(കനേഡിയന്‍ കത്തോലിക്കായുവാവിന്റെ ഇസ് ലാം അനുഭവങ്ങള്‍)
ഇന്ന് നിങ്ങളുടെ ജീവിതവ്യവസ്ഥ ഞാന്‍ നിങ്ങള്‍ക്കു തികവുറ്റതാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് പൂര്‍ത്തീകരിച്ചു തന്നിരിക്കുന്നു. ഇസ്‌ലാമിനെ നിങ്ങള്‍ക്കുള്ള ജീവിതവ്യവസ്ഥയായി തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു. (അല്‍മാഇദ: 3)
റോമന്‍കത്തോലിക്കാമതം മുകളില്‍നിന്ന് പോപ്പുമുതല്‍ താഴെത്തട്ടില്‍ പുരോഹിതന്‍മാരാല്‍ നിയന്ത്രിക്കപ്പെടുന്നു. കത്തോലിക്കാചര്‍ച്ചിലേക്ക് ഒരു മുസ്‌ലിം കടന്നുചെല്ലുകയാണെങ്കില്‍ വ്യത്യസ്തമായ ഒരു ലോകത്ത് എത്തിപ്പെട്ട് പ്രതീതിയാണുണ്ടാകുക.
നിരയായിട്ടിരിക്കുന്ന ബഞ്ചുകളില്‍ വിശ്വാസികള്‍ ഇരിപ്പുണ്ടാകും. അവസാനഅത്താഴം, യേശു കുരിശിലേറിയത് തുടങ്ങി ബൈബിള്‍ സംഭവങ്ങള്‍ ചിത്രീകരിച്ച ജനല്‍ഗ്ലാസുകള്‍ അവരുടെ മുകളിലായി ഇരുവശത്തും കാണാം. ചര്‍ച്ചിന്റെ മുന്‍വശത്തെ ചുവരില്‍ കുരിശിലേറിയ യേശുവിന്റെയും താഴെ അള്‍ത്താരയിലായി പുരോഹിതന്‍ കുര്‍ബാന സമര്‍പ്പിക്കുന്നതിന്റെയും ദൃശ്യമായിരിക്കും. അതേപോലെ കന്യാമര്‍യം, മറ്റുപുണ്യാളന്‍മാര്‍ തുടങ്ങി പലരുടെയും ചിത്രങ്ങളും പ്രതിമകളും പള്ളിയുടെ അകത്തളങ്ങളെ അലങ്കരിക്കുന്നു. ചര്‍ച്ചിനകത്തെ പാട്ടും, യേശുവിനും മര്‍യമിനും പുണ്യാളന്‍മാര്‍ക്കും ദൈവന്‍മാര്‍ക്കും സമര്‍പ്പിക്കുന്ന പ്രാര്‍ഥനയും ആവര്‍ത്തനസ്വഭാവമുള്ള ആരാധനാകര്‍മങ്ങളാണ്. എന്റെ ജീവിതത്തില്‍ ഞാന്‍ വളര്‍ന്നുവന്ന ലോകം ഇത്തരത്തിലുള്ളതായിരുന്നു.
നിങ്ങളെന്തുകൊണ്ട് ഇസ്‌ലാമിലേക്ക് കടന്നുവന്നുവെന്ന് ചോദിച്ചാല്‍ എന്റെ മറുപടി വാള്യക്കണക്കിനുണ്ടാകും. ഇസ്‌ലാമിലേക്ക് എന്നെ നയിച്ചതെന്താണെന്നതിനുള്ള മറുപടി നല്‍കാം. പത്താംവയസ്സില്‍ ബൈബിള്‍ വായിച്ചതിനെത്തുടര്‍ന്ന് എനിക്കുണ്ടായ ആശയക്കുഴപ്പമായിരുന്നു അതിലേക്ക് നയിച്ചത്.
ടേപ് ഓണ്‍ചെയ്ത് ബൈബിള്‍ വായിച്ച് അതില്‍ റെകോഡുചെയ്യുമായിരുന്നു. അതിനുശേഷം എന്തൊക്കെയാണ് ഞാന്‍ വായിച്ചതെന്നും അതിന്റെ ആശയമെന്തെന്നും ഗ്രഹിക്കാനായി റെകോഡുചെയ്ത ഭാഗങ്ങള്‍ വീണ്ടും പ്ലേ ചെയ്തുനോക്കും. പക്ഷേ അസംപ്തൃപ്തിമാത്രമായിരുന്നു ഫലം. ഞായറാഴ്ചകളില്‍ ടെലിവിഷനിലെ സുവിശേഷപരിപാടികള്‍ കാണാറുണ്ടായിരുന്നു. സൗജന്യബൈബിള്‍കോപികള്‍ക്കായി കത്തുകളെഴുതുന്ന പതിവിനോടൊപ്പം സംഭാവനകള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇവാഞ്ചലിസ്റ്റുകളുടെ പരസ്യങ്ങള്‍ക്ക് ചെറുതെങ്കിലും തുകകള്‍ അയച്ചുകൊടുക്കുമായിരുന്നു.(അന്നെനിക്ക് പത്തുവയസുമാത്രമേ ഉള്ളൂവെന്നോര്‍ക്കുക). അതിന് നന്ദിപ്രകാശിപ്പിച്ചുകൊണ്ടുള്ള മറുപടികള്‍ എനിക്ക് ലഭിച്ചിരുന്നു. എനിക്ക് വളരെ സന്തോഷമേകിയിരുന്നു അതെല്ലാം. ഏതാണ്ട് ഒരു കൊല്ലത്തോളം ഇങ്ങനെയൊക്കെ കഴിഞ്ഞുകൂടി.
ക്രമേണ എനിക്ക് അതെല്ലാം പാഴ്‌വേലയാണെന്ന് തോന്നാന്‍ തുടങ്ങി. നിരാശാബോധം കൂടുകെട്ടിയപ്പോള്‍ ബോറടിക്കാന്‍ തുടങ്ങി. ബൈബിള്‍ അലമാരയുടെ ഒരു മൂലയിലേക്ക് ഒതുക്കി. കൗമാരകാലത്തൊക്കെ വല്ലപ്പോഴുമാണ് ഞാന്‍ ബൈബിള്‍ വായിക്കാറുണ്ടായിരുന്നത്. ബൈബിള്‍ മനസ്സിലാകുന്നില്ലെന്ന് എനിക്ക് ബോധ്യമായി. വിരോധാഭാസമെന്നുതോന്നാം മുസ്‌ലിമാകുന്നതുവരെ അതുതന്നെയായിരുന്നു എന്റെ അവസ്ഥ. അതിനുശേഷമാണ് ബൈബിള്‍ എനിക്ക് മനസ്സിലായിത്തുടങ്ങിയത്.
ബൈബിളില്‍ ഞാന്‍ വായിച്ചതും ചര്‍ച്ചുകളില്‍ പുരോഹിതന്‍മാര്‍ എന്നെ പഠിപ്പിച്ചതും തമ്മില്‍ വൈരുധ്യംകണ്ടതോടെയാണ് എന്നില്‍ ആശയക്കുഴപ്പമുണ്ടായത്. ഞാന്‍ അഭ്യസിപ്പിക്കപ്പെട്ട മൂല്യങ്ങള്‍ ബൈബിള്‍ വചനങ്ങളുമായി പൊരുത്തപ്പെട്ടുപോകുന്നില്ലെന്ന് കണ്ടതോടെ എന്റെ വിശ്വാസത്തിന് ഇളക്കംതട്ടുകയായിരുന്നു. ഞാന്‍ വിശ്വാസത്തിന്റെ അടിത്തറ തെറ്റായ വിവരങ്ങളില്‍ പണിതുയര്‍ത്തുകയായിരുന്നു എനിക്ക് മനസ്സിലായി. മതത്തെ ദോഷൈകദൃക്കിനെപ്പോല പരിഹസിക്കുന്നവന്റെ മാനസികാവസ്ഥയില്‍ ഞാന്‍ എത്തിച്ചേര്‍ത്തു.
കൗമാരകാലത്ത് ച്യൂയിങ്ഗം ചവച്ച് ഞായറാഴ്ചകുര്‍ബാനകള്‍ക്ക് ചര്‍ച്ചില്‍ പോയി ക്രൈസ്തവതയെ പരിഹസിക്കുകയായിരുന്നുവെന്ന് ഇന്ന് ഞാന്‍ തിരിച്ചറിയുന്നു. യേശുവിന്റെ പേര് ഉച്ചരിക്കുമ്പോള്‍ അട്ടഹസിച്ച് ശബ്ദമുണ്ടാക്കുമായിരുന്നു. എന്താണെന്റെ വിശ്വാസമെന്നുപോലും എനിക്ക് തിട്ടമുണ്ടായിരുന്നില്ല. എങ്കിലും ലോകത്തിന് ഒരു ദൈവമുണ്ടെന്ന് എനിക്കുറപ്പുണ്ടായിരുന്നു. പത്താംവയസില്‍ തുടങ്ങിയ എന്റെ സംശയങ്ങളും താല്‍പര്യമില്ലായ്മയും സത്യംകണ്ടെത്താനുള്ള ചോദനയെ ത്വരിപ്പിക്കുകയും അത് ഇസ്‌ലാമിലേക്ക് എന്നെ കൊണ്ടെത്തിക്കുകയുമായിരുന്നു.
മുസ്‌ലിംകളുമായുള്ള എന്റെ ആദ്യ ഇടപഴകല്‍ ബിസിനസ് ഇടപാടുകളിലൂടെയായിരുന്നു. അവരുടെ ഊഷ്മളമായ ഇടപെടലുകളും ഉദാരതയും ആതിഥ്യമര്യാദയും എന്നെ ഹഠാദാകര്‍ഷിച്ചു. അല്‍ഹംദുലില്ലാഹ്, ഇന്‍ശാ അല്ലാഹ്, എന്നിങ്ങനെ ഹൃദയത്തില്‍നിന്നുതിരുന്ന സ്തുതിവാചകങ്ങള്‍ എന്നെ വശീകരിച്ചു. വിശ്വാസതീവ്രതയുള്ള ഒരു സമൂഹവുമായി അതിനുമുമ്പ് ഞാന്‍ ഇടപെട്ടിട്ടില്ലായിരുന്നു. അവരുടെ ഉദാരത, ദയാവായ്പ്, മഹാമനസ്‌കത, സഹാനുഭൂതി ഇവയെല്ലാംതന്നെ മുസ്‌ലിമായതുകൊണ്ടുമാത്രം അവരില്‍ ഉണ്ടായതാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അവരില്‍ ഒരാളായിത്തീരാന്‍ അതിയായി കൊതിച്ചു. ആളുകളെ ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കുന്നത് വാസ്തവത്തില്‍ അതാണ്.അതുതന്നെ എന്നെയും ആകര്‍ഷിച്ചു.
ഇസ്‌ലാമിന്റെ അടിസ്ഥാനദര്‍ശനങ്ങള്‍ ഞാന്‍ അറിയാന്‍ ശ്രമിച്ചു. കൂടുതല്‍ വായിക്കുന്തോറും കൂടുതല്‍ പഠിക്കാനുള്ളത്വര ഏറിവന്നു. കുറഞ്ഞനാളുകള്‍ക്കുള്ളില്‍, ഖുര്‍ആന്‍ പരിഭാഷയ്ക്കുപുറമേ ഇസ് ലാമിനെക്കുറിച്ച് രചിച്ചിട്ടുള്ള മുസ്‌ലിംകളുടെ ഒട്ടേറെ പുസ്തകങ്ങള്‍ ഞാന്‍ വായിച്ചു. വളരെക്കുറച്ചുപേര്‍ക്കുമാത്രമേ ഞാന്‍ ഇസ്‌ലാമിനെക്കുറിച്ച് പഠിക്കുന്ന വിവരം അറിയുമായിരുന്നുള്ളൂ. ജൂത-ക്രൈസ്തവ-മുസ് ലിംസുഹൃത്തുക്കളില്‍നിന്നുള്ള യാതൊരുഇടപെടലുകളും ഉണ്ടാകാതിരിക്കാന്‍ ഞാനവ രഹസ്യമാക്കിവെച്ചതായിരുന്നു. എന്നെ സഹായിക്കാനും മാര്‍ഗദര്‍ശനംചെയ്യാനും അല്ലാഹുമാത്രം മതിയെന്ന നിര്‍ബന്ധബുദ്ധിയായിരുന്നു അതിനുപ്രേരകം.
കാലംകടന്നുപോയി. എന്റെ അറിവിന്റെ ചക്രവാളങ്ങള്‍ വികസിച്ചു. അതുവരെ എനിക്കജ്ഞാതമായിരുന്നു അത്തരംസംഗതികളെല്ലാംതന്നെ. ഇസ്‌ലാം അപ്രതിരോധ്യമായ കാന്തശക്തിയെന്നോണം എന്നെ ആകര്‍ഷിച്ചുകൊണ്ടിരുന്നു. അന്നാളുകളില്‍ അല്ലാഹുമാത്രമേ എന്റെ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ. പകലുകളിലും രാത്രി നിദ്രയിലാകുമ്പോഴും ഉറക്കമുണരുമ്പോഴുമെല്ലാം ഇസ്‌ലാമിനെക്കുറിച്ച ചിന്തകളായിരുന്നു. എന്റെ യുക്തിയെയും ഹൃദയത്തെയും കീഴടക്കി ശക്തമായ വികാരമായി ഇസ്‌ലാം നിറഞ്ഞുനിന്നു.
ഖുര്‍ആനോടൊത്ത് ഒരൊഴിവുകാലം
അവസാനം ഞാന്‍ അല്‍ ഇഖ്‌ലാസ്വ് എന്ന അധ്യായം പഠിച്ചു. അപ്പോഴും ഞാന്‍ മുസ്‌ലിമായിട്ടില്ല. എന്നാലും അത് ചൊല്ലി ഞാന്‍ പ്രാര്‍ഥിക്കാന്‍ ആരംഭിച്ചു. അതോടെ അല്ലാഹുവിന്റെ മുമ്പില്‍ നമിക്കാന്‍ എന്റെ മനസ്സ് തുടികൊട്ടി. അവനോട് മാപ്പിരക്കാനും മാര്‍ഗനിര്‍ദേശം ആവശ്യപ്പെടാനും ഞാന്‍ അതിയായി കൊതിച്ചു.
അങ്ങനെ ഞാന്‍ ഖുര്‍ആനുമെടുത്ത് അവധിക്കാലം ചെലവഴിക്കാന്‍ ഇറങ്ങിത്തിരിച്ചു. ഒരു വിദേശരാജ്യത്ത് എത്തി നാലുദിവസം കഴിഞ്ഞതേയുള്ളൂ പനിപിടിപെട്ട് ഞാന്‍ കിടപ്പിലായി. ഏതാണ്ട് ഒരു മാസത്തോളം ആ അവസ്്ഥയില്‍ കഴിച്ചുകൂട്ടി. തീരമണയാതെ എന്നെ മരിപ്പിക്കരുതേയെന്ന് അല്ലാഹുവിനോട് പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. എന്റെ ഹൃദയത്തില്‍ ഇസ്‌ലാമുണ്ടെങ്കിലും അത് പ്രഖ്യാപിക്കുകയോ ഞന്‍ പരിവര്‍ത്തിക്കുകയോ ചെയ്തിരുന്നില്ല. എല്ലാ സംഗതികളും പഠിച്ചുകഴിയട്ടെ എന്ന് പറഞ്ഞ് നീട്ടിവെക്കുകയായിരുന്നു ഞാന്‍. അത് കരുണാമയനില്‍നിന്ന് എനിക്കുള്ള വിളിയാളമായിരുന്നുവെന്ന് ഇന്ന് ഞാന്‍ മനസ്സിലാക്കുകയാണ്. ജീവിതം വളരെ ചെറുതാണെന്നും ഒന്നും പിന്നീടേക്ക് മാറ്റിവെക്കരുതെന്ന് മനസ്സിലിരുന്ന് ആരോ മന്ത്രിക്കുന്നതായി എനിക്കുതോന്നി. നാളെ നീ ഉണ്ടാകുമെന്ന് ആര്‍ക്കും ഉറപ്പുപറയാനാകില്ലല്ലോ.
ആ അവധിക്കാലം കഴിഞ്ഞ് കാനഡയില്‍ ഞാന്‍ തിരിച്ചെത്തി. അല്‍ഹംദുലില്ലാഹ്! ഞാന്‍ ഇസ്‌ലാം സ്വീകരിച്ചു. മരണംപിടികൂടുംമുമ്പുതന്നെ മുസ്‌ലിമാകാന്‍കഴിഞ്ഞതില്‍ ഞാന്‍ സന്തോഷവാനാണ്. അല്ലാഹു അങ്ങേയറ്റം കാരുണ്യവാനാണ്. തന്റെ അടിമകള്‍ക്ക അവന്‍ ഒട്ടേറെ അവസരങ്ങള്‍ നല്‍കുന്നു. അവയേതെന്ന് തിരിച്ചറിയാന്‍ വലിയപ്രയാസമൊന്നുമില്ല. ഏറ്റവും പ്രധാനം അതിനനുസരിച്ച് നാം പ്രതികരിക്കണമെന്നുമാത്രമാണ്.
ഇസ്‌ലാം ഒരു ദിവ്യൗഷധമാണ്. ആത്മാവിന്റെ അപഥചലനങ്ങളെ തിരുത്തി മനസ്സ് അസ്വസ്ഥമാകുന്നതില്‍നിന്ന് കാത്തുസൂക്ഷിക്കുന്നു. ലോകത്തെ സത്പന്ഥാവിലേക്ക് നയിക്കുന്ന സത്യമതമാണത്. എന്റെ എല്ലാ സംശയങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ ഇസ് ലാമിനുമാത്രമാണ് കഴിഞ്ഞത്.ഒരു മതം അതിന്റെ പൂര്‍ണവിശുദ്ധിയില്‍ ലോകത്തുണ്ടെന്ന് അപ്പോഴാണ് ഞാന്‍ തിരിച്ചറിഞ്ഞത്. ലോകമനുഷ്യനാഗരികത ഇത് തിരിച്ചറിഞ്ഞെങ്കില്‍ എന്ന് ഞാന്‍ ആശിക്കുകയാണ്.
അല്ലാഹു നമ്മെ അബ്രഹാമിന്റെയും നോഹയുടെയും മോസസിന്റെയും ജീസസിന്റെയും മുഹമ്മദിന്റെയും മാര്‍ഗത്തില്‍ നമ്മെ നയിക്കട്ടെ! ആമീന്‍.
Add Comment