കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ റുമാനിയയിലായിരുന്നു എന്റെ ജനനം. 2009 ഒക്ടോബര്‍ മാസത്തിലാണ് എന്റെ ജീവിതത്തിലെ ഏറ്റവും ബുദ്ധിപരമായ തീരുമാനം ഞാനെടുത്തത്.
അത്ര നല്ലതൊന്നുമായിരുന്നില്ല എന്റെ ജീവിതം. മാതാപിതാക്കളായിരുന്നില്ല എന്നെ പരിപാലിച്ചുവളര്‍ത്തിയത്. പ്രസവിച്ച് അധികമാകുംമുമ്പേ അമ്മയെ പിതാവ് വിവാഹമോചനംചെയ്യുകയായിരുന്നു. അപ്പൂപ്പനും അമ്മൂമ്മയും എന്നെ സ്‌നേഹപരിലാളനകളോടെ വലുതാക്കി. അവരുടെ അടുക്കല്‍ അങ്ങനെ വളരവേ ഇടക്കിടയ്ക്ക് സുന്ദരിയായ യുവതി എന്നെ കാണാനും അപ്പൂപ്പനോട് വര്‍ത്തമാനങ്ങള്‍ പറയാനും വരാറുണ്ടായിരുന്നു. അന്നെനിക്ക് ഏതാണ്ട് 8 വയസ്സ് പ്രായം കാണും. ഒരിക്കല്‍ പതിവുപോലെ എന്നെക്കാണാന്‍ അവര്‍ വന്നപ്പോള്‍ ഞാന്‍ അമ്മൂമ്മയോട് ആരാണാ യുവതിയെന്നാരാഞ്ഞു.
അപ്പോള്‍ അമ്മൂമ്മ അതാണ് നിന്റെയമ്മയെന്ന് മറുപടിപറഞ്ഞു. അതുവരെ അത് എന്റെ അമ്മയാണെന്ന് അറിയില്ലായിരുന്നു.
അമ്മ സ്വന്തമായി വീടെടുത്ത ശേഷം എന്നെ അങ്ങോട്ടുകൊണ്ടുപോയി. ഒരു പുതിയ ജീവിതത്തിന് തുടക്കമാവുകയായിരുന്നു. എനിക്ക് നല്ല വിദ്യാഭ്യാസം നല്‍കാന്‍ അവര്‍ ശ്രദ്ധിച്ചു. അമ്മ കുട്ടിയായിരിക്കെ റുമാനിയ നിക്കോളായ് ചെഷസ്‌ക്യൂവിന്റെ കീഴില്‍ കമ്യൂണിസ്റ്റ് ഏകാധിപത്യരാജ്യമായിരുന്നു റുമാനിയ. അതിനാല്‍ മതപരമായ ഒന്നുംതന്നെ അനുവദിക്കപ്പെട്ടിരുന്നില്ല. ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനിയായിരുന്ന അമ്മ എന്നെ നല്ല ഒരുക്രിസ്ത്യാനിയാക്കിവളര്‍ത്താനാണ് താല്‍പര്യംകാട്ടിയത്.
ക്രിസ്തുമതത്തിലെ ദൈവസങ്കല്‍പത്തെക്കുറിച്ച് ഞാന്‍ നന്നായി പഠിച്ചു. പ്രായപൂര്‍ത്തിയാകുന്നതോടെ വൈദികനാകാന്‍ തീരുമാനിച്ചു.അങ്ങനെയിരിക്കെ അമ്മ ഇന്റര്‍നെറ്റിലൂടെ പരിചയപ്പെട്ട ഒരു അമേരിക്കക്കാരന്‍ റുമാനിയയിലേക്ക് വന്ന് അമ്മയോടൊപ്പം രണ്ടാഴ്ച താമസിച്ചു. അതോടെ ഞാന്‍ തിരികെ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും അടുത്തെത്തി. അപ്പോഴേക്കും അമ്മ തനിക്കും എനിക്കുമായി പാസ്‌പോര്‍ട്ട് റെഡിയാക്കിയിരുന്നു. പിന്നെ ഞാന്‍ അമ്മയോടൊപ്പം അമേരിക്കയിലേക്ക് പോയി. രണ്ടാനച്ഛനോടൊപ്പം അവിടെ താമസമാക്കി.
റുമാനിയയില്‍ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കൂട്ടുകാരുടെയും ഒപ്പമുള്ള സംതൃപ്തമായ ജീവിതത്തിന്റെ ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മകള്‍ പലപ്പോഴും എന്നെ വേട്ടയാടി. നാട്ടില്‍ ഇംഗ്ലീഷ് പഠിച്ചിരുന്നതുകൊണ്ട് അമേരിക്കയില്‍ ആശയവിനിമയത്തിന് അതൊരു പ്രശ്‌നമായില്ല. പക്ഷേ നാട്ടിലേതില്‍നിന്ന് തികച്ചുംവ്യത്യസ്തമായ സംസ്‌കാരം എന്നെ സംബന്ധിച്ചിടത്തോളം പൊരുത്തപ്പെടാനാവാത്തതായിരുന്നു. കുറച്ചുനാള്‍ ഷികാഗോയില്‍ താമസിച്ചെങ്കിലും താമസിയാതെ ഡാളസിലേക്ക് മാറുകയായിരുന്നു . അന്നുമുതല്‍ സ്ഥിരതാമസമാണവിടെ.
പഠനകാലത്ത് ഞാന്‍ വളരെ ഉത്സാഹത്തോടെ പാഠ്യവിഷയങ്ങളില്‍ ശ്രദ്ധിച്ചു. എന്റെ അപ്പൂപ്പന്‍ ഫുട്‌ബോളിന്റെ ആരാധകനായതുകൊണ്ട് ആ കളിയില്‍ പ്രാവീണ്യം നേടി അദ്ദേഹത്തെ സന്തോഷിപ്പിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. എന്നാല്‍ 2008 ല്‍ എന്റെ ജീവിതത്തിലെ ഏറ്റവും സങ്കടകരമായ ദിനങ്ങളായിരുന്നു ഒക്ടോബര്‍ 21 മുതല്‍ 30 വരെയുള്ള ദിനങ്ങള്‍. എനിക്കേറ്റവും പ്രിയപ്പെട്ട എന്റെ അപ്പൂപ്പന്‍ 30 ന് മരണപ്പെട്ടു. അസുഖം ബാധിച്ച് കിടപ്പിലായ അദ്ദേഹത്തെ ഒരുനോക്കുകാണാന്‍ കഴിയാത്തതിന്റെ എല്ലാ വേദനയും ദുഃഖവും എന്റെ മനസ്സില്‍ എന്നുമുണ്ട്. ഡിസംബര്‍ മാസത്തിലെ ആദ്യവാരത്തില്‍ റുമാനിയയില്‍ അദ്ദേഹത്തെ അടക്കംചെയ്ത പള്ളിസെമിത്തേരിയില്‍ കല്ലറയുടെ സമീപം ചെന്ന് നിറകണ്ണുകളോടെ ഞാന്‍ പ്രാര്‍ഥിച്ചു.
എന്റെ അമ്മ ശോകാര്‍ദ്രമായ മുഖത്തോടെയാണ് കഴിച്ചുകൂട്ടിയത്. എന്റെ രണ്ടാനച്ഛന്റെ അവസ്ഥ പരിതാപകരമായിരുന്നു. അപ്പൂപ്പന്‍ ഞങ്ങളെ വേര്‍പിരിഞ്ഞിരിക്കുന്നു. അമ്മൂമ്മ രോഗഗ്രസ്ഥയായിരിക്കുന്നു. എല്ലാം കൂടി ഓര്‍ത്തപ്പോള്‍ എന്തുദൈവമാണിതെന്ന് നിരാശാപൂര്‍വം ഓര്‍ത്തുപോയി. ഈ ഘട്ടത്തില്‍ അന്നുവരെ ഞാന്‍ കണ്ടിട്ടില്ലായിരുന്ന എന്റെ അപ്പനെ കണ്ടുമുട്ടുകയുണ്ടായി. ഞാനാകട്ടെ എന്റെ അമ്മയോട് ആരാണെന്റെ അപ്പനെന്ന് ചോദിച്ചിട്ടില്ല അതുവരെ. അവരെനിക്കതൊട്ട് പറഞ്ഞുതന്നിരുന്നുമില്ല.
എന്റെ അപ്പന്‍ തുര്‍ക്-ബള്‍ഗേറിയന്‍ വംശജരുടെ മകനായിരുന്നതോടൊപ്പം മുസ്‌ലിമുമായിരുന്നു. അപ്പനുമായി ഞാന്‍ ഏറെ നേരം സംസാരിച്ചു. അമ്മയുമായുള്ള ദാമ്പത്യത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും എന്റെ അനാഥബാല്യത്തെക്കുറിച്ചും വികാരാധീനനായി ഞാന്‍ ചോദ്യങ്ങളുയര്‍ത്തി. എന്നെ പ്രതിസന്ധികളില്‍നിന്ന് കരകയറ്റാന്‍ എന്താണ് പരിഹാരമാര്‍ഗം എന്നാരാഞ്ഞപ്പോള്‍ അല്ലാഹുവിനെക്കുറിച്ചും മറ്റും എനിക്ക് വിവരിച്ചുതന്നു. എനിക്കതൊക്കെ കേട്ടപ്പോള്‍ അല്‍പമൊക്കെ മനോധൈര്യം കൈവന്നതുപോലെ തോന്നി.
ഞാനും അമ്മയും തിരികെ അമേരിക്കയിലെത്തി. തൊട്ടുടനെ രണ്ടാനച്ഛനുമായി അമ്മ ഗുഡ്‌ബൈ പറഞ്ഞുപിരിഞ്ഞു. ഞങ്ങള്‍ ഒറ്റക്ക് ജീവിതമാരംഭിച്ചു. അമ്മ അതീവദുഃഖിതയായി പുറത്തിറങ്ങാതെ കഴിച്ചുകൂട്ടി. ഞാനാകട്ടെ ഇസ്‌ലാമിനെക്കുറിച്ച് പഠിച്ചുതുടങ്ങിയിരുന്നു. അങ്ങനെ 2009 എന്നെ സംബന്ധിച്ചിടത്തോളം നവ്യാനുഭവങ്ങളുടേതാകുകയായിരുന്നു.
ഇസ്‌ലാം എന്നെ ഒട്ടേറെ ആകര്‍ഷിച്ചു. എനിക്ക് ഒട്ടേറെ മനസംതൃപ്തിയേകി. വേനലവധിക്കാലത്ത് ഇസ്‌ലാമിനെ കൂടുതല്‍ കൂടുതല്‍ പഠിക്കാനായി ശ്രമിച്ചു. അങ്ങനെ ജൂലൈമാസത്തില്‍ മുസ്‌ലിമാകാന്‍ തീരുമാനിച്ചു. അറബിഭാഷയില്‍ ശഹാദത്തുകലിമ ഞാന്‍ എന്നോടുതന്നെ ചൊല്ലുകയായിരുന്നു. ‘എഡ്വേഡ്! ഏകനായ അല്ലാഹുവല്ലാതെ മറ്റൊരു ദൈവവുമില്ല. മുഹമ്മദ് അവന്റെ പ്രവാചകനാണ്’. ഞാന്‍ കുളിച്ചു. പിന്നെ രണ്ടുറക്അത്ത് നമസ്‌കരിച്ചു. പിന്നീടുള്ള ദിനങ്ങളില്‍ ഞാന്‍ ആരാധനാകര്‍മങ്ങളിലും മറ്റും കൂടുതലായി മുഴുകി. ഇസ്‌ലാം യഥാര്‍ഥദൈവസന്ദേശമാണെന്ന് എനിക്കുമനസ്സിലായി. ഏകനായ ദൈവത്തെ അതിരറ്റ് സ്‌നേഹിക്കാനും അവനോട് പ്രാര്‍ഥിക്കാനും ആഹ്വാനംചെയ്യുന്ന ശരിയായ മതമാണത്.Share
Add Comment