ഞാനറിഞ്ഞ ഇസ്‌ലാം

മര്‍ദനങ്ങള്‍ തളര്‍ത്തിയില്ല; ഈമാന്‍ പെലിസര്‍ സത്യദീനിലേക്ക്

(ഗ്വാട്ടിമലയിലെ കത്തോലിക്കന്‍ വനിത ഈമാന്‍ പെലിസറിന്റെ ഇസ് ലാം സ്വീകരണം)

എന്റെ പേര് ഈമാന്‍ പെലിസര്‍. എനിക്ക് ഏഴുവയസുള്ളപ്പോള്‍ മമ്മിയോടും ഡാഡിയോടും ഇസ്‌ലാാമിനെപ്പറ്റി ഞാന്‍ അന്വേഷിക്കാറുണ്ടായിരുന്നു. ഞാനൊറ്റ മകളായതുകൊണ്ട്  ഹോംവര്‍കുപൂര്‍ത്തിയാക്കാന്‍ ഡാഡി എന്നും സഹായത്തിനെത്തുമായിരുന്നു. അപ്പോഴൊക്കെ ഇസ്‌ലാമിനെക്കുറിച്ച എന്റെയും സഹോദരിയുടെയും ജിജ്ഞാസകളെ അവര്‍ ഒരിക്കലും പ്രോത്സാഹിപ്പിച്ചിരുന്നില്ല.

എന്റെ പത്താംവയസില്‍ ഞങ്ങളുടെ സ്‌കൂളില്‍ പുതിയ ഒരു അധ്യാപികയെത്തി. അവരെനിക്ക്  ഇസ്‌ലാമിനെ ചെറുതായി പരിചയപ്പെടുത്തി. സ്‌കൂളില്‍നിന്നുള്ള പിക്‌നിക് ട്രിപില്‍ അടുത്തുള്ള ഒരു മുസ്‌ലിംപള്ളിയില്‍ അവര്‍ ഞങ്ങളെ  കൂട്ടിക്കൊണ്ടുപോയി. ആ സംഭവത്തോടെ മുസ്‌ലിംകളെയും ഇസ്‌ലാമിനെയും കുറിച്ച് ഇന്റര്‍നെറ്റിലൂടെയും അല്ലാതെയും കൂടുതല്‍ അറിയാനുള്ള ശ്രമങ്ങള്‍ ഞാന്‍ ആരംഭിച്ചു.

 മൂന്നുവര്‍ഷങ്ങള്‍ക്കുശേഷം എന്റെ സോഷ്യല്‍നെറ്റ് വര്‍ക് ഗ്രൂപില്‍ ഈജിപ്തിലെയും പാകിസ്താനിലെയും  മൂന്നുകൂട്ടുകാര്‍ വന്നെത്തി. അവരെനിക്ക് ഇസ്‌ലാമിനെക്കുറിച്ച് കൂടുതല്‍ വിശദമായി പറഞ്ഞുതന്നു. ഓരോ തവണയും അവരെനിക്ക് പറഞ്ഞുതന്ന കാര്യങ്ങള്‍ അന്നാദ്യമായി കേള്‍ക്കുന്നതായി എനിക്കനുഭവപ്പെട്ടു. മാത്രമല്ല, എന്തെന്നില്ലാത്ത സമാധാനവും ശാന്തിയും മനസ്സിനുള്ളില്‍ അലയടിക്കുന്നതുപോലെയും എനിക്കു തോന്നി.

അങ്ങനെയിരിക്കെ ഗ്വാട്ടിമലയില്‍ ഞാനൊരു മുസ്‌ലിംചെറുപ്പക്കാരനെ കണ്ടുമുട്ടി. അടുത്തുള്ള മുസ്‌ലിംപള്ളിയിലേക്ക് അവനെന്നെ ക്ഷണിച്ചു. ആദ്യം ശങ്കിച്ചുനിന്ന എനിക്ക് ധൈര്യംപകര്‍ന്നുനല്‍കി അങ്ങോട്ടുനയിച്ചു. അവിടെ ഒട്ടേറെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും സന്നിഹിതരായിരിക്കുന്നതുകണ്ട് ആദ്യം ഞാന്‍ ആകെ ലജ്ജാവിവശയായെങ്കിലും പിന്നീട് പെണ്‍കുട്ടികളുമായി വര്‍ത്തമാനത്തിലേര്‍പ്പെട്ടു. ഒരു പ്രത്യേകലോകത്തെത്തിയ അനുഭൂതിയായിരുന്നു എനിക്ക്. സമാധാനത്തിന്റെ വിഹായസില്‍ പറന്നുനടക്കുന്ന അനുഭൂതിപോലെ. ഞാന്‍ ജീവിതകാലം മുഴുവന്‍ മുസ്‌ലിമായിരുന്നതുപോലെയാണ് എനിക്കനുഭവപ്പെട്ടത്. ഏകനായ അല്ലാഹുവല്ലാതെ ലോകത്ത് മറ്റൊരുശക്തിയുമില്ലെന്ന് ഞാനറിഞ്ഞു. യേശു  അല്ലാഹുവിന്റെ പുത്രനായിരുന്നില്ല. മനുഷ്യശരീരം പൂണ്ട ദൈവമായിരുന്നില്ല യേശു.  കത്തോലിക്കാചര്‍ച്ച് പഠിപ്പിച്ച അത്തരം സംഗതികളെ ഞാനൊരിക്കലും വിശ്വസിക്കാന്‍ തയ്യാറല്ലായിരുന്നു. ഞാന്‍ എന്റെ തലമുടി പുരത്തുകാണിക്കുന്നത് വെറുത്തിരുന്നു. പലപ്പോഴും ഡാഡിയോട് ഇക്കാര്യം തമാശരൂപത്തില്‍ പറയാറുണ്ടായിരുന്നു: ‘വളര്‍ന്നുവലുതാകുമ്പോള്‍ ഒരു അറബ് പൗരനെയാണ് ഞാന്‍ കല്യാണംകഴിക്കുക. എന്റെ പ്രാര്‍ഥനയെപ്പോഴും അതാണ്. എന്താണ് വലിയ പെണ്‍കുട്ടികള്‍ തങ്ങളുടെ തലമുടി മറക്കാത്തത്? അവര്‍ സ്‌കാര്‍ഫ് ധരിക്കുമ്പോഴാണ് കൂടുതല്‍ സുന്ദരികളായിത്തോന്നുന്നത്.’

പള്ളിയില്‍ ഞാന്‍ പോകാറുണ്ടെന്ന കാര്യം ഡാഡിയോടും മമ്മിയോടും ഒരിക്കലും പറഞ്ഞിരുന്നില്ല. എനിക്കതിനുള്ള ധൈര്യമുണ്ടായില്ല. എങ്ങാനും അതറിഞ്ഞാല്‍ അവരെന്നെ കൊല്ലുമെന്ന് ഞാന്‍ ഭയപ്പെട്ടിരുന്നു. കോസ്‌മെറ്റോളജിയില്‍ ബിരുദംചെയ്തിരുന്നതുകൊണ്ട് അതുമറയാക്കി പള്ളിയിലെ ചില പെണ്‍കുട്ടികളുടെ  മുടിവെട്ടാനാണ് ഞാന്‍ പോകുന്നതെന്ന് അവരോട് കള്ളം പറയുകയായിരുന്നു . അതല്ലാതെ എന്റെ മുന്നില്‍ മറ്റുപോംവഴികളൊന്നുമില്ലായിരുന്നു.
അല്‍പനാളുകള്‍ക്കുശേഷം  ഇസ്‌ലാംസ്വീകരിക്കാന്‍ ദൃഢനിശ്ചയംചെയ്ത ഞാന്‍ അക്കാര്യം ഡാഡിയോടും മമ്മിയോടും പറഞ്ഞു. അന്ന് ഡാഡി എന്നെ മര്‍ദിച്ച് കൊല്ലാറാക്കി. കുറച്ചുദിവസങ്ങള്‍കഴിഞ്ഞ് ഡാഡി എന്നെ പള്ളിയില്‍ പോകാനാനുവദിച്ചു. അദ്ദേഹം അതില്‍ സന്തുഷ്ടനൊന്നുമായിരുന്നില്ല. അങ്ങനെ അറബിഭാഷാ പഠനം ആരംഭിച്ചു. ഒരു ഡിസംബര്‍ 12 ന് ഞാന്‍ വീണ്ടും ഇസ്‌ലാംസ്വീകരിക്കണമെന്ന എന്റെ ആഗ്രഹം അറിയിച്ചു. അന്ന് ഡാഡി എന്റെ നേരെ ചീറിയടുത്തു. സിനിമാസ്റ്റൈലില്‍ കൈയുംകാലും ഉപയോഗിച്ച് ഇടിക്കുകയും തൊഴിക്കുകയും ചെയ്തു. അതെത്തുടര്‍ന്ന് ശരീരമാസകലം മുറിവുപറ്റി രണ്ടാഴ്ചയോളം ശയ്യാവലംബിയായിത്തീര്‍ന്നുഞാന്‍. എന്റെ നോട്ടുബുക്കുകളും ഇസ് ലാമിനെക്കുറിച്ച ടെക്‌സ്റ്റ്ബുക്കുകളും കീറിയെറിഞ്ഞു. അപ്പോഴൊക്കെ അല്ലാഹുവിനോട് സഹായത്തിനായി ഞാന്‍ കേണു. മാതാപിതാക്കളുടെ നടപടി എന്നെ പിന്തിരിപ്പിക്കാന്‍ കാരണമാകല്ലേയെന്നായിരുന്നു എന്റെ പ്രാര്‍ഥന. ശരീരമാകെ എല്ലുനുറുങ്ങുന്ന വേദനയുണ്ടായിട്ടും ഞാന്‍ സുബ്ഹിക്ക് എഴുന്നേറ്റ് അല്ലാഹുവിനോട് ആത്മാര്‍ഥമായി പ്രാര്‍ഥിച്ചു. അവനോട് നന്ദിപ്രകാശിപ്പിക്കാന്‍കഴിയാത്തതില്‍ ഖേദമുണ്ടായിരുന്നു എനിക്ക്. അവനാണല്ലോ എനിക്ക് നേര്‍മാര്‍ഗം കാട്ടിത്തന്നത്. സത്യസന്ദേശം സ്വീകരിച്ചതിന് ഞാനനുഭവിച്ച മര്‍ദ്ദനപീഡനങ്ങള്‍ സഹിക്കാന്‍ കരുത്തുണ്ടായപ്പോഴാണ് അല്ലാഹു സമീപസ്ഥനാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. കട്ടിലിനുതാഴെ  വീണുകിടക്കുമ്പോള്‍ പ്രാര്‍ഥനയില്‍മുഴുകിയ ഞാന്‍ എന്റെ വേദനകള്‍ മറന്നു. സമാധാനത്തിന്റെ ബലൂണ്‍കവചം എന്നെ പൊതിഞ്ഞതായി എനിക്കനുഭവപ്പെട്ടു.

അങ്ങനെ ഡിസംബര്‍ കഴിഞ്ഞ് പുതുവര്‍ഷമെത്തി. ജനുവരിയില്‍ ഞാന്‍ ഇസ്‌ലാംസ്വീകരിക്കുമെന്ന് മാതാപിതാക്കളോട് പറഞ്ഞു. നിങ്ങള്‍ക്കിഷ്ടമില്ലായിരിക്കാം ഞാന്‍ മുസ്‌ലിമാകുന്നത്. പക്ഷേ, എനിക്കേറ്റവും ഉത്തമമെന്ന് ഞാന്‍ കരുതുന്ന ഈ ആദര്‍ശം എനിക്ക് പുല്‍കിയേ മതിയാകൂ എന്ന് ഞാന്‍ അവരോട് തീര്‍ത്തുപറഞ്ഞു. എന്നുകരുതി ഞാന്‍ നിങ്ങളെ വെറുക്കുകയില്ല. എന്നും നിങ്ങളോടൊപ്പമായിരിക്കും. യഥാര്‍ഥത്തില്‍ ഖുര്‍ആന്‍ വായിക്കുമ്പോള്‍ കിട്ടുന്ന ആ അനുഭൂതി എനിക്കെപ്പോഴും വേണമായിരുന്നു. അല്ലാഹു എന്നോടൊപ്പമുണ്ടെന്ന് എനിക്കുറപ്പുവരുത്തണമായിരുന്നു. ഇങ്ങനെയൊക്കെ പറയുമ്പോള്‍ മമ്മി കരയാന്‍ തുടങ്ങും. രണ്ടാഴ്ചയോളമായി മമ്മി എന്നോട് വര്‍ത്തമാനം പറഞ്ഞിട്ട്. ഡാഡിയാകട്ടെ ഇപ്രകാരം പറഞ്ഞു: ‘ഞാനെന്തുപറയാനാണ്? നിന്നെ ഞാന്‍ ശകാരിച്ചു . അടിച്ചുംഇടിച്ചും തൊഴിച്ചും നിന്നെ ഇസ്‌ലാമിനെപ്പറ്റിചിന്തിക്കുന്നതില്‍നിന്ന് പിന്തിരിക്കാന്‍ ശ്രമിച്ചു. പക്ഷേ, അതുകൊണ്ടൊന്നും നിന്റെ മനസ്സുമാറില്ലെന്ന് ഇപ്പോള്‍ മനസ്സിലായി. നിനക്ക് ഏറ്റവും നന്നായിത്തോന്നുന്നത് ഈ ആദര്‍ശമാണ്. എനിക്ക് മറ്റൊന്നും പറയാനില്ല. നീ ചെയ്യുന്നത് നിനക്ക് നന്‍മവരുത്തട്ടേയെന്നുമാത്രമേ ഇനിയെനിക്ക് പ്രാര്‍ഥിക്കാനുള്ളൂ.നീ അകപ്പെട്ടത് മോശം സങ്കേതത്തിലാണെങ്കില്‍ അവിടെനിന്ന് നിന്നെ കരകേറ്റണമേയെന്നാണ് എന്റെ പ്രാര്‍ഥന. നല്ല സങ്കേതത്തിലാണെങ്കില്‍ എന്നെന്നും അവിടെത്തന്നെയായിരിക്കട്ടേയെന്നും. നീ എന്നും സന്തോഷവതിയായിരിക്കാനാണ് എന്റെ പ്രാര്‍ഥന. നീ അതില്‍ സന്തുഷ്ടയായിരിക്കുമെന്ന് എനിക്ക് തോന്നുന്നു. നീ എന്നും ഒരു നല്ല പെണ്‍കുട്ടിയായിരുന്നു. ഇനി മുമ്പോട്ടും അങ്ങനെത്തന്നെയായിരിക്കട്ടെ.’

അങ്ങനെ മഹത്തായ ആ ദിനം വന്നെത്തി. ജനുവരി 12ന് ജോലികഴിഞ്ഞ് ഞാന്‍ വീട്ടില്‍ തിരിച്ചെത്തി. മനസ്സ് ഉത്കണ്ഠയാല്‍ വിറപൂണ്ടിരുന്നു. ഞാന്‍  പള്ളിയിലേക്ക് പോകാനായി ഇറങ്ങി. അപ്പോള്‍ ഡാഡി എന്റെ പിറകില്‍നിന്ന് വിളിച്ചുപറഞ്ഞു:’നില്‍ക്കൂ, ഞാന്‍ നിന്നെ അവിടെക്കൊണ്ടുപോയി വിടാം.’ അങ്ങനെ പള്ളിയിലെത്തിയപ്പോള്‍ ഡാഡിയും കാറില്‍ നിന്നിറങ്ങി എന്റെ കൂടെനടന്നു. ‘നിന്റെ ജീവിതത്തിലെ മഹത്തായ ദിനമാണിതെന്ന്് എനിക്കറിയാം. ഞാനെന്നും നിന്റെ കൂടെയുണ്ടാകുമെന്ന് ഉറപ്പുതരാനാണ് കൂടെ വന്നത്.  ഈ നിമിഷം ഞാന്‍ നിന്നോടൊപ്പം അകത്തുകയറുന്നതില്‍ വിരോധമില്ലല്ലോ?! ‘

എന്റെ ഹൃദയം സന്തോഷത്താല്‍ വീര്‍പ്പുമുട്ടി. എന്താണ് ഡാഡിയോട് പറയേണ്ടതെന്നറിയില്ലായിരുന്നു. ഞാന്‍ ഡാഡിയെ ആശ്ലേഷിച്ചു. വാതില്‍ തുറന്ന് പള്ളിയില്‍ കയറി. പിന്നീടങ്ങോട്ട് എല്ലാം എളുപ്പമായിരുന്നു. ഞാന്‍ ഹിജാബ് എടുത്തണിഞ്ഞു. ആ ഘട്ടത്തില്‍ യൂണിവേഴ്‌സിറ്റിയിലെ നിയമവിഭാഗത്തില്‍ ഔദ്യോഗികജീവിതത്തിന്റെ ആരംഭവുംകുറിച്ചു. അമുസ്‌ലിംകളായ സഹപ്രവര്‍ത്തകര്‍ എന്റെ ഇസ് ലാംസ്വീകരണത്തെ വളരെ അത്ഭൂതത്തോടെ വീക്ഷിച്ചു. അവരെന്നോട് തികഞ്ഞ ആദരവോടെ പെരുമാറി. തുടക്കം വളരെ പ്രയാസകരമായിരുന്നുവെങ്കിലും അല്ലാഹുവിന്റെ കൃപയാല്‍ എല്ലാം എളുപ്പമായിത്തീര്‍ന്നു.

എന്റെ കൂട്ടുകാരില്‍ പലരും എന്നെ വിട്ടകന്നുവെന്നത് വളരെ വേദനാജനകമായിരുന്നു. എന്റെ അയല്‍പക്കത്തും , തെരുവിലും , യൂണിവേഴ്‌സിറ്റിയിലും മറ്റുമുള്ള ഒട്ടനേകം പേര്‍ എന്നെ ഒരു കിറുക്കുപിടിച്ചവളായാണ് കണ്ടത്. ഹിജാബ് ധരിച്ചതിനാല്‍ പലപ്പോഴും മോശമായി പെരുമാറുകയും ചെയ്തു. എന്നാലും ഇസ് ലാമിനെക്കുറിച്ചോര്‍ക്കുമ്പോള്‍ എനിക്ക് അഭിമാനമുണ്ട്. കാരണം, ഇസ്‌ലാമല്ലാതെ മറ്റൊന്നും എനിക്ക് സന്തോഷം കൊണ്ടുത്തരുമായിരുന്നില്ല.Share

Topics