ഞാനറിഞ്ഞ ഇസ്‌ലാം

സാറാ ചൗധരി: സൗന്ദര്യ പ്രദര്‍ശനം വിട്ട് സ്വത്വപ്രകാശനത്തിലേക്ക്

(പാകിസ്താന്‍ ടെലിവിഷനില്‍ ഷോ ബിസിനസ് താരമായിരുന്നു സാറാ ചൗധരി.  അടുത്ത കാലത്ത്  ഇസ്‌ലാമിലേക്ക് തിരികെയെത്തിയതിനെത്തുടര്‍ന്നാണ് അവര്‍ അഭിനയവും  മോഡലിങും ഉപേക്ഷിച്ചത്.  ഏതാനും മാസങ്ങള്‍ക്കുമുമ്പ് സംഗീതജ്ഞനായിരുന്ന ശീറാസ് ഉപ്പല്‍  സംഗീതം  ഉപേക്ഷിച്ച്  ഇസ് ലാമിലേക്ക് തിരിഞ്ഞുനടന്നിരുന്നു. സാറാ ചൗധരിയുമായി  മുസ്‌ലിംമാറ്റേഴ്‌സ്  പ്രതിനിധി സദഫ് ഫാറൂഖി നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍)

സദഫ്: താങ്കളെങ്ങനെയാണ് പാകിസ്താന്‍ ഷോ ബിസിനസ്(മോഡലിങ്) പരിപാടിയില്‍ എത്തിപ്പെട്ടതെന്ന് വിശദീകരിക്കാമോ?
സാറാ: എനിക്ക് പതിനാലുവയസ്സുള്ളപ്പോള്‍ 2001 ലാണ് ഞാന്‍ ആ മേഖലയിലേക്ക് കാലെടുത്തുവെക്കുന്നത്. എന്റെ പിതാവിന്റെ സുഹൃത്താണ് അതിന് അവസരമൊരുക്കിയത്. എന്റെ കുടുംബം സാമ്പത്തികപ്രയാസത്തിലായിരുന്നതുകൊണ്ടും ഷോ ബിസിനസ് എനിക്കിഷ്ടമായിരുന്നതുകൊണ്ടും ഞാനതില്‍ സജീവമായി. പൈസ സമ്പാദിച്ച് എന്റെ കുടുംബത്തിന് താങ്ങുംതണലുമാകുന്ന  ആണ്‍കുട്ടിയാകാന്‍ ഞാന്‍  ആഗ്രഹിച്ചു.

സദഫ്: വളരെ വിജയകരമായിത്തീര്‍ന്ന ഈ മോഡലിങ്-അഭിനയ സംരംഭം നിങ്ങള്‍ക്ക് പ്രശസ്തിനേടിത്തരുകയുണ്ടായല്ലോ. ആ ഘട്ടത്തില്‍നിങ്ങള്‍ക്കെന്തുതോന്നി?
സാറാ: ഒട്ടും മോശമായിരുന്നില്ല കാര്യങ്ങള്‍. ഞാനെന്റെ പരിപാടികളുടെ തിരക്കുകളില്‍ മുഴുകി. പൊതുവേദികളിലൊന്നും പങ്കെടുക്കേണ്ടതായ സാഹചര്യങ്ങള്‍ ഉണ്ടായിരുന്നില്ല. ചില അവാര്‍ഡ് ചടങ്ങുകള്‍ക്ക് പങ്കെടുക്കും അത്രമാത്രം. എന്റെ ജോലിയായിട്ടാണ് ഞാന്‍ ഷോ ബിസിനസിനെ കണ്ടത്. മണിക്കൂറുകളോളം ഞാന്‍ അതിനായി പണിയെടുത്തു. ചില നല്ല വ്യക്തിത്വങ്ങളെ  കണ്ടുമുട്ടിയത് അതിനിടക്കാണ്. അവരില്‍ ചിലരുമായി ഇപ്പോഴും സൗഹൃദങ്ങളുണ്ട്. നല്ലസമയവും ചീത്തസമയവും അക്കാലത്തുണ്ടായിരുന്നു. കൊടുംവേനല്‍ക്കാലത്ത് പവര്‍കട്ടിന്റെ സമയത്ത് എ സിയൊന്നുമില്ലാതെ ശരീരമാസകലം വിയര്‍പ്പില്‍ കുളിച്ചിരിക്കുന്ന അവസ്ഥയില്‍ പോലും കഠിനാധ്വാനം ചെയ്യേണ്ടിവന്നിട്ടുണ്ട്. തുടര്‍ച്ചയായി മൂന്നുദിവസം ഉറങ്ങുകപോലും ചെയ്യാതെ ജോലിചെയ്തവളാണ് ഞാന്‍. പലരീതിയിലുള്ള അപവാദങ്ങളും പാരവെയ്പുകളും ആക്ഷേപങ്ങളും ഒട്ടേറെ സഹിച്ചു. പ്രശസ്തയായതുകൊണ്ട് പലപ്പോഴും അത് ഗുണംചെയ്തിരുന്നെങ്കിലും ഒട്ടേറെ പ്രയാസങ്ങളും അതുകൊണ്ടുണ്ടായി. സത്യം പറഞ്ഞാല്‍ എനിക്ക് സ്വകാര്യജീവിതമുണ്ടായിരുന്നില്ല. എന്റെ ബന്ധുമിത്രാദികളുടെ കുടുംബപരിപാടികളിലൊന്നും പങ്കെടുക്കാന്‍ എനിക്കു കഴിയാതായി . ഞാന്‍ വളരെയേറെ ഇഷ്ടപ്പെട്ടിരുന്ന എന്റെ ബന്ധുക്കളുമായുള്ള അടുപ്പം നഷ്ടപ്പെടാന്‍ അതിടയാക്കി.

സദഫ്: സാധാരണയായി ഏതുപെണ്‍കുട്ടിയും കൊതിക്കുന്ന ഒന്നാണ് മോഡലിങും മിനിസ്‌ക്രീന്‍ താരത്തിളക്കവും. അത്തരത്തിലുള്ള ജീവിതം സമ്മാനിക്കുന്ന പ്രശസ്തിയും തിളക്കവും യഥാര്‍ഥജീവിതത്തില്‍ സന്തോഷംനല്‍കിയിരുന്നുവോ?

സാറാ:  ഒരിക്കലുമില്ല. നിങ്ങള്‍ക്കറിയാമല്ലോ, ഒരുപാട് നാടക-സിനിമാതിരക്കഥാകൃത്തുക്കളുടെ  പ്രമേയങ്ങളധികവും പ്രശസ്തിയാഗ്രഹിക്കുന്ന നായികമാരെയും അവരുടെ മയക്കുമരുന്നുപയോഗത്തെയും അവസാനം അവര്‍ ആത്മഹത്യചെയ്യുന്നതിന്റെയും കൊല്ലപ്പെടുന്നതിന്റെയും ദുരന്തപര്യവസാനം ചിത്രീകരിക്കുന്ന തരത്തിലുള്ളതാണ്്.  യാഥാര്‍ഥ്യലോകത്തുനിന്നാണ് അവര്‍ അത്തരം ആവിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നത്. വളരെ ശോകമൂകമായ ഘനാന്ധകാരമാണ് അവരുടെ പര്യവസാനം. ശരിയാണ് ഷോ ബിസിനസ് നമുക്ക് പൈസ നേടിത്തരുന്നുണ്ട്. പക്ഷേ അത്യന്തം അപകടകരമായ ഇരുണ്ടവശം കൂടിയുണ്ട് അതിന്. മോഡലിങ് രംഗത്തും മറ്റും വിഹരിക്കുന്ന ആളുകള്‍ ഒട്ടേറെ ത്യാഗം സഹിച്ചാണ് ആ മേഖലയില്‍ തുടരുന്നത്. അത്തരക്കാരില്‍ ശാരീരിക-മാനസികസമ്മര്‍ദങ്ങള്‍, ഉറക്കമില്ലായ്മ, മൈഗ്രെയ്ന്‍, പുറംവേദന, വിഷാദം തുടങ്ങി കടുത്ത വിഷമതകള്‍ കണ്ടുവരുന്നു. ഇതിനെല്ലാം പുറമേ, നമ്മുടെ സ്വകാര്യത നഷ്ടപ്പെടുന്നുവെന്നുവെന്ന തിക്തയാഥാര്‍ഥ്യവുമുണ്ട്. നിങ്ങളൊന്ന് കൂര്‍ക്കംവലിച്ചാല്‍ അത് പോലും പത്രവാര്‍ത്തയാകുന്നു.

സദഫ്: ഷോ ബിസിനസ് രംഗം ഉപേക്ഷിക്കാനിടയായ സാഹചര്യം എന്തായിരുന്നു?

സാറാ : ഒരു യാഥാസ്ഥിതികമുസ്‌ലിംകുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. അഞ്ചുനേരം നമസ്‌കരിക്കുന്ന, നബിദിനം ആഘോഷിക്കുന്ന, ചെറുതെങ്കിലും ദാനധര്‍മങ്ങള്‍ ചെയ്യുന്ന ഒരു കുടുംബം.  പക്ഷേ, എന്തൊക്കെയോ നഷ്ടപ്പെടുന്നുണ്ടെന്ന് എനിക്ക് തോന്നിത്തുടങ്ങി. അതിന്റെ കാരണങ്ങള്‍ അന്വേഷിച്ച് നബിചരിത്രം വായന തുടങ്ങി. നബി പത്‌നിമാര്‍ വിശ്വാസികളുടെ മാതാക്കളെന്ന വിശേഷണത്തിനര്‍ഹമായതും അവരുടെ ജീവിതവിശുദ്ധിയും  വായിച്ചപ്പോള്‍ എന്റെ അധഃപതനത്തിന്റെ ആഴമെനിക്ക് മനസ്സിലായി. ഞാന്‍ എന്റെ പതിതാവസ്ഥയോര്‍ത്ത് ദുഃഖിച്ചു. അതോടെ  മോഡലിങും അഭിനയവും നിര്‍ത്താന്‍ തീരുമാനമെടുത്തു. അതത്ര എളുപ്പമായിരുന്നില്ല. ആളുകള്‍ എനിക്ക് വട്ടാണെന്നുപറഞ്ഞു. ഞാന്‍ അധികം വൈകാതെ സ്വബോധം വീണ്ടെടുത്തുകൊള്ളുമെന്ന് അവര്‍ ആശ്വാസം കൊണ്ടു. അതിനെ അതിജയിക്കാനാവശ്യമായ ഈമാനികസ്ഥൈര്യം അല്ലാഹു എനിക്ക് നല്‍കിയതിനാല്‍ ഞാന്‍ രക്ഷപ്പെട്ടു.അല്‍ ഹംദുലില്ലാഹ്!

എന്റെ അത്തരം പഠനങ്ങള്‍ക്കിടയിലാണ് ഹിജാബ് അന്തസ്സിന്റെയും മാന്യതയുടെയും വേഷമാണെന്ന് ഞാന്‍ മനസ്സിലാക്കിയത്. ആളുകള്‍ മുഖം മറച്ചതുകണ്ടിട്ട് അവരെ വിലയിരുത്തരുത്. അവരുമായി സംസാരിക്കുകയും അവരെ അടുത്തറിയുകയും വേണം. ആളുകളെ കാണാതെ അവരുമായി സംസാരിക്കാതെ പടിഞ്ഞാറന്‍കണ്ണടയിലൂടെ ഇസ്‌ലാമിന്റെ നന്‍മയിലധിഷ്ഠിതമായ കല്‍പനകളെ വിലയിരുത്തരുത് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

സദഫ്: മോഡലിങ് ഉപേക്ഷിച്ച് പര്‍ദ ധരിക്കാന്‍  തീരുമാനിച്ചപ്പോള്‍ വീട്ടുകാരുടെ പ്രതികരണമെന്തായിരുന്നു ?

സാറാ: തുടക്കത്തില്‍ അവര്‍ അതിനെ എതിര്‍ത്തു. ചില അനുഷ്ഠാനങ്ങളില്‍മാത്രം പരിമിതമായിരുന്നു അവരുടെ ദീനി പരിജ്ഞാനം. ഖുര്‍ആന്‍ എന്തുപറയുന്നുവെന്നത് അവര്‍ക്ക് അജ്ഞാതമായിരുന്നു. എല്ലാവര്‍ക്കുമറിയാവുന്നതുപോലെ നാമൊക്കെ പേരുകൊണ്ടും പാരമ്പര്യംകൊണ്ടും മുസ്‌ലിമായവരാണ്. സമുദായം സ്വീകരിച്ചിട്ടുള്ള വസ്ത്ര-ജീവിത-ആചാര ശീലങ്ങളാണ് നമ്മെ മുസ്‌ലിമാക്കിയത്. വളരെ കുറച്ചാളുകള്‍ മാത്രമാണ് ശരിയായ രീതിയില്‍ ഇസ്‌ലാമിന്റെ അനുശാസനങ്ങള്‍ പിന്തുടരുന്നവരായുള്ളത്. അത്തരം യഥാര്‍ഥവിശ്വാസികള്‍ക്ക് പാശ്ചാത്യനാടുകളില്‍നിന്ന് നേരിടുന്നതിനേക്കാള്‍ കടുത്ത വിമര്‍ശമാണ് മുസ്‌ലിംനാടുകളില്‍നിന്ന്  നേരിടേണ്ടിവരുന്നത്.

സദഫ്:  ഈ എതിര്‍പ്പിനെ നിങ്ങളെങ്ങനെ നേരിട്ടു?

സാറാ:  ഞാന്‍ അല്ലാഹുവിനോട് നിരന്തരം പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. എന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാനുള്ള കരുത്ത് അവന്‍ എനിക്കുനല്‍കുകയായിരുന്നു.

സദഫ്: സമൂഹത്തില്‍ അധികമാളുകളും കരുതുന്നത് പര്‍ദയണിയുന്നതോടെ മുസ്‌ലിം വനിതയുടെ ജീവിതം ഇരുളടഞ്ഞതും ദുസ്സഹവുമായിത്തീരുന്നുവെന്നാണ്. പ്രശസ്തിയുടെ കൊടുമുടിയില്‍നിന്ന മോഡല്‍ഗേളിന്റെയും മനഃപരിവര്‍ത്തനം വന്ന മുസ്‌ലിംസ്ത്രീയുടെയും രണ്ടവസ്ഥകളും പരിചയിച്ചവ്യക്തി എന്ന നിലക്ക് അത്  താരതമ്യം ചെയ്ത് വിശദീകരിക്കാമോ?
സാറാ: ജീവിതം ഇരുളടയുമെന്നോ? അങ്ങനെയുണ്ടോ? എനിക്കതിനെപ്പറ്റി അറിയില്ല. എന്തായാലും അങ്ങനെയൊന്നുണ്ടോ എന്ന് ഇനിയങ്ങോട്ടുനിരീക്ഷിക്കാന്‍ പോകുകയാണ്. ഞാനിപ്പോള്‍  എന്റെ ഭര്‍ത്താവിന്റെ സഹായത്തോടെ വിദ്യാഭ്യാസം തുടരുന്നു.അതോടൊപ്പം ഒരു ബിസിനസും നടത്തുന്നുണ്ട്. എനിക്കുചുറ്റും എന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമുണ്ട്. അല്‍ഹംദുലില്ലാഹ്! ഞാനിപ്പോള്‍ ആരുടെയും നയനരതിക്കുള്ള ഉപാധിയല്ല.  എന്റെ ഭര്‍ത്താവിന്റെ മാത്രം കണ്‍കുളിര്‍മയാണ് ഞാന്‍. അല്‍ഹംദുലില്ലാഹ് !. എന്റെ ജീവിതത്തില്‍ ഞാന്‍ പരിചയിച്ച രണ്ടവസ്ഥകളും താരതമ്യം ചെയ്യുമ്പോള്‍ മോഡലിങില്‍ ഞാന്‍ സന്തോഷവതിയായിരുന്നുവെന്നത് ശരിയാണ്. പക്ഷേ എപ്പോഴും എന്താണെന്നറിയാത്ത നഷ്ടബോധവുമുണ്ടായിരുന്നു. ജീവിതത്തിന്റെ ഒരു ഭാഗം അചേതനമായിരുന്നു. എപ്പോഴും ദുരന്തങ്ങളും പ്രയാസങ്ങളും വിടാതെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. ഇറച്ചികണ്ട നായയെപ്പോലെ എന്നെ ആളുകള്‍ തുറിച്ചുനോക്കുന്നത് വല്ലാതെ അസ്വസ്ഥയാക്കിയിരുന്നു. അല്‍ഹംദുലില്ലാഹ് ! ഇപ്പോള്‍ വളരെ സമാധാനം ആസ്വദിക്കുന്നു. പരലോകത്തെപ്പറ്റിമാത്രമാണ് ആശങ്ക. ഇന്‍ശാ അല്ലാഹ്! സ്വര്‍ഗമാണ് എന്റെ ലക്ഷ്യം. മുമ്പൊക്കെ കാര്യങ്ങള്‍ നമ്മള്‍ ഉദ്ദേശിക്കുന്നപോലെ നടന്നില്ലെങ്കില്‍ കടുത്ത വിഷാദമനുഭവപ്പെട്ടിരുന്നു. പ്രതിസന്ധികളെ എങ്ങനെ തരണംചെയ്യുമെന്ന ആശങ്ക ഏറെയായിരുന്നു. അല്ലാഹു ആണ് അന്നദാതാവ് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. എന്റെയടുക്കല്‍ എത്ര സമ്പാദ്യമുണ്ടെന്നത് ് ഇപ്പോള്‍ എനിക്കൊരു വിഷയമല്ല. നാളെ എന്തായിരിക്കും സംഭവിക്കുക എന്നതിനെ ഞാനിപ്പോള്‍ ഭയപ്പെടുന്നില്ല.

സദഫ്: ഇസ്‌ലാമിലേക്കുള്ള നിങ്ങളുടെ തിരിച്ചുവരവില്‍ ഭര്‍ത്താവിന്റെ പങ്കിനെക്കുറിച്ച് വിശദീകരിക്കാമോ ? ദീനില്‍ അതിന്റെ അടിസ്ഥാനമൂല്യങ്ങളുടെ സംരക്ഷണത്തിന് ഭാര്യയും ഭര്‍ത്താവുമെന്ന നിലയില്‍ പരസ്പരസഹകരണത്തിന് എത്രമാത്രം പങ്കുണ്ടെന്നാണ് കരുതുന്നത്?
സാറാ:  എന്റെ ഭര്‍ത്താവ് എനിക്ക് അനുഗ്രഹമായിരുന്നു. അതേ പോലെ ഞാന്‍അദ്ദേഹത്തിനും അനുഗ്രഹമായിരുന്നു. ഞങ്ങളനന്യോന്യം ഇരുവര്‍ക്കുമുള്ള സന്‍മാര്‍ഗത്തിന് നിമിത്തമാകാന്‍ അല്ലാഹു അനുഗ്രഹിച്ചു. എന്റെ ഭര്‍ത്താവ് എന്നോടൊപ്പം ഉറച്ചുനിന്നു. ആളുകള്‍ എനിക്കെതിരെ തിരിഞ്ഞപ്പോള്‍ എനിക്ക് പരിപൂര്‍ണപിന്തുണ നല്‍കിയത് ഭര്‍ത്താവാണ്. മറ്റുള്ളവരെ പ്രചോദിപ്പിക്കുന്ന വ്യക്തിത്വരൂപീകരണത്തിന് സഹായിക്കുംവിധം  എനിക്ക് ആവേശം പകര്‍ന്നുനല്‍കി അദ്ദേഹം. അലസനായി എവിടെയെങ്കിലും ഒതുങ്ങാതെ പ്രവര്‍ത്തനനിരതയാകാന്‍ എന്നെ പ്രോത്സാഹിപ്പിച്ചു. കാര്യങ്ങള്‍ വ്യത്യസ്തമായി ചെയ്യാന്‍ എനിക്ക് ധൈര്യം പകര്‍ന്നു. ഒട്ടേറെ കഴിവുള്ളവളാണ് ഞാനെന്ന് പറഞ്ഞ് എന്നെ കര്‍മമണ്ഡലത്തില്‍ ഇറക്കിവിട്ടു. എന്റെ കഴിവുകള്‍ മുരടിപ്പിക്കാന്‍ സമ്മതിക്കുകയില്ലെന്ന് അദ്ദേഹം എന്നോടുപറഞ്ഞു. എന്നെ അദ്ദേഹം ഒരിക്കലും നിരുത്സാഹപ്പെടുത്തിയില്ല. അല്ലാഹുവിനോടും ഭര്‍ത്താവിനോടും (ഭാവിയിലുണ്ടാകുന്ന)കുട്ടികളോടുമുള്ള ബാധ്യതകളെ വിസ്മരിക്കാതെതന്നെ എന്റെ ലക്ഷ്യം നേടിയെടുക്കാന്‍ അദ്ദേഹം എനിക്ക് പ്രചോദനം നല്‍കിക്കൊണ്ടിരിക്കുന്നു.
വൈവാഹികജീവിതത്തില്‍ നമ്മുടെ മാതൃക പ്രവാചകന്‍ മുഹമ്മദ്(സ)ആണ്. എല്ലാറ്റിനുമുപരി ഞങ്ങള്‍ പരസ്പരം ആദരിക്കുന്നു.സ്‌നേഹിക്കുന്നു. ഭാര്യാഭര്‍ത്താവെന്ന നിലയില്‍ ബാധ്യതകള്‍ നിറവേറ്റുന്നു. കേവല ദമ്പതികളെന്നതിനപ്പുറം ഉറ്റസുഹൃത്തുക്കളാണ് ഞങ്ങള്‍.അല്‍ഹംദുലില്ലാഹ്!

ഒരു ഭാര്യ യാഥാര്‍ഥ്യബോധമുള്ളവളായിരിക്കണം. ലോകപരിജ്ഞാനവും  ബിസിനസ് സാക്ഷരതയും അവള്‍ക്കുണ്ടാകേണ്ടതുണ്ട്. ഉദാഹരണത്തിന്, എന്റെ ഭര്‍ത്താവ് അദ്ദേഹത്തിന്റെ ജോലികള്‍ ഞാനുമായി പങ്കുവെക്കുന്നു. പലപ്പോഴും അഭിപ്രായങ്ങള്‍ ആരായുന്നു. മറ്റേതൊരു ദമ്പതിമാരെപ്പോലെയും കായികവിനോദങ്ങളിലേര്‍പ്പെടുന്നു. ഇടക്ക് കലഹിക്കാറുണ്ടെങ്കിലും അതെല്ലാം നൈമിഷികം മാത്രം. ഭാര്യയും ഭര്‍ത്താവും അന്യോന്യം പരിപൂര്‍ണപരിഹാരം ആയിരിക്കണം. ആവശ്യമുള്ളപ്പോള്‍ കുടുംബജീവിതത്തിലെ റോളുകള്‍ പരസ്പരസഹകരണത്തോടെ ഏറ്റെടുക്കാന്‍ കഴിയണം. അവര്‍ പങ്കാളികളെന്നപോലെത്തന്നെ സുഹൃത്തുക്കളുമായിരിക്കണം. പരസ്പരബന്ധത്തിന് ഊഷ്മളതപകരാനെന്തൊക്കെ വേണമോ അതെല്ലാം നല്‍കണം. പരസ്പരവിശ്വാസം വച്ചുപുലര്‍ത്തണം. തന്റെ ജീവിതപങ്കാളിയോട് എത്രത്തോളം വിശ്വസ്തത പുലര്‍ത്തുന്നുവോ അത്രത്തോളം സമാധാനപൂര്‍ണമായിരിക്കും നിങ്ങളുടെ ജീവിതം.(ഇന്‍ശാ അല്ലാഹ്)

Topics