയും മനുഷ്യാവകാശത്തിന്റെയും സ്ത്രീസ്വാതന്ത്യ്രത്തിന്റെയും അപ്പോസ്തലന്മാരായി ചമയുന്നു ഒരു കൂട്ടര്‍. എന്നാല്‍, തടവുകാരോടുള്ള അവരുടെ സമീപനം മൃഗങ്ങളെപ്പോലും നാണിപ്പിക്കുന്ന വിധമാണ്. ഭീകരതയും അവകാശ ധ്വംസനവും സ്ത്രീപീഡനവും ആരോപിക്കപ്പെട്ടവരാണ് മറ്റേ വിഭാഗം. എന്നാല്‍, അവരുടെ പെരുമാറ്റം വിദ്യാസമ്പന്നയായ ഒരാധുനിക സ്ത്രീയുടെ ഹൃദയത്തെ കീഴടക്കിയിരിക്കുന്നു.
യിവോണ്‍ റിഡ്‌ലി 2001നു ശേഷം രണ്ട് ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. In the Hands of Taliban എന്ന ഗ്രന്ഥത്തില്‍ താലിബാനുമായുള്ള അവരുടെ അനുഭവങ്ങള്‍ വിവരിക്കുന്നു. Ticket to Paradise എന്ന രണ്ടാമത്തെ ഗ്രന്ഥം നോവല്‍ രൂപത്തില്‍ എഴുതപ്പെട്ടതാണ്. സുഊദി അറേബ്യയിലെ ഹജ്ജ് മന്ത്രാലയം പുറത്തിറക്കുന്ന ഹജ്ജ് വല്‍ ഉംറ മാസികയില്‍ 2004 ജൂണില്‍ പ്രസിദ്ധീകരിച്ചു വന്ന അവരുടെ ഒരു അഭിമുഖമാണ് ചുവടെ:
ഇസ്ലാം സ്വീകരിക്കുന്നതിനു മുമ്പ് താങ്കള്‍ക്ക് ആ മതത്തെക്കുറിച്ച് എത്രത്തോളം അറിയാമായിരുന്നു?
ഇസ്ലാമിനെക്കുറിച്ച് എനിക്ക് അധികമൊന്നും അിറയില്ലായിരുന്നു. അറിയുന്ന കാര്യങ്ങളാകട്ടെ വികലമാക്കപ്പെട്ടതും വഴിതെറ്റിക്കുന്നതുമായിരുന്നു.
താങ്കള്‍ പറഞ്ഞു, സെപ്റ്റംബര്‍ 11ലെ സംഭവം ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം വിനാശകരമായതോടൊപ്പം അതില്‍ ഗുണപരമായ ഒരു വശം കൂടിയുണ്ടെന്ന്. എന്താണ് താങ്കള്‍ ഉദ്ദേശിച്ചത്?
മുസ് ലിംകളെക്കുറിച്ച വിദ്വേഷവും തെറ്റിദ്ധാരണയും വര്‍ധിച്ചുവെന്നതാണ് സെപ്റ്റംബര്‍ 11ന്റെ മോശമായ വശം. ഈ സംഭവത്തെ മുസ്ലിംകളെ അടിക്കാനുള്ള വടിയായി ഉപയോഗിക്കുന്നതിലും എനിക്ക് ശക്തമായ പ്രതിഷേധമുണ്ട്. എന്നെപ്പോലെയുള്ള ആളുകള്‍ക്ക് ഇസ്ലാമിനെക്കുറിച്ച് കൂടുതല്‍ അറിയാനും ഖുര്‍ആനും മറ്റ് ഇസ്ലാമിക ഗ്രന്ഥങ്ങളും വായിക്കാനും നിമിത്തമായി എന്നതാണ് ഞാന്‍ സൂചിപ്പിച്ച ഗുണപരമായ വശം. തദ്ഫലമായി ഇസ്ലാം ഇന്ന് ദ്രുതവേഗത്തില്‍ പ്രചരിക്കുന്ന മതമായി മാറിയിരിക്കുന്നു. ഇത് പറയുമ്പോള്‍, ബ്രിട്ടനില്‍ മാത്രം സെപ്റ്റംബര്‍ 11നുശേഷം, 14000ത്തോളം പേര്‍ ഇസ്ലാം സ്വീകരിച്ചിരിക്കുന്നു. കൂടാതെ, ലോകത്തെങ്ങുമുള്ള ഇസ്ലാമിക സമൂഹത്തിനകത്ത് കൂടുതല്‍ ചലനാത്മകത ദൃശ്യമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
സ്ത്രീകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട ഇസ്ലാമിക സമീപനത്തെക്കുറിച്ച് താങ്കളുടെ വ്യക്തിപരമായ അഭിപ്രായം?
മതപരമായ കാര്യങ്ങളില്‍ സ്ത്രീപുരുഷ ഭേദമന്യേ വ്യക്തിയുടെ പ്രാധാന്യവും വിദ്യാഭ്യാസ വിഷയങ്ങളിലെ സ്ത്രീപുരുഷ സമത്വവും ഖുര്‍ആന്‍ അങ്ങേയറ്റം വ്യക്തതയോടെ വിശദീകരിച്ചിട്ടുള്ളതാണ്. കൂടാതെ, കുട്ടികളുടെ ജനനവും പരിപാലനവുമായി ബന്ധപ്പെട്ട ഉത്തരവാദിത്വത്തിന്റെ കാര്യത്തില്‍ സ്ത്രീകള്‍ക്ക് പ്രാമുഖ്യം നല്‍കിയിരിക്കുകയുമാണ്. എന്റെ അഭിപ്രായത്തില്‍ ഇത് നമ്മെ മാനവതയുടെ ഉത്തുംഗതയില്‍ പ്രതിഷ്ഠിച്ചിരിക്കുകയാണ്.
2001ലെ ആദ്യ സന്ദര്‍ഭത്തില്‍ നിങ്ങള്‍ എന്തിന് അഫ്ഗാനിസ്താനില്‍ പോയി?
അമേരിക്കയുടെയും ബ്രിട്ടന്റെയും യുദ്ധപ്രഖ്യാപനം നേരിട്ട് ബാധിക്കുന്ന അളുകളോട് സംസാരിക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്. സെപ്റ്റംബര്‍ 11ലെ സംഭവത്തെക്കുറിച്ച് അവരെന്ത് പറയുന്നുവെന്നും താലിബാന്‍ ഭരണത്തിനു കീഴില്‍ അവരുടെ ജീവിതം എങ്ങനെയാണെന്നും അറിയാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു.
താങ്കള്‍ ഇസ്ലാം സ്വീകരിക്കാന്‍ തീരുമാനിച്ചപ്പോള്‍ കുടുംബത്തിന്റെ, പ്രത്യേകിച്ച് മകള്‍ ഡൈസിയുടെ പ്രതികരണം എന്തായിരുന്നു?
എന്റെ കുടുംബത്തില്‍ സമ്മിശ്രപ്രതികരണമാണ് അതുണ്ടാക്കിയത്. എന്റെ മാതാവ് വീണ്ടും ചര്‍ച്ചില്‍ പോകാന്‍ തുടങ്ങി. എന്നാല്‍, എന്റെ മകള്‍ ഡൈസി എന്നെ എല്ലാ അര്‍ഥത്തിലും തുണച്ചു.
സമൂഹം താങ്കളെ എങ്ങനെ കാണുമെന്നാണ് കരുതിയത്; ധീരയായ സ്ത്രീയായിട്ടോ, അതോ സ്വന്തം മതത്തോട് കൂറില്ലാത്ത വ്യക്തിയായിട്ടോ?
ക്രിസ്ത്യന്‍ മതമൗലികവാദികളില്‍ നിന്ന് എനിക്ക് വധഭീഷണി ലഭിച്ചിരുന്നു. ഞാന്‍ സ്വന്തം മതത്തെ വഞ്ചിച്ചു എന്നാണ് അവര്‍ കരുതിയത്. ഒന്നാം ദിവസം മുതല്‍ തന്നെ എന്നെ സഹായിക്കുന്ന എന്റെ മുസ്ലിം സഹോദരങ്ങള്‍ അതിനെ പ്രതിരോധിച്ചതിനാല്‍ ഭീഷണി വിലപ്പോയില്ല.
താങ്കള്‍ പുത്രിയെയും അഫ്ഗാനിലേക്ക് കൊണ്ടുവന്നു; അത്തരമൊരു തീരുമാനമെടുക്കാന്‍ എന്താണു കാരണം? അവളുടെ പ്രതികരണം എന്താണ്?
2002 വസന്തകാലത്താണ് ഞാന്‍ അവളെ അഫ്ഗാനിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. സഹാനുഭൂതി നിറഞ്ഞ ഹൃദയമുള്ള ഒരു ജനതയാണ് അഫ്ഗാനികള്‍ എന്നത് സ്വന്തം കണ്ണുകൊണ്ട് അവള്‍ കാണട്ടെ എന്നായിരുന്നു എന്റെ ഉദ്ദേശ്യം. ഡിസ്‌നിലാന്റ് കാണുന്നതിനേക്കാള്‍ മനസ്സിന് നവോന്മേഷം പകരുന്ന സന്തോഷകരമായ അനുഭവമായിരിക്കും അവള്‍ക്കതെന്ന് ഞാന്‍ കരുതി.
ഇസ്ലാം സ്വീകരിച്ചതിനു ശേഷം താങ്കളുടെ ജീവിതത്തില്‍ എന്തു മാറ്റമാണ് ഉണ്ടായത്?
എന്റെ ഇച്ഛാശക്തിയും മനോദാര്‍ഢ്യവും പണ്ടത്തേതിലും കൂടുതല്‍ ശക്തിപ്പെട്ടു. ഞാന്‍ എവിടെപ്പോയാലും അവിടെ ഇസ്ലാമിന്റെ നന്മകള്‍ പ്രചരിപ്പിക്കണമെന്നതാണ് എന്റെ ആഗ്രഹം. മതം മാറ്റുക എന്റെ ജോലിയല്ല. ജനങ്ങള്‍ക്കിടയിലെ അജ്ഞതയുടെയും പക്ഷപാതിത്വത്തിന്റെയും തീ അണക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
ഇസ്ലാമിന്റെ ഏതൊരു നന്മയാണ് താങ്കളെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത്?
സ്ത്രീയുടെ വ്യക്തിത്വം ഉയര്‍ത്താന്‍ നല്‍കുന്ന പ്രോത്സാഹനം. സ്ത്രീകളോട് മാന്യമായി പെരുമാറുന്നതിന്റെ ഏറ്റവും ഉന്നതമായ മാതൃകയാണ് പ്രവാചകന്‍ കാഴ്ച വെച്ചത്. സ്ത്രീകളെ ഏറ്റവും കൂടുതല്‍ ആദരിക്കുകയും അവരുടെ കഴിവുകളെയും ഗുണങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത മഹാനായിരുന്നു പ്രവാചകന്‍.
താങ്കള്‍ താലിബാന്റെ കാബൂളിലെ തടവറയും ഗ്വാണ്ടനാമോയിലെ കേമ്പ് എക്‌സ്‌റേയും എങ്ങനെയാണ് താരതമ്യം ചെയ്യുന്നത്?
എനിക്ക് അമേരിക്കക്ക് പകരം ‘ലോകത്തെ ഏറ്റവും മൃഗീയരായ’ ജനതയുടെ തടവറയില്‍ കഴിയാന്‍ അവസരം ലഭിച്ചത് മഹാഭാഗ്യമായി എന്നാണ് ഞാന്‍ ആളുകളോട് പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നെ ആറു ദിവസം തുടര്‍ച്ചയായി എയര്‍കണ്ടീഷന്‍ റൂമിലാണ് താമസിപ്പിച്ചത്. അതിന്റെ താക്കോലും എന്റെ കൈയിലായിരുന്നു. എന്നോട് മാന്യതയോടും സഹാനുഭൂതിയോടും കൂടി പെരുമാറി. എന്നെ മാനസികമായോ ശാരീരികമായോ പീഡിപ്പിക്കാന്‍ ഒരു ഘട്ടത്തിലും ശ്രമിച്ചില്ല. ചില ചോദ്യങ്ങള്‍ തീര്‍ച്ചയായും ചോദിച്ചിരുന്നു. എന്നെ സന്തോഷിപ്പിക്കാനായി അവര്‍ സഹോദരി, അതിഥി എന്നൊക്കെയായിരുന്നു അഭിസംബോധന ചെയ്തിരുന്നത്.
ജയിലിലായിരിക്കെ താങ്കളുടെ ആശങ്കകള്‍ എന്തൊക്കെയായിരുന്നു?
ഈ സഹാനുഭൂതിയെല്ലാം ഉള്ളതോടൊപ്പം ഞാന്‍ ചിന്തിച്ചത് ഇപ്പോള്‍ നന്നായി പെരുമാറുന്നുണ്ടെങ്കിലും എപ്പോഴെങ്കിലും ചീത്തയാളുകള്‍ വന്ന് എന്നെ പീഡിപ്പിക്കാന്‍ തുടങ്ങുമെന്നുതന്നെയാണ്. ഞാന്‍ ഇന്ന് മരിക്കാന്‍ പോകുകയാണെന്നാണ് എല്ലാ ദിവസവും ചിന്തിച്ചത്. പക്ഷേ, അതെല്ലാം എന്റെ തോന്നലുകള്‍ മാത്രമായിരുവെന്നാണ് പിന്നീട് തെളിഞ്ഞത്. എന്നോട് അവര്‍ സഹാനുഭൂതിയും മാന്യതയും പ്രകടിപ്പിച്ചപ്പോഴും എന്റെ അവരോടുള്ള സമീപനം കുറച്ചൊക്കെ പരിഹാസം കലര്‍ന്നതായിരുന്നു.
താങ്കള്‍ ജീവനോടെ പുറത്തുവരുമെന്ന് പ്രതീക്ഷിച്ചിരുന്നുവോ?
ഒരിക്കലുമില്ല. ഞാന്‍ മരിക്കുമെന്ന് എനിക്കുറപ്പായിരുന്നു. പ്രത്യേകിച്ച് ഞാന്‍ കാബൂളില്‍ ജയിലിലായിരിക്കുമ്പോള്‍ അമേരിക്ക ബോംബാക്രമണം ആരംഭിച്ചിരുന്നു. അതിനാല്‍, താലിബാന്‍ എന്നെ കൊന്നില്ലെങ്കിലും ഏത് നിമിഷവും അമേരിക്കയുടെയോ ബ്രിട്ടന്റെയോ ബോംബ് എന്റെ കഥ കഴിക്കും എന്ന അവസ്ഥയായിരുന്നു അപ്പോള്‍.
താലിബാനെ മീഡിയ ഭീകരവാദികളായി ചിത്രീകരിക്കുന്നു. താങ്കളാകട്ടെ അവരുടെ തടവറയില്‍ നിന്ന് മോചിതയായ ശേഷം അവരുടെ മതം നെഞ്ചിലേറ്റിയിരിക്കുന്നു. ഇതിലൊരു വൈരുധ്യമില്ലേ? എന്താണ് താങ്കള്‍ക്ക് തോന്നുന്നത്?
ഞാനിപ്പോഴും സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടി ശക്തമായി വാദിക്കുന്നവളാണ്. താലിബാന്‍ എന്നെ ഇസ്ലാം സ്വീകരിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് അവരുടെ ഒരു വിജയമാണ്. ഞാന്‍ താലിബാന്റെ വലിയ പ്രശംസകയൊന്നുമല്ല. എന്നാല്‍, ജോര്‍ജ് ബുഷും ടോണിബ്‌ളയറും അവരുടെ നന്മകളൊന്നും കാണാതെ അവരെ തിന്മയായി മാത്രം അവതരിപ്പിക്കുന്നതില്‍ വലിയ കാര്യമൊന്നുമില്ല.
ഇസ്ലാമിനെയും മുസ്ലിംകളെയും കുറിച്ച് പ്രചരിപ്പിക്കപ്പെടുന്ന കഥകളും യാഥാര്‍ഥ്യവും തമ്മില്‍ താങ്കള്‍ക്ക് വേര്‍തിരിക്കാനാകുമോ?
അത് വളരെ ലളിതമായ കാര്യമാണ്. ഇസ്ലാം സമ്പൂര്‍ണവും സമഗ്രവുമായ ഒരു മതമാണ്. എന്നാല്‍, അത് പ്രയോഗവത്കരിക്കുന്നവര്‍ അങ്ങനെയല്ല.
മുസ്ലിംകളോട് മീഡിയയുടെ നിലപാട് നീതിപൂര്‍വമാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
മുസ്ലിംകളുമായി ബന്ധപ്പെട്ട പാശ്ചാത്യന്‍ മാധ്യമങ്ങളുടെ സമീപനം നീതിപൂര്‍വമല്ല. അതിന്റെ മുഖ്യകാരണം തെറ്റിദ്ധാരണയില്‍ അധിഷ്ഠിതവും, ബോധപൂര്‍വം വികലമാക്കപ്പെട്ടതുമായ അറിവുകളും അറിവില്ലായ്മകളുമാണ്. അതോടൊപ്പം രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ഇസ്ലാമിനെ വികലമാക്കാനുള്ള ആസൂത്രിത ശ്രമങ്ങളും കാരണമാകുന്നുണ്ട്.
ഇസ്ലാം സ്വീകരിക്കുന്നതിനു മുമ്പ് മാധ്യമ പ്രവര്‍ത്തക എന്ന നിലയില്‍ താങ്കളുടെ നിലപാടുകള്‍ നീതിപൂര്‍വമായിരുന്നോ?
ഈ വിഷയത്തില്‍ എന്തെങ്കിലും എഴുതിയതായി ഞാനോര്‍ക്കുന്നില്ല.
ഭീകരതയെക്കുറിച്ച പാശ്ചാത്യ നിര്‍വചനത്തെപ്പറ്റി എന്താണ് അഭിപ്രായം?
അതെ, ജോര്‍ജ് ബുഷ് പറയുന്നതുപോലെ അയാളുടെ കൂടെയല്ലെങ്കില്‍ ഭീകരവാദികളുടെ കൂടെയാണ് എന്ന നിര്‍വചനമല്ലേ! ആ പദം ഉപയോഗിക്കുന്നത് നിരോധിക്കണമെന്നാണ് എന്റെ അഭിപ്രായം. കാരണം ഇപ്പോള്‍ അത്ര മാത്രം അര്‍ഥശൂന്യമായിപ്പോയിട്ടുണ്ട് ആ പദം. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചര്‍ ഒരിക്കല്‍ നെല്‍സണ്‍ മണ്ഡേലയെ വരെ ഭീകരവാദി എന്ന് വിളിച്ചിട്ടുണ്ട്. എന്നാല്‍, അദ്ദേഹം മഹാനായ ഒരു വിമോചന നേതാവായിരുന്നല്ലോ.
അപ്പോള്‍ ഭീകരവാദത്തെ നാം എങ്ങനെ നിര്‍വചിക്കണം?
നിരപരാധികളെ ബോംബെറിഞ്ഞ് കൊല്ലുന്നതും ജനവാസ കേന്ദ്രങ്ങളെ ഭീതിയിലാഴ്ത്തുന്നതും ഭീകരതയാണ്. ഇതെല്ലാം ഞാന്‍ അഫ്ഗാനിസ്ഥാനിലും ഇറാഖിലും ഫലസ്തീനിലും കണ്ടിട്ടുണ്ട്. ഭരണകൂട ഭീകരത എന്നാണ് അതിനെ വിളിക്കേണ്ടത്. സ്‌കോട്ട്‌ലാന്റിന്റെ അതിര്‍ത്തി ഗ്രാമങ്ങള്‍ക്കുമേല്‍ അമേരിക്കന്‍ ജംബോജറ്റ് വിമാനങ്ങള്‍ ബോംബ് വര്‍ഷിച്ചുകൊണ്ടിരിക്കുമ്പോള്‍ ലാകര്‍ബയിലെ കൂടാരത്തിനുള്ളില്‍ നിന്ന് സ്ത്രീകളുടെയും കുട്ടികളുടെയും ശവശരീരങ്ങള്‍ നീക്കം ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഫലസ്തീനിലെ ജനീനിലെ തമ്പുകളില്‍ നിന്ന് കുട്ടികളുടെയും സ്ത്രീകളുടെയും ശവശരീരങ്ങള്‍ നീക്കം ചെയ്യുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. ഇതൊക്കെത്തന്നെയാണ് അഫ്ഗാനിസ്താനിലും ഇറാഖിലും കണ്ടുകൊണ്ടിരിക്കുന്നത്. ഈ ശവശരീരങ്ങളെല്ലാം എനിക്ക് ഒരു പോലെയാണ് തോന്നുന്നത്. നിങ്ങള്‍ മനുഷ്യജീവിതത്തിന് ഒരു വിലയും കല്‍പിക്കുന്നില്ലേ? ഒരമേരിക്കന്‍ ജീവിതത്തിന്റെ വില ലക്ഷക്കണക്കിന് ഡോളറാണ്. ഒരറബി മുസ്ലിം ജീവിതത്തിന് അതിനു മുമ്പില്‍ ഒരു വിലയുമില്ല!
ഈ അവസ്ഥയില്‍ മുസ്ലിംകള്‍ എന്തു ചെയ്യണം?
ഏത് പ്രതിസന്ധിയിലും അവര്‍ തല ഉയര്‍ത്തിക്കൊണ്ടുതന്നെ മുന്നോട്ട് പോകണം. തങ്ങള്‍ ആരാണെന്ന അഭിമാനബോധവും അവര്‍ കൈവെടിയരുത്. നീതിയിലധിഷ്ഠിതമായ നിലപാടുകളെ നാം ഒരിക്കലും കൈവിടാന്‍ പാടില്ല.
സി.ഐ.എ താങ്കളെ വധിക്കാന്‍ ആഗ്രഹിച്ചിരുന്നു. അതിന്റെ പൂര്‍ണവിവരം വെളിച്ചത്ത് കൊണ്ടുവരാന്‍ താങ്കള്‍ പരിശ്രമിക്കുകയും ചെയ്തു. ഇതു വരെ അതിന് വ്യക്തമായ തെളിവ് കൊണ്ടുവരുന്നതില്‍ വിജയിക്കാനായോ? താങ്കള്‍ക്കിപ്പോഴും അതിനെക്കുറിച്ച് ഭയമുണ്ടോ?
സി.ഐ.എ എന്നെക്കുറിച്ചുണ്ടാക്കിയ ഫയല്‍ എന്റെ അഭിഭാഷകര്‍ക്ക് കൈമാറാന്‍ വിസമ്മതിച്ചു. ഞാന്‍ വ്യക്തിപരമായി ഇപ്പോള്‍ അതവഗണിച്ച് മുന്നോട്ട് പോകാനാണ് തീരുമാനിച്ചത്. ഞാന്‍ അമേരിക്കന്‍ബ്രിട്ടീഷ് നയത്തിലെ മനുഷ്യത്വ വിരുദ്ധതക്കെതിരെ നിരന്തരം ശബ്ദിച്ചുകൊണ്ടിരിക്കുകയാണ്. അല്ലാഹുവിനെയല്ലാതെ ഞാന്‍ ഒന്നിനെയും ഭയക്കുന്നില്ല.
Add Comment