Dr. Alwaye Column

ഇസ്‌ലാമിക പ്രബോധനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍

  1. ഈ മഹപ്രപഞ്ചത്തിന് ഒരു സ്രഷ്ടാവുണ്ട് എന്ന് വിശ്വാസം പകര്‍ന്നുകൊടുത്തുകൊണ്ട് മനുഷ്യധിഷണയെ സ്ഫുടം ചെയ്‌തെടുക്കുക. സര്‍വജ്ഞാനിയായ സൃഷ്ടികര്‍ത്താവിന്റെ ഏകത്വം ബോധ്യപ്പെടുത്തിക്കൊടുക്കുക. ആ നാഥന്റെ തീരുമാനവും ഇച്ഛയും ഇംഗിതവുമനുസരിച്ചല്ലാതെ ഇവിടെ യാതൊന്നും നടക്കുകയില്ല, അവന്‍ അദൃശ്യസത്യങ്ങള്‍ അറിയുന്നവനാണ് എന്നൊക്കെയുള്ള ബോധ്യപ്പെടലുകള്‍ വഴി അന്ധവിശ്വാസങ്ങളില്‍ നിന്നും മൂഢധാരണകളില്‍നിന്നും ധിഷണകളെ ശുദ്ധീകരിക്കുക. സ്രഷ്ടാവിനെക്കുറിച്ചുള്ള ശുഭകരമല്ലാത്ത ധാരണകള്‍ മനുഷ്യരില്‍നിന്ന് -അയാള്‍ ഉയര്‍ന്നവനോ താഴ്ന്നവനോ ആരുമാകട്ടെ-നീക്കിക്കളയുക.2. മനുഷ്യമനസ്സുകള്‍ക്ക് ഔന്നത്യത്തിന്റെയും ശ്രേയസ്സിന്റെയും മഹത്ത്വത്തിന്റെയും വാതായനങ്ങള്‍ തുറന്നുകൊടുക്കുക. സാധ്യമായിടത്തോളം മാനവീയതയുടെ പൂര്‍ണതയിലേക്ക് ഉയര്‍ത്തെഴുനേല്‍ക്കാനുള്ള അര്‍ഹത ഓരോരുത്തര്‍ക്കുമുണ്ട്. വംശ- വര്‍ഗ വേര്‍തിരിവുകള്‍ക്കതീതമായി സംഭവിക്കേണ്ടതാണിത്. മാനവീയതയുടെ പൊതുനന്‍മ മുന്നില്‍ കണ്ടുകൊണ്ട് ചെയ്യുന്ന സല്‍ക്കര്‍മങ്ങള്‍ മാത്രമാണ് വ്യക്തികളുടെയും സമൂഹങ്ങളുടെയുമിടയിലുള്ള വിശിഷ്ടതയുടെ മാനദണ്ഡം. ജീവിതത്തിലുയര്‍ത്തിപ്പിടിക്കുന്ന ഭക്തിയും സൂക്ഷ്മതാബോധവുമാണ് ഏതൊരാളുടെയും മഹത്വത്തിന്റെയും അളവുകോല്‍. അതല്ലാതെ ഒരാള്‍ക്കും മറ്റൊരാളുടെ മേല്‍ പൊങ്ങച്ചത്തിന് അവകാശമില്ല.. അറബിക്ക് അനറബിയുടെ മേലോ വെളുത്തവന് കറുത്തവന്റെ മേലോ യാതൊരധികാരവുമില്ല. സൃഷ്ടികര്‍ത്താവ് നിശ്ചയിച്ച പ്രാപഞ്ചികനിയമങ്ങളും ദൈവികശാസനകളുമല്ലാതെ മറ്റൊന്നും മനുഷ്യരുടെ മേല്‍ അടിച്ചേല്‍പിക്കാനും പാടില്ല. ‘പ്രാപഞ്ചിക നിയമത്തിന് മനുഷ്യരെല്ലാം തുല്യരാണ്.’

    പ്രവാചകതിരുമേനി(സ) പറയുകയുണ്ടായി:’അറബിക്ക് അനറബിയെക്കാളോ അനറബിക്ക് അറബിയെക്കാളോ, വെളുത്തവന് കറുത്തവനെക്കാളോ കറുത്തവന് വെളുത്തവനെക്കാളോ യാതൊരു ശ്രേഷ്ഠതയും അവകാശപ്പെടാനില്ല. ചീര്‍പ്പിലെ പല്ലുകള്‍പോലെ മനുഷ്യരെല്ലാം ഒന്നുപോലെയാണ്. ‘ ഖുര്‍ആന്‍ അസന്ദിഗ്ധമായി പ്രഖ്യാപിച്ചു: ‘മനുഷ്യരേ, നിങ്ങളെ നാം ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങളന്യോന്യം തിരിച്ചറിയാനാണ്. അല്ലാഹുവിന്റെ അടുത്ത് നിങ്ങളിലേറ്റം ആദരണീയന്‍ നിങ്ങളില്‍ കൂടുതല്‍ സൂക്ഷ്മതയുള്ളവനാണ്; തീര്‍ച്ച . അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു.'(അല്‍ഹുജുറാത് 13). തന്റെ കര്‍മപരിധിയില്‍ നിന്നുകൊണ്ട് ഒരാള്‍ക്ക് എത്രത്തോളം മാനസികവും സാമ്പത്തികവും വൈജ്ഞാനികവും മറ്റുമായ പൂര്‍ണതയിലെത്താനാകുമോ അതും മനുഷ്യന്റെ മഹത്വമായി ഖുര്‍ആന്‍ നിര്‍ണയിക്കുന്നു. ‘മനുഷ്യന് അവന്‍ അധ്വാനിച്ചുനേടിയതല്ലാതെ മറ്റൊന്നുമില്ല'(അന്നജ്മ് 39)

3. മനുഷ്യന്‍ ഒരേസമയം നേടിയ ആത്മീയവും ശാരീരികവുമായ പൂര്‍ണതയെ അടിസ്ഥാനപ്പെടുത്തിയാണ് അവര്‍ വിലയിരുത്തപ്പെടുന്നത്. ഒന്നിനെയൊഴിവാക്കി മറ്റൊന്നിന്റെ പൂര്‍ണതമാത്രം ഇസ് ലാം പരിഗണിക്കാറില്ല. അതുകൊണ്ട് മനുഷ്യര്‍ ആത്മീയവും ശാരീരികവുമായ പൂര്‍ണതയിലേക്കെത്തേണ്ടതുണ്ട്. എന്തുകൊണ്ടെന്നാല്‍ ഇസ് ലാമികദൃഷ്ട്യാ മനുഷ്യന്‍ എന്നത് ആത്മാവിന്റെയും ശരീരത്തിന്റെയും സംയുക്തമാണ്. അവ രണ്ടിന്റെയും പൂര്‍ണതയാണ് മനുഷ്യന്റെ പൂര്‍ണത.

4. സമൂഹത്തിലെ സമസ്ത തട്ടുകളിലുമുള്ള ജനവിഭാഗങ്ങളെയും ബോധവത്കരിക്കുകയും അവക്ക് വിദ്യാഭ്യാസം നല്‍കുകയും ചെയ്യുക. വിജ്ഞാനം പകര്‍ന്നുകൊടുത്ത് അവരുടെ ധിഷണയെ പ്രകാശിപ്പിക്കുക.വിജ്ഞാനസമ്പാദനവും സംസ്‌കാരസ്വാംശീകരണവും ഓരോ വ്യക്തിക്കും ഗ്രൂപ്പിനും ഇസ്‌ലാം നിര്‍ബന്ധമാക്കിയിട്ടുണ്ട്. സത്യദര്‍ശനത്തിന്റെ മൗലികപാഠങ്ങളുടെയും നിയമാവലിയുടെയും മുന്നില്‍ ഈയൊരു ബാധ്യതയില്‍നിന്ന് ഒളിച്ചോടാനേ കഴിയില്ല. പ്രവാചകതിരുമേനി കൃത്യമായി പറഞ്ഞല്ലോ: ‘വിജ്ഞാന സമ്പാദനം മുസ്‌ലിമായ ഓരോ സ്ത്രീയുടെയും പുരുഷന്റെയും നിര്‍ബന്ധ ബാധ്യതയാണ്’.ഉപാധികളോ ഒഴികഴിവുകളോ ഇല്ലാത്ത സമഗ്രമായ മാര്‍ഗനിര്‍ദേശമാണിത്.

ദൈവദൂതന്‍ ഇങ്ങനെയും കൂട്ടിച്ചേര്‍ത്തു: ‘ഉദാത്ത സ്വഭാവങ്ങളുടെ മാതൃകകള്‍ പൂര്‍ത്തീകരിച്ചുകാണിക്കാന്‍ വേണ്ടിയാണ് എന്റെ നിയോഗം.’
ഇപ്പറഞ്ഞതില്‍ നിന്നെല്ലാം ഇസ്ലാമിക ദര്‍ശനത്തിന്റെ ദൗത്യം വ്യക്തമാണ്. ശ്രേഷ്ഠമൂല്യങ്ങളും ഉയര്‍ന്ന ശിക്ഷണശീലങ്ങളും ഉദാത്ത സ്വഭാവമര്യാദകളും പഠിപ്പിച്ച് മാനവലോകത്തെ സാംസ്‌കാരികമായി സമുദ്ധരിക്കുക എന്നതാണ് ആ പ്രാഥമികദൗത്യം. അസ്വസ്ഥഭരിതമായ ഈ ലോകത്തേക്ക് ദൈവികമായ ഒരു ഭരണഘടനയും നല്‍കി പ്രവാചകതിരുമേനിയെ നിയോഗിക്കുമ്പോള്‍ വിശുദ്ധഖുര്‍ആന്‍ ഈ ലക്ഷ്യം ഊന്നിപ്പറഞ്ഞിരുന്നു.
‘മുഴുവന്‍ ലോകത്തിന് കാരുണ്യമായിട്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല'(അല്‍അമ്പിയാഅ് 107).

ഈ നാല് അടിസ്ഥാന സ്തംഭങ്ങളിലാണ് ഇസ്‌ലാമികസൗധം പടുത്തുയര്‍ത്തിയിട്ടുള്ളത്. ആപത്ചുഴികളിലും പ്രശ്‌നസങ്കീര്‍ണതകളിലും വലയം ചെയ്യപ്പെട്ട് അസ്വസ്ഥകലുഷിതമായിപ്പോയ ലോകത്തെ അങ്ങനെ ഇസ്‌ലാം രക്ഷപ്പെടുത്തുന്നു. നാഗരികതയെ ഉദാത്തീകരിക്കാനും സാമൂഹികവ്യവസ്ഥയെ ശാക്തീകരിക്കാനും മാനവീയ സൗഭാഗ്യം സാക്ഷാത്കരിക്കാനും ഇപ്പറഞ്ഞ ഓരോ സ്തംഭത്തിനും പരമമായ പങ്കുണ്ട്. ഈദൃശ ഘടകങ്ങള്‍ സ്വീകരിക്കുന്നതിനെയും തിരസ്‌കരിക്കുന്നതിനെയും ആശ്രയിച്ചാണ് മനുഷ്യകുലത്തിന്റെ ഉത്ഥാന-പതനങ്ങള്‍ നിര്‍ണയിക്കപ്പെടുന്നത്.

വിവ: ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്
മൂലഗ്രന്ഥം: മിന്‍ഹാജുദുആത്ത്

Topics