(അമേരിക്കക്കാരനായ ക്രിസ് ടാറന്റിനോയുടെയും കുടുംബത്തിന്റെ ഇസ് ലാം ആശ്ലേഷണത്തെക്കുറിച്ച്)
ദമ്പതികളായ ക്രിസ് ടാറന്റിനോയും ക്രിസ്റ്റീനയും കത്തോലിക്കാകുടുംബത്തിലാണ് ജനിച്ചത്. ക്രിസ്റ്റീന ജര്‍മനിയിലെ മാന്ഹൈമിലും ക്രിസ് അമേരിക്കയിലെ കിസ്സിമീയുലുമാണ് ജനിച്ചുവളര്‍ന്നത്. 2006 ല്‍ അമേരിക്കയുടെ ഇറാഖ് അധിനിവേശത്തെത്തുടര്‍ന്നാണ് സൈനികനായ ക്രിസ് അവിടെയെത്തിപ്പെട്ടത്.
ജീവിതത്തെയും മരണാന്തരജീവിതത്തെയുംകുറിച്ച ഭാര്യ ക്രിസ്റ്റീനയുടെ നിരന്തരചോദ്യങ്ങളാണ് ഇരുവരെയും ഇസ്ലാമിലെത്തിച്ചത്.
‘ക്രിസിന് എന്തെങ്കിലും സംഭവിക്കുമോ എന്ന ആധിയായിരുന്നു എനിക്ക്. ഇറാഖിലേക്ക് ഭര്‍ത്താവ് പുറപ്പെട്ടുവെന്നറിഞ്ഞതിനെത്തുടര്ന്ന് എന്നിലുണ്ടായ ചിന്ത അതായിരുന്നു’.ക്രിസ്റ്റീന പറയുന്നു.
ഇസ്ലാം സ്വീകരിച്ചശേഷം ഫലസ്തീനിയന്‍ യുവാവിനെ വിവാഹംകഴിച്ച് ഫലസ്തീനില്‍ സ്ഥിരതാമസമാക്കിയ മൂത്ത സഹോദരിയോട് പലപ്പോഴും ഫോണിലൂടെ സംസാരിക്കാറുണ്ടായിരുന്നു ക്രിസ്റ്റീന. മരണാനന്തരജീവിതത്തെക്കുറിച്ച ജ്യേഷ്ഠത്തിയുടെ വിവരണങ്ങളിലൂടെയാണ് അവര്‍ക്ക് സമാധാനംലഭിച്ചത്. ഇടക്കിടക്ക് ഇറാഖിലെ താജി സൈനികക്യാമ്പിലെ ഭര്‍ത്താവുമായി അവര്‍ ബന്ധപ്പെട്ട് ആത്മീയ വിഷയങ്ങള്‍ സംസാരിക്കാറുണ്ടായിരുന്നു.
‘അങ്ങനെയൊക്കെയാണെങ്കിലും ഒരുദിവസം അവളെന്നെവിളിച്ച് തന്റെ ഇസ്ലാംസ്വീകരണത്തെപ്പറ്റി പറഞ്ഞപ്പോള്‍ ഞാന്‍ സ്തബ്ധനായി നിന്നുപോയി’ മിലിട്ടറിയില്‍ സര്‍ജന്റായ ഭര്‍ത്താവ് ക്രിസ് പറയുന്നു.
‘നീ ഹിജാബ് ധരിച്ചുതുടങ്ങിയോ?’ തന്റെ ആദ്യചോദ്യമതായിരുന്നുവെന്ന് ക്രിസ്. ഇല്ലെന്ന് പറഞ്ഞ ഭാര്യയോട് കൂടുതലൊന്നുംചോദിക്കാന് മുതിര്‍ന്നില്ല .മറിച്ച് ഇത്രമാത്രം പറഞ്ഞു: ‘ നേര്‍വഴിക്ക് നയിക്കണേ എന്ന് എന്റെ പ്രാര്‍ഥനയില്‍ എപ്പോഴുമുണ്ടാകും.’
രണ്ടാം തവണ ഇറാഖില്‍ വീണ്ടും സൈനികസേവനത്തിനായി പോയപ്പോള്‍ കൂടെ പുതുതായി ഇസ്ലാം സ്വീകരിച്ച നീലക്കണ്ണുള്ള സൈനികനുമുണ്ടായിരുന്നു ക്രിസിനോടൊപ്പം. അയാള്‍ തന്റെ ഇസ്ലാമിനെ മറച്ചുവെച്ചിരുന്നില്ല. മാത്രമല്ല,കുവൈത്തില്പോയി മുസ്വല്ലയും തസ്ബീഹ് മാലയും അയാള്‍ വാങ്ങിക്കൊണ്ടുവന്നിരുന്നു.
1998 ല്‍ അമേരിക്കന്‍ സേനയില്‍ ചേര്‍ന്ന ക്രിസിന് മുസ്ലിംകളോട് പ്രത്യേകിച്ച് മമതയോ, വെറുപ്പോ ഉണ്ടായിരുന്നില്ല. ഇറാഖിലേക്ക് സേവനത്തിനായി പോകുമ്പോഴും അതുതന്നെയായിരുന്നു അവസ്ഥ.
‘ഭീകരതയ്ക്കെതിരെ പോരാടാനാണ് നാം പോകുന്നതെന്ന് മേലുദ്യോഗസ്ഥര്‍ പറഞ്ഞു. പട്ടാളക്കാരനെന്ന നിലക്ക് അവര്‍ പറഞ്ഞത് അനുസരിക്കുകമാത്രമായിരുന്നു എന്റെ ജോലി. ഒരു ചൊല്ലുണ്ടല്ലോ, അജ്ഞത അനുഗ്രഹമാണെന്ന് . ഞാനന്ന് അജ്ഞനായിരുന്നുവല്ലോ.’
‘മുഹമ്മദ് നബി(സ)യുടെ അധ്യാപനങ്ങളിലെവിടെയും ഭീകരവാദത്തെയോ തീവ്രവാദത്തെയോ പ്രോത്സാഹിപ്പിക്കുന്ന യാതൊന്നും കാണാനാവില്ല. അതിനാല്‍ അത്തരം നിലപാടുകാരോട് എനിക്ക് യോജിപ്പില്ല.’ ക്രിസിന്റെ നിലപാടിതായിരുന്നു.
തന്റെയും ഭാര്യയുടെയും ഇസ് ലാംസ്വീകരണത്തിനുപിന്നില് യാതൊരു രാഷ്ട്രീയനീക്കങ്ങളുമില്ലെന്നും തികച്ചും വ്യക്തിപരമായിരുന്നു അവയെന്നും ക്രിസ് വ്യക്തമാക്കുന്നു. അതിനാല്‍ സൈനികസേവനം നിര്‍വഹിച്ചത് കമ്യൂണിക്കേഷന്‍ വിഭാഗത്തിലായിരുന്നു.
‘മുസ്ലിംകളെന്ന നിലക്ക് നിരപരാധിയായ ഒരാളെ കൊല്ലുന്നത് മുഴുവന്‍ ജനതയെകൊല്ലുന്നതിന് തുല്യമാണെന്ന് അറിയാമായിരുന്നു. അതിനാല്‍ നിരപരാധികളുടെ ജീവന് രക്ഷിക്കുന്നതിനായിരുന്നു സിഗ്നല്‍ കോര്‍പ്സില്‍ ഞാന്‍ ജാഗ്രതപുലര്ത്തിക്കൊണ്ടിരുന്നത്.’
ജര്‍മനിയില്‍ വെച്ച് ക്രിസും ക്രിസ്റ്റീനയും സോമാലിയയിലെ കലാപബാധിതര്‍ക്ക് ഭക്ഷണവും മരുന്നും വസ്ത്രവും നല്‍കുന്നതിന് മുന്നിട്ടിറങ്ങി.ഏതാണ്ട് 135 ടണ്ണിനോടടുത്ത് ഭക്ഷണവും മരുന്നുകളും ശേഖരിച്ചു സോമാലിയയിലേക്ക് അയച്ചു.
ക്രിസിന്റെ 72 സിഗ്നല്‍ ബറ്റാലിയനില്‍ എല്ലാ സഹപ്രവര്‍ത്തകര്‍ക്കും ക്രിസ് മുസ്ലിമാണെന്ന് അറിയാം. തമ്പില്‍ നമസ്കാരം നിര്‍വഹിക്കുന്നു. അവരോട് ഇസ്ലാമിനെപ്പറ്റി സംസാരിക്കുന്നു. ആദ്യമൊക്കെ അമ്പരപ്പുകാട്ടിയിരുന്ന സഹപ്രവര്‍ത്തകര്‍ ‘നമസ്കാരസമയമായി, നമസ്കരിക്കുന്നില്ലേ’യെന്ന് ചോദിക്കാന്‍ തുടങ്ങി.
ക്രിസ്റ്റീന സൈനികസ്റ്റോറിലാണ് ജോലിചെയ്തുകൊണ്ടിരുന്നത്. അക്കാലത്താണ് ക്രിസിനെ അവര്‍ കണ്ടുമുട്ടിയത്.ഏതാണ്ട് പത്തുവര്‍ഷത്തോളം സൈനികകാന്റീനില് ജോലിചെയ്തു. പിന്നീടാണ് ക്രിസ്റ്റീന ഇസ്ലാമിലേക്ക് തിരിഞ്ഞത്. പലപ്പോഴും ഭര്‍ത്താവിനോടൊപ്പം പുറത്തുപോകുമ്പോള്‍ ആദ്യകാലത്തൊക്കെ ആളുകള്‍ തുറിച്ചുനോക്കുമായിരുന്നു. ജര്‍മനിയില്‍ അക്കാലത്ത് തുര്ക്കിവനിതകള് മാത്രമായിരുന്നു ശരീരമാകെമൂടുന്ന ഹിജാബ് ധരിച്ചിരുന്നത്. അതിനാല്‍ അവര്‍ ഭര്‍ത്താവിനോടു തമാശയായി പറയുമായിരുന്നത്രേ,’ ക്രിസ്, എന്നെ ഇറാഖില്‍നിന്ന് നിങ്ങള്‍ തട്ടിക്കൊണ്ടുവന്നതാണെന്ന് ആളുകള്‍ പറയും കേട്ടോ’
ജര്‍മനിയിലെ പള്ളിയിലേക്ക് ക്രിസ്റ്റീന ഇപ്പോള്‍ പോകുന്നത് ഹിജാബ് അണിഞ്ഞാണ്. ആരും അവരുടെ തുറിച്ചുനോക്കാറില്ല.’ജര്‍മനിയില്‍ ഒട്ടേറെ പരിവര്ത്തിതമുസ് ലിംകളുണ്ട്. അധികവും മൊറോക്കോ, ബോസ്നിയ, ഹോളണ്ട്, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള വനിതകളാണ്. ‘ ക്രിസ്റ്റീന പറയുന്നു.
മരണാനന്തരജീവിതത്തില്‍ സ്വര്‍ഗത്തില്‍ ഒട്ടേറെ കന്യകമാരെ ഇണകളായി ലഭിക്കുമെന്ന വാഗ്ദത്തത്തെക്കുറിച്ച് ആരെങ്കിലും ചോദിച്ചാല്‍ ക്രിസിന് ചെറിയ മനോവിഷമം പോലെ. ക്രിസ്റ്റീനയാണ് അപ്പോള്‍ രക്ഷക്കെത്താറുള്ളത്. ‘അത് നിര്‍ബന്ധമുള്ള സംഗതിയല്ലല്ലോ. അക്കാര്യത്തില്‍ ഞങ്ങള്‍ യൂറോപ്യരാണെന്ന് പറയാനാണ് എനിക്കിഷ്ടം.’
Add Comment