Dr. Alwaye Column

ഖുര്‍ആന്റെ ദൗത്യം

സന്‍മാര്‍ഗത്തിലേക്ക് ഏറ്റവും അടുത്ത മാര്‍ഗമേതാണോ അത് മനുഷ്യരാശിക്ക് വരച്ചുകാട്ടുക എന്നതാണ് ഖുര്‍ആന്റെ ദൗത്യം. അതുപോലെ വിനാശത്തിന്റെ വഴികളില്‍നിന്ന് അവരെ തടഞ്ഞ് സംരക്ഷിക്കുക എന്നതും. മനുഷ്യന്റെ നേര്‍ബുദ്ധിയെ നിഷേധിക്കുന്നതും ശരീരത്തെ പീഡിപ്പിക്കുന്നതുമായ യാതൊന്നും ഖുര്‍ആന്‍ അനുശാസിക്കുന്നില്ല. മനുഷ്യന്റെ പ്രകൃതത്തിന് വിരുദ്ധമായതൊന്നും അടിച്ചേല്‍പിക്കുന്നു മില്ല. എന്നും എവിടെയും ഇസ്‌ലാം മനുഷ്യപ്രകൃതിയുടെ മതമായിത്തീര്‍ന്നത് അതുകൊണ്ടാണ്. ഏതൊരു സമൂഹത്തിനും ഏതൊരു തലമുറക്കും ഇസ്‌ലാം പൊരുത്തപ്പെടുന്നത് അക്കാരണത്താലാണ്. എല്ലാ സമൂഹങ്ങളിലും ദൈവികമതം ഒന്നായിരുന്നു എന്ന് ഖുര്‍ആന്‍ ഉദ്‌ഘോഷിച്ചിട്ടുണ്ട്. ഭിന്നകാലങ്ങളിലും ഭിന്നദേശങ്ങളിലും സാഹചര്യങ്ങളിലും സമൂഹങ്ങളുടെ ഘടനകളില്‍ വൈവിധ്യങ്ങളുണ്ടായിരുന്നു വെങ്കിലും ദൈവികമതത്തിന്റെ അടിസ്ഥാനങ്ങളില്‍ വ്യത്യാസങ്ങളുണ്ടായിരുന്നില്ല. ശാഖാപരമായ കാര്യങ്ങളില്‍ മാത്രമേ ഭിന്നതകളുണ്ടായിരുന്നുള്ളൂ. അതിലേക്ക് ഖുര്‍ആന്‍ വിരല്‍ ചൂണ്ടിയിട്ടുമുണ്ട്.
‘ നീ പറയുക, വേദക്കാരേ, നമുക്കും നിങ്ങള്‍ക്കുമിടയില്‍ സാധര്‍മ്യമുള്ള ആശയത്തിലേക്ക് വരൂ. അതായത്, അല്ലാഹുവിനെയല്ലാതെ മറ്റൊന്നിനെയും ആരാധിക്കുകയില്ലെന്ന് അവനോട് മറ്റൊന്നിനെയും പങ്കുചേര്‍ക്കുകയില്ലെന്ന്. അല്ലാഹുവിനെ കൂടാതെ നാം ചിലര്‍ മറ്റു ചിലരെ രക്ഷാധികാരികളാക്കുകയില്ലെന്ന്’
‘നൂഹിനും പിന്നീടുവന്ന പ്രവാചകന്‍മാര്‍ക്കും നാം വെളിപാട് കൊടുത്തതുപോലെ നിനക്കും നാം വെളിപാട് തന്നിരിക്കുന്നു.’
ദുര്‍മാര്‍ഗത്തിലായിരുന്ന പൂര്‍വപിതാക്കന്‍മാരുടെ പാത പിന്തുടരുന്നതില്‍നിന്ന് ജനങ്ങളെ ഇസ്‌ലാം തടഞ്ഞിരുന്നു. അന്ധമായി അവരെ അനുകരിക്കുന്നതിനെയും വിലക്കിയിരുന്നു. ചിന്താസ്വാതന്ത്ര്യവും പ്രവര്‍ത്തനസ്വാതന്ത്ര്യവും ഓരോ വ്യക്തിക്കും ഇസ്‌ലാം വകവെച്ചുകൊടുത്തു. കാലത്തിന്റെ ഒഴുക്കിനനുസരിച്ച് നീങ്ങാനല്ല മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടതെന്നും ശാസ്ത്രത്തിന്റെയും ബുദ്ധിയുടെയും സഹായത്താല്‍ നേര്‍വഴി കണ്ടെത്താനുള്ള പ്രകൃതം അവനുണ്ടെന്നും ഇസ്‌ലാം വ്യക്തമായി പ്രഖ്യാപിച്ചു. പൂര്‍വപിതാക്കന്‍മാരുടെ പാദമുദ്രകള്‍ പിന്തുടരണമെന്ന മതപുരോഹിതന്‍മാരുടെ ജല്‍പനങ്ങളെ ദൈവികമതം ആക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. ഓരോരുത്തര്‍ക്കും അവര്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രതിഫലമുണ്ട്. ഊഹങ്ങളുടെയും അനുമാനങ്ങളുടെയും പിന്നാലെപോകുന്ന പ്രവണതയെയും ഖുര്‍ആന്‍ ഇകഴ്ത്തിപ്പറഞ്ഞു.
‘ഞങ്ങള്‍ ഞങ്ങളുടെ പിതാക്കന്‍മാര്‍ സഞ്ചരിച്ച വഴി കണ്ടിട്ടുണ്ട്. അവരുടെ കാല്‍പാടുകള്‍ പിന്‍പറ്റി ഞങ്ങള്‍ സന്‍മാര്‍ഗം പ്രാപിച്ചുകൊള്ളാം എന്നവര്‍ പറഞ്ഞു. ‘
‘ഞങ്ങള്‍ പിന്‍പറ്റുന്നത് ഞങ്ങളുടെ പിതാക്കന്‍മാരില്‍ കണ്ട മാതൃകകളാണ്.’
‘മനുഷ്യന് കിട്ടാനിരിക്കുന്നത് അവന്‍ ചെയ്ത പ്രവര്‍ത്തനങ്ങളുടെ പ്രതിഫലമാണ്. അവന്‍ എന്താണോ ചെയ്തത് അത് അവന്‍ കാണും. പിന്നീട് അതിനുള്ള പ്രതിഫലം കണക്കുതീര്‍ത്ത് അല്ലാഹു അവന് നല്‍കുകയും ചെയ്യും.’
‘ഭാരം ചുമക്കുന്ന ഒരാളും മറ്റൊരാളുടെ ഭാരം ചുമക്കുകയില്ല.’
അങ്ങനെ മനുഷ്യധിഷണയുടെ പ്രാധാന്യം ഇസ്‌ലാം ഉറക്കെ പ്രഖ്യാപിച്ചു. ആ പ്രഖ്യാപനത്തില്‍ വിസ്മൃതിയിലാണ്ടുകിടന്നവര്‍ നടുങ്ങുകയും ദീര്‍ഘനിദ്രയില്‍ കഴിഞ്ഞുകൂടിയവര്‍ ഉണരുകയും ചെയ്തു. സത്യപ്രകാശത്തിന്റെ അനുരണനങ്ങള്‍ അവരെ സ്വാധീനിച്ചു.
ഇവിടെ ഇസ്‌ലാമികദര്‍ശനത്തെ വ്യതിരിക്തമാക്കുന്ന സുപ്രധാനമായ രണ്ട് നിഗമനങ്ങളുണ്ട്.
1. ബാധ്യതകളുടെയും അവകാശങ്ങളുടെയും കാര്യത്തില്‍ വ്യക്തികള്‍ക്കിടയില്‍ സമ്പൂര്‍ണസന്തുലിതത്വം ഇസ്‌ലാം ഉറപ്പുവരുത്തുന്നു.
2. മനുഷ്യനിര്‍മിത നിയമങ്ങളും ആചാരങ്ങളും അനന്തരമെടുക്കപ്പെട്ട സമ്പ്രദായങ്ങളും അടിച്ചേല്‍പ്പിച്ച കൃത്രിമവിഴുപ്പുകളില്‍നിന്ന് മനുഷ്യധിഷണയെ ഇസ്‌ലാം വിമോചിപ്പിക്കുന്നു.
ഇസ്‌ലാമികദര്‍ശനത്തിന്റെ സമഗ്രവും സമ്പൂര്‍ണവുമായ ശുദ്ധപ്രകൃതത്തിന് ഇസ്‌ലാം അടിവരയിടുന്നു.
‘നിഷ്‌ക്കളങ്കമായി നീ നിന്റെ മുഖം ദൈവികമതത്തിന് നേരെ തിരിച്ചുവെക്കുക. മനുഷ്യരെ ഏതൊരു പ്രകൃതത്തോടുകൂടിയാണോ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത് അതേ പ്രകൃതത്തോടുകൂടിയ ദൈവികമതമാണ്. അല്ലാഹുവിന്റെ സൃഷ്ടിഘടനയില്‍ ഒരു മാറ്റവും സംഭവ്യമല്ല. ഏറ്റവും നേരായ മതമാണത്’ (അര്‍റൂം 30).
അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ)യോട് ഈ ദൈവികമതത്തിന്റെ സമഗ്രത ഊന്നിപ്പറഞ്ഞുകൊണ്ട് ഖുര്‍ആന്‍ വെളിപ്പെടുത്തി: ‘സര്‍വലോകര്‍ക്കും കാരുണ്യമായിട്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല'(അല്‍അന്‍ബിയാഅ് 107).
എന്നും എവിടെയും നിയുക്തരായ സമസ്ത ദൈവദൂതന്‍മാരും ജനങ്ങളോടാവശ്യപ്പെട്ടത്, തങ്ങളുടെ ദൗത്യത്തിന്റെ സത്യാവസ്ഥയറിയാന്‍ സുപരിചിതമായ പ്രകൃതിപ്രതിഭാസങ്ങളിലേക്ക് നോക്കിയാല്‍ മതിയെന്നാണ്. ജനങ്ങളുടെ ഹൃദയത്തോടും ധിഷണയോടുമായിരുന്നു അവര്‍ സംവദിച്ചിരുന്നത്. പ്രപഞ്ചത്തിലുടനീളമുള്ള പ്രതിഭാസങ്ങളെ വീക്ഷിക്കാനും ദൈവദൂതന്‍മാര്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു.
മുഹമ്മദീയ സന്ദേശത്തിന്റെ സവിശേഷത മനസ്സിലാക്കണം എന്ന ഉദ്ദേശ്യം നമുക്കുണ്ടെങ്കില്‍ ‘ഇസ്‌ലാം’എന്ന വാക്കിന്റെ ശരിയായ അര്‍ഥം നാം ഗ്രഹിക്കേണ്ടതുണ്ട്. ഏതെങ്കിലുമൊരു പ്രവാചകന്റെയോ പ്രബോധകന്റെയോ പേരിനോടൊപ്പം ചേര്‍ത്തുപറയപ്പെടാത്ത സ്വതന്ത്രവും സവിശേഷവുമായ ഒരു പ്രയോഗമാണ് ‘ഇസ് ലാം’. മുഹമ്മദീയ മതം എന്നൊരു നാമധേയവും ‘ഇസ്‌ലാ’മിനോട് ചേരുന്നില്ല. ദൈവത്തിനുള്ള സമ്പൂര്‍ണവിധേയത്വം എന്ന അര്‍ഥമാണ് ‘ഇസ്‌ലാം’ എന്ന വാക്കിനുള്ളത്. പ്രസ്തുത അര്‍ഥം മുഹമ്മദ് നബി (സ) അഭിസംബോധന ചെയ്യവേ ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്.
‘നീ പറയുക, തീര്‍ച്ചയായും എന്റെ നമസ്‌കാരവും ത്യാഗപരിശ്രമങ്ങളും ജീവിതവും മരണവും സര്‍വലോകരക്ഷിതാവായ അല്ലാഹുവിനുള്ളതാകുന്നു. അവന്ന് പങ്കുകാര്‍ ആരുമില്ല. അല്ലാഹുവിന് വിധേയപ്പെട്ട് ജീവിക്കുന്നവരില്‍ ഒന്നാമനാകാന്‍ ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു'(അല്‍ അന്‍ആം 162-163).

വിവ: ഡോ.കുഞ്ഞുമുഹമ്മദ് പുലവത്ത്‌

Topics