ഞാനറിഞ്ഞ ഇസ്‌ലാം

തട്ടിമാറ്റിയിട്ടും മുഖത്തേക്കുവരുന്ന തട്ടം

(മുന്‍ഫ്രഞ്ച് റാപ്‌സംഗീതജ്ഞ മെലനീ ജോര്‍ജിയാദെസിന്റെ ഇസ്‌ലാംസ്വീകരണത്തെക്കുറിച്ച്)

രാജ്യമൊട്ടാകെ ഹിജാബും നിഖാബും ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും നിരോധനങ്ങള്‍ക്കും വിധേയമായിട്ടും ഫ്രാന്‍സിന്റെ ഇസ്‌ലാം വിരുദ്ധമതേതരത്വത്തിന്റെ മുഖത്ത് തട്ടം തത്തിക്കളിക്കുന്നതാണ് മുന്‍ഫ്രഞ്ച് റാപ്‌സംഗീതജ്ഞ മെലനീ ജോര്‍ജിയാദെസിന്റെ ഇസ്‌ലാംസ്വീകരണത്തിലൂടെ വെളിവാകുന്നത്. ‘ദിയംസ്’ എന്ന ഓമനപ്പേരിലറിയപ്പെടുന്ന മെലനീ ഈയിടെ ഫ്രഞ്ചുടിവിയായ ടിഎഫ് 1 ല്‍ ഹിജാബുവേഷത്തില്‍ പ്രത്യക്ഷപ്പെട്ട് തന്റെ ഇസ്‌ലാമനുഭവങ്ങള്‍പങ്കുവെക്കുകയുണ്ടായി.

മയക്കുമരുന്നിനടിപ്പെട്ട തന്റെ ഭൂതകാലാനുഭവങ്ങളും  മാനസികപീഡകളും ഏറ്റുപറഞ്ഞ മെലനീ ഖുര്‍ആനും ഇസ്‌ലാമികസംബന്ധിയായ ഗ്രന്ഥങ്ങളും വായിച്ചാണ് താന്‍ ഇസ്‌ലാംസ്വീകരിച്ചതെന്ന് വ്യക്തമാക്കി.
മയക്കുമരുന്നിന്റെ ലോകത്തുനിന്ന് രക്ഷപ്പെട്ട് വിവാഹിതയായശേഷം ഒരു കുഞ്ഞിന്റെ അമ്മയാണ് അവരിപ്പോള്‍. നിഖാബ് നിരോധമുള്ള ഫ്രാന്‍സില്‍ പര്‍ദ്ദയണിഞ്ഞുവരുന്നതില്‍ തനിക്ക് തരിമ്പുംപേടിയില്ലെന്ന് വ്യക്തമാക്കുന്ന മെലനീ സഹിഷ്ണുതയുള്ള സമൂഹത്തിലാണ് താന്‍ ജീവിക്കുന്നതെന്നും വിമര്‍ശനങ്ങളോ,പരിഹാസങ്ങളോ ശാരീരികാക്രമണങ്ങളോ തന്നെ പിന്തിരിപ്പിക്കില്ലെന്നും ഉറച്ചുവിശ്വസിക്കുന്നു. മയക്കുമരുന്നുപയോഗംമൂലം മാനസികനില തകരാറായി കടുത്ത വിഷാദത്തിനടിപ്പെട്ട തനിക്ക് അവസാനം സന്തോഷം കണ്ടെത്താനായത് ഇസ്‌ലാമിന്റെ അടിസ്ഥാനസിദ്ധാന്തങ്ങളിലൂടെയാണെന്ന്  വ്യക്തമാക്കുകയായിരുന്നു.
രാജ്യത്തെ മുസ്‌ലിംവനിതകളിലധികവും ഹിജാബുധരിക്കുന്നില്ലല്ലോ പിന്നെന്തിനാണ് താങ്കളത് ധരിക്കുന്നതെന്ന ചോദ്യത്തിന് മെലനിയുടെ മറുപടി ഇപ്രകാരമായിരുന്നു: ‘ദൈവം എന്നോട് കല്‍പിച്ചത് ഇപ്രകാരം വസ്ത്രം ധരിക്കാനാണ്. അതൊരു ഉപദേശമാണ്. അതെനിക്ക് എന്തെന്നില്ലാത്ത നിര്‍വൃതി നല്‍കുന്നു. എനിക്കതുമതി’
‘തനിക്കൊരിക്കലും സംഗീതജ്ഞ എന്ന വസ്ത്രം ഫിറ്റല്ലായിരുന്നു. ഹിജാബ് എനിക്ക് സംരക്ഷണത്തിന്റെ ഊഷ്മളത പകര്‍ന്നുനല്‍കി. ഞാനെന്താണെന്ന് എന്നെ ബോധ്യപ്പെടുത്തി. അതുകൊണ്ട് ഞാനിപ്പോഴും ഭൂമിയില്‍ അവശേഷിക്കുന്നു’.
‘ഇസ്‌ലാമിനുമുമ്പ് ഞാന്‍ വളരെ പ്രശസ്തയായിരുന്നു. പ്രശസ്തവ്യക്തിത്വങ്ങള്‍ക്ക് ലഭിച്ചിരുന്നത് എല്ലാം എനിക്കും ലഭിച്ചിരുന്നു. പക്ഷേ വീട്ടില്‍ചെന്നാല്‍ ഞാനെപ്പോഴും ഒറ്റയ്ക്കിരുന്ന് കരയുമായിരുന്നു. അതുപക്ഷേ എന്റെ ആരാധകര്‍ ഒരിക്കലും അറിഞ്ഞിരുന്നില്ല.’
‘ഭ്രാന്തമായ ആവേശത്തോടെ മയക്കുമരുന്ന് ഞാന്‍ കുത്തിവെച്ചിരുന്നു. അതെത്തുടര്‍ന്ന് മാനസികചികിത്സാകേന്ദ്രത്തില്‍ പ്രവേശിപ്പിക്കപ്പെട്ടു. പലവിദഗ്ധരുടെയും ചികിത്സകള്‍ക്കു വിധേയയായി. പക്ഷേ ഒന്നും മനഃസംതൃപ്തി തന്നില്ല. ഒരുദിവസം എന്റെയൊരുസുഹൃത്ത് ‘ഞാനിപ്പോള്‍ പള്ളിയില്‍പോയി നമസ്‌കരിച്ചിട്ട് വരാം ‘ എന്നുപറഞ്ഞപ്പോള്‍  ‘എനിക്കും നിന്റെകൂടെ വന്ന് പ്രാര്‍ഥിക്കണമെന്നുണ്ട്’ എന്ന് അറിയിച്ചു. ദൈവത്തിന്റെ മുമ്പില്‍ ആദ്യമായി ഞാനെന്റെ തലഭൂമിയില്‍ സ്പര്‍ശിച്ചത് അന്നായിരുന്നു. എന്റെ ജീവിതത്തില്‍ ഞാനന്നുവരെ അനുഭവിച്ചിട്ടില്ലാത്ത എന്തോ ഒന്ന് എന്നിലേക്കാര്‍ത്തിരമ്പിവന്നു’. മെലനീ തന്റെ ഓര്‍മകള്‍ അയവിറക്കി.
ഖുര്‍ആന്‍ പഠിക്കാനായി മൗറീഷ്യസിലേക്കുപോയ മെലനീ ഇസ്‌ലാമികഗ്രന്ഥങ്ങളും കൂട്ടത്തില്‍ വായിച്ചു. ഇസ്‌ലാമിന്റെ സഹിഷ്ണുതയെ അടുത്തറിഞ്ഞത് അപ്പോഴായിരുന്നു. ഇസ്‌ലാമിന്റെ പേരിലുള്ള ജിഹാദും അക്രമസംഭവങ്ങളെപ്പറ്റി ചോദിച്ചപ്പോള്‍  ഇപ്രകാരമായിരുന്നു അവരുടെ മറുപടി:
‘നമ്മള്‍ വിവരമുള്ളവരെയും വിവരമില്ലാത്തവരെയും വേറിട്ടുമനസ്സിലാക്കേണ്ടിയിരിക്കുന്നു. വിവരമില്ലാത്തവന്‍ തനിക്കറിയാത്തതിനെപ്പറ്റി സംസാരിക്കാതിരിക്കുകയാണ് വേണ്ടത്. ഇന്ന് കാണുംപോലെ നിരപരാധികളെ വധിക്കുന്നത് ഇസ്‌ലാം അനുവദിക്കുന്നില്ല.’Share

Topics