(ഒരു മുസ്‌ലിംചെറുപ്പക്കാരനെ വിവാഹംചെയ്ത കത്തോലിക്കയുവതിയുടെ അനുഭവം)
ഞാന്‍ പരിചയപ്പെട്ട മുസ്‌ലിംചെറുപ്പക്കാരനുമായുള്ള വിവാഹം കഴിഞ്ഞിട്ട് ഇപ്പോള്‍ 18 വര്‍ഷമായി. അത് ഒരു ദീര്‍ഘദൂരയാത്രതന്നെയായിരുന്നു. പക്ഷേ ഒട്ടേറെ സന്തോഷവും പകര്‍ന്നുതന്നു അതെന്ന് പറയാതിരിക്കാനാവില്ല. അദ്ദേഹത്തെ വിവാഹം ചെയ്യുമ്പോള്‍ ഞാന്‍ കത്തോലിക്കാവിശ്വാസിനിയായിരുന്നു. അദ്ദേഹത്തിന്റെ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിനെപ്പറ്റി ഒട്ടുംതന്നെ ഞാന്‍ ചിന്തിച്ചിരുന്നില്ല.
എന്റെ ഭര്‍ത്താവിന് വിവാഹസമയത്ത് ഒരേയൊരു നിര്‍ബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളൂ. സമയംകിട്ടുമ്പോഴൊക്കെ ഞാന്‍ ഖുര്‍ആന്റെ ഇംഗ്ലീഷ് പരിഭാഷ വായിക്കണമെന്നതായിരുന്നു അത്. ഞാന്‍ സമ്മതം മൂളി. വായിക്കാന്‍ പ്രത്യേകിച്ച് ചേതംതോന്നേണ്ട കാര്യമില്ലല്ലോ. അധികം വൈകാതെതന്നെ ഭര്‍ത്താവുമൊന്ന് അദ്ദേഹത്തിന്റെ നാടായ കുവൈതിലേക്ക് ഞങ്ങള്‍ നീങ്ങി. അക്കാലത്ത് അമേരിക്കന്‍ സാമ്പത്തികനില വളരെ പരിതാപകരമായിരുന്നുവെന്നതായിരുന്നു അതിനുകാരണം.
വിമാനമിറങ്ങി ഞാന്‍ കാലെടുത്തുവെച്ചപ്പോള്‍ ഇസ് ലാമിന്റെയും മുസ്‌ലിമിന്റെയും അടയാളങ്ങള്‍ മാത്രമുള്ള ഒരു ലോകത്ത് ചെന്നെത്തിപ്പെട്ട പ്രതീതിയാണ് തോന്നിയത്. എന്തുകൊണ്ടെന്നറിയില്ല, ഭീകരതയുടെ നടുത്തളത്തിലാണോ ഞാന്‍ ചെന്നെത്തിപ്പെട്ടതെന്ന് ഒരു വേള ഭയന്നു. വന്ന വിമാനത്തില്‍തന്നെ ചാടിക്കയറി തിരികെ അമേരിക്കയിലേക്ക് പോയാലോ എന്നുപോലും വിചാരിച്ചു. അത്രമാത്രം അപരിചിതമായിരുന്നു ഞാന്‍ കാലെടുത്തുകുത്തിയ രാജ്യം.
എന്റെ ഭര്‍ത്താവ് എല്ലാഘട്ടത്തിലും എന്നോടൊപ്പം നിന്നു. അദ്ദേഹത്തിന്റെ മാതാവ് പാകംചെയ്യുന്ന ഭക്ഷണങ്ങള്‍ മസാലകള്‍ കൂടുതലുള്ളതിനാല്‍ അത് എനിക്ക് കഴിക്കാനാവില്ലെന്ന് മനസ്സിലാക്കി എനിക്കായി മക്‌ഡൊണാള്‍ഡിലെയും പിസ്സാഹട്ടിലെയും പോലെ വ്യത്യസ്തവിഭവങ്ങള്‍ ഉണ്ടാക്കിത്തന്നു.
അമേരിക്കയിലെ എന്റെ മാതാപിതാക്കളെയും ബന്ധുജനങ്ങളെയും കുറിച്ച ഓര്‍മകള്‍ എന്നെ ഗൃഹാതുരസ്മരണകളായി വേട്ടയാടിയപ്പോള്‍ രാത്രിമുഴുവന്‍ എന്നെ ആശ്വസിപ്പിച്ച് കൂടെയിരുന്നു. എന്റെ സന്താപവേളയില്‍ സന്തോഷംപകര്‍ന്നും രോഗവേളയില്‍ ശുശ്രൂഷിച്ചും സദാ പുഞ്ചിരിതൂകി എന്റെ കരംഗ്രഹിച്ച് എന്റെ കൂടെ ചെലവഴിച്ചു.
അദ്ദേഹം എനിക്ക് യഥാര്‍ഥസുഹൃത്തായിരുന്നു. എന്നില്‍ ആത്മവിശ്വാസം പകര്‍ന്നുതന്നുകൊണ്ട് കുട്ടികളുടെ അഴുക്കുപുരണ്ട ഡയാപറുകള്‍ മാറ്റിയും, അവരുടെ ചീത്തസ്വഭാവങ്ങളെ നയചാതുരിയോടെ മുളയിലേ നുള്ളിക്കളഞ്ഞും മാതൃകാപിതാവായി നിലകൊണ്ടു. തന്റെ പുതിയഷര്‍ട്ട് ഇട്ടുനടന്ന് കുഞ്ഞുമക്കള്‍ കുസൃതികാട്ടുമ്പോഴും ഞാന്‍ അങ്ങേയറ്റം ക്ഷീണിതയായിരിക്കെ അടുക്കളയില്‍ പാത്രങ്ങള്‍ കഴുകിവെക്കുമ്പോഴുമൊന്നും അദ്ദേഹം ഒരിക്കല്‍പോലും ഈര്‍ഷ്യ പ്രകടിപ്പിച്ചില്ല.
ഭാര്യമാരെ നിര്‍ബന്ധിച്ച് ഹിജാബ് ധരിപ്പിക്കുന്ന സദാചാരകിറുക്കന്‍മാരായാണ് മുസ്‌ലിം ഭര്‍ത്താക്കന്‍മാരെ പാശ്ചാത്യമീഡിയകള്‍ ചിത്രീകരിക്കുന്നതെന്നത് കഷ്ടംതന്നെ. യഥാര്‍ഥത്തില്‍ ഭാര്യയും ഭര്‍ത്താവും തങ്ങളോട് ഖുര്‍ആനും സുന്നതും കല്‍പിച്ചതനുസരിച്ചാണ് അത്തരത്തില്‍ വസ്ത്രം ധരിക്കുന്നത്. അക്കാര്യത്തില്‍ ഭര്‍ത്താവിന്റെ അടിച്ചേല്‍പിക്കലോ ഭാര്യയുടെ കീഴ്‌പെടലോ ഉത്ഭവിക്കുന്നേയില്ല. അല്ലാഹുപറയുന്നത് കാണുക:
‘നീ സത്യവിശ്വാസികളോട് പറയുക: അവര്‍ തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കട്ടെ. ഗുഹ്യഭാഗങ്ങള്‍ സൂക്ഷിക്കുകയും ചെയ്യട്ടെ. അതാണ് അവരുടെ പരിശുദ്ധിക്ക് ഏറ്റം പറ്റിയത്. സംശയം വേണ്ട; അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയെല്ലാം നന്നായി അറിയുന്നവനാണ്. നീ സത്യവിശ്വാസിനികളോട് പറയുക: അവരും തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കണം. ഗുഹ്യഭാഗങ്ങള്‍ കാത്തുസൂക്ഷിക്കണം; തങ്ങളുടെ ശരീരസൌന്ദര്യം വെളിപ്പെടുത്തരുത്; സ്വയം വെളിവായതൊഴികെ. ശിരോവസ്ത്രം മാറിടത്തിനുമീതെ താഴ്ത്തിയിടണം.
‘(അന്നൂര്‍ 30,31)
വ്യക്തിപരമായി പറയട്ടെ, ഞാന്‍ കുവൈത്തിലേക്ക് വന്നത് ടീ ഷര്‍ട്ടും നീലജീന്‍സും ധരിച്ചായിരുന്നു. ഞാനിഷ്ടപ്പെട്ട വസ്ത്രം ധരിച്ചുവെന്നുമാത്രം. അതെപ്പറ്റി എന്നെ ഭര്‍ത്താവോ അദ്ദേഹത്തിന്റെ വീട്ടുകാരോ ആക്ഷേപിക്കുകയോ പരിഹസിക്കുകയോ ചെയ്തിട്ടില്ല.
പക്ഷേ, എന്റെ ഭര്‍ത്താവ് ഖുര്‍ആന്‍ വായിക്കാന്‍ എപ്പോഴും എന്നെ ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കും. വളരെ സ്‌നേഹത്തോടെ, മുഷിപ്പുതോന്നാത്തവിധമായിരുന്നു അതെല്ലാം. അവസാനം ഞാന്‍ ഖുര്‍ആന്‍ വായിക്കാന്‍ തുടങ്ങി . അതോടെ ഇസ്‌ലാമിനെക്കുറിച്ച് കൂടുതലായി അറിയാനുള്ള ആഗ്രഹം വര്‍ധിച്ചു. പുസ്തകങ്ങളിലൂടെ വര്‍ഷങ്ങളായി ഞാനന്വേഷിച്ചുകൊണ്ടിരുന്ന ചില സംഗതികളുടെ യാഥാര്‍ഥ്യം ഞാന്‍ കണ്ടെത്തി. ഖുര്‍ആന്‍ ദൈവികമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. മുസ്‌ലിമാകാനുള്ള ദൃഢനിശ്ചയത്തോടെ ഞാന്‍ അടുത്തുള്ള കടയില്‍ ചെന്ന് ഹിജാബ് വാങ്ങി.
എന്റെ ഭര്‍ത്താവാണ് എന്നെ ഇസ്‌ലാമിനെക്കുറിച്ച് പഠിപ്പിച്ചത്. നമസ്‌കാരവും നോമ്പും എങ്ങനെ നിര്‍വഹിക്കണമെന്ന് അദ്ദേഹം എനിക്ക് കാണിച്ചുതന്നു. ഞാന്‍ അബദ്ധം പ്രവര്‍ത്തിച്ചപ്പോഴൊക്കെ എന്നെ തിരുത്തി. അപ്പോഴൊന്നും എന്നെ വഴക്കുപറയുകയോ ശകാരിക്കുകയോ ചെയ്തില്ല. അദ്ദേഹത്തിന്റെ ക്ഷമ അപാരമായിരുന്നു. ഞാനാണെങ്കില്‍ ക്ഷിപ്രകോപിയായിരുന്നു. ഇസ് ലാമിനെക്കുറിച്ച് അറിയാന്‍ വളരെ ഔത്സുക്യംകാട്ടി. ഇതെല്ലാം ഒറ്റരാത്രികൊണ്ടുണ്ടായതല്ല. പക്ഷേ അത് സംഭവിക്കുകതന്നെ ചെയ്തു.
ഇസ്‌ലാം എന്റെ ഓരോ അണുവിലും ശാന്തി പ്രസരിപ്പിച്ചു. എന്റെ ദാമ്പത്യത്തില്‍ സ്വസ്ഥമായ അന്തരീക്ഷം പ്രദാനംചെയ്തു. മുസ്‌ലിമായതോടെ ഭാവിയെക്കുറിച്ച ആശങ്കകള്‍ എന്നില്‍ നിന്നകന്നു. നിത്യജീവിതത്തിലെ നിസ്സാരസംഗതികളില്‍പോലും ഒച്ചയിട്ടിരുന്ന എന്റെ സ്വഭാവത്തിന് കാര്യമായ മാറ്റംതന്നെ ഇസ് ലാം കൊണ്ടുവന്നു. ദൈനംദിനജീവിതത്തിലെ ഓരോ നിമിഷവും നല്ല നല്ല പ്രവൃത്തികളില്‍ മുഴുകാനുള്ള പരിശ്രമങ്ങളിലായിരിക്കണം ജീവിതം മുന്നോട്ടുകൊണ്ടുപോകേണ്ടതെന്നാണ് ഇസ് ലാമിന്റെ കാഴ്ചപ്പാട്.
Add Comment