സൗന്ദര്യത്തിന്റെയും അഭിനന്ദനപ്രവാഹങ്ങളുടെയും കണ്ണഞ്ചിക്കുന്ന ലോകത്തുനിന്ന് 28 വയസുകാരിയായ ഫ്രഞ്ച് ഫാഷന്‍മോഡല്‍ ഫാബിയന്‍ ഇസ്ലാമിലേക്ക് കടന്നുവന്നു. റാമ്പിന്റെ ശബ്ദമയാനമായ ലോകത്തുനിന്ന് ആത്മീയതയുടെ നിശബ്ദ ലോകത്തേക്ക് ആയിരുന്നു ആ പ്രയാണം. അധിനിവേശശക്തികളുടെ കാല്ക്കീഴില് മുറിവേറ്റുപിടഞ്ഞ അഫ്ഘാന്‍ യുദ്ധാനന്തരജനതയെ ശുശ്രൂഷിക്കാന്‍ അവര്‍ യാത്രതിരിച്ചു. തന്റെ അനുഭവങ്ങള്‍ അവര്‍ വിവരിക്കുന്നത് കാണുക:
അല്ലാഹുവിന്റെ അനുഗ്രഹമില്ലായിരുന്നെങ്കില്‍ മനുഷ്യനെ കേവലംമൃഗമായി കണക്കാക്കുന്ന ഈ ലോകത്തിന്റെ കാട്ടിക്കൂട്ടലുകളില്‍ കുടുങ്ങി എന്റെ ജീവിതം വ്യര്‍ഥമാകുമായിരുന്നു. ചെറുപ്പംതൊട്ടേ അവശരും ആലംബഹീനരുമായ വയോവൃദ്ധരെയുംരോഗികളെയും പരിചരിച്ചുകഴിയണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. ദിനങ്ങളും മാസങ്ങളും കടന്നുപൊയ്ക്കൊണ്ടിരിക്കേ ഞാന്‍ വളര്‍ന്നുവലുതായി. എന്റെ സൗന്ദര്യം കാരണമായി എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി.
വീട്ടുകാരുടെ നിര്‍ബന്ധത്തിനുവഴങ്ങി എന്റെ കുട്ടിക്കാലമോഹങ്ങളെല്ലാം മാറ്റിവെച്ച് ഡോളറും പ്രശസ്തിയും അംഗീകാരവും ലഭിക്കുന്ന ഫാഷന്റെ ലോകത്തേക്ക് ചുവടുവെച്ചു. അന്ന് എന്റെ സമപ്രായക്കാരികളായ പെണ്ണുങ്ങള്‍ക്ക് സ്വപ്നം കാണാന്‍ പോലുമാകാത്ത ആ ലോകം എന്റെ കൈക്കുമ്പിളിലൊതുങ്ങി. പ്രശസ്തിയെ ഞാന്‍ പ്രേമിച്ചുതുടങ്ങി. ജീവിതത്തില്‍ ഒരിക്കലും എനിക്ക് ലഭിക്കുമെന്ന് കരുതിയിട്ടില്ലാത്ത ഒട്ടേറെ സൗഭാഗ്യങ്ങള്‍ അത് എനിക്ക് നേടിത്തന്നു.
പക്ഷേ, അതിനെല്ലാം ഞാനൊടുക്കേണ്ടിവന്ന വില കനത്തതായിരുന്നു. മാനുഷികഗുണങ്ങളെല്ലാം തന്നെ എനിക്ക് ബലികഴിക്കേണ്ടിവന്നു. വിജയംകൈപിടിയിലൊതുക്കാന് എന്റെ വികാരങ്ങളെയും അവബോധങ്ങളെയും കയ്യൊഴിഞ്ഞു. എന്നെ ഞാനാക്കിയ ,വ്യക്തിത്വം പകര്‍ന്നുതന്ന ആ പഴയജീവിതത്തെ വലിച്ചെറിഞ്ഞുകൊണ്ട് വിഡ്ഢിയുടെ ലോകത്തേക്ക് കടന്നുകയറി. അവിടെ തട്ടുപൊളിപ്പന്‍ പാട്ടുകളുടെയും സംഗീതങ്ങളുടെയും താളത്തിനൊപ്പിച്ച് അംഗചലനംനടത്തുകയായിരുന്നു ഞാന്‍ ചെയ്തത്. അതുമാത്രമല്ല, രുചികരമായ ഒട്ടേറെ ഭക്ഷണപദാര്‍ഥങ്ങള്‍ വേണ്ടെന്ന് വെക്കേണ്ടിവന്നു. ജനങ്ങളോടുള്ള സഹാനുഭൂതിയെ ഉപേക്ഷിച്ചു. ആരെയും വെറുത്തില്ല. അതേപോലെത്തന്നെ സ്നേഹിച്ചുമില്ല. ഒന്നിനെയും തിരസ്കരിച്ചുമില്ല.
സൗന്ദര്യപ്രകടനത്തിന്റെ ലോകം എന്നെ മറ്റുള്ളവരുടെ ഹൃദയങ്ങളെ കുത്തിനോവിക്കുന്ന ചലിക്കുംപ്രതിമയാക്കിമാറ്റി. മറ്റുള്ളവരെ പരിഗണിക്കാത്ത, നിസംഗതപുലര്‍ത്തുന്ന, പലപ്പോഴും പരുക്കന്സ്വഭാവിയായി തുണിപുതച്ച ബൊമ്മക്കുട്ടിയെപ്പോലെയായിരുന്നു ഞാന്‍. ആളുകളുടെ മുമ്പില്‍ പല്ലിളിച്ചെന്നുവരുത്തി കടന്നുപോകുകയായിരുന്നു ഞാന്‍. അങ്ങനെ നടന്നുപോകാന്‍ പ്രേരിപ്പിക്കപ്പെട്ട ഒരേ ഒരാളായിരുന്നില്ല ഞാന്‍. എന്നിട്ടും പ്രതികരണശേഷി നശിച്ച ലോകത്ത് തന്റെ വിലകൂട്ടാന്‍ മാനുഷികമൂല്യങ്ങളെ തൃണവത്ഗണിക്കുകയായിരുന്നു. ഇനി ആരെങ്കിലും ഫാഷന്റെ ലോകത്തെ നിയമങ്ങള്‍ തെറ്റിച്ച് അല്പം ദയാവായ്പോ, കരുണയോ സഹാനുഭൂതിയോ കാട്ടാന്‍ തയ്യാറായാല്‍ അവളെ മാനസികമായും ശാരീരികമായും ദണ്ഡനപീഡനങ്ങള്ക്കിരയാക്കുകയായിരുന്നു പതിവ്.
പിശാചിനെ പ്രീതിപ്പെടുത്തിക്കൊണ്ട് ലജ്ജ ലവലേശം പോലുമില്ലാതെ സ്ത്രൈണശരീരത്തെ ആഘോഷിച്ച് പുതിയപുതിയ ഫാഷന്‍ ട്രെന്‍ഡുകളുമായി മോഡലിങ് മേഖലയില്‍ ഞാന്‍ വിലസുകയായിരുന്നു. ക്രൂരതയും വായുവും മാത്രമുള്ള എന്റെ നഗ്ന ശരീരത്തില്‍ വസ്ത്രങ്ങളുടെ ഭംഗിയെന്തെന്ന് ആസ്വദിക്കാനായില്ല. വ്യക്തിപരമായി എനിക്കെന്നോടുതന്നെ വെറുപ്പുതോന്നിക്കൊണ്ടിരുന്നു. ഞാനെന്താണോ ധരിച്ചിരുന്നത് അതിനോടായിരുന്നു ആളുകള്‍ക്ക് ആദരവ് തോന്നിയിരുന്നത്.
ഞാന്‍ റാമ്പുകളില്‍ നടന്നുകൊണ്ടിരുന്നു. അപ്പോഴൊക്കെ എന്റെ താളാത്മകചലനത്തോടൊപ്പം ഒരു ശബ്ദവും അനുഗമിക്കാറുണ്ടായിരുന്നു. ഇസ് ലാമിലേക്ക് വന്നശേഷമാണ് അത് പിശാചിന്റെ ശബ്ദമാണെന്ന് എനിക്ക് മനസ്സിലായത്. തിന്മ അതിന്റെ എല്ലാ ഭാവഹാവാദികളോടെ വിലസുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നതെന്നതാണ് സത്യം. അതിലെ പളപളപ്പ് ലക്ഷ്യമാക്കി ജീവിക്കുന്നവരുടെ കാര്യം വളരെ കഷ്ടകരംതന്നെ.
ആഭ്യന്തരകലാപവും മറ്റും മൂലം തകര്‍ന്ന ബെയ്റൂതിലേക്ക് നടത്തിയ ഒരു യാത്രയാണ് മാറ്റത്തിന് തുടക്കംകുറിച്ചത്. വെടിയുണ്ടകളുടെ ഭീകരവിളയാട്ടം നടക്കുമ്പോഴും ആളുകള്‍ ഭോജനശാലകളും വീടുകളും നിര്‍മിക്കുന്നത് ഞാന്‍ കണ്ടു. കുട്ടികളുടെ ആശുപത്രി ഒരു ബോംബാക്രമണത്തില്‍ തകര്‍ന്നത് എന്റെ കണ്മുന്നിലായിരുന്നു. അപ്പോള്‍ ഞാന്‍ ഒറ്റക്കായിരുന്നില്ല;ഫാഷന്‍ ലോകത്ത് തങ്ങളുടെതായ സ്റ്റൈലുകളില്‍ മാത്രം അഭിരമിച്ചിരുന്ന, മനുഷ്യരെപോലെ നടന്നിരുന്ന കേവലവിഗ്രഹങ്ങളായ സഹപ്രവര്‍ത്തകരും കൂടെയുണ്ടായിരുന്നു.
എന്റെ സഹപ്രവര്‍ത്തകരുടെ ആ നിസംഗത എനിക്കുള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. പ്രശസ്തിയുടെയും പെരുമയുടെയും ആവരണമണിഞ്ഞ അര്‍ഥമില്ലാത്ത ജീവിതത്തില്‍നിന്ന് ഓടിരക്ഷപ്പെടാന്‍ ഞാന്‍ കൊതിച്ചു. ആ തകര്‍ന്നടിഞ്ഞ ആശുപത്രി അവശിഷ്ടങ്ങളില്‍നിന്ന് അല്പമെങ്കിലും തുടിപ്പ് നിലനിന്നിരുന്ന മുറിവേറ്റ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. അതിനുശേഷം റാമ്പിന്റെ വെള്ളിവെളിച്ചത്തിലേക്ക് കൂട്ടുകാരികളോടൊപ്പം ഞാന്‍ ഹോട്ടല്‍മുറിയിലേക്ക് തിരിച്ചുപോയില്ല. മനുഷ്യത്വം തേടിയുള്ള ആ യാത്ര പിന്നീട് ഇസ്ലാമില്‍ ചെന്നവസാനിച്ചു. ബെയ്റൂതില്നിന്ന് പാകിസ്താനിലേക്കും അതിര്‍ത്തി കടന്ന് അഫ്ഗാനിലേക്കും പോയി എങ്ങനെ മനുഷ്യനാകാമെന്ന് ഞാന്‍ പഠിച്ചു.
ഇവിടെ അഫ്ഗാനില്‍ യുദ്ധം ചവച്ചുതുപ്പിയ ജീവിതങ്ങളെ പരിചരിച്ചുകൊണ്ട് ഞാന്‍ കഴിച്ചുകൂട്ടുന്നു. അവരോടൊപ്പം ജീവിക്കാനാണ് ഇഷ്ടം. അവരെനിക്ക് സ്നേഹവും ആദരവും വാരിക്കോരിതരുന്നു. പാക്-അഫ്ഗാനിഗോത്രങ്ങളുടെ ഉത്തരവാദിത്വപൂര്‍ണമായ ജീവിതം എന്നെ ഹഠാദാകര്‍ഷിച്ചു. അവിടെ നിന്ന് ഖുര്‍ആന്റെ ഭാഷയായ അറബി പഠിക്കാന്‍ തുടങ്ങിയിരിക്കുന്നു. നേരത്തെ മോഡലിങ് ലോകമായിരുന്നു നയിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ഇസ്ലാമാണ് വഴിനടത്തുന്നത്.
മോഡലിങിന്റെ ലോകം എനിക്ക് മൂന്നിരട്ടി പ്രതിഫലം അധികം വാഗ്ദാനംചെയ്ത് പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചു. ആഗോളതലത്തില്‍ ശക്തമായ സമ്മര്‍ദ്ദമാണ് ഫാഷന്‍ ലോകത്തുനിന്ന് എനിക്കുണ്ടായത്. പക്ഷേ ഞാന്‍ പതറിയില്ല. അതോടെ പ്രലോഭനംമതിയാക്കി അപമാനിക്കാനുള്ള ശ്രമമായി. അഫ്ഗാനികളായ ആളുകളുടെ ഇടയില്‍ എന്റെ മോഡലിങ് ഫോട്ടോകള്‍ തെരുവിലുടനീളം തൂക്കിയിട്ട് എന്നെ പുറത്താക്കാന്‍ ശ്രമംനടത്തി. പുതിയജീവിതം തുടങ്ങിയ എന്റെയും ഭര്‍ത്താവിന്റെയും കുടുംബാംഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള അവരുടെ ശ്രമം പക്ഷേ വിലപ്പോയില്ല.
എന്റെ കൈകള്‍ നോക്കൂ. ഒരു കാലത്ത് തന്നാലാകുംവിധം ഇവയെ മൃദുവാക്കി സംരക്ഷിക്കാന്‍ പാടുപെട്ടിരുന്നു ഞാന്‍ . ഇന്ന് ഈ പര്‍വതപ്രദേശത്തെ പണികള്‍ചെയ്ത് ഇത് തഴമ്പിച്ചിരിക്കുന്നു. പക്ഷേ ഈ കഠിനാധ്വാനം എന്റെ കൈകളെ പരിശുദ്ധപ്പെടുത്താന്‍ സഹായിക്കുന്നു. അത്തരം അധ്വാനിക്കുന്ന വര്‍ഗത്തിന് അല്ലാഹുവിന്റെ അടുക്കല്‍നിന്ന് അര്‍ഹമായ പ്രതിഫലം ലഭിക്കുകതന്നെ ചെയ്യും.Share
Add Comment